Smuggle Cigarettes കുവൈത്ത് സിറ്റി: സൗദി അറേബ്യയിലേക്ക് സിഗരറ്റ് കടത്താൻ ശ്രമിച്ച കുവൈത്ത് പൗരൻ അറസ്റ്റിൽ. സിഗരറ്റ് കാറിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ഇയാളുടെ ശ്രമം. നുവൈസീബ് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. നുവൈസീബ് അതിർത്തിയിൽ പതിവ് കസ്റ്റംസ് പരിശോധനക്കിടെ സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ പരിശോധനയിലാണ് ഇയാൾ വലയിലായത്. ഇൻസ്‌പെക്ടർമാർ നടത്തിയ പരിശോധനയിൽ സിഗരറ്റ് കാർട്ടണുകൾ നിറച്ച രഹസ്യ കാഷെകൾ കണ്ടെത്തി. ചില കാർട്ടണുകൾ ഡിക്കിയിൽ ഒളിപ്പിച്ചുവെച്ച നിലയിലും ചിലത് പിൻസീറ്റിന് അടിയിലുമായിരുന്നു. സിഗരറ്റുകൾ സൗദി അറേബ്യയിലേക്ക് വിൽപ്പനയ്ക്കായി കടത്താനാണ് ശ്രമിച്ചതെന്ന് കുവൈത്ത് പൗരൻ ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തി. ഇയാൾക്കെതിരെയുള്ള നിയമ നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.