Kuwait Weather കുവൈത്ത് സിറ്റി: കുവൈത്തിൽ തണുപ്പേറും. രാജ്യത്തെ താപനില 5 ഡിഗ്രി സെൽഷ്യസായി കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. തീരദേശ പ്രദേശങ്ങളിൽ ശക്തമായ മഴ അനുഭവപ്പെട്ടേക്കാം. ശക്തമായ കാറ്റ് വീശിയേക്കാനുമിടയുണ്ട്.
മിതമായ വടക്കുപടിഞ്ഞാറൻ കാറ്റ് ക്രമേണ കൂടുതൽ സജീവമാവുകയും മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ എത്തുകയും ചെയ്യും. ഇത് ഉയർന്ന കടൽ തിരമാലകൾക്ക് കാരണമാകും. പ്രതീക്ഷിക്കുന്ന പരമാവധി താപനില 13 മുതൽ 15 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്നും, കടൽ മിതമായതോ പ്രക്ഷുബ്ധമായിരിക്കുമെന്നും, 3 മുതൽ 6 അടി വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധിരാർ അൽ അലി വ്യക്തമാക്കി. വെള്ളിയാഴ്ച്ച രാത്രി തണുത്ത കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ചില പ്രദേശങ്ങളിൽ നേരിയ മൂടൽ മഞ്ഞിനും സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
Grand Hypermarket ഷോപ്പിംഗ് പ്രേമികൾക്ക് സന്തോഷവാർത്ത; ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന് രണ്ട് പുതിയ ബ്രാഞ്ചുകൾ
Grand Hypermarket കുവൈത്ത് സിറ്റി: റീട്ടെയിൽ മേഖലയിലെ തങ്ങളുടെ സാന്നിധ്യം കൂടുതൽ വിപുലീകരിച്ച് ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ്. രണ്ട് പുതിയ ബ്രാഞ്ചുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഉപഭോക്താക്കൾക്ക് ആധുനികവും സൗകര്യപ്രദവുമായ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷോപ്പിംഗ് അനുഭവം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഔട്ട്ലെറ്റുകൾ ആരംഭിച്ചതെന്ന് ഗ്രാൻഡ് ഹൈപ്പർ മാനേജ്മെന്റ് വ്യക്തമാക്കി.
ഗ്രാൻഡ് ഹൈപ്പറിന്റെ 47-ാമത് ശാഖ ഡിസംബർ 18-ാം തീയതി വ്യാഴാഴ്ച രാവിലെ 11.00 മണിക്ക് റെഗ്ഗേയിലെ ബ്ലോക്ക് 2, സ്ട്രീറ്റ് 21 എന്ന വിലാസത്തിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. 550 സ്ക്വയർ മീറ്റർ വിസ്തീർണ്ണമുള്ള ഈ ശാഖ, റെഗ്ഗേ മേഖലയിലെ ഗ്രാൻഡ് ഹൈപ്പറിന്റെ രണ്ടാമത്തെ ഔട്ട്ലെറ്റാണ് ആരംഭിച്ചത്. പ്രവാസികൾക്കും കുവൈത്തിലെ താമസക്കാർക്കും സൗകര്യപ്രദമായ രീതിയിൽ ഷോപ്പിംഗ് അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ബ്രാഞ്ച് ആരംഭിച്ചത്.
ഗ്രാൻഡ് ഹൈപ്പറിന്റെ 48-ാമത് ശാഖയായ ജലീബ് ഗ്രാൻഡ് ഹൈപ്പർ ഡിസംബർ 18 വ്യാഴാഴ്ച വൈകിട്ട് 4.00 മണിക്ക് ഉദ്ഘാടനം ചെയ്തു. സ്ട്രീറ്റ് 90, ബ്ലോക്ക് 1 എന്ന വിലാസത്തിൽ പ്രവർത്തനം ആരംഭിച്ച ഈ ശാഖയ്ക്ക് 2,200 സ്ക്വയർ മീറ്റർ വിസ്തീർണ്ണമാണുള്ളത്. ജലീബ് മേഖലയിലെ ഗ്രാൻഡ് ഹൈപ്പറിന്റെ രണ്ടാമത്തെ വലിയ ഔട്ട്ലെറ്റായ ഈ ശാഖ, കൂടുതൽ വിപുലമായ ഉൽപ്പന്ന ശേഖരവും ആധുനിക സൗകര്യങ്ങളും ഉൾപ്പെടുത്തി ഉപഭോക്താക്കൾക്ക് സമഗ്രമായ ഷോപ്പിംഗ് അനുഭവം നൽകും.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഇരുശാഖകളിലും വൻ ഡിസ്കൗണ്ടുകൾ, വിപുലമായ ഉൽപ്പന്ന ശ്രേണി, ഉപഭോക്തൃ സൗഹൃദ വിലകൾ, പ്രത്യേക പ്രമോഷൻ ഓഫറുകൾ തുടങ്ങിയവയാണ് ഒരുക്കിയിരിക്കുന്നത്. പ്രവാസി സമൂഹത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ഗുണമേന്മയും വിലക്കുറവും ഉറപ്പുവരുത്തുന്ന സേവനങ്ങളാണ് ഗ്രാൻഡ് ഹൈപ്പർ തുടർച്ചയായി അവതരിപ്പിച്ചുവരുന്നതെന്നും, ഈ പുതിയ ശാഖകളുടെ ഉദ്ഘാടനം കുവൈത്തിലെ റീട്ടെയിൽ രംഗത്ത് കമ്പനിയുടെ വളർച്ചയ്ക്ക് പുതിയ അധ്യായമാകുമെന്നും മാനേജ്മെന്റ് കൂട്ടിച്ചേർത്തു. ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്സ്, ഫാഷൻ ഉൽപ്പന്നങ്ങൾ, ദൈനംദിന ആവശ്യവസ്തുക്കൾ എന്നിവയെല്ലാം ഈ ബ്രാഞ്ചുകളിലുണ്ടാകും.
Winter Solstice കുവൈത്തിൽ ഡിസംബർ 21 ന് റജബ് മാസാരംഭം; വിന്റർ സോളിസ്റ്റിസ് ഞായറാഴ്ച്ചയെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ, വർഷത്തിലെ ദൈർഘ്യമേറിയ രാത്രി
Winter Solstice കുവൈത്ത് സിറ്റി: കുവൈത്തിൽ ഡിസംബർ 21 ന് റജബ് മാസാരംഭമായിക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ. കുവൈത്ത് സമയം ശനിയാഴ്ച്ച പുലർച്ചെ 4.44 ന് റജബ് മാസാരംഭ ചന്ദ്രക്കല പിറവിയെടുക്കുമെന്നും അതേദിവസം സൂര്യസ്തമനത്തിന് ശേഷം ഏകദേശം എട്ട് മിനിറ്റ് കഴിഞ്ഞ് അസ്തമിക്കുമെന്നും കേന്ദ്രം അറിയിച്ചു.
വിന്റർ സോളിസ്റ്റിസ് അഥവാ ശീതകാല അറുതി എന്ന പ്രതിഭാസവും ഞായറാഴ്ച്ചയായിരിക്കും. വർഷത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ പകലിനും ദൈർഘ്യമേറിയ രാത്രിക്കുമായിരിക്കും ഈ ദിവസം സാക്ഷ്യം വഹിക്കുക. വർഷം തോറും സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് വിന്റർ സോളിസ്റ്റിസ് അഥവാ ശീതകാല അറുതി. ഭൂമി അതിന്റെ അച്ചുത്തണ്ടിൽ 23.4 ഡിഗ്രി ചരിഞ്ഞിരിക്കുന്നു. അതിനാൽ ഭൂമിയുടെ ധ്രുവം പകൽ സമയത്ത് സൂര്യന്റെ നേരെയോ അല്ലെങ്കിൽ സൂര്യനിൽനിന്ന് അകലെയോ ആയിരിക്കും. എല്ലാവർഷവും ഈ ദിവസം സൂര്യന്റെ ചാപം ഉയരുകയും താഴുകയും ചെയ്യും. ഉത്തരാർദ്ധഗോളത്തിൻറെ ചരിവ് സൂര്യനിൽ നിന്ന് ഏറ്റവും അകന്നു നിൽക്കുന്നതുകൊണ്ടാണ് ഈ ദിവസത്തിൽ പകലിന്റെ ദൈർഘ്യം കുറവും രാത്രിയുടെ ദൈർഘ്യം കൂടുതലായും അനുഭവപ്പെടുന്നത്.
Fake Certificate വ്യാജ സർട്ടിഫിക്കറ്റുകളുടെ ഉപയോഗം തടയാൻ കർശന നടപടിയുമായി കുവൈത്ത്; പുതിയ നിബന്ധനകളുമായി സിവിൽ സർവീസ് കമ്മീഷൻ
Fake Certificate കുവൈത്ത് സിറ്റി: സർക്കാർ സർവീസുകളിൽ വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്നത് തടയാൻ കർശന നടപടികളുമായി കുവൈത്ത്. സിവിൽ സർവീസ് കമ്മീഷനാണ് ഇതിനായുള്ള നടപടികൾ സ്വീകരിക്കുന്നത്. എല്ലാ സർക്കാർ ഏജൻസികൾക്കും വകുപ്പുകൾക്കും കമ്മീഷൻ തലവൻ ഡോ. ഇസാം അൽ റുബൈയാൻ ഇതുസംബന്ധിച്ച് ഔദ്യോഗിക സർക്കുലർ അയച്ചു.
സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനായി ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച പുതിയ ഇലക്ട്രോണിക് ഫോം ഇനി മുതൽ നിർബന്ധമാക്കുമെന്ന് സർക്കുലറിൽ പറയുന്നു. പുതിയ നിബന്ധന പ്രകാരം, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നൽകുന്ന ഔദ്യോഗിക തുല്യതാ ഫോമുമായി പൊരുത്തപ്പെടുന്ന സർട്ടിഫിക്കറ്റുകൾക്ക് മാത്രമേ ഇനി മുതൽ അംഗീകാരം നൽകുകയുള്ളൂ. നിയമനങ്ങളിലും പ്രമോഷനുകളിലും സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. സർട്ടിഫിക്കറ്റുകളുടെ കാര്യത്തിൽ എന്തെങ്കിലും തരത്തിലുള്ള അവ്യക്തതയോ വൈരുദ്ധ്യമോ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട വകുപ്പുകൾ നേരിട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി ബന്ധപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kuwait Airways മോശം കാലാവസ്ഥ; വിമാന സർവ്വീസുകളുടെ സമയക്രമത്തിൽ മാറ്റമുണ്ടാകുമെന്ന് കുവൈത്ത് എയർവേയ്സ്
Kuwait Airways കുവൈത്ത് സിറ്റി: മോശം കാലാവസ്ഥയെ തുടർന്ന് വിമാന സർവ്വീസുകളുടെ സമയക്രമത്തിൽ മാറ്റമുണ്ടാകുമെന്ന് കുവൈത്ത് എയർവേയ്സ്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളിയാഴ്ച വരെയുള്ള ചില വിമാനങ്ങൾ താൽക്കാലികമായി വഴിതിരിച്ചുവിടുകയോ സമയക്രമത്തിൽ മാറ്റം വരുത്തുകയോ ചെയ്യുമെന്നാണ് അറിയിപ്പ്. യാത്രക്കാരുടെ സുരക്ഷയും പ്രവർത്തനക്ഷമതയും ഉറപ്പാക്കുന്നതിനായി, എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണെന്നും കുവൈത്ത് എയർവേയ്സ് വ്യക്തമാക്കി.
എല്ലാ അപ്ഡേറ്റുകളും ടിക്കറ്റ് ബുക്കിംഗ് സമയത്ത് നൽകിയിട്ടുള്ള കോൺടാക്റ്റ് വിവരങ്ങൾ ഉപയോഗിച്ച് യാത്രക്കാരെ നേരിട്ട് അറിയിക്കുമെന്നാണ് എയർലൈൻ എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചിരിക്കുന്നത്. എയർലൈന്റെ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങളാണ് ഈ തടസ്സങ്ങൾക്ക് കാരണമെന്ന് കുവൈത്ത് എയർവേയ്സ് ചൂണ്ടിക്കാട്ടി. യാത്രക്കരുടെ സഹകരണത്തിന് കമ്പനി നന്ദി അറിയിക്കുകയും ചെയ്തു. കൂടുതൽ വിവരങ്ങൾ അറിയാനായി യാത്രക്കാർ കുവൈത്തിനുള്ളിൽ നിന്ന് 171 എന്ന നമ്പറിലോ, രാജ്യത്തിന് പുറത്തുനിന്ന് +965 24345555 (എക്സ്റ്റൻഷൻ 171) എന്ന നമ്പറിലോ കസ്റ്റമർ സർവീസ് സെന്ററുമായി ബന്ധപ്പെടേണ്ടതാണ്. +965 1802050 എന്ന വാട്ട്സ്ആപ്പ് സേവനം വഴിയും യാത്രക്കാർക്ക് വിവരങ്ങൾ അറിയാം.
കുവൈത്തിലുടനീളം മഴയ്ക്ക് സാധ്യതയുണ്ടെന്നും ചില പ്രദേശങ്ങിളിൽ ശക്തമായ മഴ അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരുന്നത്. വ്യാഴാഴ്ച്ച ഉച്ചയോടെ മഴ ശക്തമാകുമെന്നും മൂടൽ മഞ്ഞിനെ തുടർന്ന് ദൃശ്യപരത കുറയാനിടയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താപനിലയിലും കുറവ് അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Flight Emergency Landing സാങ്കേതിക തകരാർ; ഗൾഫിൽ നിന്നെത്തിയ വിമാനം അടിയന്തരമായി കൊച്ചിയിൽ ഇറക്കി, ഒഴിവായത് വൻ ദുരന്തം
Flight Emergency Landing കൊച്ചി: ഗൾഫിൽ നിന്ന് എത്തിയ വിമാനത്തിന് കൊച്ചിയിൽ അടിയന്തര ലാൻഡിങ്. സാങ്കേതിക തകരാറിനെ തുടർന്നാണ് ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്. ലാൻഡിങിനിടെ വിമാനത്തിന്റെ ടയറുകൾ പൊട്ടിത്തെറിച്ചു. വൻ ദുരന്തമാണ് ഒഴിവായതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിമാനത്തിലെ യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
160 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ലാൻഡിംഗ് ഗിയറിന് തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിമാനം നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചുവിട്ടത്. ഇറങ്ങുന്നതിനിടെ വിമാനത്തിന്റെ വലതുവശത്തെ രണ്ട് ടയറുകൾ പൊട്ടിത്തെറിച്ചു. ലാൻഡിംഗിന് ശേഷം നടത്തിയ പരിശോധനയിലാണ് ടയറുകൾ പൊട്ടിത്തെറിച്ചതിനെ കുറിച്ച് വ്യക്തമായത്.
ലാൻഡിങ് ഗിയറിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് നെടുമ്പാശ്ശേരിയിൽ വിമാനം ഇറക്കാൻ പൈലറ്റ് അനുമതി തേടിയത്. വിമാനം കരിപ്പൂരിൽ ഇറക്കുന്നത് സുരക്ഷിതമല്ലെന്ന് തോന്നിയതോടെയായിരുന്നു പൈലറ്റിന്റെ നടപടി. തകരാർ സംബന്ധിച്ച വിവരം രാവിലെ തന്നെ സിയാൽ അധികൃതർക്ക് ലഭിച്ചിരുന്നു. എന്നാൽ യാത്രക്കാരുടെ ബന്ധുക്കൾക്കിടയിൽ പരിഭ്രാന്തി ഒഴിവാക്കാൻ വിവരം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. വിമാനം ലാൻഡിങ് നടത്തിയപ്പോൾ അധികൃതർ സുരക്ഷാ സന്നാഹങ്ങളെല്ലാം ഒരുക്കിയിരുന്നു. ആംബുലൻസും ഫയർഫോഴ്സും റൺവേയ്ക്ക് സമീപം അധികൃതർ സജ്ജമാക്കിയിട്ടുണ്ടായിരുന്നു.
Drug Case സമുദ്ര അതിർത്തിക്കുള്ളിൽ വൻതോതിൽ ലഹരി കൈമാറ്റം; കുവൈത്തിൽ നാല് പ്രവാസികൾക്ക് വധശിക്ഷ
Drug Case കുവൈത്ത് സിറ്റി: ലഹരി കടത്ത് കേസിൽ നാലു പ്രവാസികളുടെ വധശിക്ഷ ശരിവെച്ച് കുവൈത്ത് കോടതി. നാലു ഇറാനിയൻ സ്വദേശികൾക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. ക്രിമിനൽ കോടതി വിധിച്ച വധശിക്ഷ കുവൈത്ത് അപ്പീൽ കോടതിയാണ് ശരിവെച്ചത്. ജസ്റ്റീസ് നസർ സലീം അൽ ഹൈദ് അധ്യക്ഷനായ അപ്പീൽ കോടതിയുടെ രണ്ടാം സർക്യൂട്ട് ആണ് വിധി പുറപ്പെടുവിച്ചത്.
322 കിലോഗ്രാം ഹാഷിഷ് വിൽപ്പനയ്ക്കായി രാജ്യത്തേക്ക് കടത്തി എന്നാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്മെന്റും കോസ്റ്റ് ഗാർഡും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. കുവൈത്ത് സമുദ്ര അതിർത്തിക്കുള്ളിൽ വലിയ രീതിയിലുള്ള ലഹരി കൈമാറ്റം നടക്കുമെന്ന് അധികൃതർക്ക് രഹസ്യ വിവരം ലഭിച്ചതിന് അടിസ്ഥാനത്തിൽ നടത്തിയ റഡാർ നിരീക്ഷണത്തിലാണ് ഇറാനിൽ നിന്നുള്ള ഒരു കപ്പലും ലഹരിമരുന്ന് ഏറ്റുവാങ്ങാൻ എത്തിയ സ്പീഡ് ബോട്ടും കണ്ടെത്തിയത്. സമുദ്ര മധ്യത്തിൽ വച്ച് ലഹരി കൈമാറുന്നതിനിടെ പ്രതികൾ പിടിയിലാകുകയായിരുന്നു. 322 കിലോ ഹാഷിഷ് ആണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. 8 ബാഗുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ഇവയെന്ന് അധികൃതർ വ്യക്തമാക്കി.
Diesel Hunt കുവൈത്തിൽ വൻ ഡിസൽവേട്ട; ഒളിപ്പിച്ചുവെച്ച കണ്ടെയ്നറുകൾ പിടിച്ചെടുത്തു
Diesel Hunt കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ ഡീസൽവേട്ട. അൽ ഖുവൈസത്ത് പ്രദേശത്ത് ഡീസൽ ഉത്പന്നങ്ങൾ നിറച്ച പത്ത് കണ്ടെയ്നറുകൾ സുരക്ഷാ സേന കണ്ടെത്തി. സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയിൽ കണ്ടെയ്നറുകൾ കണ്ടെത്തിയതിനെ തുടർന്ന് ഉടൻ തന്നെ ഇവ പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട് നാലു പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ നിയമ നടപടികൾക്കായി അറസ്റ്റിലായ പ്രതികളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
കുടുംബ വിശ്രമ കേന്ദ്രത്തിനായി അനുവദിച്ചിരുന്ന ഭൂമി വ്യക്തിയിൽ നിന്നും തിരിച്ചുപിടിക്കാൻ നേരത്തെ അധികൃതർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ വ്യക്തി ഉത്തരവ് ലംഘിക്കുകയും കരാറുകൾക്ക് കീഴിൽ വെയർ ഹൗസുകളായി ഉപയോഗിക്കുന്നതിന് നിരവധി കമ്പനികൾക്ക് സ്ഥലം നിയമ വിരുദ്ധമായി വാടകയ്ക്ക് നൽകുകയും ചെയ്തിരുന്നു. ഭൂമി സർക്കാർ ഉടമസ്ഥതയിലുള്ളതാണെന്നും പാട്ടത്തിന് നൽകുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്നും ഈ കമ്പനികൾക്ക് അറിയില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.
അതേസമയം, ഡീസൽ കടത്തുമായി ബന്ധപ്പെട്ട് അടുത്തിടെ ഒരു സംഘത്തെ അധികൃതർ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ശക്തമായ പരിശോധന അധികൃതർ നടത്തിവരുന്നുണ്ട്.
New Year Holiday പുതുവത്സരാഘോഷം; പൊതുഅവധി പ്രഖ്യാപിച്ച് കുവൈത്ത്
New Year Holiday കുവൈത്ത് സിറ്റി: ജനുവരി ഒന്നിന് പൊതുഅവധി പ്രഖ്യാപിച്ച് കുവൈത്ത്. കുവൈത്ത് മന്ത്രിസഭയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പുതുവത്സരാഘോഷങ്ങൾക്കായി 2026 ജനുവരി 1 വ്യാഴാഴ്ച സർക്കാർ സ്ഥാപനങ്ങളിലെയും മറ്റ് സ്ഥാപനങ്ങളിലെയും പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ കുവൈത്ത് മന്ത്രിസഭ തീരുമാനിച്ചു.
ബുധനാഴ്ച നടന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിൽ അംഗീകരിച്ച ഉത്തരവ് പ്രകാരം വെള്ളി, ശനി അവധിയ്ക്ക് ശേഷം 2026 ജനുവരി 4 ഞായറാഴ്ച പതിവ് പ്രവർത്തനങ്ങൾ പുനരാരംഭിക്കും. പ്രത്യേക സ്വഭാവമുള്ള സ്ഥാപനങ്ങൾ ഈ കാലയളവിൽ അവയുടെ ശേഷി അനുസരിച്ച് പ്രവർത്തിക്കും.