
Heater ഫുജൈറ: യുഎഇയിൽ തണുപ്പകറ്റാൻ ട്രക്കിനകത്ത് ഹീറ്ററിട്ട് കിടന്നുറങ്ങിയ പ്രവാസി യുവാവ് ശ്വാസംമുട്ടി മരിച്ചു. ഫുജൈറ മസാഫിയിലാണ് സംഭവം. വടകര വള്ളിക്കാട് സ്വദേശി അൻസാറാണ് മരിച്ചത്. 28 വയസ്സായിരുന്നു. ഹെവി ട്രക്കിനകത്ത് തണുപ്പകറ്റാൻ ഹീറ്ററിട്ട് കിടന്നുറങ്ങിയതായിരുന്നു അൻസർ. വെള്ളിയാഴ്ച രാവിലെയാണ് ഇദ്ദേഹത്തിന്റെ മൃതദേഹം ജോലി ചെയ്യുന്ന ട്രക്കിനകത്ത് കണ്ടെത്തിയത്.
തണുപ്പകറ്റാൻ പ്രവർത്തിപ്പിച്ച ഹീറ്ററിൽ നിന്ന് പുകശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഫുജൈറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മസാഫി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
Gold Street ഗോൾഡ് സ്ട്രീറ്റ്; ലോകത്തിലെ ആദ്യത്തെ സ്വർണ്ണത്തെരുവ് ദുബായിൽ ഒരുങ്ങുന്നു
Gold Street ദുബായ്: ലോകത്തിലെ ആദ്യത്തെ സ്വർണ്ണത്തെരുവ് ദുബായിൽ ഒരുങ്ങുന്നു. ദുബായ് ഗോൾഡ് ഡിസ്ട്രിക്റ്റിലാണ് ഗോൾഡ് സ്ട്രീറ്റ് ഒരുങ്ങുന്നത്. എമിറേറ്റിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്നതാണ് പുതിയ പദ്ധതി. അതേസമയം, സ്വർണ്ണ തെരുവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഇത്ര ദുബായ് എമിറേറ്റിന്റെ ഗോൾഡ് ഡിസ്ട്രിക്റ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത ചടങ്ങിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. സ്വർണ്ണ വിപണിയിലെ ലോകത്തിലെ രണ്ടാമത്തെ വലിയ കേന്ദ്രമാണ് യുഎഇ. കഴിഞ്ഞ വർഷങ്ങളിൽ ശതകോടി ഡോളറിന്റെ സ്വർണ്ണമാണ് രാജ്യം കയറ്റുമതി ചെയ്തത്. ഇന്ത്യ, യുകെ, സ്വിറ്റ്സർലാൻഡ്, ഹോങ്കോംഗ്, തുർക്കി തുടങ്ങിയ പ്രമുഖ രാജ്യങ്ങൾ ദുബായിലെ പ്രധാന വ്യാപാര പങ്കാളികളാണ്.
ദുബായിലെ ഈ പ്രദേശം അറിയപ്പെടുന്നത് സ്വർണ്ണാഭരണ പ്രേമികളുടെ പുതിയ ഭവനം എന്നാണ്. സ്വർണ്ണവും ആഭരണങ്ങളും എല്ലാം ഇനി ഒരേ ലക്ഷ്യസ്ഥാനത്തിന് കീഴിലാകും. ചില്ലറ വ്യാപാരവും മൊത്ത വ്യാപാരവും ഒരുപോലെ ഇവിടെ സജീവമാകും. ആയിരത്തിലധികം പ്രമുഖ ചില്ലറ വ്യാപാരികൾ ഈ ഡിസ്ട്രിക്റ്റിൽ ഭാഗമായിട്ടുണ്ട്. പെർഫ്യൂം, സ്വർണ്ണം, തുടങ്ങിയ ഉത്പ്പന്നങ്ങളും ഇവിടെ ലഭ്യമാകും.
Weather Change യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥാ മാറ്റം; താപനില ഉയരുമെന്ന് പ്രവചനം
Weather Change അബുദാബി: യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥാ മാറ്റത്തിന് സാധ്യത. യുഎഇയിൽ താപനില ഉയരുമെന്നാണ് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി വ്യക്തമാക്കുന്നത്. ഈ ആഴ്ച്ചയുടെ മധ്യത്തോടെ താപനില അൽപം ഉയരുമെന്നും പിന്നീട് വാരാന്ത്യത്തോടെ താപനിലയിൽ വീണ്ടും കുറവുണ്ടാകുമെന്നും എൻസിഎം അറിയിച്ചു. വടക്കുപടിഞ്ഞാറ് നിന്ന് കടന്നുപോകുന്ന ഒരു ന്യൂനമർദ്ദ താഴ്ചയുടെ വികാസമാണ് ഇതിന് കാരണമെന്ന് എൻസിഎം വ്യക്തമാക്കി.
ഇന്ന് രാത്രി മുതൽ ബുധനാഴ്ച രാവിലെ വരെ തീരദേശ-ഉൾനാടൻ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് പടിഞ്ഞാറൻ മേഖലകളിൽ അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കും. ഇത് കനത്ത മൂടൽമഞ്ഞിന് കാരണമായേക്കാം. വ്യാഴാഴ്ച രാത്രിയോടെ വടക്കൻ മേഖലകളിൽ ആകാശം മേഘാവൃതമാകാനും നേരിയ മഴയ്ക്കും സാധ്യതയുണ്ട്. വെള്ളിയാഴ്ചയോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച രാത്രി മുതൽ അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. വെള്ളിയാഴ്ചയോടെ ഒമാൻ കടലിലും തിരമാലകൾ ശക്തമായേക്കാം. മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.
Property Buyers യുഎഇയിൽ പ്രോപ്പർട്ടികൾ വാങ്ങുന്നവർ കൂടുതലായും തെരഞ്ഞെടുക്കുന്നത് ഈ എമിറേറ്റോ? കാരണം അറിയാം…
Property Buyers ഷാർജ: യുഎഇയിൽ പ്രോപ്പർട്ടികൾ വാങ്ങുന്നവർ കൂടുതലായും തെരഞ്ഞെടുക്കുന്നത് ഏത് എമിറേറ്റാണെന്ന് നിങ്ങൾക്കറിയാമോ. ഷാർജ എന്നാണ് ഇതിനുത്തരം. കൂടുതൽ ജിസിസി പൗരന്മാർ അവരുടെ രണ്ടാമത്തെ വീടുകളായി ഷാർജയിൽ പ്രോപ്പർട്ടികൾ വാങ്ങുന്നുവെന്നാണ് വ്യവസായ എക്സിക്യൂട്ടീവുകൾ വ്യക്തമാക്കുന്നത്. ഷാർജയിലെ റിയൽ എസ്റ്റേറ്റ് വിപണി മറ്റ് എമിറേറ്റുകളെ അപേക്ഷിച്ച് സ്ഥിരതയുള്ള മൂലധന വളർച്ച വാഗ്ദാനം ചെയ്യുന്നതിനാലാണ് കൂടുതൽ പേരും ഷാർജയിൽ പ്രോപ്പർട്ടികൾ വാങ്ങുന്നത്. ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളും ഇതാണ് പ്രതിഫലിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ജിസിസി പൗരന്മാർ ഷാർജയിൽ 2,055 പ്രോപ്പർട്ടികളിലായി 3.4 ബില്യൺ ദിർഹം നിക്ഷേപിച്ചു.
ഷാർജയെ തങ്ങളുടെ രണ്ടാമത്തെ വീടായി കാണാൻ തുടങ്ങിയിരിക്കുന്ന വിനോദസഞ്ചാരികളുടെയും ജിസിസി പൗരന്മാരുടെയും ഒഴുക്ക് വർദ്ധിച്ചുവരികയാണെന്ന് ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വകുപ്പിലെ പഠന-ഗവേഷണ ബ്യൂറോ മേധാവി ലാമിയ അൽ ജുവൈദ് പറഞ്ഞു. ജിസിസിയിലുടനീളം ഷാർജ ധാരാളം നിക്ഷേപകരെ ആകർഷിക്കുന്നുണ്ടെന്ന് ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ചീഫ് റിയൽ എസ്റ്റേറ്റ് ഓഫീസർ യൂസിഫ് അഹമ്മദ് അൽ മുതവയും സ്ഥിരീകരിച്ചു. റിയൽ എസ്റ്റേറ്റ് വിപണിയുടെ സ്ഥിരതയ്ക്കും അടിസ്ഥാന സൗകര്യ തുടർച്ചയ്ക്കും ഷാർജ സർക്കാർ പ്രാധാന്യം നൽകുന്നുവെന്ന് ആലെഫ് ഗ്രൂപ്പിലെ മാർക്കറ്റിംഗ് സ്ട്രാറ്റജി ആൻഡ് ബ്രാൻഡിംഗ് സീനിയർ വൈസ് പ്രസിഡന്റ് നൊറീൻ നസ്രല്ല വ്യക്തമാക്കി.
ഷാർജ ഒരു കുടുംബ കേന്ദ്രീകൃത എമിറേറ്റാണെന്നും അതിനാൽ, അവരുടെ വാങ്ങുന്നവരിൽ ഭൂരിഭാഗവും നിക്ഷേപകരല്ല, മറിച്ച് അന്തിമ ഉപയോക്താക്കളാണെന്നും അൽ തുരിയ ഗ്രൂപ്പിന്റെ വൈസ് ചെയർമാൻ റെയ്മണ്ട് ഖൗസാമി പറഞ്ഞു.
Rupee Exchange Value നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികൾക്ക് സന്തോഷവാർത്ത; രൂപയുടെ മൂല്യത്തിൽ ഇടിവ്
Rupee Exchange Value ദുബായ്: ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നു. ചൊവ്വാഴ്ച യുഎസ് ഡോളറിനെതിരെ 91.82 എന്ന നിലയിലാണ് (യുഎഇ ദിർഹത്തിനെതിരെ 25.01907) ഇന്ത്യൻ രൂപ വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞയാഴ്ച രൂപയുടെ മൂല്യം 1.18 ശതമാനം ഇടിഞ്ഞ് ഒരു ഡോളറിന് 92.00 എന്ന നിരക്കിലെത്തിയിരുന്നു.
ജനുവരി മാസത്തിൽ മാത്രം ഏകദേശം 4 ബില്യൺ ഡോളറിന്റെ വിദേശ നിക്ഷേപമാണ് ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് പിൻവലിക്കപ്പെട്ടത്. വിദേശ നിക്ഷേപകർ ഓഹരികൾ വിറ്റഴിച്ച് ഡോളർ വാങ്ങുന്നത് രൂപയുടെ മൂല്യത്തെ സാരമായി ബാധിക്കുന്നുണ്ട്. രൂപയുടെ മൂല്യം ഇനിയും കുറയുമെന്ന് പ്രതീക്ഷിച്ച് ഇറക്കുമതിക്കാരും നിക്ഷേപകരും വൻതോതിൽ ഡോളർ വാങ്ങി കൂട്ടുന്നത് തിരിച്ചടി സൃഷ്ടിക്കുന്നുണ്ട്. ആഗോള സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ പോലും ഈ ആഭ്യന്തര ആവശ്യം രൂപയെ സമ്മർദ്ദത്തിലാക്കുന്നു. രൂപയുടെ മൂല്യം കുത്തനെ ഇടിയാതിരിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വിപണിയിൽ ഇടപെട്ട് ഡോളർ വിറ്റഴിക്കുന്നുണ്ട്. എന്നാൽ ഇത് മൂല്യമിടിവിന്റെ വേഗത കുറയ്ക്കാൻ മാത്രമാണ് സഹായിക്കുന്നത്. തകർച്ച പൂർണ്ണമായും തടയാൻ സാധിക്കുന്നില്ല.
Fuel Price UAE ഫെബ്രുവരി മാസം യുഎഇയിൽ ഇന്ധനവില ഉയരുമോ?
Fuel Price UAE ദുബായ്: യുഎഇയിൽ 2026 ഫെബ്രുവരി മാസത്തിൽ പെട്രോൾ വില ഉയർന്നേക്കാം. ജനുവരിയിൽ ആഗോള എണ്ണവിലയിലുണ്ടായ വർധനവിനെ തുടർന്നാണ് യുഎഇയിൽ എണ്ണ വില ഉയരാനുള്ള സാധ്യതയുള്ളത്. ഇറാൻ, വെനിസ്വേല എന്നിവിടങ്ങളിൽ നിന്നുള്ള വിതരണ തടസ്സ ഭീതിയും ഭൂരാഷ്ട്രീയ സംഘർഷങ്ങളും കാരണം ബ്രെന്റ് ഓയിലിന്റെ ശരാശരി ക്ലോസിംഗ് വില ഈ മാസം ബാരലിന് 63.47 ഡോളറായിരുന്നു. 2025 ഡിസംബറിൽ ഇത് 61.51 ഡോളറായിരുന്നു. ഈ മാസത്തെ ആദ്യ മൂന്ന് ആഴ്ചകളിൽ ബ്രെന്റ് വില ബാരലിന് 66.52 ഡോളറിൽ ഏറ്റവും ഉയർന്ന നിലയിലെത്തി.
ചൊവ്വാഴ്ച രാവിലെ ബ്രെന്റും ഡബ്ല്യുടിഐയും യഥാക്രമം 65.5 ഡോളറും 60.6 ഡോളറും എന്ന നിലയിൽ സ്ഥിരത കൈവരിച്ചു. ജനുവരി മാസത്തിൽ യുഎഇയിൽ, സൂപ്പർ 98, സ്പെഷ്യൽ 95, ഇ-പ്ലസ് എന്നീ മൂന്ന് പെട്രോൾ വേരിയന്റുകളുടെ വില യഥാക്രമം ലിറ്ററിന് 2.53 ദിർഹം, 2.42 ദിർഹം, 2.34 ദിർഹം എന്നിങ്ങനെയായിരുന്നു. യുഎഇയിൽ വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്നത് പെട്രോളിനും ഡീസലിനും കൂടുതൽ ആവശ്യകത വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. യുഎഇയിലെ ഏറ്റവും വലിയ ഇന്ധന റീട്ടെയിലറായ അഡ്നോക് ഡിസ്ട്രിബ്യൂഷന്റെ കണക്കനുസരിച്ച്, 2026 ജനുവരി-സെപ്റ്റംബർ കാലയളവിൽ 85 പുതിയ സർവീസ് സ്റ്റേഷനുകൾ കൂടി ചേർത്തതോടെ, ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒമ്പത് മാസത്തെ ഇന്ധന അളവ് കൈവരിച്ചു.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ, വെനിസ്വേല പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള എണ്ണലഭ്യതയെക്കുറിച്ചുള്ള അനിശ്ചിതത്വം, ആഗോള എണ്ണ ഉൽപ്പാദനത്തിലെ താൽക്കാലിക പ്രശ്നങ്ങൾ എന്നിവയാണ ഇപ്പോഴത്തെ എണ്ണ വില വർധനവിന് പ്രധാന കാരണം. ഇറാനിൽ അമേരിക്കയുടെ ശ്രദ്ധ പുതുക്കിയതോടെ ഊർജ്ജ വിപണികൾ ക്രൂഡ് ഓയിലിന്റെ വില വീണ്ടും ഉയർത്തിയതായി സെഞ്ച്വറി ഫിനാൻഷ്യലിന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസർ വിജയ് വലേച്ച വ്യക്തമാക്കി.
മകളെ സന്ദര്ശിക്കാനെത്തിയ യാത്ര അവസാനയാത്രയായി; മലയാളി ഹൃദയാഘാതം മൂലം മരിച്ചു
Malayali dies ഒമാനിലെ സലാലയിലുള്ള മകളെ സന്ദർശിക്കാനെത്തിയ ആലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. തകഴി കുന്നുമ്മ മങ്ങാട്ടു വീട്ടിൽ കേശവ പണിക്കരുടെ മകൻ രമേശൻ (64) ആണ് മരിച്ചത്. സലാലയിൽ താമസിക്കുന്ന മകൾ നീതുവിനെ കാണാനായി എത്തിയതായിരുന്നു രമേശൻ. കഴിഞ്ഞ ദിവസം പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതയെത്തുടർന്ന് അദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: വാസന്തി അമ്മ, ഭാര്യ: ജയലക്ഷ്മി, മക്കൾ: നീതു, ഗീതു, മരുമക്കൾ: ദത്തൻ, അജയ്. നിലവിൽ മൃതദേഹം സലാല സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹ്യപ്രവർത്തകനായ അബ്ദുൽ സലാം അറിയിച്ചു.