Norka Care 14,200 ആശുപത്രികളിൽ കാഷ്‌ലെസ് ചികിത്സ, പ്രവാസി കേരളീയർക്ക് സമഗ്ര ഇൻഷുറൻസ് പരിരക്ഷയുമായി നോർക്ക കെയർ, ആനുകൂല്യങ്ങൾ അറിയാം

Norka Care പ്രവാസി കേരളീയർക്ക് സമഗ്ര ഇൻഷുറൻസ് പരിരക്ഷ ഒരുക്കുന്ന പദ്ധതിയായ നോർക്ക കെയർ അവതരിപ്പിച്ച് കേരളാ സർക്കാർ. 5 ലക്ഷം രൂപയുടെ പണരഹിത ചികിത്സ ലഭിക്കുന്നതും ഏറ്റവും കുറഞ്ഞ പ്രീമിയമുള്ളതുമാണ് പദ്ധതി. സംസ്ഥാന സർക്കാരും നോർക്ക റൂട്സും ചേർന്ന് പ്രവാസി മലയാളികൾക്കായി ആവിഷ്‌കരിച്ച പദ്ധതിയാണ് നോർക്ക കെയർ. 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് കവറേജും ലഭിക്കുമെന്നതാണ് പദ്ധതിയുടെ മറ്റൊരു പ്രത്യേകത. പദ്ധതിയിൽ ഇന്ത്യയിലെ 14,200 ആശുപത്രികളിൽ ചികിത്സ തേടാം. കേരളത്തിലെ 410 ആശുപത്രികളും ഇതിൽ ഉൾപ്പെടുന്നു. നവംബർ ഒന്നു മുതലാണ് നോർക്ക കെയർ പദ്ധതി പ്രാബല്യത്തിൽ വരുന്നത്. സെപ്റ്റംബർ 22ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. വിദേശ മലയാളികളിൽ നോർക്ക പ്രവാസി ഐഡി കാർഡ് ഉള്ളവർക്കും സ്റ്റുഡന്റ് ഐഡി കാർഡുളളവർക്കും, നോർക്ക കെയർ പ്രയോജനപ്പെടുത്താം. സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 21 വരെയാണ് നോർക്ക കെയറിലേക്കുള്ള രജിസ്ട്രേഷൻ. നിലവിൽ അംഗത്വമെടുക്കുന്ന പ്രവാസിയുടെ ജീവിത പങ്കാളി, മക്കൾ എന്നിവരെയാണു പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയുന്നത്. രോഗാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളോടെ അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ അപകട ഇൻഷുറൻസ് പരിരക്ഷയാണ് നോർക്ക കെയർ വഴി ലഭ്യമാക്കുന്നത്. ഭർത്താവ്, ഭാര്യ രണ്ടു കുട്ടികൾ എന്നിവരുൾപ്പെടുന്ന കുടുംബത്തിന് ജിഎസ്ടി ഉൾപ്പെടെ 13,275 രൂപയാണ് വാർഷിക പ്രീമിയം. വ്യക്തിഗത ഇൻഷുറൻസിന് 7,965 രൂപയാണ് വാർഷിക പ്രീമിയം. അധികമായി ചേർക്കുന്ന ഒരോ കൂട്ടിക്കും 4,130 രൂപ വീതമാണ് തുക. വിദേശത്ത് വെച്ച് മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ 50,000 രൂപ സഹായവും ലഭിക്കുന്നതാണ്. അതേസമയം, പദ്ധതിയെ സംബന്ധിച്ച് പ്രവാസികളിൽ ബോധവത്കരണം നടത്താനായി നോർക്ക് റൂട്‌സ് പ്രതിനിധികൾ യുഎഇയിൽ എത്തിയിരുന്നു. വിവിധ എമിറേറ്റുകളിലെ പ്രവാസി സംഘടനകളുമായി കൂടിക്കാഴ്ച്ച നടത്താനും പദ്ധതിയുടെ പ്രചാരത്തിനും വേണ്ടിയാണ് സംഘം യുഎഇയിലെത്തിയത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy