Traveler Kidnapped കൊച്ചി: വിമാനത്താവളത്തിലെത്തിയ യാത്രികനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെയാണ് തോക്കുചൂണ്ടി തട്ടികൊണ്ട് പോയി കവർച്ച ചെയ്തത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കാസർകോട് സ്വദേശി മുഹമ്മദ് ഷാഫിയെയാണ് തട്ടിക്കൊണ്ട് പോയത്.
കയ്യിലുണ്ടായിരുന്ന ബാഗേജും ഐ ഫോണും കവർന്ന ശേഷം ഷാഫിയെ വഴിയിൽ ഇറക്കിവിട്ടു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. മൂന്നംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. വിശദമായ അന്വേഷണം പുരോഗമിക്കുന്നതായി അധികൃതർ വ്യക്തമാക്കി.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
Fashion Influencer അസഭ്യ വീഡിയോകൾ പ്രസിദ്ധീകരിച്ചു; കുവൈത്തിൽ ഫാഷൻ ഇൻഫ്‌ളുവൻസറിന് തടവുശിക്ഷ
Fashion Influencer കുവൈത്ത് സിറ്റി: അസഭ്യ വീഡിയോകൾ പ്രസിദ്ധീകരിച്ച ഫാഷൻ ഇൻഫ്‌ളുവൻസർക്ക് തടവുശിക്ഷ വിധിച്ച് കുവൈത്ത്. ദുഷ്പ്രവൃത്തിക്കും അധാർമ്മികതയ്ക്കും പ്രേരിപ്പിക്കൽ, അസഭ്യ വീഡിയോകൾ പ്രസിദ്ധീകരിക്കൽ, സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഫാഷൻ ഇൻഫ്‌ളുവൻസർക്ക് ഏഴ് വർഷം കഠിനതടവ് ശിക്ഷ വിധിച്ചത്. കുവൈത്ത് ക്രിമിനൽ കോടതിയാണ് വിധി പ്രസ്താവം നടത്തിയത്.
പൊതു മര്യാദ നിയമങ്ങൾ ലംഘിക്കുന്നതിന്റെ നിയമപരമായ പ്രത്യാഘാതമാണ് ഈ കോടതി വിധി ഉയർത്തിക്കാട്ടുന്നത്. അശ്ലീല വീഡിയോകളുടെ വ്യാപനം തടയുന്നതിനും സാമൂഹിക മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള കർശന നടപടികളും കോടതി വിധി പ്രതിഫലിപ്പിക്കുന്നു.
Attendance Scam വ്യാജ ഫിംഗർ പ്രിന്റും ഹാജർ ക്രമക്കേടും; കുവൈത്തിൽ 12 പേർ അറസ്റ്റിൽ
Attendance Scam കുവൈത്ത് സിറ്റി: വ്യാജരേഖ ചമയ്ക്കലുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിനും ഔദ്യോഗിക തൊഴിൽ സംവിധാനങ്ങളിലെ കൃത്രിമത്വം തടയുന്നതിനുമായി ശക്തമായ പരിശോധന ക്യാമ്പയിനുമായി കുവൈത്ത്. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആണ് പരിശോധന നടത്തുന്നത്. ഈ പരിശോധനയിൽ 12 പേർ അറസ്റ്റിലായി. വിരലടയാള ഹാജർ സംവിധാനത്തിൽ ക്രമക്കേട് നടത്തിയവരാണ് അറസ്റ്റിലായത്.
ക്രമക്കേടിനെ കുറിച്ച് രഹസ്യ വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്. അറസ്റ്റിലായവരിൽ സ്ത്രീകളും ഉൾപ്പെടുന്നു. മന്ത്രാലയ ജീവനക്കാർക്ക് വേണ്ടി നിയമവിരുദ്ധമായി വിരലടയാള സേവനങ്ങൾ നൽകിയിരുന്നതായി സംശയിക്കുന്ന രണ്ട് പ്രവാസികളും അറസ്റ്റിലായിട്ടുണ്ട്. ഇതിൽ ഒരാൾ ഈജിപ്ഷ്യൻ സ്വദേശിയും മറ്റൊരാൾ ബംഗ്ലാദേശിയും ആണ്. ഔദ്യോഗിക ജോലിസമയം പാലിക്കാതെ അറ്റൻഡൻസും ഡിപ്പാർച്ചർ സമയവും തെറ്റായി രേഖപ്പെടുത്താൻ ജീവനക്കാരെ സഹായിച്ചിരുന്നു എന്നാണ് കണ്ടെത്തൽ. വിരലടയാളങ്ങൾ നിർമ്മിക്കാനും പകർത്താനും ഉപയോഗിക്കുന്ന ഉപകരണങ്ങൾ അധികൃതർ പരിശോധനയിൽ പിടിച്ചെടുത്തു. സമാനമായ ഒരു കേസിൽ നേരത്തെ 21 ജീവനക്കാർ അറസ്റ്റിലായിരുന്നു. ഇതിന്റെ തുടർച്ചയായാണ് പരിശോധന ശക്തമാക്കാൻ അധികൃതർ തീരുമാനിച്ചത്. ഈ പരിശോധനയുടെ ഭാഗമായാണ് കൂടുതൽ ജീവനക്കാർ പിടിയിലായത്. ജോലിയുടെ സമഗ്രതയെ ദുർബലപ്പെടുത്തുന്നതോ സർക്കാർ സ്ഥാപനങ്ങളുടെ ചിട്ടയായ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതോ പൊതുഫണ്ടിനെ പ്രതികൂലമായി ബാധിക്കുന്നതോ ആയ ഒരു ലംഘനവും അധികാരികൾ അനുവദിക്കില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വരുംദിവസങ്ങളിലും കർശന പരിശോധന തുടരുമെന്നും അധികൃതർ വ്യക്തമാക്കി. സംഭവമായി ബന്ധപ്പെട്ട് വരുംദിവസങ്ങളിൽ കൂടുതൽ പേർ അറസ്റ്റിലായേക്കാമെന്നാണ് റിപ്പോർട്ടുകൾ.
Banking Growth കുവൈത്ത് ബാങ്ക് ആസ്തിയിൽ വർധനവ്; ബാങ്കിംഗ് മേഖലയിൽ ശക്തമായ വളർച്ച
Banking Growth കുവൈത്ത് സിറ്റി: 2025ന്റെ ആദ്യ 11 മാസങ്ങളിൽ കുവൈത്തിലെ ബാങ്കിംഗ് മേഖലയിൽ ശക്തമായ വളർച്ച രേഖപ്പെടുത്തി. കുവൈത്ത് സെൻട്രൽ ബാങ്ക് ആണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. പ്രാദേശിക ബാങ്കുകളുടെ ആസ്തിയിൽ വർദ്ധനവ് ഉണ്ടായി. പ്രാദേശിക ബാങ്കുകളുടെ ആസ്തികൾ ഏകദേശം 10.5 ബില്യൺ കെഡി വർദ്ധിച്ച് 102.16 ബില്യൺ കെഡിയായി. പ്രാദേശിക ബാങ്കുകളുടെ നിക്ഷേപങ്ങൾ 9.7 ശതമാനം വർദ്ധിച്ചു. 2024 ഡിസംബറിൽ ഇത് 53.82 ബില്യൺ കെഡിയായിരുന്നു. എന്നാൽ 2025 നവംബർ അവസാനത്തോടെ 5.24 ബില്യൺ കെഡിയായി വർദ്ധിച്ച് 59.06 ബില്യൺ കെഡിയായി. സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങളിലെ 9% വർദ്ധനവാണ് പ്രധാനമായും വളർച്ചയ്ക്ക് കാരണമായത്. അതേസമയം വിദേശ കറൻസുകളിലെ സ്വകാര്യമേഖലയിലെ നിക്ഷേപങ്ങൾ പ്രതിമാസം 3.1 ശതമാനം കുറഞ്ഞ് 1.9 ബില്യൺ കെഡിയായി.
പൊതുസ്ഥാപനങ്ങളിലെ നിക്ഷേപങ്ങൾ 33.7 ശതമാനം വർദ്ധിച്ച് 9.51 ബില്യൺ കെഡിയായി. 2.4 ബില്യൺ കെഡിയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. എന്നാൽ, സർക്കാർ നിക്ഷേപങ്ങളിൽ കുറവാണ് ഉണ്ടായത്. സർക്കാർ നിക്ഷേപങ്ങൾ 920.4 ദശലക്ഷം കെഡി കുറഞ്ഞ് 4.16 ബില്യൺ കെഡിയായി. 18.1 ശതമാനം കുറവാണ് ഉണ്ടായത്.
ഈ വർഷത്തെ ആദ്യ 11 മാസങ്ങളിൽ ബാങ്കുകൾ അനുവദിച്ച വായ്പകൾ 6.2 ബില്യൺ കെഡി വർദ്ധിച്ചു. വാർഷികാടിസ്ഥാനത്തിൽ വായ്പകൾ ഏകദേശം 11% വർദ്ധിച്ചു. മേഖലാതലത്തിൽ ഭവന വായ്പകൾ 4.5% ഉയർന്ന് 17.28 ബില്യൺ കുവൈത്ത് ദിനാറിൽ എത്തി. ഉപഭോക്തൃ വായ്പകളും നേരിയ തോതിൽ ഉയർന്നു. റിയൽ എസ്റ്റേറ്റ് ഫിനാൻസിംഗ് 5.5 ശതമാനം വർദ്ധിച്ച് 10.91 ബില്യൺ കുവൈത്ത് ദിനാറിൽ എത്തി. വിദേശ ആസ്തി ബാലൻസുകളിൽ 18.6 ശതമാനം വർദ്ധനവും സ്വകാര്യ മേഖലയിലുള്ള ക്ലൈമുകളിൽ 6.6 ശതമാനം വർദ്ധനവും ബാങ്ക് വർദ്ധനവിന് കാരണമായതായി കുവൈത്ത് സെൻട്രൽ ബാങ്ക് അറിയിച്ചു. പ്രാദേശിക ബാങ്കുകളിലെ ഓഹരി ഉടമകളുടെ മൂല്യം 8.2 ശതമാനം വർദ്ധിച്ച് 17.32 ദിനാറിൽ എത്തി. ആഭ്യന്തര ലിക്വിഡിറ്റി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3.2 ശതമാനം വർദ്ധിച്ച് 42.04 ബില്യൺ ദിനാറിൽ എത്തി. 2025ലെ ആദ്യ പതിനൊന്ന് മാസങ്ങളിൽ 106 ദശലക്ഷം ഇടപാടുകളിലൂടെ 7.83 ബില്യൺ കെ ഡി മൂല്യമുള്ള ഇടപാടുകൾ രേഖപ്പെടുത്തിയ വാംഡ് തൽക്ഷണ പേയ്‌മെന്റ് സിസ്റ്റത്തിന്റെ ശക്തമായ പ്രകടനത്തെ കുറിച്ചും കുവൈത്ത് സെൻട്രൽ ബാങ്ക് ചൂണ്ടിക്കാട്ടി.
Kuwait Police കുവൈത്തിൽ പോലീസ് ഉദ്യോഗസ്ഥനായി വേഷം മാറി തട്ടിപ്പ്; ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
Kuwait Police കുവൈത്ത് സിറ്റി: കുവൈറ്റിൽ പോലീസ് ഉദ്യോഗസ്ഥനായി വേഷം മാറി തട്ടിപ്പ് നടത്തി യുവാവ്. സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള ഉദ്യോഗസ്ഥൻ ആണെന്ന് വ്യാജമായി അവകാശപ്പെട്ടാണ് ഇയാൾ ഓൺലൈനിലൂടെ തട്ടിപ്പ് നടത്തിയത്. അഹമ്മദ് അബ്ദുള്ള അൽ അൻസി എന്ന പേരിലായിരുന്നു ഇയാൾ ജനങ്ങളെ പറ്റിച്ചിരുന്നത്. സിവിൽ ഐഡി വിശദാംശങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ട ഇയാൾ ആളുകളെ ഭീഷണിപ്പെടുത്തുകയും അവരുടെ ഫോട്ടോകൾ എടുക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
കുവൈത്തിലെ ഔദ്യോഗിക പോലീസ് നടപടിക്രമങ്ങളെ കുറിച്ച് ഇരകൾക്ക് അറിയില്ല എന്ന ആത്മവിശ്വാസത്തിലാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പുമായി കുവൈത്ത് പോലീസ് രംഗത്തെത്തി. ഒരു സാഹചര്യത്തിലും വ്യക്തിഗത വിവരങ്ങൾ, രേഖകൾ, അല്ലെങ്കിൽ ഫോട്ടോഗ്രാഫുകൾ എന്നിവ ആവശ്യപ്പെടുന്നതിനായി കുവൈത്ത് പോലീസ് വ്യക്തികളെ ഫോൺ, വാട്‌സ് ആപ്പ് അല്ലെങ്കിൽ സോഷ്യൽ മീഡിയ എന്നിവ വഴി ബന്ധപ്പെടില്ലെന്നാണ് അധികാരികൾ വ്യക്തമാക്കുന്നത്.
ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള എല്ലാ ഔദ്യോഗിക അറിയിപ്പുകളും സമൻസുകളും ആശയവിനിമയങ്ങളും സഹേൽ ആപ്പ് വഴിയോ ഔദ്യോഗിക ചാനലുകൾ വഴിയോ മാത്രമേ പുറപ്പെടുവിക്കൂ. പോലീസിൽ നിന്നാണെന്ന് അവകാശപ്പെടുന്ന ഏതൊരു അനാവശ്യ കോളോ സന്ദേശമോ വന്നാൽ ശ്രദ്ധിക്കണം. ഇത് തട്ടിപ്പാണെന്ന് മനസ്സിലാക്കണം. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഓൺലൈനിൽ പ്രചരിക്കുന്ന ആൾമാറാട്ടക്കാരന്റെ മുഖം ഓർമ്മിക്കണമെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം തട്ടിപ്പ് ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ വിവരമറിയിക്കണമെന്നും താമസക്കാരോട് ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു. കുവൈത്ത് പോലീസ് ഒരിക്കലും വ്യക്തിപരമായി വിവരങ്ങൾ ആവശ്യപ്പെട്ടില്ലെന്നും അങ്ങനെ ചെയ്യുന്ന ഏതൊരാളും തീർച്ചയായും തട്ടിപ്പുകാരനാണെണെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
Public Transport Issues പൊതുഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കൽ; ഗതാഗത സ്ഥാപനങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി ഫർവാനിയ ഗവർണർ
Public Transport Issues കുവൈത്ത് സിറ്റി: പൊതുഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കാനായി ഗതാഗത സ്ഥാപനങ്ങളുമായി കൂടിക്കാഴ്ച നടത്തി ഫർവാനിയ ഗവർണർ ഷെയ്ഖ് അത്ബി അൽ നാസർ. താമസക്കാർ ഉന്നയിക്കുന്ന ആശങ്കകൾ പരിഹരിക്കുന്നതിനും പൊതു ഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ബന്ധപ്പെട്ട അധികാരികളുമായും പൊതുഗതാഗത കമ്പനികളുമായും തുടർച്ചയായ ഏകോപനത്തിനുള്ള ഗവർണറേറ്റിന്റെ പ്രതിബദ്ധതയെ കുറിച്ച് ഗവർണർ സംസാരിച്ചു. പൊതുതാൽപര്യം സംരക്ഷിക്കുന്നതിലും സേവന നിലവാരം ഉയർത്തുന്നതിലും സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ മേഖലയും തമ്മിലുള്ള ഫലപ്രദമായ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ഉയർത്തിക്കാട്ടി.
ഖൈത്താൻ പ്രദേശത്തെ താമസക്കാരുമായും പൊതുഗതാഗത കമ്പനികളുടെ പ്രതിനിധികളുമായും ഗവർണർ കൂടിക്കാഴ്ച നടത്തി. പൊതുജനങ്ങളുമായുള്ള നേരിട്ടുള്ള ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനും മേഖലയിലെ സേവനവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളെക്കുറിച്ച് പൊതുജനങ്ങളുടെ നിർദേശങ്ങളും നിരീക്ഷണങ്ങളും കേൾക്കുന്നതിനുമുള്ള ഗവർണറേറ്റിന്റെ താൽപര്യമാണ് ഈ കൂടിക്കാഴ്ച പ്രതിഫലിപ്പിക്കുന്നത്. സിറ്റി ഗ്രൂപ്പ് ബസ് കമ്പനിയിലെ ഗവൺമെന്റ് നടപടിക്രമങ്ങളുടെ ഡയറക്ടർ മുഹമ്മദ് അൽ ഖുതൈബി, പബ്ലിക് ട്രാൻസ്‌പോർട്ട് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ അമ്മാർ സൈനൽ, കുവൈത്ത് ട്രാൻസ്‌പോർട്ട് യൂണിയൻ സെക്രട്ടറി സാദ് അൽ അൻസി, കെജിഎല്ലിനെ പ്രതിനിധീകരിച്ച് ഫഹദ് അൽ അവാദി, ഖൈത്താൻ നിവാസികളെ പ്രതിനിധീകരിച്ച് ഡോക്ടർ ബദർ അൽ മുതൈരി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ഖൈത്താനിലെ പൊതുഗതാഗത സേവനങ്ങളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി. താമസക്കാരുടെ ആവശ്യങ്ങൾക്കനുസൃതമായി ഈ സേവനങ്ങൾ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങൾ ഉൾപ്പെടെയുള്ളവയെ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു. മേഖലയിലെ ഗതാഗത വെല്ലുവിളികളെ കുറിച്ചും അവലോകനം നടന്നു.
Drug Case മയക്കുമരുന്ന് വിരുദ്ധ നിയമം; കുവൈത്തിൽ കുട്ടികൾക്കൾക്കായി ചികിത്സ തേടിയെത്തിയത് നിരവധി കുടുംബങ്ങൾ
Drug Case കുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയ മയക്കുമരുന്ന് വിരുദ്ധ നിയമം പ്രാബല്യത്തിൽ വന്ന് 48 മണിക്കൂറിനകം ചികിത്സ തേടി എത്തിയത് നിരവധി കു്ട്ടികളുടെ കുടുംബങ്ങൾ. മയക്കുമരുന്ന് ഉപയോഗിക്കുന്ന കുട്ടികളെ കുറിച്ച് രക്ഷിതാക്കൾ ആഭ്യന്തര മന്ത്രാലയത്തിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് പുതിയ നിയമത്തിൽ ന്യനസ്ഥ ചെയ്യുന്നത്. ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കുട്ടികളെ ശിക്ഷയിൽ നിന്ന് ഒഴിവാക്കുകയും ആഭ്യന്തര മന്ത്രാലയം ചികിത്സാ കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്യും. 30 കുട്ടികളുടെ കുടുംബങ്ങളാണ് ഇത്തരത്തിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്.
ലഹരിക്ക് അടിമയായ കുട്ടിയുടെ മൂന്നാം നില വരെയുള്ള ബന്ധുക്കൾക്ക് ഇത്തരത്തിൽ പബ്ലിക് പ്രോസിക്യൂഷനിൽ റിപ്പോർട്ട് സമർപ്പിക്കാം. കുട്ടികളുടെ പേര് വിവരങ്ങൾ അധികൃതർ രഹസ്യമായി സൂക്ഷിക്കും. കുട്ടികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്ന ക്രിമിനൽ രേഖകളിൽ നിന്ന് ഒഴിവാക്കാനും പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. ഇതുവഴി കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനും അവരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മയക്കുമരുന്ന് ഉപയോഗിക്കുന്ന തങ്ങളുടെ കുട്ടികളെ കുറിച്ച് റിപ്പോർട്ട് ചെയ്യാൻ പല കുടുംബങ്ങളും സന്നദ്ധരാകുന്നുണ്ട്. കൃത്യമായ ചികിത്സ തേടി തങ്ങളുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനാണ് രക്ഷിതാക്കൾ ശ്രമിക്കുന്നത്. നിയമം നടപ്പിലാക്കുന്നതിന് മുൻപ് ശക്തമായ ബോധവത്കരണ ക്യാപെയ്‌നുകൾ അധികൃതർ നടത്തിയിരുന്നു.
Heavy Rain കുവൈത്തിൽ കനത്ത മഴ; വെള്ളപ്പൊക്കത്തിൽ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്തി ഫയർഫോഴ്‌സ്
Heavy Rain കുവൈത്ത് സിറ്റി: കുവൈത്തിൽ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കത്തിൽ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്തി ഫയർഫോഴ്‌സ്. നിരവധി അടിയന്തര റിപ്പോർട്ടുകൾ അഗ്നി ശമന സേനാംഗങ്ങൾ കൈകാര്യം ചെയ്തു. കുവൈത്തിൽ നിരവധി പ്രദേശങ്ങളിൽ കനത്ത മഴയാണ് അനുഭവപ്പെട്ടത്. ഈ സമയങ്ങളിലായിരുന്നു കുവൈത്ത് ഫയർ ഫോഴ്‌സ് രക്ഷാപ്രവർത്തനം നടത്തിയത്. വാഹനങ്ങൾ തകരാറിലാകുകയും വെള്ളപ്പൊക്കത്തിൽ കുടുങ്ങി കിടക്കുകയും ചെയ്തവരെ അഗ്നി ശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി.
റിപ്പോർട്ടുകൾ ലഭിച്ച ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. എല്ലാ കേസുകളും സുരക്ഷിതമായി കൈകാര്യം ചെയ്തുവെന്നും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
Kuwait Weather തണുപ്പേറും; കുവൈത്തിൽ താപനില 5 ഡിഗ്രി സെൽഷ്യസായി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
Kuwait Weather കുവൈത്ത് സിറ്റി: കുവൈത്തിൽ തണുപ്പേറും. രാജ്യത്തെ താപനില 5 ഡിഗ്രി സെൽഷ്യസായി കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. തീരദേശ പ്രദേശങ്ങളിൽ ശക്തമായ മഴ അനുഭവപ്പെട്ടേക്കാം. ശക്തമായ കാറ്റ് വീശിയേക്കാനുമിടയുണ്ട്.
മിതമായ വടക്കുപടിഞ്ഞാറൻ കാറ്റ് ക്രമേണ കൂടുതൽ സജീവമാവുകയും മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ എത്തുകയും ചെയ്യും. ഇത് ഉയർന്ന കടൽ തിരമാലകൾക്ക് കാരണമാകും. പ്രതീക്ഷിക്കുന്ന പരമാവധി താപനില 13 മുതൽ 15 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്നും, കടൽ മിതമായതോ പ്രക്ഷുബ്ധമായിരിക്കുമെന്നും, 3 മുതൽ 6 അടി വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധിരാർ അൽ അലി വ്യക്തമാക്കി. വെള്ളിയാഴ്ച്ച രാത്രി തണുത്ത കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ചില പ്രദേശങ്ങളിൽ നേരിയ മൂടൽ മഞ്ഞിനും സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.