Posted By ashly Posted On

കല്യാണം കഴിക്കണം, പെട്ടെന്ന് സമ്പന്നനാകണം, പണവും സ്വത്തും കൈക്കലാക്കാന്‍ കൊലപാതകം

Pradeep Murder Kudagu കർണാടക: കുടകില്‍ കണ്ണൂര്‍ സ്വദേശി പ്രദീപ് കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പണവും സ്വത്തും കൈക്കലാക്കാനാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. വിരാജ്പേട്ട ബി ഷെട്ടിഗിരിയിലെ സ്വന്തം തോട്ടത്തിലെ വീട്ടിലാണ് പ്രദീപനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുഖ്യപ്രതിയായ കർണാടക സ്വദേശി അനിൽ, വിവാഹത്തിനായി പണം സമ്പാദിക്കാൻ ആസൂത്രണം ചെയ്തതാണ് കൊലപാതകമെന്നാണ് കണ്ടെത്തൽ. സ്ഥലം വിൽപ്പനയുടെ പേരിൽ പ്രദീപനുമായി അനില്‍ സൗഹൃദം സ്ഥാപിച്ചാണ് അരുംകൊല നടത്തിയത്. മൂന്ന് ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് കൂട്ടുപ്രതികളുമായി ചേർന്ന് കൊലപാതകം. പൊന്നമ്പേട്ട് സ്വദേശിയായ അനിൽ ആണ് സൂത്രധാരൻ. ഏപ്രിൽ 23ന് പട്ടാപ്പകൽ പ്രദീപനെ കഴുത്തിൽ കേബിൾ മുറുക്കി കൊലപ്പെടുത്തിയതിന് പിന്നിലെന്തെന്ന് ഗോണിക്കുപ്പ പോലീസ് പറയുന്നതിങ്ങനെ- അനിൽ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. ഇയാളുടെ സാമ്പത്തിക സ്ഥിതി മോശമായതിനാൽ പെൺകുട്ടിയുടെ വീട്ടുകാർ ആലോചന എതിർത്തു. ഇതോടെ അനിൽ പെട്ടെന്ന് പണവും സ്വത്തും സമ്പാദിക്കാനുളള വഴിതേടി. ഒറ്റയ്ക്ക് താമസിക്കുന്നവരുമായി സൗഹൃദം സ്ഥാപിച്ച് പണം തട്ടിയെടുക്കാനായിരുന്നു ആലോചന. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe മഡിക്കെരിയിൽ ഒരു സ്ത്രീയുമായി ബന്ധം സ്ഥാപിച്ചു. എന്നാൽ, അവരുടെ മക്കൾ നാട്ടിലെത്തിയതോടെ പദ്ധതി പാളി. തുടർന്നാണ് തോട്ടം ഉടമായ പ്രദീപനിലേക്ക് അനില്‍ എത്തുന്നത്. വർഷങ്ങളായി കുടകിൽ തനിച്ച് താമസിക്കുന്ന പ്രദീപന് സ്ഥലം വിൽക്കാനുളള ആലോചന ഉണ്ടായിരുന്നു. അതിന്‍റെ പേരിൽ അനിൽ സൗഹൃദത്തിലായി. പലരിൽ നിന്നായി ഒരു ലക്ഷം രൂപ വാങ്ങി അഡ്വാൻസ് നൽകി. പ്രദീപൻ പണവും സ്വത്ത് രേഖകളും സൂക്ഷിക്കുന്ന സ്ഥലം അനില്‍ മനസിലാക്കുകയും കൊലപാതകത്തിന് പദ്ധതിയിടുകയും ചെയ്തു. മൂന്ന് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ദീപക്, കാർത്തിക്, സ്റ്റീഫൻ, ഹരീഷ് എന്നിവരെ കൂട്ടാളികളായി ഒപ്പം കൂട്ടി. ഏപ്രിൽ 23ന് രാവിലെ 11 മണിയ്ക്ക് പ്രദീപന്‍റെ വീട്ടിലെത്തുകയും കൊലപാതകത്തിന് ശേഷം മടങ്ങുകയും ചെയ്തു. രാത്രിയെത്തി മൃതദേഹം കുഴിച്ചിടാന്‍ പദ്ധതിയിട്ടെങ്കിലും തോട്ടത്തിലെ ജീവനക്കാർ വൈകിട്ട് പ്രദീപൻ മരിച്ചുകിടക്കുന്നത് കണ്ടതോടെ ആ പദ്ധതി പാളി. സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞതും പ്രതികൾക്ക് തിരിച്ചടിയായി. ഇവർ മോഷ്ടിച്ച 13 ലക്ഷത്തോളം രൂപയും പ്രദീപന്‍റെ മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തു. രണ്ട് ബൈക്കുകളും പിടിച്ചെടുത്തു. റിയൽ എസ്റ്റേറ്റ് തർക്കങ്ങളെന്ന് ആദ്യം സംശയിച്ചെങ്കിലും പ്രതികൾ പിടിയിലായതോടെ കേസിന്‍റെ ചുരുളഴിഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *