Posted By liji Posted On

‘ഇസ്രയേല്‍ നിര്‍ത്തിയാല്‍ ഞങ്ങളും തിരിച്ചടി അവസാനിപ്പിക്കും’; ഇറാന്‍ വിദേശകാര്യമന്ത്രി

ഇസ്രയേലും ഇറാനും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയായെന്ന യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ വാക്കുകള്‍ തള്ളി ഇറാന്‍. അന്തിമധാരണയായിട്ടില്ലെന്നും യുദ്ധം തുടങ്ങിവച്ചത് ഇസ്രയേലാണ്, ഇസ്രയേല്‍ അവസാനിപ്പിച്ചാല്‍ ടെഹ്റാനും തിരിച്ചടി നിര്‍ത്തുമെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയുള്ള ട്രംപിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ ഇതാദ്യമായാണ് ഇറാന്‍ ഔദ്യോഗിക പ്രതികരണം നടത്തുന്നത്. ‘ഇതുവരെയും ഒരു ധാരണയും വെടി നിര്‍ത്തലിനോ, സൈനിക നടപടികള്‍ നിര്‍ത്തി വയ്ക്കുന്നതിനോ കൈക്കൊണ്ടിട്ടില്ല. ഇറാന്‍ ജനതയ്ക്ക് നേരെ അന്യായമായി നടത്തി വരുന്ന ആക്രമണങ്ങള്‍ ഇസ്രയേല്‍ ഭരണകൂടം ടെഹ്റാന്‍ സമയം പുലര്‍ച്ചെ നാലിന് അവസാനിപ്പിക്കുമെന്നാണ് കേട്ടത്. അവര്‍ അത് ചെയ്താല്‍ തിരിച്ചടി തുടരാന്‍ ഞങ്ങളും ആഗ്രഹിക്കുന്നില്ല. സൈനിക നടപടികള്‍ നിര്‍ത്തി വയ്ക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം പിന്നീട് കൈക്കൊള്ളും. അധിനിവേശത്തിന് ഇസ്രയേലിനെ ശിക്ഷിക്കുന്നതിനുള്ള നടപടികള്‍ പുലര്‍ച്ചെ നാലുമണി വരെ ഇറാന്‍റെ ഭാഗത്ത് നിന്നുമുണ്ടായെന്നും അറഗ്ചി സ്ഥിരീകരിച്ചു. ‘അവസാന തുള്ളി രക്തവും രാജ്യത്തെ പ്രതിരോധിക്കാന്‍ സന്നദ്ധരായ, ശത്രുവിന്‍റെ ഓരോ ആക്രമണത്തെയും അവസാന നിമിഷം വരെയും പ്രതിരോധിച്ച ധീരരായ സൈനികര്‍ക്ക് ഇറാന്‍ ജനതയ്ക്കൊപ്പം താനും ഹൃദ്യമായ നന്ദി അറിയിക്കുന്നുവെന്ന് അറഗ്ചി കൂട്ടിച്ചേര്‍ത്തു.പരിപൂര്‍ണ വെടിനിര്‍ത്തലിന് ഇറാനും ഇസ്രയേലും തമ്മില്‍ ധാരണയായെന്നും വെടി നിര്‍ത്തല്‍ ആറുമണിക്കൂറിനകം നിലവില്‍ വരുമെന്നുമായിരുന്നു ട്രൂത്ത് സോഷ്യലിലൂടെ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ കുറിപ്പ്. ‘ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ഇറാനും ഇസ്രയേലും തമ്മിലുള്ള വെടി നിര്‍ത്തല്‍ ആറുമണിക്കൂറിനകം നിലവില്‍ വരുന്നതിന് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. ഇതോടെ 12 ദിവസം നീണ്ടു നിന്ന യുദ്ധം ഔദ്യോഗികമായി അവസാനിക്കും. ഇറാന്‍ ആദ്യം വെടിനിര്‍ത്തും. 12 മണിക്കൂറഇന് ശേഷം ഇസ്രയേലും ഇതില്‍ പങ്കുചേരും. വെടിനിര്‍ത്തല്‍ സമയത്ത് ഇരുരാജ്യങ്ങളും സമാധാനപരമായും പരസ്പര ബഹുമാനത്തോടെയും ആയിരിക്കും’. 12 ദിവസം നീണ്ട യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറെടുത്ത ഇരുരാജ്യങ്ങളുടെയും ധൈര്യത്തെയും ധിഷണയെയും താന്‍ അഭിനന്ദിക്കുന്നുവെന്നും വര്‍ഷങ്ങള്‍ നീണ്ടുപോയേക്കാവുന്ന, മധ്യപൂര്‍വേഷ്യയെ തന്നെ നശിപ്പിച്ചേക്കാവുന്ന വലിയ യുദ്ധമാണ് ഇതിലൂടെ അവസാനിക്കുന്നതെന്നും ട്രംപ് കുറിച്ചു. ദൈവം ഇറാനെയും ഇസ്രയേലിനെയും മധ്യപൂര്‍വേഷ്യയെയും അമേരിക്കയെയും ലോകത്തെ മുഴുവനായും അനുഗ്രഹിക്കട്ടെ എന്നും ട്രംപിന്‍റെ കുറിപ്പില്‍ പറയുന്നു. ജൂണ്‍ പതിമൂന്നിന് ഇറാനിലെ ആണവകേന്ദ്രങ്ങള്‍ക്കും സൈനികത്താവളങ്ങള്‍ക്കും മേല്‍ കനത്ത വ്യോമാക്രമണം നടത്തിയാണ് ഇസ്രയേല്‍ യുദ്ധം ആരംഭിച്ചത്. ഓപറേഷന്‍ റൈസിങ് ലയണ്‍ എന്ന് പേരിട്ട ആക്രമണത്തിന് ഓപറേഷന്‍ ട്രൂ പ്രോമിസ്3 എന്ന തിരിച്ചടി ഇറാനും നല്‍കിയതോടെ യുദ്ധം കലുഷിതമായി. ഇസ്രയേലിന്‍റെ യുദ്ധവിമാനങ്ങളുടെ ഇന്ധന നിര്‍മാണശാലകളും ഊര്‍ജ വിതരണ കേന്ദ്രങ്ങളും ഇറാന്‍ ആക്രമിച്ചു.

എട്ടാം ദിവസമായ ഞായറാഴ്ച പുലര്‍ച്ചെയോടെ യുഎസ് സംഘര്‍ഷത്തിലിടപെട്ടു. ഇറാന്‍റെ മൂന്ന് സുപ്രധാന ആണവകേന്ദ്രങ്ങളില്‍ ബി2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങള്‍ വഴി ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ പ്രയോഗിച്ചായിരുന്നു യുഎസ് ആക്രമണം. ഓപറേഷന്‍ മിഡ്നൈറ്റ് ഹാമറെന്ന് യുഎസ് സ്ഥിരീകരിച്ച ഈ നടപടിക്ക് തിരിച്ചടിയായി ഖത്തറിലെയും ബാഗ്ദാദിലെയും യുഎസ് വ്യോമത്താവളങ്ങള്‍ ഇറാന്‍ ഇന്നലെ രാത്രിയോടെ ആക്രമിച്ചു. ഇതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ ധാരണയായെന്ന് ട്രംപ് പ്രഖ്യാപിച്ചത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT

Comments (0)

Leave a Reply

Your email address will not be published. Required fields are marked *