വെറും 3,000 രൂപയ്ക്ക് നാട്ടിലേക്ക് പറക്കാം; വമ്പൻ പുതുവത്സര ഓഫറുമായി പ്രമുഖ വിമാനക്കമ്പനി

Jazeera Airways കുവൈത്ത് സിറ്റി: പ്രവാസികൾക്കും സഞ്ചാരികൾക്കും പുതുവത്സര സമ്മാനമായി വിമാന നിരക്കിൽ വൻ ഇളവുകളുമായി ജസീറ എയർവേയ്‌സ്. കുവൈത്തിൽ നിന്ന് വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് വെറും 10 കുവൈത്ത് ദിനാർ മുതൽ വൺ-വേ ടിക്കറ്റുകൾ ലഭ്യമാകുന്ന ‘മെഗാ സെയിൽ’ ആണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു വശത്തേക്ക് 10 കുവൈത്ത് ദിനാർ മുതൽ ആരംഭിക്കുന്നു. ജനുവരി 17 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഫെബ്രുവരി ഒന്ന് മുതൽ മെയ് 15 വരെയുള്ള തീയതികളിൽ യാത്ര ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ‘ലൈറ്റ്’ ബുക്കിംഗ് ക്ലാസിന് കീഴിലുള്ള ഈ ഓഫറിൽ 7 കിലോ ഹാൻഡ് ലഗേജ് മാത്രമാണ് സൗജന്യമായി അനുവദിക്കുക. ജനുവരി 13 വരെ ജസീറയുടെ വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, കസ്റ്റമർ കെയർ (177) എന്നിവ വഴി നേരിട്ട് മാത്രമേ ബുക്കിംഗ് സാധ്യമാകൂ. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FGXvH7TVu5vCVC5EfGFA4M ജനുവരി 14 മുതൽ 17 വരെ ട്രാവൽ ഏജൻസികൾ ഉൾപ്പെടെയുള്ള എല്ലാ ചാനലുകൾ വഴിയും ടിക്കറ്റുകൾ ലഭ്യമാകും. കൊച്ചി, തിരുവനന്തപുരം, മുംബൈ, ഡൽഹി, ചെന്നൈ, ബാംഗ്ലൂർ, ഹൈദരാബാദ്, അഹമ്മദാബാദ് തുടങ്ങി ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കും ദുബായ്, അബുദാബി, ദോഹ, റിയാദ്, ലണ്ടൻ, മോസ്കോ, കെയ്‌റോ തുടങ്ങി മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ആഫ്രിക്കൻ രാജ്യങ്ങളിലേക്കും ഈ ഓഫർ നിരക്കിൽ യാത്ര ചെയ്യാം. യാത്രക്കാർക്ക് കുറഞ്ഞ ചിലവിൽ കുടുംബത്തെ സന്ദർശിക്കാനും വിനോദയാത്രകൾ നടത്താനും ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് ജസീറ എയർവേയ്‌സ് ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ പോൾ കരോൾ വ്യക്തമാക്കി.

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ ഇതാ

ബാങ്കിങ് തട്ടിപ്പ്: മലയാളി നഴ്‌സിന് നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചു; തുണയായത് സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ

Bank Fraud Kuwait കുവൈത്ത് സിറ്റി: കുവൈത്തിൽ അന്താരാഷ്ട്ര ഓൺലൈൻ തട്ടിപ്പ് സംഘത്തിന്റെ കെണിയിൽ അകപ്പെട്ട് ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടപ്പെട്ട മലയാളി നഴ്‌സിന് ആശ്വാസം. സാമൂഹിക പ്രവർത്തകരുടെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് എറണാകുളം സ്വദേശിനിയും കെ.ഒ.സി (KOC) ആശുപത്രി ജീവനക്കാരിയുമായ യുവതിക്കാണ് നഷ്ടപ്പെട്ട 482 ദിനാർ (ഏകദേശം 1.3 ലക്ഷം രൂപ) തിരികെ ലഭിച്ചത്. കഴിഞ്ഞ മാസം നാലാം തീയതിയാണ് യുവതിയുടെ ഗൾഫ് ബാങ്ക് അക്കൗണ്ടിൽ നിന്ന് അഞ്ച് തവണകളായി പണം പിൻവലിക്കപ്പെട്ടത്. അക്കൗണ്ട് ബാലൻസ് പൂജ്യമായെന്ന് കാണിച്ച് നിരവധി സന്ദേശങ്ങൾ ലഭിച്ചെങ്കിലും ജോലിത്തിരക്കിനിടയിൽ യുവതി ഇത് ശ്രദ്ധിച്ചിരുന്നില്ല. ഒടുവിൽ പണം നഷ്ടപ്പെട്ട വിവരം തിരിച്ചറിഞ്ഞതോടെ ബാങ്കിനെ സമീപിച്ചെങ്കിലും അനുകൂലമായ പ്രതികരണം ലഭിച്ചില്ല. ലോക കേരളാ സഭ അംഗം മണിക്കുട്ടൻ എടക്കാട്ട് വഴി പ്രമുഖ സാമൂഹിക പ്രവർത്തകനും കുവൈത്ത് കെ.എം.സി.സി തൃശൂർ ജില്ലാ പ്രസിഡന്റുമായ ഹബീബുള്ള മുറ്റിച്ചൂരിനെ യുവതി ബന്ധപ്പെട്ടു. തുടർന്ന് പോലീസ് സ്റ്റേഷനിലും സൈബർ സുരക്ഷാ വിഭാഗത്തിലും പരാതി നൽകുകയും ബാങ്ക് അധികൃതരുമായി നിരന്തരം ആശയവിനിമയം നടത്തുകയും ചെയ്തു. അധികൃതർ നടത്തിയ അന്വേഷണത്തിനൊടുവിൽ ഈ മാസം എട്ടാം തീയതിയോടെ നഷ്ടപ്പെട്ട മുഴുവൻ തുകയും ബാങ്ക് അധികൃതർ വീണ്ടെടുത്ത് നൽകുകയായിരുന്നു. ബാങ്ക് അക്കൗണ്ട് ‘സീറോ ബാലൻസ്’ ആയെന്ന് കാണിച്ചുള്ള വ്യാജ സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പ് സംഘം വലവിരിക്കുന്നത്. ഇത്തരം സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരുന്നത് കൊണ്ടാണ് യുവതിക്ക് പണം തിരികെ ലഭിക്കാൻ സാധിച്ചതെന്ന് ഹബീബുള്ള അറിയിച്ചു. ഒടിപി (OTP) നമ്പറുകൾ കൈമാറാതെ തന്നെ പണം നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കാൻ ബാങ്ക് അധികൃതർ മുന്നറിയിപ്പ് നൽകി.

റമദാൻ മുന്നൊരുക്കം: കുവൈത്തിൽ വിപണി പരിശോധന ശക്തമാക്കി

Ramadan കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി വാണിജ്യ-ഉപഭോക്തൃ വിപണികളിൽ സമഗ്രമായ പരിശോധനയുമായി കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും സർക്കാർ നിശ്ചയിച്ച വിലയേക്കാൾ കൂടുതൽ ഈടാക്കുന്നത് തടയുന്നതിനുമാണ് മന്ത്രാലയം പ്രത്യേക പരിശോധനാ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. കോഓപ്പറേറ്റീവ് സൊസൈറ്റികൾ, സെൻട്രൽ മാർക്കറ്റുകൾ എന്നിവിടങ്ങളിലും റമദാനിൽ കൂടുതൽ ആവശ്യക്കാരുള്ള ഈത്തപ്പഴം, മാംസം, കോഴിയിറച്ചി, മാവ്, ചായ, കാപ്പി, ഏലയ്ക്ക തുടങ്ങിയവ വിൽക്കുന്ന കടകളിലുമാണ് പ്രധാനമായും പരിശോധന നടക്കുന്നത്. വ്യാപാരികൾ മന്ത്രാലയത്തിന്റെ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും വിപണിയിൽ കൃത്രിമമായ വിലക്കയറ്റം സൃഷ്ടിക്കുന്ന രീതികൾ തടയാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് മാർക്കറ്റ് മാനേജർമാർക്കും കടയുടമകൾക്കും മന്ത്രാലയം ഔദ്യോഗികമായി മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നവർക്കെതിരെ ഉടനടി നിയമനടപടികൾ സ്വീകരിക്കും. റമദാൻ മാസം മുഴുവൻ വിപണിയിൽ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും മിതമായ വിലയും ഉറപ്പാക്കാൻ വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് വാണിജ്യ നിയന്ത്രണ വിഭാഗം ഡയറക്ടർ ഫൈസൽ അൽ അൻസാരി വ്യക്തമാക്കി.

പരീക്ഷാ തട്ടിപ്പിനായി സോഷ്യൽ മീഡിയ ആപ്പ്; കുവൈത്ത് പൗരനും രണ്ട് പ്രവാസികളും പിടിയിൽ

Kuwait Exam Cheating App കുവൈത്ത് സിറ്റി: ഹൈസ്കൂൾ വിദ്യാർഥികളെ പരീക്ഷകളിൽ ക്രമക്കേട് നടത്താൻ പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്ത സംഘത്തെ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ സൈബർ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തു. കുവൈത്ത് പൗരനും രണ്ട് അറബ് പ്രവാസികളുമാണ് പിടിയിലായത്. പരീക്ഷാ ചോദ്യങ്ങൾ വിൽപനയ്ക്കുണ്ടെന്നും പരീക്ഷയ്ക്കിടെ ഉത്തരങ്ങൾ നൽകാമെന്നും വാഗ്ദാനം ചെയ്താണ് സംഘം വിദ്യാർത്ഥികളെ ആകർഷിച്ചിരുന്നത്. പ്രത്യേക സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ വഴിയായിരുന്നു ഇവരുടെ പ്രവർത്തനം. പരീക്ഷാ ഹാളുകളിൽ ചെറിയ ഇയർഫോണുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ച നിരവധി വിദ്യാർത്ഥികളെ അധികൃതർ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി തട്ടിപ്പ് സംഘവുമായി ബന്ധപ്പെട്ട വിവരം പുറത്തുവന്നത്.  തട്ടിപ്പ് സംഘവുമായി ബന്ധപ്പെട്ട നിരവധി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഫോൺ നമ്പരുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർ പരീക്ഷാ സാമഗ്രികൾ കൈപ്പറ്റിയിട്ടുണ്ടോ എന്ന് കണ്ടെത്താൻ ഇവരെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തും. വിദ്യാഭ്യാസ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഈ സംഘം വലയിലായത്. പരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ ഇത്തരം നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

രേഖകളിൽ തിരിമറി: കുവൈത്തില്‍ കുറ്റാരോപിതനായ പൗരനെ കോടതി കുറ്റവിമുക്തനാക്കി

Kuwait Forgery Case കുവൈറ്റ് സിറ്റി: ഔദ്യോഗിക രേഖകൾ വ്യാജമായി ചമച്ചെന്ന കേസിൽ കീഴ്ക്കോടതി വിധിച്ച അഞ്ചു വർഷത്തെ തടവുശിക്ഷ അപ്പീൽ കോടതി റദ്ദാക്കി. വിമാനത്താവളത്തിലെ യാത്രാ രേഖകളിലും ബോർഡിംഗ് പാസിലും തിരിമറി നടത്തിയെന്ന കുറ്റാരോപണത്തിൽ നിന്നാണ് പൗരനെ കോടതി കുറ്റവിമുക്തനാക്കിയത്. മറ്റൊരാളുടെ പാസ്‌പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യാൻ ശ്രമിച്ച പ്രധാന പ്രതിക്കൊപ്പം വിമാനത്താവളത്തിൽ ഉണ്ടായിരുന്നു എന്നതാണ് ഇയാൾക്കെതിരെയുള്ള കുറ്റം. ഇരുവരും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കീഴ്ക്കോടതി ശിക്ഷ വിധിച്ചത്. തുടർന്ന് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.
 പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ വലീദ് മസൂദ് കോടതിയിൽ ഉന്നയിച്ച വാദങ്ങൾ ശ്രദ്ധേയമായി. പ്രതിക്ക് ക്രിമിനൽ ലക്ഷ്യങ്ങളോ രേഖകളിൽ തിരിമറി നടത്തിയതിൽ പങ്കോ ഇല്ല. പ്രധാന പ്രതിയുടെ തട്ടിപ്പിനെക്കുറിച്ച് തന്റെ കക്ഷിക്ക് അറിവുണ്ടായിരുന്നില്ല. ഒരാൾ കുറ്റകൃത്യം നടന്ന സ്ഥലത്ത് ഉണ്ടായിരുന്നു എന്നത് മാത്രം അയാൾ ആ കുറ്റകൃത്യത്തിൽ പങ്കാളിയാണെന്നതിന് തെളിവല്ല. ഈ വാദങ്ങൾ അംഗീകരിച്ച അപ്പീൽ കോടതി, കുറ്റാരോപിതനായ പൗരനെതിരെ വ്യക്തമായ തെളിവുകളില്ലെന്ന് നിരീക്ഷിച്ചാണ് വെറുതെ വിട്ടത്.

കുവൈത്തിൽ കുട്ടി ഡ്രൈവര്‍മാർ പിടിയിൽ; നിയമനടപടി കർശനമാക്കി ട്രാഫിക് വിഭാഗം

minor driving kuwait കുവൈറ്റ് സിറ്റി: ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് (GTD) രാജ്യത്തുടനീളം നടത്തുന്ന പരിശോധനയിൽ ലൈസൻസില്ലാതെ വാഹനമോടിച്ച അഞ്ച് കൗമാരക്കാരെ പിടികൂടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ഇവരെ പട്രോളിംഗ് സംഘം പിടികൂടിയത്. തുടർ നിയമനടപടികൾക്കായി ഇവരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറി.  ലൈസൻസില്ലാതെ വാഹനം നിരത്തിലിറക്കുന്ന പ്രായപൂർത്തിയാകാത്തവരെ കണ്ടെത്താൻ കർശനമായ പരിശോധന തുടരുമെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സ്വീകരിച്ചുവരുന്നത്. കുട്ടി ഡ്രൈവർമാരെ പിടികൂടുന്നതിനൊപ്പം അവർക്ക് വാഹനങ്ങൾ നൽകുന്ന ഉടമകൾക്കെതിരെയും കർശന നിയമനടപടികൾ ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

കുവൈത്തിൽ വൻ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തു; നിരവധി ഗാരേജുകൾ കത്തിനശിച്ചു

Kuwait Fire കുവൈത്ത് സിറ്റി: കുവൈറ്റിലെ അഹമ്മദി വ്യവസായ മേഖലയിൽ വൻ തീപിടുത്തമുണ്ടായി. നിരവധി ഗാരേജുകളിലേക്ക് പടർന്ന തീയെത്തുടർന്ന് പ്രദേശത്ത് വലിയ രീതിയിൽ കറുത്ത പുക ഉയർന്നുപൊങ്ങി. തീപിടുത്തത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അപകടത്തിന്റെ കാരണം അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നാശനഷ്ടങ്ങളുടെ വ്യാപ്തി എത്രയാണെന്ന് വ്യക്തമല്ലെങ്കിലും ഗാരേജുകൾക്ക് വലിയ തോതിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നിലവിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. അടിയന്തര വിഭാഗങ്ങൾ സംഭവസ്ഥലത്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. 

അടുക്കളയിലെ ‘ഈ വസ്തു’ യഥാര്‍ഥ വില്ലന്‍; ഭക്ഷണത്തിൽ വിഷാംശം കലര്‍ന്നാല്‍ ജീവന് ഭീഷണി

Health ലോകമെമ്പാടുമുള്ള അടുക്കളകളിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് അലുമിനിയം ഫോയിൽ. ഭക്ഷണം പൊതിയാനും ചൂടാക്കാനും സൂക്ഷിക്കാനുമെല്ലാം നാം ഇത് എളുപ്പത്തിൽ ഉപയോഗിക്കുന്നു. എന്നാൽ, അമിതമായ ഉപയോഗം, പ്രത്യേകിച്ച് ഉയർന്ന ചൂടിൽ അലുമിനിയം ഫോയിൽ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് മെഡിക്കൽ ഗവേഷണങ്ങൾ മുന്നറിയിപ്പ് നൽകുന്നു. അലുമിനിയം ഫോയിൽ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുമ്പോഴോ ചൂടുള്ള ഭക്ഷണം അതിൽ പൊതിയുമ്പോഴോ ചെറിയ അളവിൽ അലുമിനിയം തരികൾ ഭക്ഷണത്തിൽ കലരാൻ സാധ്യതയുണ്ട്. ശരീരം കുറഞ്ഞ അളവിലുള്ള അലുമിനിയത്തെ പുറന്തള്ളുമെങ്കിലും ദീർഘകാലമായുള്ള സമ്പർക്കം താഴെ പറയുന്ന പ്രശ്നങ്ങൾക്ക് കാരണമായേക്കാം. വൃക്കകളുടെ പ്രവർത്തനതടസം, അസ്ഥി സംബന്ധമായ പ്രശ്നങ്ങൾ, നാഡീവ്യൂഹത്തെ ബാധിക്കാനുള്ള സാധ്യത, ശരീരത്തിലെ മൊത്തത്തിലുള്ള വിഷാംശം വർധിപ്പിക്കുന്നു. ചൂടുള്ളതോ പുളിയുള്ളതോ ഉപ്പുള്ളതോ ആയ ഭക്ഷണങ്ങൾ അലുമിനിയവുമായി സമ്പർക്കത്തിൽ വരുമ്പോൾ രാസപ്രവർത്തനം വേഗത്തിലാകുന്നു. പ്രധാനമായും ശ്രദ്ധിക്കേണ്ടവ: തക്കാളി, തക്കാളി ചേർത്ത വിഭവങ്ങൾ, നാരങ്ങ, വിനാഗിരി എന്നിവ അടങ്ങിയവ, അച്ചാറുകൾ, അമിതമായി ഉപ്പ് ചേർത്ത ഭക്ഷണങ്ങൾ. ആരോഗ്യപരമായ അപകടസാധ്യതകൾ കുറയ്ക്കുന്നതിന് വിദഗ്ധർ താഴെ പറയുന്നവ നിർദേശിക്കുന്നു: പുളിയുള്ളതും ഉപ്പുള്ളതുമായ ഭക്ഷണങ്ങൾ അലുമിനിയം ഫോയിലിൽ പാകം ചെയ്യുകയോ സൂക്ഷിക്കുകയോ ചെയ്യരുത്. ഗ്ലാസ്, സെറാമിക് അല്ലെങ്കിൽ സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങൾ പകരമായി ഉപയോഗിക്കുക. ബേക്കിംഗ് ചെയ്യുമ്പോൾ ഭക്ഷണത്തിനും അലുമിനിയം ഫോയിലിനും ഇടയിലായി ബേക്കിംഗ് പേപ്പർ ഉപയോഗിക്കുക. ഒറ്റത്തവണ ഉപയോഗിക്കാവുന്ന അലുമിനിയം പാത്രങ്ങൾ വീണ്ടും ഉപയോഗിക്കരുത്. അലുമിനിയം ഫോയിൽ പൂർണ്ണമായും ഒഴിവാക്കണം എന്നല്ല, മറിച്ച് അത് ബുദ്ധിപൂർവ്വം സുരക്ഷിതമായി ഉപയോഗിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. ചെറിയ മാറ്റങ്ങൾ നിങ്ങളുടെ ദീർഘകാല ആരോഗ്യത്തിൽ വലിയ ഗുണങ്ങൾ നൽകും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Group