Case Filed അനുവാദം ഇല്ലാതെ യുവതിയുടെ ദൃശ്യം പകർത്തി; യുഎഇയിൽ യുവാവിനെതിരെ കേസ്

Case Filed അബുദാബി: അനുവാദമില്ലാതെ യുവതിയുടെ ദൃശ്യം പകർത്തിയ യുവാവിന് വൻ തുക പിഴ വിധിച്ച് യുഎഇ കോടതി. 10000 ദിർഹം പിഴയാണ് കോടതി വിധിച്ചത്. അബുദാബി സിവിൽ ഫാമിലി കോടതിയുടെതാണ് വിധി. യുവതിക്ക് ഇരുപതിനായിരം ദിർഹം നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. ക്രിമിനൽ കോടതി ഉത്തരവ് ശരിവെച്ചുകൊണ്ടാണ് കോടതി യുവാവിന് ശിക്ഷ വിധിച്ചത്. നേരത്തെ ചുമത്തിയ 20,000 ദിർഹം നഷ്ടപരിഹാരത്തിന് പുറമേ പിഴയായി 10000 ദിർഹം നൽകാൻ കോടതി നിർദ്ദേശിച്ചു.

തന്റെ സൽപ്പേരിനും വികാരങ്ങൾക്കും വിഘാതമായെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി യുവാവിനെതിരെ പരാതി നൽകിയത്. പ്രതി കുറ്റം ചെയ്തുവെന്ന ബോധ്യമായെന്ന് വ്യക്തമാക്കിയാണ് കോടതി ശിക്ഷ വിധിച്ചത്. പരാതിക്കാരിയുടെ കോടതി ചെലവുകൾ വഹിക്കണമെന്നും കോടതി പ്രതിയ്ക്ക് നിർദ്ദേശം നൽകി.

യുഎഇയിലെ പുതിയ ജോലി ഒഴിവുകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Air India Express എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന സർവീസ് പിൻവലിക്കൽ; വ്യാപക പ്രതിഷേധവുമായി പ്രവാസികൾ

Air India Express അബുദാബി: കേരളത്തിൽ നിന്ന് ഗൾഫ് സെക്ടറുകളിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന സർവീസുകൾ പിൻവലിച്ച നടപടിക്കെതിരെ വ്യാപക പ്രതിഷേധവുമായി പ്രവാസികൾ. വിവിധ പ്രവാസി സംഘടനങ്ങൾ തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മുൻകാലങ്ങളിൽ ഒട്ടേറെ സമര പരിപാടികളിലൂടെ നേടിയെടുത്ത ബജറ്റ് എയർലൈൻ സേവനം വീണ്ടുവിചാരമില്ലാതെ നിർത്തലാക്കുന്നത് ധിക്കാരപരമായ നടപടിയാണെന്നാണ് വിവിധ സംഘടനാ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നത്. വിമാന നിരക്കിൽ പൊറുതുമിട്ടിയിരിക്കുന്ന പ്രവാസി ഇന്ത്യക്കാർക്ക് ഇരുട്ടടിയാണ് ഈ പിന്മാറ്റം. ഇതുമൂലം കേരള-ഗൾഫ് സെക്ടറുകളിലെ വിമാന ടിക്കറ്റ് ഉയരാനും ഇടയാകുമെന്നും ഇവർ വ്യക്തമാക്കി.

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രശ്‌നത്തിൽ അടിയന്തരമായി ഇടപെടണമെന്ന് പ്രവാസി ഇന്ത്യക്കാർ ആവശ്യപ്പെട്ടു. ഒക്ടോബർ 26 മുതലുള്ള ശൈത്യകാല വിമാന സേവന പട്ടികയിലാണ് ഗൾഫ്-കേരള സെക്ടറുകളിൽ നിന്നുള്ള വിമാന സർവീസുകൾ അപ്രത്യക്ഷമായത്. ലാഭകരമായ ഗൾഫ് സെക്ടറുകളിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസിന്റെ പിന്മാറ്റ വാർത്ത വന്നതിനു ശേഷം മിക്ക എയർലൈനുകളും ഇപ്പോൾ തന്നെ നിരക്ക് കൂട്ടിയെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ചൂണ്ടിക്കാട്ടി. നിരക്ക് വർധനയ്ക്ക് കാരണം ഗൾഫ്-കേരള സെക്ടറുകളിലെ സീറ്റിന്റെ കുറവാണ്. അതിനാൽ പ്രാദേശിക, വിദേശ വിമാന കമ്പനികൾക്ക് അധിക സീറ്റ് അനുവദിച്ച് പ്രശ്‌നം പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവരണം. കൂടുതൽ വിദേശ വിമാന കമ്പനികൾക്കും ഈ സെക്ടറിൽ സർവീസ് നടത്താൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. കേരളത്തിൽനിന്നുള്ള മുഴുവൻ എംപിമാരും പ്രവാസി പ്രശ്‌നത്തിൽ ഒന്നിച്ചു പോരാടണമെന്നും പറഞ്ഞു. അതേസമയം, വിമാന സർവീസുകൾ വെട്ടിക്കുറച്ച നടപടി പ്രവാസി സമൂഹത്തിന് ഗുരുതരമായ തിരിച്ചടിയാണെന്ന് കേരള സോഷ്യൽ സെൻറർ പ്രസിഡന്റ് ടി.കെ.മനോജും ജനറൽ സെക്രട്ടറി സജീഷ് നായരും പറഞ്ഞു. സാധാരണ പ്രവാസികൾക്ക് പ്രത്യേകിച്ച് ലേബർ ക്യാംപിലെ ജീവനക്കാർക്ക് ചെലവ്കുറഞ്ഞ യാത്ര സാധ്യമാകുന്ന എയർഇന്ത്യ എക്‌സ്പ്രസ് സേവനം ഒരു തണലായിരുന്നു. ഈ പശ്ചാത്തലത്തിൽ സേവന പിന്മാറ്റം പ്രവാസികളുടെ നാട്ടിലേക്കുള്ള യാത്ര തകിടം മറിക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകളും ജനപ്രതിനിധികളും അടിയന്തര ഇടപെടൽ നടത്തി സേവനം നിലനിർത്തണമെന്ന് അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ പ്രസിഡന്റ് ജയചന്ദ്രൻ നായർ പറഞ്ഞു. പൊതുപ്രശ്‌ന പരിഹാരത്തിന് പ്രവാസികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

താരതമ്യേന കുറഞ്ഞ നിരക്കായതിനാൽ ഇടത്തരക്കാരും മറ്റും കൂടുതലായി ആശ്രയിച്ചിരുന്നതും ഈ വിമാന സർവീസിനെ. സീസണിൽ ആനുപാതിക നിരക്ക് ഉയരുമെങ്കിലും മുൻകൂട്ടി ബുക്ക് ചെയ്താൽ താങ്ങാവുന്ന നിരക്കിൽ യാത്ര ചെയ്യാവുന്ന സേവനം ഇല്ലാതാകുന്നത് വലിയ നഷ്ടമാണെന്ന് അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ പറഞ്ഞു. സ്വകാര്യവൽക്കരണത്തിനു ശേഷം പ്രവാസികൾക്കുണ്ടായിരുന്ന ആനുകൂല്യം ഒന്നൊന്നായി വെട്ടിക്കുറച്ച എയർലൈന്റെ നടപടി അന്യായമാണെന്ന് സർക്കാർ ജനറൽ സെക്രട്ടറി ടി.വി.സുരേഷ്‌കുമാർ വ്യക്തമാക്കി.

കുപ്പിവെള്ളത്തിൽ നിന്നും വിഷബാധയേറ്റു; പ്രവാസി ഉൾപ്പെടെ രണ്ടു പേർക്ക് ദാരുണാന്ത്യം, ദുരന്തം ഈ ഗൾഫ് രാജ്യത്ത്‌

Bottle Water മസ്‌കത്ത്: കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധയേറ്റ് ഒമാനിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. പ്രവാസി വനിത ഉൾപ്പെടെ രണ്ട് പേരാണ് മരിച്ചത്. യൂറാൻസ് സ്റ്റാർ( URANUS STAR) എന്ന ബ്രാൻഡ് വെള്ളത്തിൽ നിന്നാണ് വിഷബാധ ഉണ്ടായത്. വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുവൈഖ് വിലായത്തിൽ വിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒമാനി പൗരനും പ്രവാസി സ്ത്രീയുമാണ് മരിച്ചത്.

ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്ത മലിനമായ കുപ്പിവെള്ളത്തിൽ നിന്നാണ് വിഷബാധയെന്നാണ് കണ്ടെത്തൽ. കുപ്പിവെള്ളത്തിൽ ദോഷകരമായ വസ്തുക്കളുടെ സാന്നിധ്യമുണ്ടെന്ന് ലബോറട്ടറി പരിശോധനയിൽ സ്ഥിരീകരിച്ചു. ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച്, വിഷബാധയ്ക്ക് കാരണമായ ബ്രാൻഡ് പ്രാദേശിക വിപണികളിൽ നിന്ന് ഉടൻ പിൻവലിക്കാൻ പൊലീസ് നിർദേശം നൽകി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് കർശനമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചു. ഇറാനിൽ നിന്നുള്ള എല്ലാ കുപ്പിവെള്ളത്തിന്റെയും ഇറക്കുമതി സർക്കാർ നിരോധിക്കുകയും ചെയ്തു.

സുരക്ഷിതമല്ലാത്ത കുപ്പിവെള്ളമോ ഉപഭോഗവസ്തുക്കളോ ഉണ്ടെന്ന് സംശയിക്കുന്ന കേസുകൾ ഉടൻ തന്നെ യോഗ്യതയുള്ള അധികാരികളെ അറിയിക്കണമെന്നാണ് അധികൃതർ പൗരന്മാരോടും താമസക്കാരോടും വ്യക്തമാക്കിയിട്ടുള്ളത്.

Etihad Rail Passenger യുഎഇയിലുടനീളം ഇനി ട്രെയിൻ യാത്ര; മൂന്നിനം ടിക്കറ്റുകൾ പ്രഖ്യാപിച്ചു, വിശദാംശങ്ങൾ ഇങ്ങനെ

Etihad Rail Passenger അബുദാബി: യുഎഇയിലുടനീളം ട്രെയിൻ യാത്ര നടത്താൻ ഇനി മാസങ്ങളുടെ കാത്തിരിപ്പ് മാത്രം. 2026 ൽ ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് ആരംഭിക്കുമെന്നാണ് അധികൃതർ നടത്തിയ ഔദ്യോഗിക പ്രഖ്യാപനം. പാസഞ്ചർ സർവ്വീസുമായി ബന്ധപ്പെട്ട് മൂന്നിനം ടിക്കറ്റുകളും പ്രഖ്യാപിച്ചു.

ഇക്കോണമി, ഫാമിലി, ഫസ്റ്റ് ക്ലാസ് തുടങ്ങിയ മൂന്നിനം ടിക്കറ്റുകളാണ് പ്രഖ്യാപിച്ചത്. അബുദാബിയിൽ കഴിഞ്ഞ ദിവസം ആരംഭിച്ച ഗ്ലോബൽ റെയിൽ സമ്മേളനത്തിലായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനം നടന്നത്. നാഷനൽ എക്‌സിബിഷൻ സെന്ററിൽ പാസഞ്ചർ ട്രെയിനിന്റെ മാതൃകയും പ്രദർശിപ്പിച്ചിട്ടുണ്ട്. നിലവിൽ ട്രെയിൻ സർവീസുള്ളത് ദുബായ് എമിറേറ്റിൽ മാത്രമാണ്. ഒന്നിനു പിറകെ ഒന്നായാണ് ഇക്കോണമി ക്ലാസ് സീറ്റുകൾ സജ്ജീകരിച്ചിരിക്കുന്നത്. ഒരു മേശയ്ക്കു ചുറ്റും ഇരിക്കും വിധം ഫാമിലി ക്ലാസ് സീറ്റ് ഒരുക്കി യാത്രയിലും കുടുംബ അന്തരീക്ഷം ഒരുക്കുകയാണ് ഇത്തിഹാദ് റെയിൽ. യാത്രക്കാരന്റെ സൗകര്യം അനുസരിച്ച് അഡ്ജസ്റ്റ് ചെയ്യാവുന്ന വിധമാണ് ഫസ്റ്റ് ക്ലാസ് സീറ്റുകൾ സജ്ജമാക്കുക. വിശാലമായ സീറ്റുകൾക്ക് സമീപത്തായി ട്രേ ടേബിളും ലഗേജ്കൾ വയ്ക്കാൻ പ്രത്യേക സ്ഥലവും ഉണ്ടായിരിക്കുമെന്ന് ഇത്തിഹാദ് റെയിൽ മൊബിലിറ്റി (പാസഞ്ചർ സർവീസസ് ഡിവിഷൻ) ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് അസ്സ അൽ സുവൈദി അറിയിച്ചു.

യുഎഇയിലെ 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിച്ച് കടന്നുപോകുന്ന ഇത്തിഹാദ് റെയിലിൽ അബുദാബിയിൽനിന്ന് 57 മിനിറ്റുകൊണ്ട് ദുബായിലെത്താം. ഫുജൈറയിലേക്ക് എത്താൻ 105 മിനിറ്റ് വേണം. യുഎഇയിൽ സേവനം ആരംഭിച്ചതിനുശേഷം ഒമാനുമായും പിന്നീട് ഇതര ഗൾഫ് രാജ്യങ്ങളിലെ റെയിലുമായി ബന്ധിപ്പിച്ച് ജിസിസി റെയിൽ യാഥാർഥ്യമാക്കും. അബുദാബി, ദുബായ്, ഷാർജ, ഫുജൈറ എന്നീ എമിറേറ്റുകളിലായി 4 സ്റ്റേഷനുകളുടെ നിർമാണം അന്തിമ ഘട്ടത്തിലാണ്. വരാനിരിക്കുന്ന അതിവേഗ റെയിൽ പദ്ധതിയിൽ മണിക്കൂറിൽ 350 കി.മീ വേഗത്തിൽ സഞ്ചരിക്കുമ്പോൾ ദുബായ്-അബുദാബി യാത്രാ ദൈർഘ്യം 30 മിനിറ്റായി കുറയും.

UAE Accident യുഎഇ: ഡ്രൈവർ ഉറങ്ങിപ്പോയി, പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ടു, രണ്ട് ട്രക്കുകൾ കൂട്ടിയിടിച്ച് അപകടം

UAE Accident ദുബായ്: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ, അൽ മക്തൂം എയർപോർട്ട് റൗണ്ട് എബൗട്ടിന് സമീപം അബുദാബിയിലേക്ക് പോകുന്ന ദിശയിൽ രണ്ട് ട്രക്കുകൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു. ട്രക്ക് ഡ്രൈവർമാരിൽ ഒരാൾ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് മുന്നിൽ പോകുകയായിരുന്ന മറ്റൊരു ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഈ അപകടത്തെ തുടർന്ന് റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും അധികൃതർ വാഹനങ്ങൾ മറ്റ് വഴികളിലേക്ക് തിരിച്ചുവിടുകയും ചെയ്തു. ദുബായ് പോലീസ് ട്രാഫിക് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സാലിം ബിൻ സുവൈദാൻ സംഭവസ്ഥലത്തെ സുരക്ഷാ പ്രവർത്തനങ്ങൾ വിശദീകരിച്ചു. അപകടം നടന്നയുടൻ ട്രാഫിക് ആക്സിഡന്റ് വിദഗ്ദ്ധരെ സംഭവസ്ഥലത്തേക്ക് അയച്ച് തെളിവുകൾ ശേഖരിച്ചു. ട്രാഫിക് പട്രോളിങ് സംഘങ്ങൾ വാഹനങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കുകയും അപകടസ്ഥലം സുരക്ഷിതമാക്കുകയും ആംബുലൻസുകൾക്കും രക്ഷാപ്രവർത്തകർക്കും കാര്യക്ഷമമായി സ്ഥലത്തെത്താൻ അവസരം ഒരുക്കുകയും ചെയ്തു. തകർന്ന വാഹനം നീക്കം ചെയ്യാനും സാധാരണ ഗതാഗത സ്ഥിതി പുനഃസ്ഥാപിക്കാനും പ്രതികരണ സംഘങ്ങൾ വേഗത്തിൽ പ്രവർത്തിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ഷീണിതരായിരിക്കുമ്പോൾ വാഹനം ഓടിക്കുന്നതിൻ്റെ അപകടങ്ങളെക്കുറിച്ച് പോലീസ് കരുതൽ നിർദേശം നൽകി. ചെറിയ പിഴവുകൾ പോലും മാരകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഉറങ്ങിപ്പോയി വാഹനം ഓടിക്കുന്നത് ജീവഹാനിക്കും ഗുരുതരമായ പരിക്കുകൾക്കും ഇടയാക്കുന്ന പ്രധാന കാരണങ്ങളിൽ ഒന്നാണെന്നും ബിൻ സുവൈദാൻ മുന്നറിയിപ്പ് നൽകി.

dubai duty free draw മൊബൈല്‍ ഷോപ്പില്‍ നിന്ന് ‘കോടീശ്വരനി’ലേക്ക്, പ്രവാസി മലയാളിയ്ക്ക് കൈനിറയെ സമ്മാനം

dubai duty free draw ദുബായ്: അജ്മാനിൽ താമസിക്കുന്ന 48കാരനായ മലയാളിയായ പ്രവാസി സുഭാഷ് മാഡം, ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ സീരീസ് 517-ലെ ഏറ്റവും പുതിയ 1 മില്യൺ ഡോളർ (ഏകദേശം 8.3 കോടി ഇന്ത്യൻ രൂപ) വിജയിയായി. സെപ്തംബർ 12ന് ഓൺലൈനായി വാങ്ങിയ 2550 എന്ന ടിക്കറ്റിലൂടെയാണ് അദ്ദേഹത്തിന് ഭാഗ്യം തേടിയെത്തിയത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോൺകോഴ്‌സ് സിയിൽ വെച്ച് ബുധനാഴ്ച നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ ആൻഡ് ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിലാണ് മാഡത്തെ വിജയിയായി പ്രഖ്യാപിച്ചത്. കഴിഞ്ഞ 14 വർഷമായി അജ്മാനിലെ സനയ്യ ഇൻഡസ്ട്രിയൽ ഏരിയയിലെ മൊബൈൽ കടയിൽ ജോലി ചെയ്യുന്ന സുഭാഷ്, കഴിഞ്ഞ രണ്ട് വർഷമായി ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഈ പ്രമോഷനിൽ പങ്കെടുക്കുന്നുണ്ട്. ഒരു കുട്ടിയുടെ പിതാവാണ് ഇദ്ദേഹം. “ദുബായ് ഡ്യൂട്ടി ഫ്രീക്ക് വളരെ നന്ദിയുണ്ട്! ഈ ദിവസം ഒരിക്കലും മറക്കില്ല”, വിജയം അറിഞ്ഞ ശേഷം അദ്ദേഹം ഇങ്ങനെ പറഞ്ഞു. ഈ പ്രമോഷനിൽ 1 മില്യൺ ഡോളർ നേടുന്ന 260-ാമത്തെ ഇന്ത്യക്കാരനാണ് സുഭാഷ്. ഏറ്റവും കൂടുതൽ പങ്കെടുക്കുന്നവരും വിജയിക്കുന്നവരും ഇന്ത്യക്കാർ തന്നെയാണ്. മില്ലേനിയം മില്യണയർ നറുക്കെടുപ്പിന് പിന്നാലെ, രണ്ട് ആഢംബര വാഹനങ്ങൾക്കായുള്ള ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പും നടന്നു. പിയേട്ര സ്റ്റെഫാൻ (Pietra Stephane) ഒരു ഫ്രഞ്ച് പൗരനായ ഇദ്ദേഹം, സെപ്തംബർ 13-ന് ഓൺലൈനായി വാങ്ങിയ ടിക്കറ്റിലൂടെ ലാൻഡ് റോവർ ഡിഫൻഡർ 110 V8 HSE P525 (ഫ്യൂജി വൈറ്റ്) കാർ സ്വന്തമാക്കി. നിലവിൽ ഇദ്ദേഹത്തെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. സയ്യിദ് സുലൈമാൻ (Syed Suliman): ദുബായിൽ താമസിക്കുന്ന 31 വയസുകാരനായ ബ്രിട്ടീഷ് പൗരന് ഇന്ത്യൻ 101 സൗട്ട് (Suset Red Metallic) മോട്ടോർബൈക്ക് ലഭിച്ചു. തുർക്കി വംശജനായ സുലൈമാൻ, ദുബായ് എയർപോർട്ടിൽ പ്രാദേശിക ബിസിനസ്സുകളെ പിന്തുണയ്ക്കുന്ന ഒരു എമിറാത്തി ഹബ്ബിലെ മാർക്കറ്റിങ് മേധാവിയായി പ്രവർത്തിക്കുകയാണ്. “നിങ്ങളുടെ ഈ അത്ഭുതകരമായ പ്രമോഷനിൽ ആദ്യമായി ടിക്കറ്റെടുത്തപ്പോൾ തന്നെ വിജയിക്കാൻ അവസരം തന്ന ദുബായ് ഡ്യൂട്ടി ഫ്രീക്ക് നന്ദി! ഈ മോട്ടോർബൈക്കിൽ ദുബായിലെ റോഡുകളിലൂടെ കറങ്ങാൻ ഞാൻ ആഗ്രഹിക്കുന്നു!” അദ്ദേഹം പറഞ്ഞു.

Air India Express ദുബായിലേക്ക് പുറപ്പെടേണ്ടത് പുലര്‍ച്ചെ, യാത്രക്കാര്‍ കാത്തിരിക്കുന്നതിനിടെ അറിയിപ്പ്, അവസാന നിമിഷം റദ്ദാക്കി

Air India Express ദുബായ്: അവസാനനിമിഷം സർവീസ് റദ്ദാക്കിയ എയർ ഇന്ത്യ എക്സ്പ്രസിന്‍റെ നടപടിയിൽ ജയ്പൂരിൽ യാത്രക്കാർ ദുരിതത്തിലായി. ജയ്പൂർ – ദുബായ് റൂട്ടിലെ വിമാനമാണ് തിങ്കളാഴ്ച റദ്ദാക്കിയത്. ഇന്ത്യൻ സമയം രാവിലെ 5.55ന് ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക് പോകേണ്ടിയിരുന്ന ഐഎക്സ്-195 വിമാനമാണ് റദ്ദാക്കിയത്. ഇതിന് കാരണം ദുബായിൽ നിന്ന് വരേണ്ടിയിരുന്ന ഐഎക്സ്-196 വിമാനം എത്താതിരുന്നതാണ്. പുലർച്ചെ 12.46ന് ജയ്പൂരിൽ എത്തേണ്ട ദുബായ്-ജയ്പൂർ സർവീസ് നടന്നില്ലെന്ന് എയർപോർട്ട് അധികൃതർ സ്ഥിരീകരിച്ചു. ഇതോടെ പുലർച്ചെ ഒരു മണിയോടെ വിമാനത്താവളത്തിൽ എത്തിയ നൂറുകണക്കിന് യാത്രക്കാർ കുടുങ്ങി. വിമാന ഡാറ്റകൾ ട്രാക്ക് ചെയ്യുന്ന വെബ്സൈറ്റുകൾ അനുസരിച്ച്, ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ സംഭവമാണ്. സെപ്തംബർ 25-ന് സാങ്കേതിക തകരാർ കാരണം ദുബായിൽ നിന്നുള്ള വിമാനം ഗ്രൗണ്ട് ചെയ്തതിനെ തുടർന്ന് ഇതേ സർവീസ് തടസപ്പെട്ടിരുന്നു. അന്ന് എയർലൈൻ ആദ്യം ജയ്പൂർ-ദുബായ് വിമാനം റദ്ദാക്കുകയും പിന്നീട് രണ്ട് മണിക്കൂറിന് ശേഷം ഒരു പകരം വിമാനം ഏർപ്പെടുത്തുകയുമായിരുന്നു.

യാത്രക്കാർ ശ്രദ്ധിക്കുക; എമിറേറ്റ്സ് എയർലൈനിന്‍റെ സുപ്രധാന നിബന്ധന ഇന്ന് മുതൽ പ്രാബല്യത്തിൽ

Emirates Airlines ദുബായ്: എമിറേറ്റ്‌സ് എയർലൈൻസ് വിമാനങ്ങൾക്കകത്ത് പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് ഇന്ന് (ഒക്ടോബർ 1) മുതൽ നിരോധിച്ചുകൊണ്ടുള്ള പുതിയ മാര്‍ഗനിർദേശം നിലവിൽ വന്നു. പുതിയ സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഈ നടപടി. ലിഥിയം ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങൾ വിമാനത്തിനുള്ളിൽ ഉപയോഗിക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള അപകടസാധ്യതകൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് എയർലൈൻ ഈ ഓർമ്മപ്പെടുത്തൽ നൽകുന്നത്. യാത്രക്കാർക്ക് നിശ്ചിത മാനദണ്ഡങ്ങൾ അനുസരിച്ച് ഒരു പവർ ബാങ്ക് കൈയ്യിൽ കരുതാൻ ഇപ്പോഴും അനുമതിയുണ്ട്. എന്നാൽ, വിമാനത്തിനുള്ളിൽ വെച്ച് ഈ ഉപകരണങ്ങൾ ഒരുകാരണവശാലും ഉപയോഗിക്കാൻ പാടില്ല. പവർ ബാങ്ക് ഉപയോഗിച്ച് മൊബൈൽ ഫോണുകളോ മറ്റ് ഉപകരണങ്ങളോ ചാർജ് ചെയ്യുന്നതിനോ, വിമാനത്തിലെ വൈദ്യുതി സ്രോതസ്സുകൾ ഉപയോഗിച്ച് പവർ ബാങ്ക് ചാർജ് ചെയ്യുന്നതിനോ അനുവാദമുണ്ടായിരിക്കില്ല. മാർഗനിർദേശം ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് എയർലൈൻ നേരത്തെ അറിയിച്ചിരുന്നു. എമിറേറ്റ്‌സ് വിമാനങ്ങളിൽ പവർ ബാങ്കുകൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് യാത്രക്കാർ ശ്രദ്ധിക്കേണ്ട പുതിയ പ്രധാന നിയമങ്ങൾ താഴെക്കൊടുക്കുന്നു: പവർ ബാങ്ക് കൊണ്ടുപോകുന്നതിനുള്ള നിയമങ്ങൾ- 100Wh-ൽ താഴെ ശേഷിയുള്ള ഒരു പവർ ബാങ്ക് മാത്രമേ യാത്രക്കാർക്ക് കൈവശം വെക്കാൻ അനുമതിയുള്ളൂ, യാത്രയിൽ കൊണ്ടുപോകുന്ന എല്ലാ പവർ ബാങ്കുകൾക്കും അതിന്റെ ശേഷി വ്യക്തമാക്കുന്ന വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കണം. നിലവിലുള്ള നിയമമനുസരിച്ച്, ചെക്ക്-ഇൻ ലഗേജിൽ പവർ ബാങ്കുകൾ അനുവദനീയമല്ല. അവ എപ്പോഴും കൈവശമുള്ള ബാഗേജിൽ (ക്യാബിൻ ലഗേജ്) മാത്രമേ വെക്കാൻ പാടുള്ളൂ. വിമാനത്തിനുള്ളിൽ വെച്ച് വ്യക്തിഗത ഉപകരണങ്ങൾ ചാർജ് ചെയ്യാൻ പവർ ബാങ്കുകൾ ഉപയോഗിക്കാൻ പാടില്ല. വിമാനത്തിലെ വൈദ്യുതി സ്രോതസ്സുകൾ ഉപയോഗിച്ച് പവർ ബാങ്ക് ചാർജ് ചെയ്യുന്നതും അനുവദനീയമല്ല. പവർ ബാങ്കുകൾ വിമാനത്തിലെ ഓവർഹെഡ് സ്റ്റോവേജ് ബിന്നിൽ വെക്കാൻ പാടില്ല. പകരം, സീറ്റ് പോക്കറ്റിലോ അല്ലെങ്കിൽ മുന്നിലുള്ള സീറ്റിനടിയിലെ ബാഗിലോ വെക്കണം. ലിഥിയം ബാറ്ററികൾ ഉൾപ്പെട്ട സംഭവങ്ങൾ വ്യോമയാന മേഖലയിൽ വർദ്ധിക്കുന്ന സാഹചര്യത്തിൽ, വിശദമായ സുരക്ഷാ അവലോകനത്തിന് ശേഷമാണ് എമിറേറ്റ്‌സ് ഈ തീരുമാനം കൈക്കൊണ്ടത്. ലിഥിയം-അയൺ അല്ലെങ്കിൽ ലിഥിയം-പോളിമർ സെല്ലുകൾ ഉപയോഗിക്കുന്ന പവർ ബാങ്കുകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ, നിലവാരം കുറഞ്ഞ നിർമ്മാണം, അല്ലെങ്കിൽ അമിതമായി ചാർജ് ചെയ്യുകയോ ചെയ്താൽ തീപിടുത്ത സാധ്യതയുണ്ട്. വിമാനത്തിനുള്ളിൽ ഇവയുടെ ഉപയോഗം നിരോധിക്കാനുള്ള തീരുമാനം, അപൂർവമായി ബാറ്ററി തകരാറോ തീപിടിത്തമോ ഉണ്ടായാൽ വേഗത്തിൽ പ്രതികരിക്കുന്നത് ഉറപ്പാക്കാനുള്ള മുൻകരുതൽ നടപടിയാണെന്ന് എയർലൈൻ വ്യക്തമാക്കി.

Sharjah Police യാത്രയ്ക്കിടെ ടാക്സിയില്‍ ഫോണ്‍ മറന്നുവെച്ചു, തിരിച്ചേല്‍പ്പിച്ച് ഡ്രൈവർ,​ ആദരമൊരുക്കി യുഎഇ പോലീസ്

Sharjah Police ഷാർജ: ടാക്സിയിൽ മറന്നുവെച്ച മൊബൈൽ ഫോൺ ഉടമയ്ക്ക് തിരികെ ഏൽപിച്ച ടാക്സി ഡ്രൈവർക്ക് ഷാർജ പോലീസ് ആദരം നൽകി. ജോസഫ് ബെൻസൻ എന്ന ഡ്രൈവർക്കാണ് സത്യസന്ധതയ്ക്ക് അംഗീകാരം ലഭിച്ചത്. കോൺഫറൻസിനായി യാത്ര ചെയ്യുകയായിരുന്ന സ്ത്രീയാണ് ടാക്സിയിൽ ഫോൺ മറന്നത്. ഫോൺ ലഭിച്ച ജോസഫ്, കോൺഫറൻസ് നടക്കുന്ന സ്ഥലത്തെ പോലീസിനെ ഉടൻ തന്നെ വിവരമറിയിക്കുകയും ഫോൺ ഏൽപ്പിക്കുകയുമായിരുന്നു. ഡ്രൈവറുടെ സത്യസന്ധതയെ ഷാർജ പോലീസ് അധികൃതർ അഭിനന്ദിച്ചു. “വ്യക്തികളുടെ സ്വത്തുക്കൾ സംരക്ഷിക്കുന്നതിൽ സമൂഹത്തോടുള്ള ഉത്തരവാദിത്തം അടയാളപ്പെടുത്തുന്ന പ്രവർത്തനമാണിത്,” അധികൃതർ പറഞ്ഞു. ദിവസങ്ങൾക്ക് മുന്‍പ്, രണ്ട് ലക്ഷം ദിർഹം (ഏകദേശം 45 ലക്ഷം രൂപ) മൂല്യമുള്ള പണവും ചെക്കും ടാക്സിയിൽ മറന്നുവെച്ച യാത്രക്കാരന് തിരികെ നൽകിയ ഡ്രൈവറെ ദുബായ് പോലീസും ആദരിച്ചിരുന്നു.

Abu Dhabi Teachers അധ്യാപകര്‍ക്ക് കര്‍ശന പൊരുമാറ്റച്ചട്ടവുമായി അധ്യാപകര്‍; അറിയേണ്ടതെല്ലാം

Abu Dhabi Teachers അബുദാബി: സ്കൂളുകളിലെ അധ്യാപകർക്കായി കർശനമായ പെരുമാറ്റച്ചട്ടം (Code of Conduct) പുറത്തിറക്കി അബുദാബി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബഹുമാനം, സമഗ്രത, പ്രൊഫഷണലിസം എന്നിവ ഉറപ്പുവരുത്തുന്നതിനും വിദ്യാർഥികൾ, ജീവനക്കാർ, പൊതുസമൂഹം എന്നിവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഈ ചട്ടം കൊണ്ടുവന്നിരിക്കുന്നത്. പെരുമാറ്റച്ചട്ടം ലംഘിക്കുന്ന അധ്യാപകർക്ക് ഗുരുതരമായ നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അച്ചടക്ക നടപടിക്ക് കാരണമാകുന്ന പ്രധാന ലംഘനങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ താഴെ നൽകുന്നു. മതം, വംശം, സാമൂഹിക പദവി, പ്രായം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കുകയോ, പീഡിപ്പിക്കുകയോ ചെയ്യുക. അടുത്ത് പ്രസവിച്ചതോ പ്രസവിക്കാനിരിക്കുന്നതോ ആയ വനിതാ ജീവനക്കാർക്കെതിരായ വിവേചനം.  തീവ്രവാദം പ്രോത്സാഹിപ്പിക്കുക, വംശീയത, ഭീഷണിപ്പെടുത്തൽ, മറ്റ് തരത്തിലുള്ള വിവേചനം എന്നിവയിൽ ഏർപ്പെടുക. സംസ്കാര വിരുദ്ധമോ സ്കൂൾ ഡ്രസ് കോഡിന് വിരുദ്ധമായതോ ആയ മാന്യതയില്ലാത്ത വസ്ത്രധാരണം. സ്കൂൾ ജീവനക്കാരുടെ പ്രൊഫഷണലിസത്തിനും ധാർമ്മികതയ്ക്കും വിരുദ്ധമായ പെരുമാറ്റം. സഹപ്രവർത്തകരെ വാക്കാലോ ശാരീരികമായോ ഉപദ്രവിക്കുക, അല്ലെങ്കിൽ അവരുടെ മാന്യതയെ ഹനിക്കുന്ന വ്യാജ പ്രചാരണങ്ങൾ നടത്തുക. പ്രൊഫഷണൽ യോഗ്യതകൾ, പ്രവൃത്തിപരിചയം എന്നിവ സംബന്ധിച്ച് തെറ്റായതോ വ്യാജമോ ആയ വിവരങ്ങൾ സമർപ്പിക്കുക. സ്കൂളിൽ പഠനത്തിന് പുറമെയുള്ള മതപരമായ പ്രബോധനത്തിൽ ഏർപ്പെടുക. വിദ്യാഭ്യാസ അന്തരീക്ഷം സുരക്ഷിതമാക്കുന്നതിനും നിലവാരം ഉയർത്തുന്നതിനും വേണ്ടിയാണ് ഈ കർശനമായ നടപടികളെന്ന് അധികൃതർ വ്യക്തമാക്കി.

Flight Emergency Landing ആകാശത്ത് നാടകീയ രംഗങ്ങള്‍, പാസ്പോര്‍ട്ട് കീറി തിന്ന് യാത്രക്കാരന്‍; കൂട്ടുകാരന്‍ ശുചിമുറിയിലേക്ക് ഓടി, പിന്നാലെ…

Flight Emergency Landing ആകാശമധ്യേ വിമാനത്തിനുള്ളിലുണ്ടായ അത്യന്തം നാടകീയമായ സംഭവങ്ങളെത്തുടർന്ന്, ലണ്ടനിലേക്ക് പറന്ന റയൻഎയർ (Ryanair) വിമാനം പാരിസിൽ അടിയന്തര ലാൻഡിങ് നടത്തി. ഇറ്റലിയിലെ മിലാനിൽ നിന്ന് പുറപ്പെട്ട വിമാനത്തിലാണ് സഹയാത്രികരെ പരിഭ്രാന്തരാക്കിയ സംഭവങ്ങൾ അരങ്ങേറിയത്. വിമാനം പറന്നുയർന്ന് 15 മിനിറ്റിനുള്ളിലാണ് സംഭവങ്ങളുടെ തുടക്കം. സീറ്റ് ബെൽറ്റ് അഴിച്ചിടാൻ ജീവനക്കാർ നിർദേശം നൽകിയതിന് പിന്നാലെ, വിമാനത്തിന്റെ മുൻവശത്തെ സീറ്റിലിരുന്ന യാത്രക്കാരൻ എഴുന്നേറ്റുനിന്ന് തന്റെ പാസ്പോർട്ടിലെ പേജുകൾ കീറി വായിലിട്ട് ചവയ്ക്കാൻ തുടങ്ങി. ഇതോടെ, മറ്റു യാത്രക്കാർ പരിഭ്രാന്തരായി. ഇദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന മറ്റൊരാൾ ഉടൻ തന്നെ തന്റെ പാസ്പോർട്ട് കൈക്കലാക്കിയ ശേഷം ശുചിമുറിയിലിട്ട് ഫ്ലഷ് ചെയ്യാൻ ശ്രമിച്ചു. സംഭവിക്കുന്നതെന്താണെന്ന് മനസിലാകാതിരുന്ന വിമാന ജീവനക്കാർ ശുചിമുറിയുടെ വാതിൽ തുറക്കാൻ യുവാവിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഈ ഘട്ടത്തിൽ, “ഇവരെന്താണ് കാട്ടിക്കൂട്ടുന്നതെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല” എന്ന് എയർഹോസ്റ്റസ് നടത്തിയ അനൗൺസ്‌മെന്റ് മറ്റു യാത്രക്കാരെ കൂടുതൽ പരിഭ്രാന്തിയിലാക്കി. ഇതോടെ, സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് വിമാനം വഴിതിരിച്ചുവിട്ട് പാരിസിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. വിമാനം പാരിസിൽ ലാൻഡ് ചെയ്ത ഉടൻ ഫ്രഞ്ച് അധികൃതർ ഇവരെ അറസ്റ്റ് ചെയ്തു. ഇവരുടെ സാധനസാമഗ്രികൾ വിശദമായി പരിശോധിക്കുകയും ചെയ്തു. ഈ പരിശോധനകൾ കാരണം രണ്ട് മണിക്കൂറിന് ശേഷമാണ് വിമാനം ലണ്ടനിലേക്ക് യാത്ര തുടർന്നത്. അതേസമയം, വിമാനത്തിനുള്ളിൽ ഇരുവരും ഇത്തരത്തിൽ അസാധാരണമായി പെരുമാറിയതിന്റെ കാരണം വ്യക്തമാക്കുന്ന തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കനത്ത പിഴയും യാത്രാ വിലക്കും ഉൾപ്പെടെയുള്ള നിയമനടപടികൾ ഇവർ നേരിടേണ്ടിവരും. ഈ അപ്രതീക്ഷിത സംഭവങ്ങൾ വിമാന യാത്രകളിൽ ഇത്തരം അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതിന്റെ പ്രാധാന്യം ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.


Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy