norka shubhayathra വിദേശത്ത് ജോലി നേടാൻ ആഗ്രഹിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സഹായിക്കുന്നതിനായി നോർക്ക റൂട്ട്സ് ‘നോർക്ക ശുഭയാത്ര’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ പദ്ധതി വഴി രണ്ടു ലക്ഷം രൂപ വരെ വായ്പ ലഭിക്കും. പലിശയിളവോടുകൂടി ധനകാര്യ സ്ഥാപനങ്ങൾ വഴിയാണ് വായ്പ ലഭ്യമാക്കുന്നത്.
അപേക്ഷ സമർപ്പിക്കേണ്ട രീതി
താത്പര്യമുള്ളവർ നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ (https://subhayathra.norkaroots.kerala.gov.in/) 2025 സെപ്റ്റംബർ 2-ന് മുൻപായി അപേക്ഷിക്കണം. അപേക്ഷകരുടെ വിവരങ്ങളും അനുബന്ധ രേഖകളും നിർദിഷ്ട പ്രൊഫോമയിൽ രജിസ്റ്റർ ചെയ്യണം. പ്രവാസി നൈപുണ്യ വികസന സഹായ പദ്ധതി, വിദേശ തൊഴിലിനായുള്ള യാത്രാ സഹായ പദ്ധതി എന്നീ ഉപപദ്ധതികളിൽ ഏതെങ്കിലും ഒന്നിൽ മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. 18 നും 55 നും ഇടയിൽ പ്രായമുള്ളവർക്ക് പദ്ധതിക്ക് അപേക്ഷിക്കാം. നോർക്കയുടെ മറ്റ് പദ്ധതികളിൽ നിന്ന് സഹായം ലഭിച്ചവർക്ക് ഈ പദ്ധതിയിൽ പരിഗണന ലഭിക്കില്ല.
വായ്പ ലഭിക്കുന്ന ചിലവുകൾ
വിദേശ ഭാഷാ പരിശീലനം, പരീക്ഷാ ഫീസ്, വിസ സ്റ്റാമ്പിംഗ്, മെഡിക്കൽ പരിശോധന, വിമാന ടിക്കറ്റ്, വാക്സിൻ, ഇമിഗ്രേഷൻ ക്ലിയറൻസ്, എച്ച്ആർഡി/എംബസി അറ്റസ്റ്റേഷൻ തുടങ്ങിയ ചെലവുകൾക്കായി ഈ വായ്പ ഉപയോഗിക്കാം. ഒഇടി/ഐഇഎൽടിഎസ്, ജർമ്മൻ, ജാപ്പനീസ്, അറബിക് തുടങ്ങിയ ഭാഷാ കോഴ്സുകൾക്കുള്ള ഫീസും ഇതിൽ ഉൾപ്പെടും.
പദ്ധതിയുടെ മറ്റ് സവിശേഷതകൾ
വായ്പാ തിരിച്ചടവിന് പരമാവധി 36 മാസമാണ് കാലാവധി.
കൃത്യമായി വായ്പ തിരിച്ചടക്കുന്നവർക്ക് 4% പലിശ ഇളവ് ലഭിക്കും.
ആദ്യത്തെ ആറ് മാസത്തെ മുഴുവൻ പലിശയും നോർക്ക റൂട്ട്സ് വഹിക്കും.
നിലവിൽ കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ, ട്രാവൻകൂർ പ്രവാസി ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, മലപ്പുറത്തെ കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘം എന്നിവ വഴിയാണ് വായ്പ ലഭിക്കുക. വായ്പ അനുവദിക്കുന്നതിനുള്ള എല്ലാ തീരുമാനങ്ങളും അതത് ധനകാര്യ സ്ഥാപനത്തിൽ നിക്ഷിപ്തമായിരിക്കും. നോർക്ക റൂട്ട്സ് നടപ്പാക്കി വരുന്ന എൻ.ഡി.പി.ആർ.ഇ.എം പദ്ധതിയുടെ പൊതുവായ മാനദണ്ഡങ്ങൾ നോർക്ക ശുഭയാത്ര പദ്ധതിക്കും ബാധകമാണ്.
നോർക്ക വെബ്സൈറ്റ് സന്ദർശിക്കാം https://norkaroots.kerala.gov.in/