
Ramadan ദുബായ്: വിശ്വാസികൾ കാത്തിരിക്കുന്ന റമദാൻ മാസത്തിന് മുന്നോടിയായുള്ള ശാബാൻ മാസപ്പിറവി നാളെ ദൃശ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടെ വ്രതമാസത്തിന് മുൻപുള്ള അവസാന ഒരു മാസക്കാലത്തിലേക്ക് ലോകമെമ്പാടുമുള്ള മുസ്ലിം വിശ്വാസികൾ പ്രവേശിക്കും. എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ നൽകുന്ന വിവരമനുസരിച്ച്, 2026 ജനുവരി 18 ഞായറാഴ്ച യുഎഇ സമയം രാത്രി 11:52-ന് ശാബാൻ മാസപ്പിറവി സംഭവിക്കും. ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം ഹിജ്റ വർഷം 1447 ശാബാൻ ഒന്ന് ജനുവരി 20 ചൊവ്വാഴ്ചയായിരിക്കും. റമദാൻ മാസം ഫെബ്രുവരി പകുതിയോടെ ആരംഭിക്കാനാണ് സാധ്യത. ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്മെന്റ് പ്രകാരം ഫെബ്രുവരി 17-നും 19-നും ഇടയിൽ റമദാൻ തുടങ്ങാം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT ഫെബ്രുവരി 18 ബുധനാഴ്ച വ്രതമാസം ആരംഭിക്കാനാണ് കൂടുതൽ സാധ്യത കൽപ്പിക്കുന്നത്. റമദാൻ മാസം 29-ഓ 30-ഓ ദിവസങ്ങൾ നീണ്ടുനിൽക്കാം. ഇതനുസരിച്ച് മാർച്ച് 19 വ്യാഴാഴ്ചയോടെ റമദാൻ അവസാനിക്കുമെന്നാണ് കണക്കുകൂട്ടൽ. എല്ലാ ഇസ്ലാമിക് മാസങ്ങളെയും പോലെ ചന്ദ്രപ്പിറവി നേരിട്ട് ദൃശ്യമാകുന്നതിനെ അടിസ്ഥാനമാക്കി മാത്രമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. വ്രതാനുഷ്ഠാനത്തിന് മുന്നോടിയായി ആത്മീയമായും പ്രായോഗികമായും തയ്യാറെടുപ്പുകൾ നടത്താനുള്ള മാസമായാണ് ശാബാനെ വിശ്വാസികൾ കാണുന്നത്.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
ദുബായിൽ മസ്ജിദുകളിലും ഇനി സ്വദേശിവൽക്കരണം; നിയമിച്ചത്…
Dubai indigenization ദുബായ്: എമിറേറ്റിലെ മസ്ജിദുകളിൽ പ്രധാന തസ്തികകളിൽ സ്വദേശികളെ നിയമിക്കാനുള്ള പദ്ധതിയുമായി ദുബായ് മതകാര്യ വകുപ്പ് മുന്നോട്ട്. ഇമാം, ഖത്തീബ്, മുഅദ്ദിൻ എന്നീ പദവികളിലാണ് സ്വദേശിവൽക്കരണം ഊർജിതമാക്കുന്നത്. ഇതിന്റെ ഭാഗമായി ഇതിനോടകം തന്നെ 154 യുഎഇ പൗരന്മാരെ ഈ തസ്തികകളിൽ നിയമിച്ചതായി അധികൃതർ അറിയിച്ചു. സ്വദേശി പ്രഭാഷകരെ അക്കാദമികമായും ബൗദ്ധികമായും ശാക്തീകരിക്കുന്നതിനായി വകുപ്പ് പ്രത്യേക നയങ്ങൾ രൂപീകരിച്ചിട്ടുണ്ട്. മതപരമായ അറിവിനോടൊപ്പം സമകാലിക വിഷയങ്ങളെക്കുറിച്ചുള്ള ധാരണയും ജനങ്ങളിലേക്ക് എത്തിക്കാൻ സ്വദേശി ഇമാമുമാർക്ക് സാധിക്കുമെന്ന് വകുപ്പ് വിലയിരുത്തുന്നു. പള്ളികളിലെ തദ്ദേശീയ പ്രഭാഷകരുടെ (ഖത്തീബ്) സാന്നിധ്യം പ്രാദേശിക സമൂഹവുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കും. ഇത് വെള്ളിയാഴ്ചകളിലെ പ്രഭാഷണങ്ങൾ കൂടുതൽ ഫലപ്രദമാക്കാൻ സഹായിക്കും. മത സന്ദേശങ്ങളുടെ ആധികാരികതയും പ്രാദേശിക സംസ്കാരവും സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ മലയാളികൾ ഉൾപ്പെടെയുള്ള ധാരാളം വിദേശികൾ ദുബായിലെ പള്ളികളിൽ സേവനം അനുഷ്ഠിക്കുന്നുണ്ട്. സ്വദേശികളെ ഈ മേഖലയിലേക്ക് കൂടുതൽ ആകർഷിക്കുന്നതിലൂടെ മതപരമായ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനാണ് ദുബായ് സർക്കാർ ലക്ഷ്യമിടുന്നത്.
പണത്തിന് പകരം സ്വർണം നൽകി ഷോപ്പിങ് നടത്താം; നൂതന മാസ്റ്റർകാർഡുമായി ‘ഓ ഗോൾഡ്’
O Gold ദുബായ്: ഡിജിറ്റൽ സ്വർണ്ണ നിക്ഷേപ പ്ലാറ്റ്ഫോമായ ‘ഓ ഗോൾഡ്’ (O-Gold) തങ്ങളുടെ ഉപയോക്താക്കൾക്കായി സവിശേഷമായ മാസ്റ്റർകാർഡ് പുറത്തിറക്കി. കൈവശമുള്ള സ്വർണം വിൽക്കാതെ തന്നെ, പണത്തിന് പകരമായി വിനിമയ ഉപാധിയായി ഉപയോഗിക്കാൻ സാധിക്കുന്ന സംവിധാനമാണിത്. മവാറിദ് ഫിനാൻസ്, മാസ്റ്റർകാർഡ് എന്നിവയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഓ ഗോൾഡ് മാസ്റ്റർകാർഡ് ഉപയോഗിക്കുന്നതിലൂടെ പണത്തിന് സമാനമായി സ്വർണം ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാൻ സാധിക്കും. ഇടപാടുകൾ ലളിതവും സുരക്ഷിതവുമാണെന്ന് അധികൃതർ അറിയിച്ചു. ഓ ഗോൾഡ് ഡിജിറ്റൽ പ്ലാറ്റ്ഫോമിനെ ഒരു ‘ലൈഫ് സ്റ്റൈൽ സൂപ്പർ ആപ്പ്’ ആയി റീ-ലോഞ്ച് ചെയ്തു. ഇതുവഴി സ്വർണ്ണത്തിന്റെ ഉടമസ്ഥത ഡിജിറ്റലായി നേടാനും സാധിക്കും. കാർഡ് ഉപയോക്താക്കൾക്ക് എയർപോർട്ട് ലോഞ്ചുകളിലേക്ക് സൗജന്യ പ്രവേശനം, ഹോട്ടൽ ബുക്കിംഗുകളിൽ ഇളവുകൾ, വമ്പൻ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ പ്രത്യേക ഡിസ്കൗണ്ടുകൾ എന്നിവ ലഭിക്കും. ഏകദേശം 80,000-ലേറെ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ ഈ കാർഡ് വഴി വാങ്ങാനാകും. ഗിഫ്റ്റ് കാർഡുകളും വൗച്ചറുകളും ആപ്പിലൂടെ തന്നെ റിഡീം ചെയ്യാം. വിദേശ യാത്രകൾക്കായി ഇ-സിം കാർഡുകൾ, റിവാർഡ് പ്രോഗ്രാമുകൾ എന്നിവയും ആപ്പ് വഴി ലഭ്യമാകുമെന്ന് സ്ഥാപകൻ ബന്ദർ അൽ ഒത്ത്മാൻ വ്യക്തമാക്കി. സ്വർണ്ണത്തെ കേവലം ഒരു നിക്ഷേപമായി മാത്രം കാണാതെ, ദൈനംദിന ആവശ്യങ്ങൾക്കായി പണം പോലെ ഉപയോഗിക്കാൻ സാധിക്കുമെന്നതാണ് ഈ പദ്ധതിയുടെ പ്രധാന ആകർഷണം.
നാട്ടിലേക്ക് മടങ്ങുന്നവർക്ക് വമ്പൻ ഓഫർ: എയർ ഇന്ത്യ എക്സ്പ്രസിൽ രണ്ട് ദിർഹത്തിന് 10 കിലോ അധിക ലഗേജ്
Air India Express ദുബായ്: ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കായി ലഗേജ് നിരക്കിൽ വൻ ഇളവുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്. യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് വെറും രണ്ട് ദിർഹം/റിയാൽ നിരക്കിൽ 10 കിലോ വരെ അധിക ലഗേജ് കൊണ്ടുപോകാനുള്ള സൗകര്യമാണ് എയർലൈൻ പ്രഖ്യാപിച്ചത്. നിലവിലുള്ള 30 കിലോയ്ക്ക് പുറമെ 5 കിലോയോ 10 കിലോയോ അധികമായി കൊണ്ടുപോകാം. ഇതോടെ ആകെ 40 കിലോ വരെ ലഗേജ് നാട്ടിലേക്ക് കൊണ്ടുപോകാൻ സാധിക്കും. യുഎഇയിൽ നിന്ന് രണ്ട് ദിർഹം, സൗദിയിലും ഖത്തറിലും രണ്ട് റിയാൽ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിൽ 0.2 റിയാൽ/ദിനാർ എന്നിങ്ങനെയാണ് അധിക ലഗേജിനുള്ള നാമമാത്രമായ നിരക്ക്. ഈ മാസം 31 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. മാർച്ച് 10 വരെയുള്ള യാത്രകൾക്കായി ഈ ഓഫർ ഉപയോഗപ്പെടുത്താം. എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഈ ഓഫർ തിരഞ്ഞെടുക്കാം. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് മാത്രമേ ഈ ഇളവ് ലഭ്യമാകൂ. അവധിക്കാലം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നവർക്കും കുടുംബാംഗങ്ങൾക്ക് സമ്മാനങ്ങൾ കരുതുന്നവർക്കും ഈ ഇളവ് വലിയ ആശ്വാസമാകും. എക്സ്പ്രസ് വാല്യൂ, എക്സ്പ്രസ് ഫ്ലെക്സ്, എക്സ്പ്രസ് ബിസ് തുടങ്ങി എല്ലാ വിഭാഗം യാത്രക്കാർക്കും ഈ സൗകര്യം ലഭ്യമാണ്.
യുഎഇയിലെ മലയാളികൾ കൂടുതലായുള്ള ഇവിടെ വാടക 25 ശതമാനം വരെ വർധന
sharjah rental hikes ഷാർജ: താമസച്ചെലവ് കുറവായതിനാൽ പ്രവാസികൾ ഏറെ ആശ്രയിച്ചിരുന്ന ഷാർജയിൽ പുതുവർഷത്തിൽ വാടക നിരക്കുകൾ വൻതോതിൽ വർദ്ധിച്ചു. അടിസ്ഥാന സൗകര്യങ്ങളും കെട്ടിടത്തിന്റെ സ്ഥാനവും കണക്കിലെടുത്ത് അഞ്ച് മുതൽ 25 ശതമാനം വരെയാണ് വാടകയിൽ വർദ്ധനവുണ്ടായിരിക്കുന്നത്. ഇത് സാധാരണക്കാരായ മലയാളികൾ ഉൾപ്പെടെയുള്ള താമസക്കാർക്ക് വലിയ സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുകയാണ്. മലയാളികൾ ഏറ്റവും കൂടുതൽ താമസിക്കുന്ന ഇവിടെയാണ് ഏറ്റവും ഉയർന്ന വർദ്ധനവ് രേഖപ്പെടുത്തിയത്. നിലവിലെ വാടകയിൽ 25 ശതമാനമാണ് വർദ്ധന. അൽ ഖാൻ, അൽ താവൂൻ, അൽ മജാസ്, അൽ നഹ്ദ മേഖലകളിൽ ശരാശരി 20 ശതമാനം വാടക വർധിച്ചു. അബു ഷഗാറ, അൽ നബ, അൽ ബുതീന, അൽ മുറൈജ, അൽ ജുബൈൽ: താരതമ്യേന കുറഞ്ഞ നിരക്കിൽ 5 ശതമാനം വർദ്ധനവാണ് ഈ ഭാഗങ്ങളിൽ ഉണ്ടായത്. പാർക്കിങ് സൗകര്യം, വാഹന ഗതാഗതം തുടങ്ങിയ സൗകര്യങ്ങൾ വർദ്ധിച്ചതും നഗരത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന നവീകരണ പ്രവർത്തനങ്ങളുമാണ് വാടക കൂടാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. വാടക നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ താമസക്കാർ വാടക കരാറുകൾ കൃത്യമായി പരിശോധിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു.
ഡ്രൈവിങ്ങിനിടെ ശ്രദ്ധ മാറിയാൽ അപകടം ഉറപ്പ്; സിഗ്നലിലേക്ക് വാൻ ഇടിച്ചുകയറുന്ന വീഡിയോ പങ്കുവെച്ച് ഷാർജ പോലീസ്
van traffic sign Sharjah ഷാർജ: വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് ഓർമ്മിപ്പിച്ച് ഷാർജ പോലീസ് പുതിയ ബോധവൽക്കരണ വീഡിയോ പുറത്തുവിട്ടു. ഡ്രൈവിങ്ങിനിടെ ശ്രദ്ധ തെറ്റിയ ഒരു വാൻ റോഡിലെ ഡിവൈഡറുകൾ മറികടന്ന് എതിർദിശയിലുള്ള ട്രാഫിക് സിഗ്നലിലേക്ക് ഇടിച്ചുകയറുന്ന ദൃശ്യങ്ങളാണ് പോലീസ് പങ്കുവെച്ചത്. ഡ്രൈവിങ്ങിനിടെ റോഡിൽ നിന്ന് ശ്രദ്ധ മാറുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുകയും ഡ്രൈവറുടെയും മറ്റ് യാത്രക്കാരുടെയും ജീവൻ അപകടത്തിലാക്കുകയും ചെയ്യുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. അശ്രദ്ധമായ ഡ്രൈവിംഗ് മൂലം വാഹനം നിയന്ത്രണം വിട്ട് പോകുന്നതും മറ്റ് വാഹനങ്ങളിൽ ഇടിക്കുന്നതും വലിയ നാശനഷ്ടങ്ങൾക്ക് കാരണമാകും. അടുത്തിടെ ഷാർജ പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം ക്രൂയിസ് കൺട്രോൾ സംവിധാനം തകരാറിലായ മറ്റൊരു ഡ്രൈവറെ രക്ഷിക്കാൻ സാധിച്ചിരുന്നു. അഹമ്മദ് ബിൻ ഹദീദ് റൗണ്ട് എബൗട്ടിൽ നിന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്ക് മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ പോയിരുന്ന വാഹനമാണ് പോലീസ് സുരക്ഷിതമായി തടഞ്ഞത്. യാതൊരു പരിക്കുകളോ നാശനഷ്ടങ്ങളോ ഇല്ലാതെ മിനിറ്റുകൾക്കുള്ളിൽ ട്രാഫിക് പട്രോൾ സംഘം ആ വണ്ടി നിർത്തിക്കുകയായിരുന്നു. റോഡിലെ സുരക്ഷാ നിയമങ്ങൾ പാലിക്കാനും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം പോലുള്ള വിനോദങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും അധികൃതർ കർശന നിർദ്ദേശം നൽകി.
Viral Challenges സോഷ്യൽ മീഡിയയിലെ മാരക ചലഞ്ചുകൾ; കൗമാരക്കാർക്കും രക്ഷിതാക്കൾക്കും മുന്നറിയിപ്പുമായി ദുബായ് പോലീസ്
Viral Challengesദുബായ്: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായിക്കൊണ്ടിരിക്കുന്ന മാരകമായ ചലഞ്ചുകൾക്കെതിരെ മുന്നറിയിപ്പ് നൽകി ദുബായ് പോലീസ്. ജീവന് തന്നെ ഭീഷണിയായേക്കാവുന്ന ഇത്തരം പ്രവണതകൾക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് കൗമാരക്കാർക്കും രക്ഷിതാക്കൾക്കും മുന്നറിയിപ്പ് നൽകി. ‘സ്കൾ ബ്രേക്കർ’ (തലയോട്ടി പൊട്ടിക്കൽ), ശ്വാസംമുട്ടിക്കൽ തുടങ്ങിയ വിചിത്രവും അപകടകരവുമായ ചലഞ്ചുകൾ കൗമാരക്കാർക്കിടയിൽ വ്യാപിക്കുന്നതായി പോലിസ് പറയുന്നു. ഓൺലൈനിലൂടെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനായാണ് കൗമാരക്കാർ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നത്. ഇത് ഗുരുതരമായ പരിക്കുകൾക്കും ചിലപ്പോൾ മരണത്തിനും കാരണമായേക്കാമെന്ന് പോലീസ് ചൂണ്ടിക്കാട്ടി.
മറ്റു രാജ്യങ്ങളിൽ ഇത്തരം ചലഞ്ചുകൾക്കിടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പോലിസ് വ്യക്തമാക്കി. സമപ്രായക്കാരുടെ സമ്മർദ്ദത്തിന് വഴങ്ങിയോ ഓൺലൈനിൽ വൈറലാകാൻ വേണ്ടിയോ ഇത്തരം അപകടങ്ങളിൽ ചാടരുത്. കുട്ടികൾ സോഷ്യൽ മീഡിയയിൽ വരുന്ന ഇത്തരം മാരകമായ ചാലഞ്ചുകൾ അനുകരിക്കാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. കുട്ടികൾ ഇതുപോലുള്ള അപകടങ്ങളിൽ പെടാതിരിക്കാൻ കുട്ടികളുമായി തുറന്നു സംസാരിക്കണം. അവരുടെ ഓൺലൈൻ ഇടപെടലുകൾ കൃത്യമായി നിരീക്ഷിക്കണമെന്നും പോലീസ് പറയുന്നു. സോഷ്യൽ മീഡിയയിലൂടെയുള്ള ഇത്തരം അനുചിതമായ പെരുമാറ്റങ്ങളോ അപകടകരമായ ചലഞ്ചുകളോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ 901 എന്ന നമ്പറിലോ ദുബായ് പോലിസിന്റെ സ്മാർട്ട് ആപ്പിലെ ‘Police Eye’ സേവനം വഴിയോ റിപ്പോർട്ട് ചെയ്യമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
നേരത്തെ ടിക് ടോക് ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ പ്രചരിച്ച ‘ലൗണ്ട്രി ഡിറ്റർജന്റ്’ കഴിക്കുന്ന വെല്ലുവിളിയും, ചാടുന്നതിനിടെ കാലുകൾ തട്ടിത്തെറിപ്പിച്ച് തലയടിച്ച് വീഴ്ത്തുന്ന രീതിയും വലിയ ആഘാതങ്ങൾ സൃഷ്ടിച്ചിരുന്നു. ഇത്തരം പ്രവണതകൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ദുബായ് പോലീസ് ഇത്തരമൊരു മുന്നറിയിപ്പുമായി രംഗത്തെത്തിയത്.