Filipino Domestic Workers കുവൈത്ത് സിറ്റി: ഫിലിപ്പീനോ ഗാർഹിക ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കാനുള്ള ഫിലിപ്പീൻസ് തൊഴിൽ മന്ത്രാലയത്തിന്റെ തീരുമാനത്തിന് എതിരെ കുവൈത്തിൽ പ്രതിഷേധം ശക്തം. വിദേശത്ത് ജോലി ചെയ്യുന്ന ഫിലിപ്പീനോ ഗാർഹിക തൊഴിലാളികളുടെ കുറഞ്ഞ ശമ്പള പരിധി 500 ഡോളർ ആയി നിജപ്പെടുത്തി കൊണ്ട് ഫിലിപ്പീൻസ് തൊഴിൽ മന്ത്രാലയം കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ നീക്കത്തിനെതിരെയാണ് കുവൈത്തിൽ പ്രതിഷേധം ശക്തമാകുന്നത്. പ്രധാനമായും കുവൈത്ത് പൗരന്മാരെയായിരിക്കും ഇതിന്റെ പ്രത്യാഘാതങ്ങൾ ബാധിക്കുകയെന്ന് ഡൊമസ്റ്റിക് ലേബർ ഓഫീസ് ഫെഡറേഷൻ മേധാവി ഖാലിദ് അൽ-ദഖ്നാൻ അറിയിച്ചു. കുവൈത്തിലെ ഫിലിപ്പീൻസ് ഗാർഹിക തൊഴിലാളികൾക്ക് ഓരോ വർഷത്തെ ജോലിക്കും ഒരു മാസത്തിന് തുല്യമായ സേവനാനന്തര ആനുകൂല്യം നൽകുവാൻ വ്യവസ്ഥയുണ്ട്. മറ്റ് രാജ്യങ്ങളിൽ ഈ ആനുകൂല്യം ബാധകമാക്കിയിട്ടില്ല. അതിനാൽ വേതന വർദ്ധനവ് കുവൈത്തി പൗരന്മാരെയായിരിക്കും പ്രതികൂലമായി ബാധിക്കുക. പുതിയ തീരുമാനം നടപ്പിലാക്കുകയാണെങ്കിൽ, കുവൈത്തിൽ നൽകി വരുന്ന സേവനാനന്തര ആനുകൂല്യം നിർത്തലാക്കണം. ഇതുസംബന്ധിച്ച ഔദ്യോഗിക നിർദ്ദേശം മാനവ ശേഷി സമിതി അധികൃതർക്ക് സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഫിലിപ്പീൻ സർക്കാരിന്റെ പുതിയ തീരുമാനം അനുസരിച്ച് ഒരു ഫിലിപ്പീനോ ഗാർഹിക തൊഴിലാളിക്ക് പ്രതിമാസം 30 ദിനാർ (ഏകദേശം $100) അധികമായി ശമ്പളം നൽകണം. ഓരോ കുവൈത്തി കുടുംബങ്ങളിലും രണ്ടോ അതിൽ അധികമോ ഗാർഹിക തൊഴിലാളികൾ ഉണ്ട്. അതിനാൽ തന്നെ ഇത് കുവൈത്തി കുടുംബങ്ങൾക്ക് അധിക ബാധ്യതയായി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Home
KUWAIT
Filipino Domestic Workers ഫിലിപ്പീൻ ഗാർഹിക ജീവനക്കാരുടെ വേതന വർദ്ധനവ്; കുവൈത്തിൽ പ്രതിഷേധം ശക്തം