Education Plan യുഎഇ; വിദ്യാഭ്യാസ ചെലവോർത്ത് ഇനി ആശങ്ക വേണ്ട, കുറഞ്ഞ ഫീസിൽ മികച്ച നിലവാരത്തിലുള്ള സ്‌കൂളുകൾ, പുതിയ പദ്ധതിയുമായി കെഎച്ച്ഡിഎ

Education Plan ദുബായ്: യുഎഇയിലെ പ്രവാസികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് കുട്ടികളുടെ സ്‌കൂൾ ഫീസ്. ഓരോ വർഷവും ഫീസിൽ ഉണ്ടാകുന്ന വർധന പല പ്രവാസി കുടുംബങ്ങളുടെയും ബജറ്റ് താളം തെറ്റിക്കുന്നുണ്ട്. എന്നാൽ, ഈ പ്രശ്‌നത്തിന് പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് കെഎച്ച്ഡിഎ (നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി). ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുകയും ഓരോ കുടുംബത്തിനും താങ്ങാനാവുന്ന സ്‌കൂൾ ഫീസ് ഈടാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പുതിയ പദ്ധതി.

മികച്ച നിലവാരമുള്ളതും എന്നാൽ കുറഞ്ഞ ഫീസുള്ളതുമായ പുതിയ സ്‌കൂളുകൾ സർക്കാരിന്റെ നേതൃത്വത്തിൽ ആരംഭിക്കാനാണ് ഈ പദ്ധതി വഴി ലക്ഷ്യമിടുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള നിക്ഷേപകർക്ക് കൂടുതൽ പ്രോത്സാഹനങ്ങൾ നൽകാൻ കൂടി ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. നിലവിൽ ദുബായിലെ സ്‌കൂളുകൾക്ക് പ്രതിവർഷം 2,673 ദിർഹം മുതൽ 116,000 ദിർഹം വരെയാണ് ഫീസ് വരുന്നത്. അതിനാൽ ഈ പുതിയ പദ്ധതി വഴി വലിയ തുകയുടെ ഫീസിൽ കാണാൻ സാധിക്കുമെന്നാണ് കെഎച്ച്ഡിഎ അധികൃതർ ചൂണ്ടിക്കാട്ടുന്നത്. പുതിയ പദ്ധതിയെ കുറിച്ച് ഏറെ പ്രതീക്ഷയിലാണ് പ്രവാസികൾ.

ഈ പദ്ധതിയെ കുറിച്ച് കെഎച്ച്ഡിഎ മാതാപിതാക്കളുടെ പ്രതികരണം തേടിയപ്പോൾ 98 ശതമാനം പേരും പദ്ധതിയ്ക്ക് പൂർണ പിന്തുണ അറിയിച്ചു. പദ്ധതിയിലൂടെ തങ്ങളുടെ കുട്ടികൾക്ക് താങ്ങാനാവുന്ന വിലയിൽ കൂടുതൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാൻ ദുബായ്ക്ക് കഴിയുമെന്ന് രക്ഷിതാക്കൾ പറഞ്ഞു.

യുഎഇയിലെ പുതിയ ജോലി ഒഴിവുകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

VAT Refund യുഎഇയിലെ വാറ്റ് റീഫണ്ടുകൾ: നികുതി രഹിതമായി എങ്ങനെ ഷോപ്പിംഗ് നടത്താം?

VAT Refund ദുബായ്: വിസിറ്റ് വിസയിൽ യുഎഇ സന്ദർശിക്കുന്നവർ ഷോപ്പിങ് നടത്തുമ്പോൾ അടയ്ക്കുന്ന വാറ്റ് തിരികെ ലഭിക്കാൻ അർഹതയുണ്ട്. യുഎഇയുടെ സാമ്പത്തിക വളർച്ചക്ക് കരുത്ത് പകരാൻ ലക്ഷ്യമിട്ട് കൊണ്ട് നടപ്പാക്കിയ ഈ ടാക്‌സ് ഫ്രീ ഷോപ്പിംഗ് സംവിധാനം വിനോദസഞ്ചാരികൾക്ക് വളരെ സഹായകമായി മാറുകയാണ്. യുഎഇയിലെ ഫെഡറൽ ടാക്‌സ് അതോറിറ്റി, പ്ലാനറ്റ് എന്നിവയാണ് ഈ റീഫണ്ട് ഇടപാടുകൾ കൈകാര്യം ചെയ്യുന്നത്. ഈ സംവിധാനം പൂർണ്ണമായും പേപ്പർ രഹിതവും ഡിജിറ്റലുമാണ്. അതിനാൽ ഇടപാടുകൾ നിമിഷങ്ങൾക്കകം തന്നെ നടപ്പിലാക്കാൻ സാധിക്കുന്നു.

കൂടാതെ യുഎഇയിൽ ഷോപ്പിങ് നടത്തുന്ന ഏതൊരു വിനോദസഞ്ചാരിക്കും ഈ വാറ്റ് റീഫണ്ട് ലഭിക്കാൻ അർഹതയുണ്ട്. എന്നാൽ, ഇവിടെ ചില കാര്യങ്ങൾ കൂടെ ശ്രദ്ധിക്കണ്ടതുണ്ട്. ഒരു ഷോപ്പിങ്ങിൽ തന്നെ കുറഞ്ഞത് 250 ദിർഹമെങ്കിലും ചെലവഴിച്ചാൽ മാത്രമേ വാറ്റ് റീഫണ്ടിന് അർഹതയുള്ളൂ. വിമാനത്തിലോ കപ്പലിലോ ജോലി ചെയ്യുന്ന ക്രൂ അംഗങ്ങൾക്ക് യാതൊരു കാരണവശാലും റീഫണ്ടിന് അർഹതയില്ല. റീഫണ്ട് ലഭിക്കാനുള്ള പ്രക്രിയ എന്നത് വളരെ എളുപ്പമാണ്. പേപ്പർലെസ് രീതിയായതിനാൽ വളരെ എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിയും. കൂടാതെ ഷോപ്പിംഗ് കഴിഞ്ഞാൽ ബിൽ അടയ്ക്കുന്നതിന് മുന്നേ ടാക്‌സ് ഫ്രീ ട്രാൻസാക്ഷന് ആവശ്യപ്പെടണം .ശേഷം വിവരങ്ങൾ നൽകണം അതായത്, നിങ്ങളുടെ പാസ്പോർട്ട് വിവരങ്ങൾ വ്യാപാരി പ്ലാനറ്റിന്റെ ഡിജിറ്റൽ സംവിധാനത്തിൽ നൽകേണ്ടതായി വരും. തുടർന്ന് നിങ്ങൾക്ക് ഒരു ഡിജിറ്റൽ ടാക്‌സ് ഇൻവോയ്സ് ലഭിക്കും അതിൽ മൊബൈൽ നമ്പറിൽ വരുന്ന SMS ലിങ്ക് വഴി നിങ്ങളുടെ ഷോപ്പിങ് ലോസ്റ്റുകൾ പരിശോധിക്കാം.

ഇ കൊമേഴ്സ് വെബ്സൈറ്റുകൾ വഴി വാങ്ങിയ സാധനങ്ങൾക്കും റീഫണ്ടിന് അപേക്ഷിക്കാൻ സാധിക്കും. നികുതി രഹിത ഇടപാടിന് 4.80 ദിർഹം ഫീസ് ഉണ്ട്. അടച്ച മൊത്തം വാറ്റ് തുകയുടെ 87 ശതമാനം നിങ്ങൾക്ക് തിരികെ ലഭിക്കും.

യുഎഇയിലെ വിസാ മാനദണ്ഡങ്ങളിൽ സുപ്രധാന മാറ്റം; ബന്ധുക്കളെ സുഹൃത്തുക്കളെയും സ്പോൺസർ ചെയ്യുന്നതിലടക്കം വൻ മാറ്റങ്ങൾ, കൂടുതൽ വിവരങ്ങൾ ഇപ്രകാരം

UAE Visa Rules ദുബായ്: യുഎഇയിലേക്ക് സന്ദർശകരെ സ്‌പോൺസർ ചെയ്യുന്ന പ്രവാസികൾക്കുള്ള സാമ്പത്തിക മാനദണ്ഡങ്ങൾ നിശ്ചയിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ആണ് ഇതുസംബന്ധിച്ച മാനദണ്ഡങ്ങൾ നിശ്ചയിച്ചത്. യുഎഇയിൽ സന്ദർശക വിസ നിയമങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎഇ നിവാസികൾക്ക് ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ടുവരുന്നതിന് മാസ വരുമാന പരിധി നിശ്ചയിച്ചത്.

ഒരാൾക്ക് അടുത്ത ബന്ധുക്കളെ യുഎഇയിലേക്ക് സ്‌പോൺസർ ചെയ്യണമെങ്കിൽ മാസം കുറഞ്ഞത് 4,000 ദിർഹം ശമ്പളം ഉണ്ടായിരിക്കണമെന്നാണ് പുതിയ നിബന്ധന. രണ്ടാം തലത്തിലോ മൂന്നാം തലത്തിലോ ഉള്ള ബന്ധുക്കളെ സ്‌പോൺസർ ചെയ്യണമെങ്കിൽ പ്രവാസിയുടെ മാസവരുമാനം 8,000 ദിർഹത്തിൽ കുറയാൻ പാടില്ല. ഇതിലും ഉയർന്ന ശമ്പളമാണ് സുഹൃത്തുക്കളെ സ്‌പോൺസർ ചെയ്യാൻ വേണ്ടത്. അവർക്ക് കുറഞ്ഞത് 15,000 ദിർഹം മാസശമ്പളം നിർബന്ധമാണെന്ന് പുതിയ നിയമത്തിൽ വ്യക്തമാക്കുന്നു. സുതാര്യത ഉറപ്പുവരുത്തുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ മാറ്റങ്ങൾ നടപ്പിലാക്കുന്നതെന്നാണ് അധികൃതർ അറിയിച്ചത്.

സ്വന്തം കുടുംബത്തിനായി പ്രവാസ ജീവിതം നയിച്ചത് 24 വർഷം, ഒടുവിൽ മരണപ്പെട്ടപ്പോൾ മൃതദേഹം ഏറ്റുവാങ്ങാൻ ആളില്ലാത്ത അവസ്ഥ

സ്വന്തം കുടുംബത്തിനും ബന്ധുക്കാർക്കുമായി ജീവിതം മാറ്റിവെച്ചവരാണ് പ്രവാസികളെന്നാണ് പറയപ്പെടുന്നത്. കുടുംബത്തിന് വേണ്ടി എല്ലാം മാറ്റിവെച്ച് നാടും വീടും ഉപേക്ഷിച്ച് വർഷങ്ങളോളം വിദേശത്ത് കഴിയുന്നവരാണ് പ്രവാസികൾ. കുടുംബത്തിന് വേണ്ടിയാണ് കഷ്ടപ്പെടുന്നതെങ്കിലും മരണപ്പെടുമ്പോൾ മൃതദേഹം ഏറ്റുവാങ്ങാൻ പോലും ആളില്ലാത്ത അവസ്ഥ പലർക്കും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അത്തരത്തിലുള്ള ഒരു വാർത്തയുമായി ബന്ധപ്പെട്ട് പ്രവാസി സാമൂഹിക പ്രവർത്തകനായ അഷ്റഫ് താമരശേരി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയാകുകയാണ്.

ഗൾഫിൽ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലുള്ള കുടുംബം വേണ്ടന്ന് പറഞ്ഞുവെന്നും അതിനാൽ മൃതദേഹം 9 ദിവസം ഏറ്റുവാങ്ങാൻ ആളില്ലാത്ത അവസ്ഥയായെന്നും കുറിപ്പിൽ പറയുന്നു. ഇക്കഴിഞ്ഞ ദിവസം കയറ്റിവിട്ട മൃതദേഹങ്ങളിൽ ഒരു മൃതദേഹം മരിച്ചിട്ട് ഒമ്പത് ദിവസം കഴിഞ്ഞിട്ടാണ് കയറ്റി വിട്ടത് കാരണം നാട്ടിൽ വീട്ടുകാർക്ക് വേണ്ടത്രേ, ബന്ധുക്കളിൽ ചിലർ പറയും കൊണ്ടുവരണ്ട വേറെ ചിലർ പറയും കൊണ്ടുവരാൻ, അങ്ങനെ സ്വന്തം കുടുംബക്കാരുടെ ഇടയിലുള്ള അനാദരവ് കാരണം ഈ മൃതദേഹം ഒമ്പത് ദിവസമായി ഏറ്റുവാങ്ങാൻ ആളില്ലാതെയുള്ള അവസ്ഥയായിരുന്നുവെന്ന് കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. പെട്ടെന്നൊരു ഹൃദയാഘാതം മൂലം ഇവിടെ വച്ച് മരണപ്പെടുകയാണുണ്ടായത്. വിവരം അറിഞ്ഞ കുടുംബക്കാർ പറയുകയാണ് ഇനി ആ മൃതദേഹം തങ്ങൾക്ക് വേണ്ടന്നെ് ഇനിയൊരിക്കലും അദ്ദേഹത്തിന്റെ കയ്യിൽനിന്നും പണമോ മറ്റ് സൗകര്യങ്ങളോ ഒന്നുംതന്നെ കിട്ടില്ലല്ലോ. ഇതാണ് ഇന്നത്തെ ലോകമെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു.

എല്ലാം ഊറ്റികുടിച്ച് അവസാനം കരിമ്പിൻചണ്ടി പോലാകുമ്പോ ദൂരെ വലിച്ചെറിയും ഇതല്ലേ പ്രവാസിയുടെ അവസ്ഥ. ഇനിയെങ്കിലും പ്രവാസികളും പ്രവാസികളുടെ കുടുംബവും മാറി ചിന്തിക്കേണ്ട സമയം വൈകിയിട്ടൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ഇക്കഴിഞ്ഞ ദിവസം കയറ്റിവിട്ട മൃതദേഹങ്ങളിൽ ഒരു മൃതദേഹം മരിച്ചിട്ട് ഒമ്പത് ദിവസം കഴിഞ്ഞിട്ടാണ് കയറ്റി വിട്ടത് കാരണം നാട്ടിൽ വീട്ടുകാർക്ക് വേണ്ടത്രേ, ബന്ധുക്കളിൽ ചിലർ പറയും കൊണ്ടുവരണ്ട വേറെ ചിലർ പറയും കൊണ്ടുവരാൻ, അങ്ങനെ സ്വന്തം കുടുംബക്കാരുടെ ഇടയിലുള്ള അനാദരവ് കാരണം ഈ മൃതദേഹം ഒമ്പത് ദിവസമായി ഏറ്റുവാങ്ങാൻ ആളില്ലാതെയുള്ള അവസ്ഥയായിരുന്നു.

എന്തിനാ മക്കളേ ഇങ്ങിനെയൊക്കെയുള്ള വാശിയും വെറുപ്പും വിദ്വേഷവും വയ്ക്കുന്നത്. നാളെ ഓരോരുത്തർക്കും ഈ ലോകം വിട്ട് പോകേണ്ടിവരും എന്ന് ഇടയ്ക്കിടെ ഒന്നോർക്കുന്നത് നന്നായിരിക്കും ട്ടോ. ഇദ്ദേഹം നീണ്ട ഇരുപത്തിനാല് വർഷങ്ങളായി ഈ പ്രവാസലോകത്ത് സ്വന്തം ശരീരം പോലും നോക്കാതെ തന്റെ കുടുംബം നല്ലരീതിയിൽ പോകണം, തന്റെ ബന്ധുക്കൾ സുഖമായിരിക്കണം എന്ന ഉദ്ദേശത്തോടെ കഠിനാധ്വാനം ചെയ്തു കുടുംബത്തെയും ബന്ധുക്കളെയും നന്നായി നോക്കി വന്നിരുന്ന വ്യക്തിയാണ്.

പെട്ടെന്നൊരു ഹൃദയാഘാതം മൂലം ഇവിടെ വച്ച് മരണപ്പെടുകയാണുണ്ടായത്. എന്നിട്ടോ വിവരം അറിഞ്ഞ കുടുംബക്കാർ പറയുകയാണ് ഇനി ആ മൃതദേഹം ഞങ്ങൾക്ക് വേണ്ടപോലും. ഇനിയൊരിക്കലും അദ്ദേഹത്തിന്റെ കയ്യിൽനിന്നും പണമോ മറ്റ് സൗകര്യങ്ങളോ ഒന്നുംതന്നെ കിട്ടില്ലല്ലോ. ഇതാണ് ഇന്നത്തെ ലോകം.

നമ്മൾ പ്രവാസികൾക്കുള്ള ഒരു കുഴപ്പം ഇതാണ്, താൻ സമയത്തിന് ഭക്ഷണം കഴിച്ചില്ലേലും തന്റെ കുടുംബം പട്ടിണിയാവരുത്, താൻ നല്ലൊരു വസ്ത്രം ധരിച്ചില്ലേലും തന്റെ മക്കൾ നന്നായിരിക്കണം, തന്റെ ബന്ധുക്കൾ നന്നായി ജീവിക്കണം അതിനുവേണ്ടി അവർക്കൊക്കെ തന്നെക്കൊണ്ടാകുംവിധം സാമ്പത്തിക സഹായം ചെയ്യണം ഇതൊക്കെയാണ് ഓരോ പ്രവാസികളും. എന്നിട്ടെന്താണ് അവസാനം നേടുന്നത്?. എല്ലാവരുമാലുള്ള അവഗണനകൾ മാത്രം.

എല്ലാം ഊറ്റികുടിച്ച് അവസാനം കരിമ്പിൻചണ്ടി പോലാകുമ്പോ ദൂരെ വലിച്ചെറിയും ഇതല്ലേ പ്രവാസിയുടെ അവസ്ഥ. ഇനിയെങ്കിലും പ്രവാസികളും പ്രവാസികളുടെ കുടുംബവും മാറി ചിന്തിക്കേണ്ട സമയം വൈകിയിട്ടൊന്നുമില്ല. കാരുണ്യവാനായ നാഥൻ നമുക്ക് നൽകിയ അനുഗ്രഹങ്ങളെ ഓർക്കുക നിന്ദിക്കരുത്. ഈ ക്ഷണികമാം ദുനിയാവില് നാളെ ആരൊക്കെ എന്തായിത്തീരുമെന്ന് ആർക്കാണ് പ്രവചിക്കാൻ കഴിയുക,,,?
അഷ്‌റഫ് താമരശ്ശേരി

യുഎഇയിൽ വിസയുമായി ബന്ധപ്പെടുത്തി സുപ്രധാന അറിയിപ്പ്; എൻട്രി പെർമിറ്റുകളിൽ ഭേദഗതി ഉൾപ്പടെ…

UAE Visa ദുബായ്: വിസ നിയമങ്ങളിൽ സുപ്രധാനമായ ഭേദഗതികൾ വരുത്തി യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ആണ് പുതിയ വിസാ നിയമങ്ങൾ പ്രഖ്യാപിച്ചത്. പുതുതായി നാല് സന്ദർശക വിസാ വിഭാഗങ്ങൾ പ്രഖ്യാപിച്ചു. നിർമിതബുദ്ധി(എഐ), വിനോദം, ഇവന്റുകൾ, ക്രൂയിസ് കപ്പലുകൾ, ഒഴിവുസമയ ബോട്ടുകൾ തുടങ്ങിയ മേഖലകളിലെ വിദഗ്ധർക്കാണ് പുതിയ വിസകൾ പ്രഖ്യാപിച്ചത്. ഓരോ വിസാ വിഭാഗത്തിന്റെയും താമസ കാലാവധിയും അത് നീട്ടുന്നതിനുള്ള വ്യവസ്ഥകളും വ്യക്തമാക്കുന്ന കൃത്യമായ ഷെഡ്യൂളുകൾ പുറത്തിറക്കിയിട്ടുണ്ട്.

പുതുക്കിയ വിസ നിയമങ്ങളിലെ മറ്റ് പ്രധാന ഇനങ്ങൾ:

മാനുഷിക താമസാനുമതി (Humanitarian Residence Permit):

പ്രത്യേക മാനദണ്ഡങ്ങൾക്ക് വിധേയമായി ഒരു വർഷത്തേയ്ക്ക് സാധുതയുള്ള ഹ്യുമാനിറ്റേറിയൻ റെസിഡൻസ് പെർമിറ്റ് അനുവദിക്കും. അതോറിറ്റിയുടെ തീരുമാനപ്രകാരം ഇത് നീട്ടാനും സാധ്യതയുണ്ട്.

വിധവകൾക്കും വിവാഹമോചിതർക്കും താമസാനുമതി:

വിദേശ പൗരന്റെ വിധവയ്‌ക്കോ വിവാഹമോചിതയ്‌ക്കോ ഒരു വർഷത്തേക്ക് താമസാനുമതി ലഭിക്കും. നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി സമാനമായ കാലയളവിലേക്ക് ഇത് പുതുക്കാം.

സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമുള്ള സന്ദർശക വിസ:

മൂന്നാം തലമുറയിലുള്ള സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സ്‌പോൺസറുടെ വരുമാനത്തെ അടിസ്ഥാനമാക്കി യുഎഇയിലേക്ക് കൊണ്ടുവരാൻ സാധിക്കുന്ന വിസിറ്റ് വിസയാണിത്.

ബിസിനസ് എക്‌സ്‌പ്ലൊറേഷൻ വിസ (Business Exploration Visa):

യുഎഇയിൽ ഒരു കമ്പനി സ്ഥാപിക്കുന്നതിന് സാമ്പത്തിക സ്ഥിരത തെളിയിക്കുന്നവർക്കോ, രാജ്യത്തിന് പുറത്തുള്ള നിലവിലെ കമ്പനിയിൽ ഓഹരി ഉടമസ്ഥതയുള്ളവർക്കോ, അല്ലെങ്കിൽ പ്രഫഷനൽ വൈദഗ്ധ്യം തെളിയിക്കുന്നവർക്കോ ഈ വിസ ലഭിക്കും.

ട്രക്ക് ഡ്രൈവർ വിസ:

സ്‌പോൺസറുടെ സാന്നിധ്യം, ആരോഗ്യ സംരക്ഷണം, സാമ്പത്തിക ഗ്യാരണ്ടി എന്നിവ ഈ വിസയ്ക്ക് നിർബന്ധമാണ്.

റെക്കോർഡിൽ നിന്നും റെക്കോർഡിലേക്ക് കുതിച്ചുയർന്ന് സ്വർണ്ണവില; യുഎഇയിലെ പുതിയ നിരക്കുകൾ അറിയാം

Gold Rate ദുബായ്: റെക്കോർഡിൽ നിന്നും റെക്കോർഡിലേക്ക് കുതിച്ചുയർന്ന് സ്വർണ്ണവില. ഇന്ന് സ്വർണ്ണത്തിന് യുഎഇയിൽ ഗ്രാമിന് മൂന്ന് ദിർഹം വർധിച്ചു. യുഎഇയിൽ 22-കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 422.75 ദിർഹവും 24-കാരറ്റ് സ്വർണ്ണത്തിന് 456.75 ദിർഹവുമാണ് ഇന്ന് രാവിലത്തെ വില. കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയ 24 കാരറ്റ് സ്വർണ്ണത്തിന്റെ 452.25 ദിർഹം, 22കാരറ്റ് സ്വർണ്ണത്തിന്റെ 418.75 ദിർഹം എന്ന റെക്കോഡുകളാണ് ഇന്ന് മറികടന്നത്.

ആഗോളതലത്തിൽ സ്വർണവില ഔൺസിന് 3,798.73 ഡോളറിലേയ്ക്ക് കുതിച്ചുയർന്നു. ആഗോള അനിശ്ചിതത്വവും നിക്ഷേപകരുടെ ശക്തമായ ഡിമാൻഡുമാണ് സ്വർണ്ണവില കുതിച്ചുയരാൻ കാരണം. ആറാമത്തെ ആഴ്ചയാണ് സ്വർണ്ണവിലയിൽ വർദ്ധനവുണ്ടാകുന്നത്. യുഎസിലെ സാമ്പത്തിക അനിശ്ചിതത്വമാണ്. വില വർധനവിന് പ്രധാന കാരണം. യുഎസ് ഗവൺമെന്റ് ഷട്ട്ഡൗൺ സാധ്യതയെക്കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കയാണ് നിലവിലെ മുന്നേറ്റത്തിന് ഒരു കാരണം.

കിടിലൻ ഓഫർ; സൂപ്പർ സീറ്റ് സെയിലുമായി എയർ അറേബ്യ, വൺവേ ടിക്കറ്റുകൾ 139 ദിർഹം മുതൽ, വിശദാംശങ്ങൾ

Super Seat Sale ദുബായ്: വിമാന ടിക്കറ്റുകൾക്ക് കിടിലൻ ഓഫറുകളുമായി എയർ അറേബ്യ. ആഗോള ശൃംഖലയിലുടനീളം 1 മില്യൺ സീറ്റുകൾക്ക് ഡിസ്‌കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്ന സൂപ്പർ സീറ്റ് സെയിൽ എയർ അറേബ്യ പ്രഖ്യാപിച്ചു. ബംഗ്ലാദേശിൽ നിന്ന് ഷാർജയിലേക്കും അബുദാബിയിലേക്കുമുള്ള നോൺ-സ്റ്റോപ്പ് വിമാന സർവീസുകൾക്ക് ഉൾപ്പെടെയാണ് ഓഫർ ലഭിക്കുക.

ജർമ്മനി, ചെക്ക് റിപ്പബ്ലിക്, തുർക്കി, ഈജിപ്ത്, ഇറ്റലി, പോളണ്ട്, ഗ്രീസ്, റഷ്യ, ഓസ്ട്രിയ, അസർബൈജാൻ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള കണക്ഷനുകളും ഇതിൽ ഉൾപ്പെടുന്നു. വൺവേ ടിക്കറ്റിന് 139 ദിർഹം മുതൽ നിരക്ക് ആരംഭിക്കുന്നവെന്നതാണ് മറ്റൊരു പ്രത്യേകത. 2025 സെപ്തംബർ 29 മുതൽ ഒക്ടോബർ 12 വരെയുള്ള ബുക്കിംഗുകൾക്കാണ് ഓഫർ ബാധകം. 2026 ഫെബ്രുവരി 17 മുതൽ ഒക്ടോബർ 24 വരെയുള്ള തീയതികളിലുള്ള വിമാന സർവ്വീസുകൾക്കാണ് ഓഫർ ലഭിക്കുക.

ദോഹ, ജിദ്ദ, അമ്മാൻ, മറ്റ് ജിസിസി രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകളിൽ വലിയ തുക ലാഭിക്കാൻ ഈ ഓഫർ സഹായിക്കും. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഓഫർ നിരക്കിൽ ടിക്കറ്റ് ലഭ്യമാണ്. സൂപ്പർ സീറ്റ് സെയിലിൽ ഷാർജയിൽ നിന്നും ദോഹയിലേക്കുള്ള ടിക്കറ്റ് നിരക്ക് 149 ദിർഹമാണ്. ഷാർജയിൽ നിന്നും കറാച്ചിയിലേക്കും ഇതേ നിരക്ക് തന്നെയാണ്. അബുദാബിയിൽ നിന്നും തിരുവനന്തപുരത്തേക്കും അബുദാബിയിൽ നിന്നും കൊച്ചിയിലേക്കും അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്കും അബുദാബിയിൽ നിന്നും ചെന്നൈയിലേക്കും 299 ദിർഹമാണ് ടിക്കറ്റ് നിരക്ക്.

പ്രവാസികൾക്ക് ആശ്വാസം; കുറഞ്ഞ നിരക്കിൽ ഇനി നാട്ടിലേക്ക് പറക്കാം, വൺവേ ടിക്കറ്റ് നിരക്കുകൾ താഴ്ന്ന നിരക്കിൽ

Flight Ticket Rate ദുബായ്: യുഎഇയിലെ പ്രവാസികൾക്ക് ആശ്വാസ വാർത്ത. യുഎഇയിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ താഴുന്നു. നിലവിൽ ടിക്കറ്റുകൾ ലഭ്യമാകുന്നത് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. ചില റൂട്ടുകളിൽ കേരളത്തിലേക്ക് 155 ദിർഹം മുതൽ 220 ദിർഹം വരെ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകളും ലഭ്യമാണ്. എന്നാൽ, യാത്രക്കാർ ഇല്ലാത്തത് ഒരു പ്രശ്‌നമായി തുടരുകയാണ്.

സാധാരണയായി ബുക്കിംഗ് തിരക്ക് ഉണ്ടാകേണ്ട ഈ സമയത്ത് എന്ത്കൊണ്ടാണ് യാത്രക്കാരുടെ എണ്ണത്തിൽ കുറവ് വന്നതെന്നും ഒക്ടോബറിൽ പ്രാബല്യത്തിൽ വരുന്ന ചില നിയമങ്ങൾ ഇതിന് കാരണമായതായും യാത്രാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വേനൽക്കാല അവധിക്ക് ശേഷം സെപ്റ്റംബർ മാസത്തിൽ വിമാന ടിക്കറ്റുകൾക്ക് ഡിമാൻഡ് കുറയുന്നത് ഒരു പതിവാണ്, എന്നാൽ, ഇത്തവണ വിമാന ടിക്കറ്റ് വില കുറഞ്ഞിട്ടും യാത്രക്കാർ കുറവായതിന് പിന്നിൽ എന്തെങ്കിലും കാരണങ്ങൾ ഉണ്ടോയെന്ന സംശയത്തിലാണ് പലരും. എന്നാൽ ട്രാവൽ ഏജന്റുമാരുടെ റിപ്പോർട്ടുകൾ പ്രകാരം, നിലവിലെ വിപണിയിലെ ഡിമാൻഡ് കുറവിന് പ്രധാന കാരണം കുട്ടികളുള്ള കുടുംബങ്ങളാണ് എന്നാണ് പറയുന്നത്. കാരണം യുഎഇയിലെ സ്‌കൂളുകൾ തുറന്നതും കൂടാതെ ഒരു മാസത്തെ ശൈത്യകാല അവധി കൂടെ പ്രഖ്യാപിച്ചതോടെ കൂടുതൽ ആളുകളും ഈ സമയങ്ങളിലേക്ക് യാത്ര പ്ലാനുകൾ മാറ്റിവച്ചതായും, കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കാൻ കുടുംബങ്ങൾ യാത്രകൾ ഒഴിവാക്കുന്നതായും മനസിലാക്കാൻ കഴിയുന്നു.

കണ്ണൂരിലേക്ക് 155 ദിർഹത്തിനും കൊച്ചിയിലേക്ക് 223 ദിർഹത്തിനും മുംബൈയിലേക്ക് 295 ദിർഹത്തിനും ടിക്കറ്റുകൾ ലഭ്യമാണ്. പ്രീമിയം റൂട്ടായ ബെംഗളൂരുവിലേക്ക് പോലും 422 ദിർഹത്തിൽ താഴെയാണ് ടിക്കറ്റ് നിരക്ക് വരുന്നത്. കേരളത്തിലേക്ക് 155 ദിർഹത്തിന് വരെ ടിക്കറ്റ് നിരക്ക് കുറച്ചിട്ടും പക്ഷേ ആവശ്യക്കാർ ഇല്ല എന്ന പരാതികളാണ് യുഎഇയിൽ നിന്നുള്ള എല്ലാ വിമാനകമ്പനികളും നൽകുന്നത്. താഴ്ന്ന വൺവേ നിരക്കുകൾ പ്രയോജനപ്പെടുത്താൻ ചില യാത്രക്കാർ മടിക്കുന്നതിന് പിന്നിൽ മറ്റൊരു കാരണം കൂടെയുണ്ട്. പലപ്പോഴും കുറഞ്ഞ നിരക്കിലുള്ള വൺവേ ടിക്കറ്റുകൾ ലഭിക്കുമ്പോൾ യുഎഇയിലേക്ക് തിരിച്ചുവരാനുള്ള ടിക്കറ്റുകൾക്ക് വലിയ തുക തന്നെ നൽകേണ്ടതായി വരുന്നു. ഇതാണ് ഇതിന് പിന്നിലെ കാരണം.

ഐഫോൺ പ്രേമികൾക്ക് ഇതാ ഒരു സന്തോഷവാർത്ത; പഴയ മോഡലുകൾക്ക് യുഎഇയിൽ വൻ വിലക്കുറവ്

iPhone ദുബായ്: യുഎഇയിലെ ഷോപ്പുകളിൽ പഴയ ഐഫോൺ മോഡലുകൾക്ക് വൻ വിലക്കുറവ്. എന്നാൽ, ആപ്പിളിന്റെ ഏറ്റവും പുതിയ മോഡൽ 17 സീരീസിന്റെ ഡിമാൻഡ് വർദ്ധിക്കുകയാണ്. ഔദ്യോഗിക വിലയേക്കാൾ 500 ദിർഹം മുതൽ 1000 ദിർഹം വരെ അധികം ചെലവഴിച്ച് പുതിയ ഫോൺ സ്വന്തമാക്കുകയാണ് പല ഗാഡ്ജറ്റ് പ്രേമികളും. എന്നാൽ, പഴയ മോഡലുകളുടെ വില കുറഞ്ഞതോടെ ചിലർ അവ വാങ്ങാനുള്ള ഒരുക്കത്തിലാണ്.

ഇപ്പോൾ പ്രാദേശിക സ്റ്റോറുകളിൽ, ഒരു പുതിയ ഐഫോൺ 16 പ്രോ മാക്‌സ് 256 ജിബിയ്ക്ക് വില ഏകദേശം 4,300 ദിർഹമാണ്. സെക്കന്റ് ഹാൻഡ് ഫോണുകളാണെങ്കിൽ 3,600 ദിർഹത്തിന് ലഭ്യമാണ്. ഐഫോൺ 17 വിപണിയിൽ എത്തുന്നതിന് തൊട്ടുമുമ്പ്, ഈ ഫോൺ ഏകദേശം 300 ദിർഹത്തിലധികം തുകയ്ക്കാണ് വിറ്റഴിക്കപ്പെട്ടിരുന്നത്.

256 ജിബി ഐഫോൺ 15 പ്രോ മാക്സിന്റെ വിലയും കുത്തനെ ഇടിഞ്ഞു. ഇപ്പോൾ പുതിയ ഐ ഫോൺ 15 പ്രോമാക്‌സിന് 3,800 ദിർഹമാണ് വില. രണ്ടാഴ്ച മുമ്പുണ്ടായിരുന്നതിനേക്കാൾ 500 ദിർഹം കുറവാണിപ്പോൾ. സെക്കന്റ് ഹാൻഡ് ഐഫോൺ 15 പ്രോ മാക്സിന്റെ വില 3,000 ദിർഹമായി കുറഞ്ഞു.

യുഎഇയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്: മൃഗങ്ങളെ വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ ഈ നിയമങ്ങൾ അറിഞ്ഞിരിക്കണം, ഇല്ലെങ്കിൽ കീശ കാലിയാകും

Tagging Animals അബുദാബി: ടാഗ് ചെയ്യാത്ത മൃഗങ്ങളെ വാങ്ങുകയോ വിൽക്കുകയോ ചെയ്താൽ ജയിൽ ശിക്ഷയും പിഴയും ലഭിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ടാഗ് ചെയ്യാത്ത മൃഗങ്ങളെ കൈവശം വെച്ചിരിക്കുന്ന കന്നുകാലി ബ്രീഡർമാർ TAMM പ്ലാറ്റ്‌ഫോം വഴി ഉടൻ തന്നെ രജിസ്റ്റർ ചെയ്യണമെന്നാണ് നിർദ്ദേശം. മൃഗങ്ങളുടെ രജിസ്‌ട്രേഷനുള്ള ഔദ്യോഗിക സംവിധാനമാണിത്.

റിക്വസ്റ്റ് ടു കംപ്ലീറ്റ് ദ ടാഗിങ് ഓഫ് എക്‌സിസ്റ്റിംഗ് ലൈവ്‌സ്റ്റോക്ക് സർവ്വീസ് കന്നുകാലി ബ്രീഡർമാർക്ക് ഉപയോഗിക്കാം. പുതുതായി ജനിച്ച മൃഗങ്ങൾക്കായുള്ള രജിസ്‌ട്രേഷനും ഇവിടെ ലഭിക്കും. അബുദാബി എമിറേറ്റിന്റെ ഭൂമിശാസ്ത്രപരമായ അതിർത്തിക്കുള്ളിലെ ഹോൾഡിംഗുകൾക്ക് മാത്രമേ ഈ സേവനം ലഭ്യമാകൂ. കന്നുകാലികളെ വളർത്തുന്ന എല്ലാവരും ടാഗിങ് നിയന്ത്രണങ്ങൾ പാലിക്കമണമെന്ന് അധികൃതർ വ്യക്തമാക്കി. ടാഗ് ചെയ്യാത്ത മൃഗങ്ങളുടെ വിൽപ്പന, വാങ്ങൽ എന്നിവ കർശനമായി നിരോധിച്ചിരിക്കുകയാണ്. നിയമലംഘകർക്ക് കർശന നിയമ നടപടികൾ നേരിടേണ്ടി വരും. കന്നുകാലികളുള്ളവർ പ്രതിരോധ കത്തിവെയ്പ്പുകൾ, ഉത്പാദനം, ജനനം തുടങ്ങിയ രേഖകളെല്ലാം സൂക്ഷിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

ടാഗിങ് സേവനം സൗജന്യമായാണ് ലഭിക്കുക. ടാഗിംഗ് പ്രക്രിയ പൂർത്തിയാക്കാൻ രണ്ട് പ്രവൃത്തി ദിവസങ്ങൾ എടുക്കും. ഇതിൽ നാല് ഘട്ടങ്ങൾ ഉൾപ്പെടുന്നു:

നിങ്ങളുടെ ഡിജിറ്റൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യുക

അപേക്ഷ സമർപ്പിക്കുക

കന്നുകാലികളെ തിരിച്ചറിയുന്നതിനും രജിസ്‌ട്രേഷനുമായി ഒരു അപ്പോയിന്റ്‌മെന്റ് ഷെഡ്യൂൾ ചെയ്യുക

മൃഗഡോക്ടറുടെ ഫാം സന്ദർശനത്തിന് ശേഷം കന്നുകാലി രേഖകൾ അപ്‌ഡേറ്റ് ചെയ്യുക.

ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; എച്ച്ഡിഎഫ്സി ബാങ്കിന്റെ ദുബായ് ഫിനാൻഷ്യൽ സെന്ററിൽ പുതിയ ഇടപാടുകാർക്ക് വിലക്ക്

HDFC Bank ദുബായ്: എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ (ഡിഐഎഫ്‌സി) ശാഖയ്ക്ക് പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിന് വിലക്ക്. ദുബായ് ഫിനാൻഷ്യൽ സർവീസസ് അതോറിറ്റിയാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ഈ മാസം 26 മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വന്നു. നിലവിലുള്ള ഇടപാടുകാർക്ക് സേവനം തുടരാം.

സാമ്പത്തിക നഷ്ടത്തിനു സാധ്യതയുള്ള ബോണ്ട് യുഎഇയിലെ ഇടപാടുകാർക്ക് വിറ്റതിനെ തുടർന്നാണ് നടപടി. പുതിയ ഇടപാടുകാരെ ചേർക്കുക, സാമ്പത്തിക ഉപദേശം നൽകുക, നിക്ഷേപം സ്വീകരിക്കുക, വായ്പ നടപടികൾ പൂർത്തിയാക്കുക തുടങ്ങിയ പ്രവർത്തനങ്ങളും പാടില്ലെന്നാണ് നിർദ്ദേശം. ഈ മാസം 25 വരെ ബാങ്കിൽ ചേർന്നവർക്കുള്ള നടപടി പൂർത്തിയാക്കാനും ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി അനുമതിയുണ്ട്.

ദിവസേനയുള്ള ഗതാഗതക്കുരുക്കിന്റെ യഥാർത്ഥ കാരണങ്ങൾ ഇവയാണ്; വെളിപ്പെടുത്തലുമായി ഷാർജ പോലീസ്

Traffic Jams ഷാർജ: ദിവസേനയുള്ള ഗതാഗതക്കുരുക്കിന്റെ കാരണങ്ങൾ വിശദീകരിച്ച് ഷാർജ പോലീസ്. ഗതാഗതത്തെ മന്ദഗതിയിലാക്കുക തിരക്കേറിയ റോഡുകൾ മാത്രമല്ലെന്നും അതിന് മറ്റ് ചില കാരണങ്ങൾ കൂടിയുണ്ടെന്നും പോലീസ് ചൂണ്ടിക്കാട്ടി. മോശം ഡ്രൈവിംഗ് രീതി പലപ്പോഴും ഗതാഗത തടസങ്ങളും അപകടങ്ങളും സൃഷ്ടിക്കുന്നതിൽ എത്രത്തോളം നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

അനുചിതമായ ഓവർടേക്കിംഗ്, ലെയ്ൻ അച്ചടക്കം അവഗണിക്കൽ, അശ്രദ്ധമായ ഡ്രൈവിംഗ് തുടങ്ങിയ ശീലങ്ങൾ വാഹനങ്ങളുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. ചെറിയ പിഴവുകൾ പോലെ തോന്നുന്നത് കാലതാമസത്തിന് കാരണമാകുക മാത്രമല്ല, അപകട സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഡ്രൈവർമാർ, യാത്രക്കാർ, കാൽനടയാത്രക്കാർ എന്നിവരെയെല്ലാം ഇത് അപകടത്തിലാക്കും. ഗതാഗത നിയമങ്ങൾ പാലിക്കുന്നതും ലെയ്ൻ അച്ചടക്കം പാലിക്കുന്നതും ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ചെറിയ പെരുമാറ്റ മാറ്റങ്ങൾ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും അപകടങ്ങൾ തടയാനും സഹായിക്കുമെന്നും പോലീസ് ഓർമ്മിപ്പിച്ചു. നിങ്ങളുടെ അവബോധവും പ്രതിബദ്ധതയും ജീവൻ രക്ഷിക്കുകയും എല്ലാവർക്കും സുഗമമായ യാത്രകൾ ഉറപ്പാക്കുകയും ചെയ്യുമെന്നും ഷാർജ പോലീസ് കൂട്ടിച്ചേർത്തു.

ഇത് സത്യസന്ധതയ്ക്കുള്ള അംഗീകാരം; കളഞ്ഞുകിട്ടിയ പഴ്‌സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിയ്ക്ക് സ്‌നേഹോപഹാരവുമായി യുഎഇ പോലീസ്

ദുബായ്: കളഞ്ഞു കിട്ടിയ പഴ്‌സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിക്ക് ആദരവുമായി യുഎഇ പോലീസ്. പണവും ചെക്കും ഉൾപ്പെടെ രണ്ട് ലക്ഷം ദിർഹം അടങ്ങിയ പഴ്‌സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിയെയാണ് അൽ ഖിസൈസ് പോലീസ് സ്റ്റേഷൻ അധികൃതർ സ്‌കൂളിലെത്തി ആദരിച്ചത്. ഇസ്സ അബ്ബാസ് മുഹമ്മദ് അബ്ദുല്ല എന്ന സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയെയാണ് പോലീസ് ആദരിച്ചത്. അൽ ഖിസൈസ് പോലീസ് സ്റ്റേഷൻ ഡെപ്യൂട്ടി ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അഹമ്മദ് അൽ ഹാഷിമി, കേണൽ നാസർ അബ്ദുൽ അസീസ് അൽ ഖാജ തുടങ്ങിയവർ ചേർന്ന് വിദ്യാർത്ഥിക്ക് സ്‌നേഹോപഹാരം സമ്മാനിക്കുകയും ചെയ്തു.

വാലറ്റ് വീണ് കിട്ടിയ ഉടൻ ഈ വിദ്യാർത്ഥി പോലീസിനെ ബന്ധപ്പെട്ടു. പിന്നീട് വിദ്യാർത്ഥി പഴ്‌സും പണവും സുരക്ഷിതമായി പോലീസിനെ തിരികെ ഏൽപ്പിക്കുകയും ചെയ്തു. ഇസ്സയുടെ പ്രവർത്തനം സത്യസന്ധതയുടെയും ഉത്തരവാദിത്വത്തിന്റെയും ശക്തമായ ഉദാഹരണമാണ് എന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. തനിക്ക് സ്‌നേഹോപഹാരവുമായി എത്തിയ ദുബായ് പോലീസിന് ഇസ്സ നന്ദി അറിയിക്കുകയും ചെയ്തു.

വിന്റർ സീസൺ വിമാന സർവ്വീസുകൾ സംസ്ഥാനത്ത് നിന്നും മാറ്റി;കേരളത്തിന് തിരിച്ചടിയോ? പ്രവാസികൾ…

Flight Service തിരുവനന്തപുരം: വിന്റർ സീസൺ വിമാന സർവീസുകൾ സംസ്ഥാനത്തെ എയർപോർട്ടുകളിൽ നിന്നും മംഗലാപുരം, ലഖ്‌നൗ, ജയ്പൂർ എന്നിവിടങ്ങളിലേക്ക് മാറ്റിയ നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ച് കേരളം. നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്ത് അയക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. നോർക്ക പ്രഫഷനൽ ആൻഡ് ബിസിനസ് ലീഡർഷിപ് മീറ്റിനോടനുബന്ധിച്ച് മെൽബൺ എയർപോർട്ട് പ്രോജക്ട് മാനേജരായ ആഷിഖ് അഹമ്മദിന്റെ കേരള എയർടെക് കോറിഡോർ എന്ന ആശയത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

എയർ ഇന്ത്യ എക്‌സ്പ്രസ് ഉൾപ്പെടെയുള്ള വിമാനങ്ങളാണ് വഴിതിരിച്ചുവിടുന്നത്. ഇത് പുനഃസ്ഥാപിക്കണം എന്നതാണ് കേരളത്തിന്റെ ആവശ്യം. ഏറ്റവും കൂടുതൽ വിമാന സർവ്വീസുകൾ ഇല്ലാതാകുന്നത് കണ്ണൂർ എയർപോർട്ടിനാണെന്നും, പോയിന്റ് ഓഫ് കോൾ സൗകര്യം ലഭിക്കാത്തതുൾപ്പെടെയുള്ള പ്രശ്‌നങ്ങൾ കണ്ണൂർ വിമാനത്താവളത്തെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ നാല് വിമാനത്താവളങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഒറ്റ ഡിജിറ്റൽ സംവിധാനത്തിന് കീഴിൽ കൊണ്ടുവരാനുള്ള ‘കേരള എയർടെക് കോറിഡോർ’ എന്ന ആശയം സംസ്ഥാനത്തിന് കരുത്തുപകരുന്ന ഒന്നാണ്. ടയർ 2, ടയർ 3 നഗരങ്ങളിലേക്കുള്ള വളർച്ച സാധ്യമാക്കുന്ന ഈ ആശയം ഗൗരവമായി പരിശോധിക്കും. പ്രമുഖ ഓസ്ട്രേലിയൻ സ്ഥാപനങ്ങളുമായും വ്യവസായങ്ങളുമായും കേരളത്തിലെ മികച്ച സർക്കാർ, സ്വകാര്യ സർവകലാശാലകളെ ബന്ധിപ്പിക്കാനുള്ള ന്യൂകാസിൽ സർവകലാശാലയിലെ ലോറേറ്റ് പ്രഫസറും ഡയറക്ടറുമായ പ്രഫ. അജയൻ വിനുവിന്റെ ആശയം സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ കരുത്തും വിദ്യാർഥികൾക്ക് മികച്ച പിന്തുണയും നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

യുഎഇ കാലാവസ്ഥാ; റെഡ് അലേർട്ട് പ്രഖ്യാപിച്ചു

UAE Weather ദുബായ്: യുഎഇയിൽ മൂടൽമഞ്ഞിന് സാധ്യത. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ദൃശ്യപരത കുറയാൻ സാധ്യതയുണ്ടെന്നും റെഡ്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചതായും യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും ഇലക്ട്രോണിക് സൈൻ ബോർഡുകളിൽ കാണിക്കുന്ന വേഗപരിധി പാലിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.

അതേസമയം, രാജ്യത്ത് വേനൽ ശമിച്ച് തണുത്ത കാലാവസ്ഥയിലേക്ക് മാറാൻ തുടങ്ങിയിരിക്കുകയാണ്. ഇന്ന് യുഎഇയിലെ ആകാശം തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കും. അബുദാബിയിലും ദുബായിലും ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസായിരിക്കും.

ചില തീരദേശ, ഉൾപ്രദേശങ്ങളിൽ രാത്രിയിലും തിങ്കളാഴ്ച രാവിലെയും ഈർപ്പമുള്ള കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy