
Gold Rate ഇറാൻ- യുഎസ് സംഘർഷവുമായി ബന്ധപ്പെട്ട ആശങ്കയകലുന്നില്ല. ഒരിടവേളയ്ക്കുശേഷം പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക് നീങ്ങുകയാണെന്ന വാർത്തയാണ് പുറത്തു വരുന്നത്. വലിയ സൈനികവ്യൂഹം ഇറാനെ ലക്ഷ്യമാക്കി നീങ്ങുന്നുവെന്ന് കഴിഞ്ഞ ദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആശങ്ക ശക്തമാകുന്നത്. യുഎസ്എസ് ഏബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനി കപ്പലാണ് സൈനിക നീക്കത്തിന് നേതൃത്വം നൽകുന്നതെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ എയർ ഡിഫൻസ് സിസ്റ്റം മിഡിൽ ഈസ്റ്റിൽ വിന്യസിക്കാനുള്ള നീക്കങ്ങളും യുഎസ് ആരംഭിച്ചിട്ടുണ്ട്. ഇറാനെതിരേ ആക്രമണം ഉണ്ടാകുമെന്ന സൂചനകളാണിതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇറാൻ-യുഎസ് സംഘർഷം ഉണ്ടാകുകയാണെങ്കിൽ സ്വർണ്ണം, ക്രൂഡ് ഓയിൽ എന്നിവയുടെ വിലയെ സാരമായി ബാധിച്ചേക്കാം. സ്വർണ്ണ വില ഇപ്പോൾ തന്നെ കുതിച്ചുയരുന്ന അവസ്ഥയിലാണ്. യുദ്ധസാധ്യത തെളിഞ്ഞാൽ സ്വർണ്ണ വിലയിൽ വീണ്ടും വലിയ കുതിപ്പുണ്ടാകും. ക്രൂഡ്ഓയിൽ വിലയിലും പശ്ചിമേഷ്യൻ പ്രശ്നം വലിയ സ്വാധീനം ചെലുത്തും. ഇറാന്റെ എണ്ണ ആഗോള വിപണിയിൽ വലിയ സ്വാധീനം ചെലുത്തുന്നില്ല. യുഎസ് ഉപരോധം കാരണം ചൈനയും തുർക്കിയും ഒഴികെയുള്ള രാജ്യങ്ങൾ കാര്യമായി ഇറാൻ എണ്ണയെ ആശ്രയിക്കുന്നില്ല. അതുകൊണ്ട് ഇറാനിൽ മാത്രമുണ്ടാകുന്ന പ്രതിസന്ധി എണ്ണയെ വലിയതോതിൽ ബാധിക്കില്ല. അതേസമയം, ഗൾഫ് മേഖലയെ മുഴുവൻ യുദ്ധത്തിലേക്ക് വലിച്ചിടാൻ ഇറാൻ തീരുമാനിച്ചാൽ കാര്യങ്ങൾ മാറിമറിയും. ഗൾഫിൽ നിന്നുള്ള എണ്ണവിതരണം താളംതെറ്റിയാൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയരും. ഇന്ത്യയെ പോലെ ഇറക്കുമതി എണ്ണയെ കൂടുതലായി ആശ്രയിക്കുന്ന രാജ്യങ്ങൾക്ക് ഇത് വലിയ തിരിച്ചടിയാകും.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
Uniform സർക്കാർ, സ്വകാര്യ ആരോഗ്യ മേഖലകളിൽ ജീവനക്കാർക്ക് ഏകീകൃത ഔദ്യോഗിക വേഷം; തീരുമാനവുമായി കുവൈത്ത്
Uniform കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ-സ്വകാര്യ ആരോഗ്യ മേഖലകളിലെ ജീവനക്കാരുടെ ഔദ്യോഗിക പ്രൊഫഷണൽ വേഷം ഏകീകരിക്കുന്നതിനുള്ള ചട്ടങ്ങൾക്ക് അംഗീകാരം. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി അംഗീകാരം നൽകി. ഇതുസംബന്ധിച്ച് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം ഉത്തരവ് പുറത്തിറക്കി. മെഡിക്കൽ, മെഡിക്കൽ അനുബന്ധ ജീവനക്കാർ, അഡ്മിനിസ്ട്രേഷൻ, സൂപ്പർ വൈസർ ജീവനക്കാർ, ഫാർമസിസ്റ്റുകൾ എന്നിവർക്കുള്ള ഔദ്യോഗിക തിരിച്ചറിയൽ, മുദ്രകൾ, വേഷം, ഡിജിറ്റൽ ഐഡന്റിറ്റി എന്നിവ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ആരോഗ്യ സ്ഥാപനങ്ങളിലും ഭരണ വിഭാഗങ്ങളിലും ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരുടെയും രൂപഭാവവും വേഷവും ക്രമപ്പെടുത്തുകയാണ് തീരുമാനത്തിന്റെ ലക്ഷ്യം. ഇതിലൂടെ ജോലി ചുമതലകളുടെ വ്യക്തത ഉറപ്പാക്കാനും, വിവിധ പ്രൊഫഷണൽ വിഭാഗങ്ങളെ എളുപ്പത്തിൽ തിരിച്ചറിയാനും, രോഗികളുടെയും സന്ദർശകരുടെയും വിശ്വാസം വർധിപ്പിക്കാനും, ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും സാധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ജനറൽ ഡയറക്ടർമാർ, ആശുപത്രി ഡയറക്ടർമാർ, കേന്ദ്ര വകുപ്പുമേധാവികൾ, മെഡിക്കൽ ബോർഡുകളുടെ അധ്യക്ഷർ, വകുപ്പ് മേധാവികൾ, ഗുണനിലവാര അംഗീകാര വിഭാഗം എന്നിവർക്കായിരിക്കും ഇവ കർശനമായി നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്തം. ലംഘനങ്ങൾ കണ്ടെത്തിയാൽ ഔദ്യോഗിക നടപടിക്രമങ്ങൾ പാലിച്ച് ഉടൻ തന്നെ ബന്ധപ്പെട്ട വിഭാഗത്തിനു റിപ്പോർട്ട് ചെയ്യണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
Car Stolen പ്രവാസിയുടെ കാർ മോഷ്ടിച്ച് കടന്നു കളഞ്ഞു; മോഷണമുതൽ ഉപേക്ഷിച്ചതെവിടെയെന്ന് മറന്നു പോയെന്ന് പ്രതിയുടെ കുറ്റസമ്മതം, സംഭവം ഇങ്ങനെ….
Car Stolen കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസിയുടെ കാർ മോഷ്ടിച്ച് കടന്നു കളഞ്ഞ പ്രതി അറസ്റ്റിൽ. സാൽമിയയയിലാണ് സംഭവം. എഷ്യൻ പ്രവാസിയായ കാറുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ഒരു സർവ്വീസ് സെന്ററിൽ ജോലി ചെയ്തിരുന്ന സർക്കാർ ജീവനക്കാരനാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റസമ്മതം നടത്തി. കുറച്ചു നേരം താൻ കാറോടിച്ച ശേഷം ഉപേക്ഷിച്ചുവെന്നും എന്നാൽ കാർ എവിടെയാണ് ഉപേക്ഷിച്ചതെന്ന് തനിക്ക് ഓർമ്മയില്ലെന്നും പ്രതി പോലീസിനോട് പറഞ്ഞു.
പ്രതിയെ നിയമനടപടികൾക്കായി ബന്ധപ്പെട്ട് അധികാരികൾക്ക് റഫർ ചെയ്തു.
വീട്ടിൽ മയക്കുമരുന്ന് കൃഷിയും വിൽപനയും; കുവൈത്ത് സ്വദേശിനിക്ക് കടുത്ത ശിക്ഷ
growing hash in kuwait കുവൈത്ത് സിറ്റി: ഹാഷിഷും മറ്റ് മയക്കുമരുന്ന് വസ്തുക്കളും വീട്ടിൽ കൃഷി ചെയ്യുകയും വിൽപന നടത്തുകയും ചെയ്ത കുവൈത്ത് സ്വദേശിനിക്ക് ക്രിമിനൽ കോടതി 15 വർഷം തടവ് ശിക്ഷ വിധിച്ചു. തടവ് ശിക്ഷയ്ക്ക് പുറമെ 10,000 കുവൈത്ത് ദിനാർ (ഏകദേശം 27 ലക്ഷത്തിലധികം രൂപ) പിഴയായും ഇവർ ഒടുക്കണം. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള മയക്കുമരുന്ന് നിയന്ത്രണ വിഭാഗം പ്രതിയുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. വൻതോതിലുള്ള ലഹരിമരുന്ന് ശേഖരത്തിനൊപ്പം ഇവ വീട്ടിൽ കൃഷി ചെയ്യുന്നതിനും സംസ്കരിക്കുന്നതിനുമുള്ള ആധുനിക ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. വിൽപന നടത്തുന്നതിനും ഉപയോഗിക്കുന്നതിനുമായി വീട്ടിൽ മയക്കുമരുന്ന് ചെടികൾ വളർത്തിയതിൽ യുവതി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. റെയ്ഡ് നടത്തിയത് നിയമപരമായ അനുമതിയോടെയാണെന്നും നടപടിക്രമങ്ങളിൽ പിഴവില്ലെന്നും കോടതി വിധിയിൽ വ്യക്തമാക്കി. കേസിൽ ഉൾപ്പെട്ട മറ്റൊരു കുവൈത്ത് സ്വദേശിയായ യുവാവിന് കോടതി ശിക്ഷ നൽകിയില്ല. ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞെങ്കിലും വിൽപനയിലോ കൃഷിയിലോ പങ്കില്ലാത്തതിനാലും വ്യക്തിപരമായ ഉപയോഗത്തിന് മാത്രമായിരുന്നതിനാലും കോടതി ഇളവ് നൽകുകയായിരുന്നു. മയക്കുമരുന്ന് കടത്തിനെതിരെയും ലഹരി കൃഷിക്കെതിരെയും ശക്തമായ നിലപാടാണ് കുവൈറ്റ് നീതിന്യായ വ്യവസ്ഥ സ്വീകരിക്കുന്നത് എന്നതിന്റെ സൂചനയായാണ് ഈ വിധി വിലയിരുത്തപ്പെടുന്നത്.
കുവൈത്തിൽ ഈയാഴ്ച അവസാനം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ശനിയാഴ്ച മുതൽ കാലാവസ്ഥ അസ്ഥിരമാകും
Weather in Kuwait കുവൈത്ത് സിറ്റി: വെള്ളിയാഴ്ച വൈകുന്നേരം മുതൽ രാജ്യത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും ശനിയാഴ്ച വൈകുന്നേരത്തോടെ കാലാവസ്ഥ കൂടുതൽ അസ്ഥിരമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആക്ടിംഗ് ഡയറക്ടർ ളിറാർ അൽ-അലി അറിയിച്ചു. തെക്കുപടിഞ്ഞാറൻ മേഖലയിൽ നിന്നുള്ള ന്യൂനമർദ്ദത്തിന്റെ ഫലമായാണ് ഈ മാറ്റം. വെള്ളിയാഴ്ച വൈകുന്നേരത്തോടെ നേരിയ മഴ പെയ്തു തുടങ്ങും. ശനിയാഴ്ച വൈകുന്നേരം മുതൽ മഴ ശക്തമാകാനും ചിലയിടങ്ങളിൽ ഇടിമിന്നലുണ്ടാകാനും സാധ്യതയുണ്ട്. തിങ്കളാഴ്ച രാവിലെ വരെ ഈ സാഹചര്യം തുടർന്നേക്കും. മണിക്കൂറിൽ 60 കിലോമീറ്ററിലധികം വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇത് പൊടിപടലങ്ങൾ ഉയരുന്നതിനും കാഴ്ചപരിധി കുറയുന്നതിനും കാരണമാകും. അതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. പകൽ സമയത്ത് 16 മുതൽ 18 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും പരമാവധി താപനില. രാത്രിയിൽ തണുപ്പ് കൂടുമെന്നും ആകാശം മേഘാവൃതമായിരിക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. കാറ്റ് ശക്തമാകുന്നതോടെ കടൽ തിരമാലകൾ 7 അടിയിലധികം ഉയരാൻ സാധ്യതയുണ്ട്. കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണം. തിങ്കളാഴ്ച രാവിലെ മുതൽ കാലാവസ്ഥയിൽ ക്രമേണ പുരോഗതി ഉണ്ടാകുമെന്നാണ് പ്രവചനം. തണുപ്പും കാറ്റും കൂടുന്ന സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ അധികൃതർ നിർദ്ദേശിച്ചു.
അടച്ചിട്ട മുറിക്കുള്ളിലെ കരി പ്രയോഗം മാരകം; ‘ശബ്ദമില്ലാത്ത കൊലയാളി’യെ കരുതിയിരിക്കണമെന്ന് കുവൈത്ത് ഫയർ ഫോഴ്സ്
Charcoal indoors kuwait കുവൈത്ത് സിറ്റി: തണുപ്പ് കാലമായതോടെ വീടിനുള്ളിലും ക്യാമ്പുകളിലും കരി കത്തിച്ച് ഉപയോഗിക്കുന്നവർക്കെതിരെ മുന്നറിയിപ്പുമായി കുവൈത്ത് ഫയർ ഫോഴ്സ് രംഗത്തെത്തി. മതിയായ വായുസഞ്ചാരമില്ലാത്ത സ്ഥലങ്ങളിൽ കരി ഉപയോഗിക്കുന്നത് ജീവന് തന്നെ ഭീഷണിയാണെന്നും ‘ശബ്ദമില്ലാത്ത കൊലയാളി’ എന്നാണ് ഇത് അറിയപ്പെടുന്നതെന്നും അധികൃതർ ഓർമ്മിപ്പിച്ചു. കരി കത്തുമ്പോൾ മണമോ നിറമോ ഇല്ലാത്ത കാർബൺ മോണോക്സൈഡ് എന്ന വിഷവാതകം പുറന്തള്ളപ്പെടുന്നു. അടച്ചിട്ട മുറികളിലോ ടെന്റുകളിലോ ഇത് ശ്വസിക്കുന്നത് മരണത്തിന് വരെ കാരണമായേക്കാം. തലവേദന, ഓക്കാനം, ശ്വാസംമുട്ടൽ എന്നിവയാണ് കാർബൺ മോണോക്സൈഡ് വിഷബാധയുടെ പ്രാഥമിക ലക്ഷണങ്ങൾ. ഉറക്കത്തിൽ ഇത് സംഭവിക്കുകയാണെങ്കിൽ ലക്ഷണങ്ങൾ തിരിച്ചറിയാൻ കഴിയാതെ വരുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു. വീടിനുള്ളിലോ മതിയായ വായുസഞ്ചാരമില്ലാത്ത ഇടങ്ങളിലോ കരി കത്തിക്കരുത്. കാംപുകളിൽ കരി ഉപയോഗിക്കുമ്പോൾ ടെന്റുകൾ തുറന്നിടാൻ ശ്രദ്ധിക്കണം. പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ബോധവൽക്കരണ കാമ്പയിനുകൾ തുടരുമെന്ന് കുവൈറ്റ് ഫയർ ഫോഴ്സ് മീഡിയ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ-ഗരീബ് വ്യക്തമാക്കി. അപകടങ്ങൾ ഒഴിവാക്കാൻ എല്ലാവരും സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
ഇരട്ട പൗരത്വവും തട്ടിപ്പും; കുവൈത്തില് നിരവധി പേരുടെ പൗരത്വം പിൻവലിച്ചു
Kuwait Citizenship കുവൈത്ത് സിറ്റി: കുവൈത്തിലെ പൗരത്വ നിയമങ്ങൾ ലംഘിച്ച നിരവധി പേരുടെ പൗരത്വം റദ്ദാക്കാൻ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നത സമിതി തീരുമാനിച്ചു. വ്യാഴാഴ്ച ചേർന്ന നിർണ്ണായക യോഗത്തിലാണ് പൗരത്വം പിൻവലിക്കാനുള്ള ശുപാർശകൾ മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിക്കാൻ തീരുമാനിച്ചത്. കുവൈത്ത് നിയമപ്രകാരം ഇരട്ട പൗരത്വം അനുവദനീയമല്ല. കുവൈത്ത് പൗരത്വത്തിനൊപ്പം മറ്റ് രാജ്യങ്ങളുടെ പൗരത്വം കൂടി കൈവശം വെച്ചവരുടെ പൗരത്വമാണ് റദ്ദാക്കുന്നത്. തെറ്റായ വിവരങ്ങൾ നൽകിയും രേഖകളിൽ കൃത്രിമം കാണിച്ചും നേടിയെടുത്ത പൗരത്വ സർട്ടിഫിക്കറ്റുകൾ റദ്ദാക്കാൻ സമിതി ഉത്തരവിട്ടു. ഇവയ്ക്ക് പുറമെ, രാജ്യത്തിന്റെ സുരക്ഷയും താൽപ്പര്യവും മുൻനിർത്തി അത്യന്താപേക്ഷിതമായ കേസുകളിലും പൗരത്വം പിൻവലിക്കാൻ തീരുമാനമായിട്ടുണ്ട്. ദേശീയ സ്വത്വത്തിന്റെ അന്തസ്സും പൗരത്വ രേഖകളുടെ സുതാര്യതയും സംരക്ഷിക്കാനുള്ള സർക്കാരിന്റെ ശക്തമായ നീക്കമാണിതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മന്ത്രിസഭയുടെ അന്തിമ അനുമതി ലഭിക്കുന്നതോടെ പൗരത്വം റദ്ദാക്കിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങും.
ഇന്ത്യയിലേക്ക് ആപ്പിൾപേ വരുന്നു; ഡിജിറ്റൽ പേയ്മെന്റ് വിപണിയിൽ വമ്പൻ പോരാട്ടം, ഗൂഗിൾപേയ്ക്കും ഫോൺപേയ്ക്കും വെല്ലുവിളിയാകുമോ?
Apple Pay ന്യൂഡൽഹി: ഡിജിറ്റൽ സാമ്പത്തിക ഇടപാടുകളിൽ വൻ കുതിച്ചുചാട്ടം നടത്തുന്ന ഇന്ത്യയിലേക്ക് ആപ്പിൾപേ (Apple Pay) എത്തുന്നു. നിലവിൽ ഗൂഗിൾപേയും ഫോൺപേയും ആധിപത്യം പുലർത്തുന്ന ഇന്ത്യൻ വിപണിയിലെ വലിയ സാധ്യതകൾ ലക്ഷ്യമിട്ടാണ് ഐഫോൺ നിർമ്മാതാക്കളായ ആപ്പിളിന്റെ ഈ നീക്കം. ഈ വർഷം അവസാനത്തോടെ ആപ്പിൾപേ സേവനങ്ങൾ ഇന്ത്യയിൽ ലഭ്യമായേക്കും. ക്യൂ.ആർ കോഡുകൾ സ്കാൻ ചെയ്യുന്നതിന് പകരം നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ആപ്പിൾപേ പ്രവർത്തിക്കുന്നത്. ഐഫോണോ ആപ്പിൾ വാച്ചോ പേയ്മെന്റ് മെഷീനുകൾക്ക് സമീപം കാണിച്ചുകൊണ്ട് ലളിതമായി ഇടപാടുകൾ നടത്താം. ആപ്പിളിന്റെ ഉയർന്ന സുരക്ഷാ സംവിധാനങ്ങളോടെയാകും ഇടപാടുകൾ നടക്കുക. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ആപ്പിൾ വാലറ്റുമായി ബന്ധിപ്പിച്ച് കോൺടാക്റ്റ്ലെസ് പേയ്മെന്റുകൾ നടത്താൻ ഇതിലൂടെ സാധിക്കും. നിലവിൽ ഇന്ത്യയിലെ 80 ശതമാനം വിപണിയും നിയന്ത്രിക്കുന്നത് ഫോൺപേയും ഗൂഗിൾപേയുമാണ്. ഇവയോട് ആപ്പിൾപേയ്ക്ക് ഉടൻ മത്സരിക്കുക പ്രയാസകരമായിരിക്കും. ആപ്പിൾപേ ഉപയോഗിക്കാൻ ഐഫോൺ, ആപ്പിൾ വാച്ച് അല്ലെങ്കിൽ ഐപാഡ് നിർബന്ധമാണ്. ഇന്ത്യയിൽ ഐഫോൺ ഉപയോക്താക്കൾ വർദ്ധിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം പേരും ആൻഡ്രോയിഡ് ഫോണുകളാണ് ഉപയോഗിക്കുന്നത്. ഗ്രാമങ്ങളിലും ചെറിയ കടകളിലും വ്യാപകമായ ക്യൂ.ആർ കോഡുകളെ അപേക്ഷിച്ച് എൻ.എഫ്.സി റീഡറുകൾ ഇന്ത്യയിൽ ഇപ്പോഴും വൻ നഗരങ്ങളിൽ മാത്രമാണ് കൂടുതലായി കാണപ്പെടുന്നത്. തുടക്കത്തിൽ ഉയർന്ന വരുമാനമുള്ള പ്രീമിയം ഉപയോക്താക്കളെ മാത്രമായിരിക്കും ആപ്പിൾപേ ലക്ഷ്യം വയ്ക്കുക. സാധാരണക്കാരുടെ ഇടയിൽ ഇപ്പോഴുള്ള യു.പി.ഐ ആപ്പുകൾ തന്നെ തുടരാനാണ് സാധ്യത. ഇന്ത്യയിലെ നിയമപരമായ അനുമതികൾ ലഭിക്കുന്നതോടെ ആപ്പിൾപേയുടെ വരവ് ഔദ്യോഗികമാകും. ഐഫോൺ ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ പേയ്മെന്റ് രീതിയാകും ഇതിലൂടെ ലഭിക്കുക.