Air India Express flight cancelled ദുബായ്: പ്രത്യേക സാഹചര്യങ്ങൾ കാരണം ദുബായിൽ നിന്ന് മംഗളൂരുവിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 814 വിമാനം റദ്ദാക്കിയതായി കമ്പനി വക്താവ് അറിയിച്ചു. റദ്ദാക്കിയ വിമാനത്തിലെ യാത്രക്കാർക്കായി എയർപോർട്ട് ഹോട്ടലിൽ പ്രത്യേക താമസ സൗകര്യങ്ങളും ഭക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. മംഗളൂരുവിൽ നിന്ന് ദുബായിലേക്ക് പറന്നുയർന്ന വിമാനത്തിലെ ഒരു യാത്രക്കാരന് മെഡിക്കൽ അടിയന്തരാവസ്ഥ ഉണ്ടായതിനെത്തുടർന്ന് വിമാനം മംഗളൂരുവിൽ തിരിച്ചിറക്കി. ഇത് വിമാനത്തിന്റെ സമയക്രമം തെറ്റിക്കുകയും ദുബായിൽ നിന്നുള്ള മടക്കയാത്രയെ (IX 814) ബാധിക്കുകയും ചെയ്തു. ദുബായിൽ യാത്രക്കാരുമായി വിമാനം പുറപ്പെടാൻ തയ്യാറായപ്പോൾ, വ്യോമമേഖലയിലെ തിരക്ക് കാരണം ഡിപ്പാർച്ചർ സ്ലോട്ട് അംഗീകാരങ്ങളിൽ നിയന്ത്രണങ്ങൾ നേരിട്ടതായും കമ്പനി വക്താവ് അറിയിച്ചു. ഈ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്താണ് വിമാനം റദ്ദാക്കാൻ തീരുമാനിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy വിമാനം റദ്ദാക്കിയതിനെത്തുടർന്ന് എല്ലാ യാത്രക്കാർക്കും ഉടൻ തന്നെ ദുബായിലെ എയർപോർട്ട് ഹോട്ടലിൽ താമസ സൗകര്യവും ഭക്ഷണവും കമ്പനി ഏർപ്പെടുത്തി. യാത്ര റദ്ദാക്കാൻ ആഗ്രഹിച്ചവർക്ക് ടിക്കറ്റ് റദ്ദാക്കി പണം തിരിച്ചുനൽകി. യാത്ര പുനഃക്രമീകരിക്കാൻ തീരുമാനിച്ചവർക്കും കണ്ണൂർ പോലുള്ള സമീപ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ താത്പര്യപ്പെട്ടവർക്കും അതിനനുസരിച്ചുള്ള സഹായങ്ങൾ നൽകിയതായും എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചു. യാത്രക്കാർക്ക് ആദ്യം ബർഗറും പിന്നീട് ഹോട്ടലിൽ ഭക്ഷണവും നൽകി. ഇന്നലെ (ബുധനാഴ്ച) രാത്രി യുഎഇ സമയം 11.40-ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണിത്. ഭർത്താവ് മരിച്ചതിനെത്തുടർന്ന് അടിയന്തരമായി നാട്ടിലേക്ക് പുറപ്പെട്ട മംഗളൂരു സ്വദേശിനി ബോധരഹിതയായത് വിമാനത്താവളത്തിൽ ആശങ്കയുണ്ടാക്കി. ഉടൻ ആംബുലൻസ് എത്തി യുവതിക്ക് പ്രാഥമിക ചികിത്സ നൽകി. ഇന്ന് (വ്യാഴാഴ്ച) ഇന്ത്യൻ സമയം രാവിലെ 7.30-ന് മംഗളൂരുവിൽ എത്തേണ്ട വിമാനമായിരുന്നു ഇത്. സാങ്കേതിക തകരാർ പരിഹരിക്കാതെ വിമാനം പുറപ്പെടില്ലെന്നും എല്ലാവരെയും ഹോട്ടലിലേക്ക് മാറ്റുകയാണെന്നും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ യാത്രക്കാരെ അറിയിച്ചിരുന്നു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ഖേദം രേഖപ്പെടുത്തി.
യുഎഇയിലെ പുതിയ ജോലി ഒഴിവുകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യുഎഇ സോഷ്യൽ മീഡിയ പരസ്യ പെർമിറ്റ്: രജിസ്ട്രേഷൻ കാലാവധി നീട്ടി
uae social media advertisement permit ദുബായ്: യുഎഇയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പരസ്യം ചെയ്യുന്ന വ്യക്തികൾക്കുള്ള അഡ്വർടൈസർ പെർമിറ്റ് രജിസ്ട്രേഷന്റെ കാലാവധി നീട്ടി നൽകി. ജൂലൈയിൽ അവതരിപ്പിച്ച ഈ പദ്ധതിയിലേക്ക് ഇനി 2026 ജനുവരി 31 വരെ രജിസ്റ്റർ ചെയ്യാം. സോഷ്യൽ മീഡിയ, വെബ്‌സൈറ്റുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവിടങ്ങളിൽ പ്രതിഫലം വാങ്ങിച്ചോ അല്ലാതെയോ പരസ്യങ്ങൾ ചെയ്യുന്നതിന് ഈ പെർമിറ്റ് നിർബന്ധമാണ്. ഡിജിറ്റൽ പരസ്യ മേഖലയിൽ സുതാര്യതയും ഉപയോക്തൃ സംരക്ഷണവും ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് യുഎഇ മീഡിയ കൗൺസിൽ ഈ പെർമിറ്റ് നിർബന്ധമാക്കിയത്. മികച്ച ഉള്ളടക്കം നിർമിക്കാനും മേഖലയിലെ നിക്ഷേപം വർദ്ധിപ്പിക്കാനും കഴിവുള്ളവരെ ഈ രംഗത്തേക്ക് ആകർഷിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. 18 വയസ് പൂർത്തിയായ യുഎഇ പൗരന്മാർക്കും താമസക്കാർക്കും പെർമിറ്റിന്റെ കാലാവധി ഒരു വർഷമാണ്. ഇത് വർഷം തോറും പുതുക്കാം. ഇവർക്ക് ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള ഇലക്ട്രോണിക് മീഡിയ ട്രേഡ് ലൈസൻസ് നിർബന്ധമാണ്. യുഎഇ സന്ദർശകർക്ക് ലൈസൻസുള്ള പരസ്യ ഏജൻസികൾ വഴിയോ ടാലൻ്റ് മാനേജ്‌മെൻ്റ് ഏജൻസികൾ വഴിയോ പരസ്യം ചെയ്യാനുള്ള പെർമിറ്റ് നേടാം. ഇതിന് മൂന്ന് മാസം വരെയാണ് സാധുത. പിന്നീട് ഇത് പുതുക്കാവുന്നതാണ്. പെർമിറ്റ് ലഭിക്കുന്നവർ പരസ്യങ്ങളിൽ ഉയർന്ന ഉള്ളടക്ക നിലവാരം പാലിക്കണം. രജിസ്റ്റർ ചെയ്ത അക്കൗണ്ടുകളിൽ പെർമിറ്റ് നമ്പർ വ്യക്തമായി പ്രദർശിപ്പിക്കണം. വ്യാജ കമ്പനികളെയും അക്കൗണ്ടുകളെയും ഉപയോഗിച്ച് പരസ്യം നൽകുന്നതിന് കര്‍ശന വിലക്കുണ്ട്. സ്വന്തം ഉൽപ്പന്നങ്ങളോ സേവനങ്ങളോ മാത്രം പരസ്യം ചെയ്യുന്ന വ്യക്തികളെ ഈ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിദ്യാഭ്യാസപരമോ, സാംസ്കാരികപരമോ ആയ കാര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രായപൂർത്തിയാകാത്തവർക്കും പെർമിറ്റ് ബാധകമല്ല. പുതിയ നിയമങ്ങൾ പാലിക്കാൻ കമ്പനികൾക്കും വ്യക്തികൾക്കും കൂടുതൽ സമയം നൽകുന്നതിൻ്റെ ഭാഗമായാണ് യുഎഇ മീഡിയ കൗൺസിൽ രജിസ്ട്രേഷൻ സമയം നീട്ടി നൽകിയതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.