Selling Homemade Liquor കുവൈത്ത് സിറ്റി: വ്യാജ മദ്യ ദുരന്തത്തിൽ 23 പേരുടെ ജീവൻ നഷ്ടമായിട്ടും പാഠം പഠിക്കാതെ പ്രവാസികൾ. ദുരന്തത്തിന് പിന്നാലെ ശക്തമായ നടപടികളുമായി അധികൃതർ മുന്നോട്ടു പോകുന്നതിനിടയിലും വ്യാജമദ്യ വിൽപ്പന തകൃതിയായി നടത്തുകയാണ് ചില പ്രവാസികൾ. ഇത്തരക്കാർക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്. ഇതിനിടെ വീട്ടിൽ നിർമ്മിച്ച മദ്യം വിറ്റ മൂന്ന് പ്രവാസികൾ കുവൈത്തിൽ അറസ്റ്റിലായി. ഏഷ്യൻ പ്രവാസികളാണ് പിടിയിലായത്. ഫർവാനിയ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഏഷ്യക്കാരായ മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്തത്. വിൽപ്പനയ്ക്ക് തയ്യാറാക്കിയ 23 കുപ്പി മദ്യവും ഇവരിൽ നിന്നും പിടിച്ചെടുത്തു. ഹസാവി, അൽ-ഷുയൂഖ് പ്രദേശങ്ങളിൽ നിന്നാണ് ഇവർ അറസ്റ്റിലായത്. പതിവ് സുരക്ഷാ പരിശോധനക്കിടെയാണ് സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇവരുടെ ബാഗ് പരിശോധിക്കാൻ ശ്രമിച്ചത്. എന്നാൽ, ഈ സമയം ഇവർ ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ ഇവരെ പിന്തുടർന്ന് പിടികൂടി. തങ്ങളുടെ വീട്ടിൽ മദ്യം ഉത്പാദിപ്പിച്ച് ഉപഭോക്താക്കൾക്ക് എത്തിച്ചു നൽകിയിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ ഇവർ കുറ്റസമ്മതം നടത്തി. ശിക്ഷാ നടപടികൾ പൂർത്തിയാക്കിയ ശേഷം ഇവരെ നാടുകടത്തുമെന്നും കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.