വാരാന്ത്യ ഗതാഗത മുന്നറിയിപ്പ്: അബുദാബിയിൽ ഈ റോഡ് ഭാഗികമായി അടച്ചിടും

Abu Dhabi Road Closure അബുദാബി: അറ്റകുറ്റപ്പണികളും മെച്ചപ്പെടുത്തൽ ജോലികളും നടക്കുന്നതിനാൽ യാസ് ഐലൻഡ്, അൽ ദഫ്ര മേഖല എന്നിവിടങ്ങളിലെ പ്രധാന റോഡുകളിൽ ഭാഗിക അടച്ചിടൽ പ്രഖ്യാപിച്ച് അബുദാബി മൊബിലിറ്റി. ഇന്ന് (ഒക്ടോബർ 18, ശനി) മുതൽ ഒക്ടോബർ 29, ബുധനാഴ്ച വരെയാണ് ഈ താത്കാലിക അടച്ചിടൽ. ശൈഖ് ഖലീഫ ബിൻ സായിദ് റോഡ് (E12), ശൈഖ സലാമ ബിൻത് ബുട്ടി റോഡ് (E45) എന്നിവയെയാണ് ഇത് ബാധിക്കുക. യാസ് ഐലൻഡിലെ അടച്ചിടൽ (ശൈഖ് ഖലീഫ ബിൻ സായിദ് റോഡ് – E12) ഇന്ന് (ഒക്ടോബർ 18, ശനി): സാദിയാത്ത് ഐലൻഡിലേക്കുള്ള ദിശയിൽ വലതുവശത്തെ രണ്ട് ലെയ്‌നുകൾ രാത്രി 12 മുതൽ വൈകുന്നേരം നാല് വരെ അടച്ചിടും. ഒക്ടോബർ 19, ഞായർ, ഇതേ ദിശയിൽ ഇടതുവശത്തെ മൂന്ന് ലെയ്‌നുകൾ രാത്രി 12:00 മുതൽ വൈകുന്നേരം 4:00 വരെ അടച്ചിടും. ഈ സമയങ്ങളിൽ ഗതാഗത വഴിതിരിച്ചുവിടുന്നതിനുള്ള അടയാളങ്ങൾ വ്യക്തമായി സ്ഥാപിച്ചിരിക്കും. വാഹന യാത്രികർ ഈ നിർദ്ദേശങ്ങൾ പാലിച്ച് അതീവ ജാഗ്രതയോടെ വാഹനമോടിക്കണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy രണ്ടാമത്തെ അടച്ചിടൽ അൽ ദഫ്ര മേഖലയിലെ മദീനത്ത് സായിദിലെ ഷെയ്ഖ സലാമ ബിൻത് ബുട്ടി റോഡിൽ (E45) നടക്കും: ഒക്ടോബർ 19, ഞായറാഴ്ച പുലർച്ചെ 12:00 മുതൽ ഒക്ടോബർ 29, ബുധനാഴ്ച രാവിലെ 6:00 വരെ. ലിവായിലേക്കുള്ള ദിശയിൽ ഇടതുവശത്തെ ലെയ്ൻ അടച്ചിടും. ഗതാഗത പ്രവാഹം നിലനിർത്തുന്നതിനായി റോഡ് ഭാഗികമായി തുറന്നിരിക്കും, കൂടാതെ ബദൽ റൂട്ടുകളും ലഭ്യമാണ്. അബുദാബി മൊബിലിറ്റി അധികൃതർ ഡ്രൈവർമാരോട് ജാഗ്രത പാലിക്കാനും, ജോലി നടക്കുന്ന സ്ഥലങ്ങളിൽ വേഗത കുറയ്ക്കാനും റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ ട്രാഫിക് നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും അഭ്യർഥിച്ചു.

യുഎഇയിലെ പുതിയ ജോലി ഒഴിവുകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എയർ ഇന്ത്യ വിമാനത്തിലെ ഭക്ഷണത്തിൽ മുടി; പിന്നാലെ ഛര്‍ദ്ദിയും വയറുവേദനയും; യാത്രക്കാരൻ നഷ്ടപരിഹാരമായി ചോദിച്ചത് വൻതുക

Hair in Air India Food ചെന്നൈ: എയർ ഇന്ത്യ വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തിൽ മുടി കണ്ടെത്തിയ സംഭവത്തിൽ യാത്രക്കാരന് 35,000 രൂപ നഷ്ടപരിഹാരം നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. വിമാനക്കമ്പനിയുടെ ഭാഗത്തുനിന്ന് അലംഭാവം ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പി. ബി. ബാലാജിയുടെ വിധി. 2002 ജൂൺ 26-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊളംബോയിൽ നിന്ന് ചെന്നൈയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന പി. സുന്ദരപരിപൂരണിന് സീൽ ചെയ്ത ഭക്ഷണപ്പൊതിയിലാണ് മുടി കണ്ടെത്തിയത്. ഈ ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതായി യാത്രക്കാരൻ പരാതിപ്പെട്ടു. തുടർന്ന്, 11 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇദ്ദേഹം ചെന്നൈ സിവിൽ കോടതിയെ സമീപിച്ചു. 2022-ൽ സിവിൽ കോടതി എയർ ഇന്ത്യ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചു. ഈ വിധിക്കെതിരെ എയർ ഇന്ത്യ നൽകിയ അപ്പീലിലാണ് നിലവിൽ ഹൈക്കോടതി വിധി പ്രസ്താവിച്ചത്.  യാത്രക്കാരൻ്റെ ടിക്കറ്റ് നിരക്കിൽ ഭക്ഷണവും ഉൾപ്പെടുന്നതിനാൽ, ഭക്ഷണം പുറത്തു നിന്നുള്ള കാറ്ററിങ് ഏജൻസിയാണ് തയ്യാറാക്കിയതെങ്കിൽ പോലും അതിൻ്റെ പൂർണ ഉത്തരവാദിത്തം എയർ ഇന്ത്യക്കാണ്. കാറ്ററിങ് സർവീസുകാരെ പഴിചാരി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ വിമാനക്കമ്പനിക്ക് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. യാത്രക്കാരന് ശാരീരികമായോ സാമ്പത്തികമായോ വലിയ നഷ്ടം സംഭവിച്ചതിന് തെളിവുകൾ ഹാജരാക്കാൻ കഴിയാത്തതിനാൽ, സിവിൽ കോടതി അനുവദിച്ച ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ഹൈക്കോടതി 35,000 രൂപയായി കുറച്ചു. നിയമപരമായ ചെലവുകൾക്കായി 15,000 രൂപയും കൗൺസിലിനുള്ള ഫീസായി 20,000 രൂപയും ഉൾപ്പെടെ ആകെ 35,000 രൂപ നാല് ആഴ്ചകൾക്കുള്ളിൽ യാത്രക്കാരന് നൽകാനാണ് മദ്രാസ് ഹൈക്കോടതി എയർ ഇന്ത്യക്ക് നിർദേശം നൽകിയിരിക്കുന്നത്. യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിൽ വിമാനക്കമ്പനികൾക്ക് നേരിട്ടുള്ള ബാധ്യതയുണ്ടെന്ന് ഈ വിധിയിലൂടെ മദ്രാസ് ഹൈക്കോടതി ഒരിക്കൽ കൂടി ഉറപ്പിച്ചു.

യുഎഇയിൽ വേഗതയേറിയതും സുരക്ഷിതവുമായ പേയ്‌മെന്‍റുകൾ; ബോള്‍‍ട്ടുമായി സഹകരിച്ച് പ്രമുഖ കമ്പനി

Payments in UAE ദുബായ്: ആഗോള റൈഡ്-ഹെയ്‌ലിങ് പ്ലാറ്റ്‌ഫോമായ ബോൾട്ട് (Bolt), മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും പ്രമുഖ ഫിൻടെക് കമ്പനിയായ നെറ്റ്‌വർക്ക് ഇൻ്റർനാഷണലുമായി സഹകരിച്ച് യുഎഇയിലുടനീളമുള്ള ഉപയോക്താക്കളുടെ ഡിജിറ്റൽ പേയ്‌മെൻ്റ് അനുഭവം മെച്ചപ്പെടുത്തുന്നു. ഈ കരാർ പ്രകാരം, ബോൾട്ട് ആപ്പ് വഴിയുള്ള എല്ലാ പണമിടപാടുകളും കൂടുതൽ വേഗതയിലും വിശ്വാസ്യതയിലും സുരക്ഷയിലും പ്രോസസ് ചെയ്യുന്നതിന് നെറ്റ്വർക്ക് ഇൻ്റർനാഷണൽ ബോൾട്ടിൻ്റെ ഔദ്യോഗിക ഡിജിറ്റൽ പേയ്‌മെൻ്റ് പങ്കാളി ആയി മാറും. നെറ്റ്‌വർക്ക് ഇൻ്റർനാഷണലിൻ്റെ നൂതന പേയ്‌മെൻ്റ് ഇൻഫ്രാസ്ട്രക്ചർ ബോൾട്ടിൻ്റെ പ്ലാറ്റ്‌ഫോമിൽ സംയോജിപ്പിക്കുന്നതോടെ, ആപ്പിനുള്ളിലെ ഇടപാടുകൾ തടസമില്ലാത്തതും ഡ്രൈവർമാർക്ക് വേഗത്തിൽ പണം ലഭിക്കുന്നതും ഉറപ്പാക്കുന്നു. എല്ലാ പേയ്‌മെൻ്റുകളും വ്യവസായത്തിലെ മുൻനിര സുരക്ഷാ പ്രോട്ടോക്കോളുകളും മാനദണ്ഡങ്ങളും അനുസരിച്ച് പരിരക്ഷിക്കപ്പെടും. ബോൾട്ട് ഉപയോക്താക്കൾക്ക് കൂടുതൽ സുഗമവും വിശ്വസനീയവുമായ പേയ്‌മെൻ്റ് അനുഭവം ആസ്വദിക്കാം. വേഗത്തിലുള്ളതും സ്ഥിരതയുള്ളതുമായ പേഔട്ടുകൾ ലഭിക്കുന്നതിലൂടെ ഡ്രൈവർമാർക്ക് പ്രയോജനം ലഭിക്കും. ഈ സഹകരണം, യുഎഇ ഉപയോക്താക്കൾക്ക് “സുരക്ഷിതവും സൗകര്യപ്രദവും തടസ്സരഹിതവുമായ” ഡിജിറ്റൽ അനുഭവങ്ങൾ നൽകാനുള്ള ബോൾട്ടിൻ്റെ ശേഷി വർധിപ്പിക്കുമെന്ന് ദുബായ് ടാക്സി കമ്പനിയുടെ ചീഫ് ഓപ്പറേഷൻസ് ഓഫീസർ അമ്മാർ റാഷിദ് അൽബ്രൈക്കി പറഞ്ഞു. നെറ്റ്‌വർക്ക് ഇൻ്റർനാഷണലിൻ്റെ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ (മെർച്ചന്റ് സർവീസസ്, മെന) ജമാൽ അൽ നസ്സായി പങ്കാളിത്തത്തെക്കുറിച്ച് സംസാരിച്ചപ്പോൾ, “നൂതന പേയ്‌മെൻ്റ് ഇൻഫ്രാസ്ട്രക്ചറും ബോൾട്ടിൻ്റെ നൂതന പ്ലാറ്റ്‌ഫോമും സംയോജിപ്പിച്ച് ഓരോ യാത്രയും വേഗതയുള്ളതും സുരക്ഷിതവും കൂടുതൽ പ്രതിഫലദായകവുമാക്കാൻ” ഇതിലൂടെ സാധിക്കുമെന്ന് കൂട്ടിച്ചേർത്തു. നെറ്റ്‌വർക്ക് ഇൻ്റർനാഷണലിൻ്റെ പിഒഎസ് ടെർമിനലുകൾ സ്ഥാപിച്ചിട്ടുള്ള ദുബായ് ടാക്സി കമ്പനിയുടെ വാഹനങ്ങൾ ഇപ്പോൾ തന്നെ കാർഡുകൾ, മൊബൈൽ വാലറ്റുകൾ, കോൺടാക്റ്റ്‌ലെസ് ഓപ്ഷനുകൾ എന്നിവയുൾപ്പെടെ ഒന്നിലധികം പേയ്‌മെൻ്റ് രീതികൾ സ്വീകരിക്കുന്നുണ്ട്. ഇതുവഴി റൈഡർമാർക്ക് ആപ്പിലൂടെയും വാഹനത്തിനുള്ളിൽ വെച്ചും എളുപ്പത്തിൽ പണമടയ്ക്കാം. ഉപഭോക്തൃ കേന്ദ്രീകൃതമായ നവീകരണത്തോടുള്ള ബോൾട്ടിൻ്റെ പ്രതിബദ്ധതയാണ് ഈ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നത്. ഇത് മേഖലയിലെ ഡിജിറ്റൽ പേയ്‌മെൻ്റ് പരിവർത്തനത്തിൽ നെറ്റ്‌വർക്ക് ഇൻ്റർനാഷണലിനുള്ള പ്രധാന പങ്ക് എടുത്തുകാണിക്കുന്നു.

‘സ്മാർട്ട് ഗേറ്റുകളും എസി ടെന്‍റുകളും’; യുഎഇയിലെ ഹിന്ദു ക്ഷേത്രത്തില്‍ ദീപാവലി ആഘോഷങ്ങള്‍ കെങ്കേമം

Diwali 2025 UAE അബുദാബിയിലെ ബിഎപിഎസ് മന്ദിറിൽ ദീപാവലി ആഘോഷത്തിനായുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍. മേഖലയിലെ ആദ്യത്തെ പരമ്പരാഗത കൊത്തുപണികളുള്ള കല്ലുപയോഗിച്ച് നിർമ്മിച്ച ക്ഷേത്രമായ അബുദാബിയിലെ ബി.എ.പി.എസ്. ഹിന്ദു മന്ദിർ ദീപാവലി, പുരാതന വൈദിക ചടങ്ങായ അന്നകൂട്ട് എന്നിവയ്ക്കുള്ള വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കി. വലിയ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ഭക്തർക്കും സന്ദർശകർക്കും സുഗമമായ അനുഭവത്തിനായി വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. എല്ലാ സന്ദർശകർക്കും സുഖകരമായ അനുഭവം ഉറപ്പാക്കുന്നതിനായി ക്ഷേത്ര മാനേജ്‌മെൻ്റ് പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. സ്മാർട്ട് എൻട്രി ഗേറ്റുകൾ, വിശാലമായ എയർ കണ്ടീഷൻഡ് ടെൻ്റ്, പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ (ഭിന്നശേഷിക്കാർ), മുതിർന്ന പൗരന്മാർ, കുടുംബങ്ങൾ എന്നിവർക്കായി പ്രത്യേക സൗകര്യങ്ങൾ എന്നിവ ഉണ്ടാകും. തിരക്ക് നിയന്ത്രിക്കുന്നതിനായി വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് വിപുലമായ പാർക്കിങ്, എൻട്രി സംവിധാനങ്ങൾ ഏകോപിപ്പിച്ചിട്ടുണ്ട്. “എളിമയോടും ഹൃദയംഗമമായ പ്രാർത്ഥനകളോടും കൂടി ദീപാവലി, അന്നകൂട്ട് എന്നീ മഹത്തായ ഉത്സവങ്ങളിലേക്ക് ക്ഷണിക്കുന്നു,” ബി.എ.പി.എസ്. ഹിന്ദു മന്ദിർ മേധാവി സ്വാമി ബ്രഹ്മവിഹാരിദാസ് പറഞ്ഞു. “ദീപാവലി അന്ധകാരത്തെയും അജ്ഞതയെയും ഇല്ലാതാക്കുന്ന പ്രകാശത്തിന്റെ ഉത്സവമാണ്, അതേസമയം അന്നകൂട്ട് ദൈവത്തിന് സ്നേഹത്തോടെ തയ്യാറാക്കിയ നൂറുകണക്കിന് സസ്യാഹാര വിഭവങ്ങൾ സമർപ്പിക്കുന്ന സ്നേഹത്തിൻ്റെ ഉത്സവമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്ടോബർ 20, തിങ്കളാഴ്ച ദീപാവലി ആഘോഷങ്ങൾക്കായി ക്ഷേത്രം തുറന്നു പ്രവർത്തിക്കുമെന്ന് സ്വാമി ബ്രഹ്മവിഹാരിദാസ് അറിയിച്ചു.

പ്രധാന തീയതികളും ആചാരങ്ങളും

ഒക്ടോബർ 18 ശനിയാഴ്ച: ധന്തേരസ് – ധന് പൂജ (ഓൺലൈനായി വൈകുന്നേരം 7:20 മുതൽ രാത്രി 8:20 വരെ).

ഒക്ടോബർ 20 തിങ്കളാഴ്ച: ദീപാവലി ആഘോഷങ്ങൾ, ഈ തിങ്കളാഴ്ച (രാവിലെ 9 മുതൽ രാത്രി 9 വരെ) മാത്രമേ മന്ദിർ തുറന്നിരിക്കൂ. ദീപാവലി പ്രാർത്ഥനകൾ (വൈകുന്നേരം 7:30 മുതൽ രാത്രി 8:30 വരെ)

ഒക്ടോബർ 22 ബുധനാഴ്ച: അന്നകുട്ട് (രാവിലെ 9 മുതൽ രാത്രി 8 വരെ)

ഒക്ടോബർ 25-26 ശനിയാഴ്ച, ഞായർ: മഹാ അന്നകുട്ട് (രാവിലെ 9 മുതൽ രാത്രി 9 വരെ).

സന്ദർശകരുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി, എയർ കണ്ടീഷൻ ചെയ്ത വലിയ ടെൻ്റിൽ ഒരു സ്പെഷ്യൽ വെൽക്കം സെൻ്റർ സ്ഥാപിച്ചിട്ടുണ്ട്. ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം ലഭിക്കുന്ന ക്യു.ആർ. കോഡുകൾ സ്കാൻ ചെയ്താണ് സന്ദർശകർ സ്മാർട്ട് ഗേറ്റുകളിലൂടെ പ്രവേശിക്കേണ്ടത്. തിരക്കേറിയ സമയത്തും സുഖകരമായ ക്യൂ സംവിധാനം ഉറപ്പാക്കാനാണിത്. എല്ലാ ഭക്തരും mandir.ae/book-visit എന്ന വെബ്സൈറ്റ് വഴി സന്ദർശനത്തിന് മുൻപ് ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്ന് ക്ഷേത്രം അധികൃതർ അഭ്യർത്ഥിച്ചു.

യുഎഇ: പാർക്കിൻ സൗകര്യങ്ങൾ ഉപയോഗിക്കുമ്പോൾ തന്നെ ഇത്തരം വാഹനങ്ങള്‍ കണ്ടെത്താം

Parkin ദുബായ്: ഇനി മുതൽ, പിഴയടയ്ക്കാത്തതോ കസ്റ്റഡിയിലെടുക്കാൻ ഉത്തരവിട്ടതോ ആയ വാഹനങ്ങൾ പാർക്കിൻ സൗകര്യങ്ങൾ ഉപയോഗിക്കുമ്പോൾ തന്നെ കണ്ടെത്താൻ ദുബായ് പോലീസിന് സാധിക്കും. ഇത് പോലീസിന് വേഗത്തിൽ നിയമനടപടികൾ സ്വീകരിക്കാൻ അവസരം നൽകും. ദുബായ് പോലീസ്, ദുബായിലെ ഏറ്റവും വലിയ പൊതു പാർക്കിങ് ദാതാക്കളായ പാർക്കിൻ പി.ജെ.എസ്.സി. (Parkin PJSC) യുമായി ചേർന്നുള്ള പുതിയ പങ്കാളിത്തത്തിന്റെ ഭാഗമാണിത്. പോലീസിൻ്റെ ട്രാഫിക് മാനേജ്‌മെൻ്റ് സംവിധാനങ്ങളെ പാർക്കിൻ്റെ സ്മാർട്ട് പാർക്കിങ്, പേയ്‌മെൻ്റ് പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കുന്നതാണ് ഈ പുതിയ സംവിധാനം. ക്രിമിനൽ കേസുകളിലോ ട്രാഫിക് കേസുകളിലോ ആവശ്യമുള്ള വാഹനങ്ങൾ കണ്ടെത്താനും ഈ സംവിധാനം പോലീസിനെ സഹായിക്കും. പൂർണമായ ഡിജിറ്റൽ സംയോജനം (Digital Integration) കൈവരിക്കുക, തടസ്സമില്ലാത്ത ഡാറ്റാ പങ്കിടൽ ഉറപ്പാക്കുക, പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും മെച്ചപ്പെടുത്തുക എന്നിവയാണ് ഈ നീക്കത്തിൻ്റെ ലക്ഷ്യം. ജിടെക്സ് ഗ്ലോബൽ 2025-ൽ വെച്ച് ദുബായ് പോലീസ് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ട്രാഫിക്കിൻ്റെ ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ ഇസ്സാം ഇബ്രാഹിം അൽ അവാറും പാർക്കിൻ സി.ഇ.ഒ. എഞ്ചിനീയർ മുഹമ്മദ് അബ്ദുള്ള അൽ അലിയും ധാരണാപത്രത്തിൽ (MoU) ഒപ്പുവച്ചു. പൊതു-സ്വകാര്യ സ്ഥാപനങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും ദുബായുടെ ഡിജിറ്റൽ പരിവർത്തന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള ദുബായ് പോലീസിന്റെ പ്രതിബദ്ധതയാണ് ഈ കരാർ പ്രതിഫലിക്കുന്നതെന്ന് ബ്രിഗേഡിയർ അൽ അവാർ പറഞ്ഞു.

പുതിയ വിസിറ്റ് വിസ നിയമം: ശമ്പള വർധനവില്ലാതെ പ്രവാസികൾക്ക് സ്പോൺസർ ചെയ്യാനാകുമോ? എങ്ങനെ?

UAE Visit Visa Rule ദുബായ്: യുഎഇ വിസിറ്റ് വിസ നിയമങ്ങളിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (ICP) വരുത്തിയ മാറ്റങ്ങൾ മലയാളികൾ ഉൾപ്പെടെയുള്ള സാധാരണ പ്രവാസികൾക്ക് വലിയ തിരിച്ചടിയാകുന്നു. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വിസിറ്റ് വിസയിൽ സ്പോൺസർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ശമ്പള പരിധി ഗണ്യമായി വർധിപ്പിച്ചതാണ് പ്രവാസികൾക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പുതിയ നിയമങ്ങൾ അനുസരിച്ച്, സ്പോൺസർ ചെയ്യപ്പെടുന്ന വ്യക്തിയും സ്പോൺസറും തമ്മിലുള്ള ബന്ധത്തിൻ്റെ അടിസ്ഥാനത്തിലാണ് ശമ്പള പരിധി വർധിപ്പിച്ചത്. യുഎഇയിലെ ഭൂരിഭാഗം സാധാരണ പ്രവാസികളുടെയും വരുമാനം പുതിയ മാനദണ്ഡങ്ങൾക്കും താഴെയാണ്. ഇത് വിസിറ്റ് വിസയിൽ കുടുംബാംഗങ്ങളെയും പ്രത്യേകിച്ച് അകന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും രാജ്യത്തേക്ക് കൊണ്ടുവരുന്നത് ബുദ്ധിമുട്ടാക്കും. അടുത്ത ബന്ധുക്കൾക്ക് അതായത് മാതാപിതാക്കൾ, ഭാര്യ, ഭർത്താവ്, മക്കൾ എന്നിവരാണെങ്കിൽ കുറഞ്ഞത് 4,000 ദിർഹം മതിയാകുമെങ്കിലും, അകന്ന ബന്ധുക്കൾക്ക് അതായത് സഹോദരങ്ങൾ, കസിൻസ് എന്നിവർക്ക് 8,000 ദിർഹം ആയും. സുഹൃത്തുക്കൾക്ക് 15,000 ദിർഹമായും വർധിപ്പിച്ചു. സുഹൃത്തുക്കളെ സ്പോൺസർ ചെയ്യുന്നതിനാണ് ഏറ്റവും ഉയർന്ന ശമ്പള പരിധിയായ 15,000 ദിർഹം നിശ്ചയിച്ചിരിക്കുന്നത്. ഇത് സാധാരണ പ്രവാസികളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. വിസിറ്റ് വിസ നിയന്ത്രണങ്ങൾ കടുപ്പിച്ചത്, കുടുംബങ്ങളെയും സുഹൃത്തുക്കളെയും യുഎഇയിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്ന താഴ്ന്ന വരുമാനക്കാരായ പ്രവാസികളുടെ യാത്രാ പദ്ധതികളെ താളം തെറ്റിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുഎഇയിൽ സുഹൃത്തുക്കളെ വിസിറ്റ് വിസയിൽ സ്പോൺസർ ചെയ്യുന്നതിന് 15,000 ദിർഹം കുറഞ്ഞ ശമ്പള പരിധി നിശ്ചയിച്ചത് പ്രവാസികൾക്ക് വലിയ തിരിച്ചടിയാണ്. യുഎഇയിലെ പ്രവാസികളിൽ ഒരു ചെറിയ വിഭാഗത്തിന് മാത്രമാണ് പ്രതിമാസം ഇത്രയും ഉയർന്ന ശമ്പളം ലഭിക്കുന്നത്. ഒരു സാധാരണ പ്രവാസിയെ സംബന്ധിച്ചിടത്തോളം ഈ ശമ്പള പരിധി അപ്രാപ്യമാണ്. അതിനാൽ ഈ പുതിയ നിയമം വന്നതോടെ സുഹൃത്തുക്കളെ വിസിറ്റ് വിസയിൽ കൊണ്ടുവരാനുള്ള സാധ്യത ഏകദേശം പൂർണ്ണമായും നഷ്ടമായിരിക്കുകയാണ്. അകന്ന ബന്ധുക്കളെ (സഹോദരങ്ങൾ, കസിൻസ്) സ്പോൺസർ ചെയ്യാനുള്ള ശമ്പള പരിധി 8,000 ദിർഹം ആക്കി വർധിപ്പിച്ചതും ഇടത്തരം വരുമാനക്കാർക്ക് വലിയ സാമ്പത്തിക വെല്ലുവിളിയായാണ് കണക്കാക്കുന്നത്. പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നതിലൂടെ, സന്ദർശകർ യുഎഇയിൽ എത്തുമ്പോൾ അവർക്ക് സാമ്പത്തിക ഭാരമുണ്ടാകില്ലെന്ന് ഉറപ്പാക്കുകയാണ് അധികൃതർ ലക്ഷ്യമിടുന്നത്. എങ്കിലും, ഈ ഉയർന്ന ശമ്പള മാനദണ്ഡങ്ങൾ നിരവധി സാധാരണ പ്രവാസികളുടെ യാത്രാ പദ്ധതികളെ തകിടം മറിക്കുമെന്ന ആശങ്ക ശക്തമാണ്.

അതുല്യയുടെ മരണം: ഭർത്താവിനെതിരായ കൊലപാതകക്കുറ്റം ഒഴിവാക്കി

Athulya Death കൊല്ലം: ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ തേവലക്കര കോയിവിള അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ശാസ്താംകോട്ട സ്വദേശി സതീഷ് ശങ്കറിനെതിരായ കൊലപാതകക്കുറ്റം ക്രൈംബ്രാഞ്ച് ഒഴിവാക്കി. കൊലപാതകക്കുറ്റം തെളിയിക്കാൻ മതിയായ തെളിവുകൾ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് ഈ തീരുമാനം. സതീഷ് ശങ്കറിനെതിരെ നിലവിൽ ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. നേരത്തെ ഉൾപ്പെടുത്തിയിരുന്ന സ്ത്രീധന പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ കേസിൽ നിലനിൽക്കും. ഈ പുതിയ വകുപ്പുകൾ ചേർത്ത റിപ്പോർട്ട് ഒക്ടോബർ 14-ന് അന്വേഷണസംഘം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചു.  എഫ്.ഐ.ആർ. പ്രകാരം സതീഷിനെതിരെ ആരോപിക്കുന്ന കൊലപാതക കുറ്റത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് മുൻപ് സതീഷിന്റെ ജാമ്യം റദ്ദാക്കിയുള്ള സെഷൻസ് കോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, അതുല്യ കൊല്ലപ്പെട്ടതാണെന്നും അതിന് കാരണക്കാരൻ സതീഷാണെന്നുമാണ് അതുല്യയുടെ മാതാപിതാക്കൾ ചവറ തെക്കുംഭാഗം പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. കഴിഞ്ഞ മാസം അവസാനമാണ് സതീഷിന്റെ മുൻകൂർ ജാമ്യം പ്രിൻസിപ്പൽ സെഷൻസ് കോടതി റദ്ദാക്കിയത്. തുടർന്ന് കൊല്ലം ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരായ സതീഷിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയും മൂന്ന് തവണ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ ജൂലൈ 19-നാണ് ഷാർജയിലെ ഫ്ലാറ്റിൽ അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ബിഎൽഎസ് ഇന്‍റർനാഷണലിന് വിലക്ക്; രണ്ട് വർഷത്തേക്ക് ടെൻഡറിൽ പങ്കെടുക്കാൻ കഴിയില്ല

BLS International ന്യൂഡൽഹി: പാസ്‌പോർട്ട്, വിസ സേവനങ്ങൾ നൽകുന്ന ഔട്ട്‌സോഴ്‌സിങ് ഏജൻസിയായ ബിഎൽഎസ് ഇന്റർനാഷണലിന് (BLS International) വിദേശകാര്യ മന്ത്രാലയം (MEA) വിലക്കേർപ്പെടുത്തി. ഇതോടെ, അടുത്ത രണ്ട് വർഷത്തേക്ക് മന്ത്രാലയത്തിന്റെ ടെൻഡർ നടപടികളിൽ ബിഎൽഎസിന് പങ്കെടുക്കാൻ കഴിയില്ല. വിവിധ കോടതികളിലെ കേസുകളും സേവനങ്ങളെക്കുറിച്ച് ഉയർന്ന പരാതികളും പരിഗണിച്ചാണ് ബിഎൽഎസ് ഇന്റർനാഷണലിനെ ടെൻഡർ നടപടികളിൽ നിന്ന് വിലക്കിയത്. ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസമാണ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയത്. നിലവിലെ കരാറുകൾക്ക് വിലക്ക് ബാധകമല്ലെന്ന് ബിഎൽഎസ് അറിയിച്ചു. എംബസികളിൽ നിന്നും കോൺസുലേറ്റുകളിൽ നിന്നും നിലവിൽ ടെൻഡറുകളും കരാറുകളും ലഭിച്ച സേവനങ്ങൾ ബിഎൽഎസിന് തുടരാൻ കഴിയും. അതുകൊണ്ടുതന്നെ നിലവിലുള്ള പ്രവർത്തനങ്ങൾ പെട്ടെന്ന് നിർത്തിവെയ്ക്കേണ്ടി വരില്ല. എഴുപതോളം വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാർക്ക് പാസ്‌പോർട്ട്, വീസാ സേവനങ്ങൾ നൽകുന്നത് നിലവിൽ ബിഎൽഎസ് കേന്ദ്രങ്ങളാണ്. നിലവിലെ ടെൻഡർ കാലാവധി തീരുന്നതോടെ പാസ്‌പോർട്ട്, വിസ സേവനങ്ങൾക്കും സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനും പ്രവാസികൾ അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസിയേയോ കോൺസുലേറ്റുകളേയോ നേരിട്ട് സമീപിക്കേണ്ടി വരും. സേവനങ്ങൾക്കുള്ള ബുക്കിംഗ് ലഭിക്കാത്തതടക്കം നിരവധി പരാതികൾ നേരത്തെ ബിഎൽഎസിനെതിരെ ഉയർന്നിരുന്നു.

ദുര്‍ബലമായ റാങ്കിങ്, പക്ഷേ 50 ലധികം രാജ്യങ്ങളിലേക്ക് ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസയില്ലാതെ യാത്ര ചെയ്യാം

visa free destinations indians ഏറ്റവും പുതിയ റാങ്കിങിൽ ഇന്ത്യൻ പാസ്‌പോർട്ടിന് ഏതാനും സ്ഥാനങ്ങൾ നഷ്ടപ്പെട്ടെങ്കിലും ഇന്ത്യൻ പൗരന്മാർക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്ന നിരവധി രാജ്യങ്ങളുണ്ട്. മനോഹരമായ നിരവധി ദ്വീപ് രാജ്യങ്ങൾ, തെക്കുകിഴക്കൻ, മധ്യേഷ്യൻ രാജ്യങ്ങൾ, കരീബിയൻ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവ ഈ പട്ടികയിൽ ഉൾപ്പെടുന്നു. ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സ് അനുസരിച്ച്, ഇന്ത്യൻ പാസ്‌പോർട്ട് നിലവിൽ മൗറിത്താനിയയ്‌ക്കൊപ്പം 85-ാം സ്ഥാനത്താണ്. ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് 57 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാൻ കഴിയും. ഈ വർഷം ആദ്യം 77-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. അന്ന് 59 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശനം അനുവദിച്ചിരുന്നു. അതിൽ നിന്നുള്ള വലിയ ഇടിവാണ് നിലവിൽ ഉണ്ടായിരിക്കുന്നത്. ദുർബലമായ റാങ്കിങ് ഉണ്ടായിരുന്നിട്ടും, ഇന്ത്യൻ പാസ്‌പോർട്ട് അയൽക്കാരേക്കാൾ ശക്തമാണ്. 30 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനത്തോടെ ബംഗ്ലാദേശ് 100-ാം സ്ഥാനത്താണ്. 98-ാം സ്ഥാനത്തുള്ള ശ്രീലങ്ക (41 വിസ രഹിത രാജ്യങ്ങൾ) അൽപ്പം മികച്ചതാണ്. പാകിസ്ഥാൻ 103-ാം സ്ഥാനത്താണ് (31 രാജ്യങ്ങൾ), അതേസമയം അഫ്ഗാനിസ്ഥാൻ 106-ാം സ്ഥാനത്താണ്, 24 രാജ്യങ്ങളിലേക്ക് മാത്രമേ വിസ രഹിത പ്രവേശനമുള്ളൂ.

യുഎഇയില്‍ മഴ വീണ്ടും ശക്തമാകും; എല്ലാ പള്ളികളിലും പ്രത്യേക പ്രാര്‍ഥന

UAE Heavy Rain ദുബായ്: വേനൽക്കാലത്തിനും ശീതകാലത്തിനും ഇടയിലുള്ള സംക്രമണ കാലഘട്ടത്തിന്റെ ഭാഗമായി യുഎഇയിൽ മഴ വീണ്ടും ശക്തമാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ കൂടുതൽ മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) നൽകുന്ന സൂചന. രാജ്യത്ത് മഴ ലഭിക്കുന്നതിനായി പ്രാർഥന നടത്താൻ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദേശം നൽകിയിരുന്നു. ഇതേതുടർന്ന്, ഇന്ന് (ഒക്ടോബർ 17, വ്യാഴാഴ്ച) ജുമുഅ നമസ്കാരത്തിന് മുൻപ് രാജ്യത്തെ എല്ലാ പള്ളികളിലും ‘ഇസ്തിസ്ഖാ’ (മഴ തേടിയുള്ള) നമസ്കാരം നടത്തും. അബുദാബി, ദുബായ്, ഷാർജ, റാസൽഖൈമ, ഫുജൈറ ഉൾപ്പെടെയുള്ള എമിറേറ്റുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ മിതമായതും ശക്തവുമായ മഴയും ഇടിമിന്നലും അനുഭവപ്പെട്ടിരുന്നു. ഉപരിതലത്തിലെ ന്യൂനമർദ്ദ വ്യവസ്ഥയും അന്തരീക്ഷത്തിന്റെ ഉയർന്ന പാളിയിലെ ന്യൂനമർദ്ദവും പരസ്പരം പ്രതിപ്രവർത്തിച്ചതാണ് കൂടുതൽ മേഘങ്ങൾ രൂപപ്പെടാനും അന്തരീക്ഷത്തിൽ അസ്ഥിരത സൃഷ്ടിക്കാനും കാരണമായതെന്ന് നാഷണൽ സെന്റർ ഓഫ് മീറ്റിയറോളജി (NCM) അറിയിച്ചു. ഈ മാസം 21 മുതൽ യുഎഇയുടെ കിഴക്കൻ, തെക്കൻ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് എൻസിഎം കാലാവസ്ഥാ നിരീക്ഷകൻ ഡോ. അഹ്മദ് ഹബീബ് പറഞ്ഞു. ഒരാഴ്ച മുൻപ് അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് മേഖലയെ സ്വാധീനിച്ചു തുടങ്ങിയത്. ഈ പ്രതിഭാസം ഉയർന്ന ഈർപ്പത്തിനും മേഘങ്ങൾക്കും കാരണമാകും. പ്രത്യേകിച്ചും പ്രഭാതങ്ങളിൽ ഇത് മലയോര പ്രദേശങ്ങളിലും തെക്കുകിഴക്കൻ മേഖലകളിലും ചിലപ്പോൾ കനത്ത മഴയിലേക്ക് നയിച്ചേക്കാം. അന്തരീക്ഷത്തിലെ അസ്ഥിരതയ്ക്ക് അറബിക്കടലിലെ ഉഷ്ണമേഖലാ കൊടുങ്കാറ്റിന്റെ അവശേഷിപ്പുകളും വടക്ക്-പടിഞ്ഞാറൻ, കിഴക്കൻ കാറ്റുകളും ഒരു കാരണമാണ്. മേഘങ്ങളുടെ സാന്നിധ്യമുണ്ടെങ്കിൽ ക്ലൗഡ് സീഡിങ് തുടരുമെന്നും ഡോ. ഹബീബ് വ്യക്തമാക്കി. അപ്രതീക്ഷിതമായ കാലാവസ്ഥാ മാറ്റം കാരണം താപനിലയിലും കാര്യമായ കുറവ് രേഖപ്പെടുത്തി. കടുത്ത ചൂടിൽനിന്ന് ആശ്വാസം നൽകുന്ന ഈ തണുപ്പ് ജനങ്ങൾ സ്വാഗതം ചെയ്തു. ഞായറാഴ്ച അബുദാബിയിലെ അൽ ഷവാമിഖിൽ 39.3°C ആയിരുന്നു കൂടിയ താപനില. എന്നാൽ റാസൽഖൈമയിലെ പർവത പ്രദേശങ്ങളിൽ കുറഞ്ഞ താപനില 18.1°C വരെ എത്തിയിരുന്നു. ദുബായിലെ എക്‌സ്‌പോ ഏരിയയിൽ കഴിഞ്ഞ ആഴ്ച മിതമായതും കനത്തതുമായ മഴ ലഭിച്ചിരുന്നു. ചിലപ്പോൾ ഈ മേഘങ്ങൾ ആലിപ്പഴം പോലും ഉണ്ടാക്കാറുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy