Cold Weather യുഎഇയിൽ തണുപ്പേറുന്നു; പുതുവത്സരാഘോഷൾക്കായി പുറത്തിറങ്ങുന്നവർക്ക് ജാഗ്രതാ നിർദ്ദേശം

Cold Weather ദുബായ്: യുഎഇയിൽ തണുപ്പേറുന്നു. രാത്രികാലങ്ങളിൽ അന്തരീക്ഷത്തിൽ ഈർപ്പം വർദ്ധിക്കുന്നതോടെ നാളെ പുലർച്ചെ ഉൾനാടൻ പ്രവിശ്യകളിൽ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കനത്ത കാറ്റും പ്രക്ഷുബ്ധമായ കാലാവസ്ഥയും തുടരുന്നതിനാൽ തീരദേശ മേഖലകളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

അപ്രതീക്ഷിതമായി എത്തിയ മഴയും തണുത്ത കാറ്റും കാരണം പുതുവർഷാഘോഷങ്ങൾക്കായി പുറത്തിറങ്ങുന്നവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. കടലിൽ പോകുന്നവർക്കും തീരപ്രദേശങ്ങളിൽ വിനോദങ്ങളിൽ ഏർപ്പെടുന്നവർക്കും പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് വാഹനം ഓടിക്കുന്നവർ വേഗത കുറയ്ക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ ഇതാ

Cryptocurrency Scam ദുബായിലെ നിക്ഷേപകന് 10 ലക്ഷം ദിർഹം നഷ്ടമായി; കാരണമിത്…

ദുബായ്: ക്രിപ്‌റ്റോ കറൻസി തട്ടിപ്പിൽ ദുബായിൽ നിക്ഷേപകന് 1 മില്യൺ ദിർഹം നഷ്ടമായി. കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രവാസികൾക്ക് കോടതി ശിക്ഷ വിധിച്ചു. യൂറോപ്യൻ നിക്ഷേപകനെ വഞ്ചിച്ചതിന് രണ്ട് ഏഷ്യൻ പുരുഷന്മാർക്കാണ് ശിക്ഷ ലഭിച്ചത്. മൂന്ന് മാസം തടവും 1.098 മില്യൺ ദിർഹവും തിരിച്ചടയ്ക്കാൻ ഉത്തരവിട്ട കീഴ്ക്കോടതി വിധി ദുബായ് അപ്പീൽ കോടതി ശരിവച്ചു. ശിക്ഷ അനുഭവിച്ച ശേഷം പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

വ്യാജ ഡിജിറ്റൽ കറൻസി ഇടപാടിലേക്ക് തന്നെ പ്രലോഭിപ്പിച്ചതായി ആരോപിച്ച് നിക്ഷേപകൻ നവംബറിൽ നൽകിയ പരാതിയിലാണ് കേസ്. പുനർവിൽപ്പനയിൽ ഗണ്യമായ ലാഭം വാഗ്ദാനം ചെയ്ത് ആഗോള വിപണി നിരക്കിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ക്രിപ്റ്റോകറൻസി വാങ്ങാൻ പ്രതി ഇരയെ പ്രേരിപ്പിച്ചതായാണ് ആരോപണം.

അൽ മൻഖൂൽ പ്രദേശത്തെ ഒരു ഹോട്ടലിൽ വെച്ചാണ് പ്രതികൾ നിക്ഷേപകനിൽ നിന്നും 1.098 മില്യൺ ദിർഹം പണം തട്ടിയെടുത്തത്.

Big Ticket എട്ടു വർഷത്തെ പരിശ്രമം; പ്രവാസി മലയാളിയെ ഭാഗ്യദേവത കടാക്ഷിച്ചു, ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാഗ്യസമ്മാനം

Big Ticket അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പ്രവാസി മലയാളിയ്ക്ക് ഭാഗ്യസമ്മാനം. എട്ട് വർഷത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫിനാൻസ് അനലിസ്റ്റായ അജയ്കുമാറിനെ ഭാഗ്യദേവത കടാക്ഷിച്ചത്. 17 വർഷമായി അജയ് കുമാർ ദുബായിലാണ് ജോലി ചെയ്യുന്നത്.

ബിഗ് ടിക്കറ്റ് ഇ-ഡ്രോയിൽ 100,000 ദിർഹമാണ് അദ്ദേഹം സമ്മാനം നേടിയത്. സുഹൃത്തുക്കളിലൂടെയാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് അദ്ദേഹം ആദ്യമായി അറിഞ്ഞത്, 2017 മുതൽ എല്ലാ മാസവും അവരോടൊപ്പം ടിക്കറ്റ് വാങ്ങുന്നുണ്ട്. എന്നാൽ, അപ്രതീക്ഷിതമായി ബിഗ് ടിക്കറ്റ് അവതാരകൻ റിച്ചാർഡിന്റെ കോൾ ലഭിച്ചപ്പോൾ ഞെട്ടിപ്പോയെന്നും ആദ്യം ആരോ തന്നെ പറ്റിക്കുകയാണെന്നാണ് വിചാരിച്ചതെന്നും അജയ്കുമാർ വ്യക്തമാക്കി. പിന്നീട് തനിക്ക് കാര്യങ്ങൾ ബോധ്യമായെന്നും ഈ വർഷം തനിക്ക് സംഭവിച്ച ഏറ്റവും മികച്ച കാര്യമിതാണെന്നും അദ്ദേഹം പറയുന്നു.

വിജയിച്ച ടിക്കറ്റ് മറ്റ് ഒമ്പത് സുഹൃത്തുക്കൾക്കൊപ്പം വാങ്ങിയതാണ്. സമ്മാനത്തുകയായ 100,000 ദിർഹം അവർക്കും വിഭജിച്ച് നൽകാനാണ് അജയ്കുമാറിന്റെ തീരുമാനം. ജനുവരി 3 ന് നടക്കുന്ന മെഗാ നറുക്കെടുപ്പിനായുള്ള കാത്തിരിപ്പിലാണ് അജയ് കുമാറിപ്പോൾ. 3 കോടി ദിർഹമാണ് (ഏകദേശം 68 കോടി രൂപ) ഈ നറുക്കെടുപ്പിലെ ഒന്നാം സമ്മാനം. കൂടാതെ ബിഎംഡബ്ല്യു കാറുകൾ സ്വന്തമാക്കാനുള്ള അവസരവും ഭാഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്.

Fuel Price 2026 ജനുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ; നിരക്കുകൾ അറിയാം

Fuel Price അബുദാബി: 2026 ജനുവരി മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ. ഇന്ധനവില നിരീക്ഷണ കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ഡിസംബർ മാസത്തെ അപേക്ഷിച്ച് ജനുവരി മാസം ഇന്ധനവിലയിൽ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ നിരക്കുകൾ ജനുവരി 1 മുതൽ ബാധകമാകും,

ജനുവരി ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.53 ദിർഹം ആയിരിക്കും നിരക്ക്. ഡിസംബറിൽ ഇത് 2.70 ദിർഹമായിരുന്നു. സ്പെഷ്യൽ 95 പെട്രോളിന് ലിറ്ററിന് 2.42 ദിർഹമായിരിക്കും ജനുവരിയിലെ വില. ഡിസംബർ മാസം ഇത് 2.58 ആയിരുന്നു. ഇ-പ്ലസ് 91 പെട്രോൾ ഒരു ലിറ്ററിന് ജനുവരിയിൽ 2.44 ദിർഹമാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഒരു ലിറ്റർ ഇ-പ്ലസ് പട്രോളിന് ഡിസംബർ മാസം 2.51 ദിർഹമായിരുന്നു നിരക്ക്.

ഒരു ലിറ്റർ ഡീസലിന് 2.55 ദിർഹമായിരിക്കും ജനവരി മാസത്തെ നിരക്ക്. ഡിസംബറിൽ ഇത് 2.85 ആയിരുന്നു. ഊർജ്ജ മന്ത്രാലയം അംഗീകരിച്ച ഇന്ധനവില, വിതരണ കമ്പനികളുടെ പ്രവർത്തനച്ചെലവുകൾ കൂടി ചേർത്ത ശേഷം, ഓരോ മാസത്തെയും ആഗോള എണ്ണവിലയുടെ ശരാശരി (കൂടുകയോ കുറയുകയോ ചെയ്താലും) അനുസരിച്ചാണ് നിശ്ചയിക്കുന്നത്.

Private Companies യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ നാളെ മുതൽ കർശന പരിശോധന; നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയെന്ന് മുന്നറിയിപ്പ്

Private Companies അബുദാബി: യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ നാളെ മുതൽ കർശന പരിശോധന. എമറാത്തി ടാലന്റ് കോംപറ്ററ്റീവ്‌നസ് കൗൺസിൽ പ്രോഗ്രാം (നാഫിസ്) അനുസരിച്ച് ഈ വർഷത്തെ 2% സ്വദേശിവൽക്കരണം പൂർത്തിയാക്കേണ്ട സമയപരിധി ഇന്നു അവസാനിക്കും. സ്വദേശികളെ നിയമിക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ യുഎഇയിൽ നാളെ മുതൽ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

അൻപതോ അതിൽ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യ കമ്പനികൾ വർഷത്തിൽ 2% വീതം സ്വദേശിവൽക്കരണം നടപ്പാക്കണമെന്നാണ് നിയമം. 2022ൽ ആണ് നാഫിസ് പദ്ധതി ആരംഭിച്ചത്. പദ്ധതി പ്രകാരം ഈ വർഷത്തോടെ മൊത്തം 8% സ്വദേശികളെയാണ് നിയമിക്കേണ്ടത്. കമ്പനികളുടെ സൗകര്യാർഥം 6 മാസത്തിലൊരിക്കൽ (ജൂൺ/ഡിസംബർ മാസങ്ങളിൽ) 1% വീതം സ്വദേശികളെ നിയമിക്കാനും അനുമതി നൽകിയിരുന്നു.

20 മുതൽ 49 ജീവനക്കാർ വരെയുള്ള കമ്പനികൾ ഒരു സ്വദേശിയെ നിയമിക്കാനുള്ള സമയപരിധിയും ഇന്ന് അവസാനിക്കും. നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 600 590000 എന്ന നമ്പറിലോ MOHRE സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ അറിയിക്കാം. സ്വദേശിവൽക്കരണത്തിൽ കൃത്രിമം നടത്തുന്നവർക്ക് 5 ലക്ഷം ദിർഹം വരെയാണ് പിഴ. ആദ്യതവണ നിയമം ലംഘിക്കുന്നവർക്ക് ഒരു ലക്ഷം ദിർഹം പിഴ ചുമത്തും. രണ്ടാം തവണയാണ് നിയമ ലംഘനമെങ്കിൽ 3 ലക്ഷവും മൂന്നാമതും നിയമം ലംഘിച്ചാൽ 5 ലക്ഷം ദിർഹവുമായിരിക്കും പിഴ ഈടാക്കുക. സ്വദേശിവൽക്കരണം മറികടക്കാൻ കമ്പനിയിലെ തൊഴിലാളികളുടെ എണ്ണം കുറച്ചു കാണിച്ചാലും സമാന ശിക്ഷ ലഭിക്കും. നിയമം പാലിക്കാത്ത കമ്പനിക്ക് ആളൊന്നിന് മാസത്തിൽ 8000 ദിർഹം വീതം വർഷത്തിൽ 96,000 ദിർഹം പിഴ ഈടാക്കും. 6 മാസത്തിലൊരിക്കൽ 48,000 ദിർഹം ഒന്നിച്ച് അടയ്ക്കാനും സൗകര്യമുണ്ട്. അടുത്ത വർഷം മുതൽ മാസാവസാന പിഴ 9000 ദിർഹമാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Minimum Wage സ്വകാര്യ മേഖലയിലെ എമിറാത്തി ജീവനക്കാരുടെ ശമ്പളത്തിൽ വൻ പരിഷ്‌ക്കരണവുമായി യുഎഇ; വിശദാംശങ്ങൾ അറിയാം

Minimum Wage ദുബായ്: യുഎഇയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എമിറേറ്റികൾക്ക് മിനിമം വേതനം 6,000 ദിർഹമായി നിജപ്പെടുത്തി. മാനവ വിഭവശേഷി മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 2026 ജനുവരി 1 മുതൽ ഈ ഉത്തരവ് പ്രാബല്യത്തിൽ വരും. 2026 ജനുവരി 1 മുതൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എമിറേറ്റികൾക്ക് ഏറ്റവും കുറഞ്ഞ ശമ്പളം 6,000 ദിർഹമായി ക്രമീകരിക്കും.

മന്ത്രാലയം ഈ അറിയിപ്പ് ആദ്യമായി പ്രസിദ്ധീകരിച്ചത് ഡിസംബർ 27ന് മൊഹ്രെ സ്മാർട്ട് ആപ്പിലൂടെയാണ്. പിന്നീട് എക്സ് പോസ്റ്റിലൂടെയും ഈ അറിയിപ്പ് പങ്കുവെച്ചു. പൗരന്മാരുടെ വർക്ക് പെർമിറ്റുകൾ നൽകുന്നതിനും, പുതുക്കലിനും, ഭേദഗതി വരുത്തുന്നതിനും ആവശ്യമായ സേവനങ്ങൾക്കും ഈ നിബന്ധന ബാധകമാകും. ഈ വിജ്ഞാപനം തൊഴിലുടമകളെ അറിയിക്കുന്നതിനായി ചാനലുകളിലൂടെയും മൊഹ്രെ സ്മാർട്ട് ആപ്പിലൂടെയും അലേർട്ട് അറിയിപ്പുകൾ അയക്കുമെന്നും മന്ത്രാലയം അറിയിച്ചു.

2026 ജനുവരി 1 മുതൽ ശമ്പളം 6,000 ദിർഹത്തിൽ കുറവാണെങ്കിൽ സ്വദേശി ജീവനക്കാരുടെ വർക്ക് പെർമിറ്റ് അപേക്ഷകൾ സ്വീകരിക്കില്ല. ശമ്പളം പരിഷ്‌ക്കരിച്ചില്ലെങ്കിൽ കർശന നടപടികൾ നേരിടേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ശമ്പളം ഉയർത്തുന്നത് വരെ ആ സ്ഥാപനത്തിലെ സ്വദേശി ജീവനക്കാരെ സ്വദേശിവത്ക്കരണ ക്വാട്ടയിൽ ഉൾപ്പെടുത്തില്ല.

Interpol Notice ഇന്റർപോൾ റെഡ് നോട്ടീസ് പട്ടികയിലുള്ള പിടികിട്ടാപ്പുള്ളി യുഎഇയിൽ പിടിയിൽ; അറസ്റ്റിലായത് ലഹരി മരുന്ന് സംഘങ്ങളിലെ പ്രധാനി

Interpol Notice അബുദാബി: ഇന്റർപോളിന്റെ റെഡ് നോട്ടീസ് പട്ടികയിലുള്ള പിടികിട്ടാപ്പുള്ളി യുഎഇയിൽ പിടിയിൽ. ഇക്വഡോർ സ്വദേശിയായ റോബർട്ടോ കാർലോസ് അൽവാരസ് വെറയെയാണ് പിടിയിലായത്. ലഹരി മരുന്ന് സംഘങ്ങളിലെ പ്രധാനിയാണ് ഇയാൾ. ഇക്വഡോർ സർക്കാരിന്റെ അഭ്യർഥന മാനിച്ചായിരുന്നു റോബോർട്ട് കാർലോസിനെ യുഎഇ അധികൃതർ അറസ്റ്റ് ചെയ്തത്.

അറസ്റ്റ് സംബന്ധിച്ച വിവരം യുഎഇയും ഇക്വഡോറും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യാന്തര കുറ്റകൃത്യങ്ങളും ലഹരിമരുന്ന് ശൃംഖലകളും അടിച്ചമർത്തുന്നതിനും നിയമവാഴ്ച ഉറപ്പാക്കുന്നതിനും ഇരുരാജ്യങ്ങളും പുലർത്തുന്ന കടുത്ത ജാഗ്രതയുടെ ഫലമാണ് അറസ്‌റ്റെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. തടവുകാരെ കൈമാറുന്നതുൾപ്പെടെയുള്ള ജുഡീഷ്യൽ സഹകരണം ശക്തിപ്പെടുത്താൻ യുഎഇയും ഇക്വഡോറും തമ്മിൽ ധാരണയുണ്ട്. കുറ്റവാളിയെ വിട്ടുകിട്ടുന്നതിനുള്ള തുടർനടപടികൾ കേന്ദ്ര ഏജൻസികൾ വഴി പുരോഗമിക്കുകയാണ്.

New Year പുതുവത്സരാഘോഷം; ദുബായ് നിവാസികൾക്ക് സന്തോഷ വാർത്ത, ഇളവുകൾ പ്രഖ്യാപിച്ച് ആർടിഎ

New Year ദുബായ്: ദുബായ് നിവാസികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത. പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് യാത്രാസൗകര്യങ്ങളിലും സേവനങ്ങളിലും വലിയ ഇളവുകളും മാറ്റങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ്. ദുബായ് റോഡ് ഗതാഗത അതോറിറ്റിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ജനുവരി ഒന്ന് പുതുവത്സര ദിനത്തിൽ മൾട്ടി സ്റ്റോറി പാർക്കിങ്ങുകളിലും അൽ ഖൈൽ ഗേറ്റിലും ഒഴികെ ദുബായിലെ എല്ലാ പൊതു പാർക്കിങ് കേന്ദ്രങ്ങളിലും പാർക്കിങ് സൗജന്യമായിരിക്കും. ജനുവരി രണ്ടിന് പാർക്കിങ് നിരക്ക് പുനഃസ്ഥാപിക്കുമെന്ന് ആർടിഎ വ്യക്തമാക്കി.

അതേസമയം, പുതുവത്സരത്തിൽ തിരക്ക് പരിഗണിച്ച് ദുബായ് മെട്രോ തുടർച്ചയായി 43 മണിക്കൂർ സർവീസ് നടത്തും. ഡിസംബർ 31 ബുധനാഴ്ച രാവിലെ 5 ന് ആരംഭിക്കുന്ന മെട്രോ സർവീസ് ജനുവരി ഒന്ന് രാത്രി 11.59 വരെ ഇടവേളകളില്ലാതെ തുടരും. റെഡ്, ഗ്രീൻ ലൈനുകളിൽ ഈ സൗകര്യം ലഭ്യമാകും. ദുബായ് ട്രാം ഡിസംബർ 31 ബുധനാഴ്ച്ച രാവിലെ 6 മുതൽ ജനുവരി ഒന്ന് പുലർച്ചെ ഒന്നു വരെ സർവ്വീസ് നടത്തും.

ദേശീയ സുരക്ഷ ഉറപ്പാക്കാൻ സംയുക്ത അടിയന്തര മോക് ഡ്രിൽ; ഇത്തിഹാദ് റെയിലുമായി സഹകരിച്ച് പരിശോധന

UAE Civil Defenceഅബുദാബി: യുഎഇ സിവിൽ ഡിഫൻസ്, ഇത്തിഹാദ് റെയിൽ, ആഭ്യന്തര മന്ത്രാലയം എന്നിവയുമായി സഹകരിച്ച് രാജ്യവ്യാപകമായി തന്ത്രപ്രധാനമായ അടിയന്തര മോക് ഡ്രിൽ സംഘടിപ്പിച്ചു. രാജ്യത്തിന്റെ സുരക്ഷാ സന്നദ്ധത ശക്തിപ്പെടുത്തുന്നതിനും വിവിധ എമർജൻസി റെസ്‌പോൺസ് ഏജൻസികൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനുമായാണ് ഈ പരിശീലനം നടത്തിയത്. വിവിധ സർക്കാർ വകുപ്പുകൾ, രാജ്യത്തുടനീളമുള്ള സിവിൽ ഡിഫൻസ് യൂണിറ്റുകൾ, ഫെഡറൽ സ്ഥാപനങ്ങൾ എന്നിവ പരിശീലനത്തിൽ പങ്കെടുത്തു. അടിയന്തര ഘട്ടങ്ങളിൽ തീരുമാനങ്ങൾ വേഗത്തിൽ എടുക്കുന്നതിനും കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് ഇത് മുൻഗണന നൽകിയത്. ഇത്തിഹാദ് റെയിലിന്റെ ഭാഗമായുള്ള ഒരു പാസഞ്ചർ ട്രെയിൻ മലനിരകളിലെ തുരങ്ക കവാടത്തിന് സമീപം അപകടത്തിൽപ്പെടുന്ന രീതിയിലാണ് മോക് ഡ്രിൽ ആസൂത്രണം ചെയ്തത്.  തീപിടിത്തവും യന്ത്രതകരാറും ഉണ്ടായതായി തോന്നിപ്പിക്കാൻ വെളുത്ത പുക ഉയർത്തി കൃത്രിമമായ അപകടസാഹചര്യം സൃഷ്ടിച്ചു. കാണാഴ്ചാ പരിധി കുറഞ്ഞതും എത്തിച്ചേരാൻ പ്രയാസകരവുമായ കുത്തനെയുള്ള മലഞ്ചെരുവുകളിലായിരുന്നു ഈ ‘ഹോട്ട് സോൺ’ ഒരുക്കിയത്. അത്യാധുനിക സന്നാഹങ്ങൾ: സിവിൽ ഡിഫൻസ്, നാഷണൽ ആംബുലൻസ്, പോലീസ് എന്നിവർ സംയുക്തമായി അതിവേഗം സ്ഥലത്തെത്തി. ദുർഘട പാതകളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന അത്യാധുനിക റെസ്ക്യൂ വാഹനങ്ങൾ, ഹെവി ഡ്യൂട്ടി ഫയർ എഞ്ചിനുകൾ, മെഡിക്കൽ ഇവാക്വേഷൻ സൗകര്യമുള്ള ഹെലികോപ്റ്ററുകൾ എന്നിവ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചു. രാജ്യത്തെ അടിയന്തര സേവനങ്ങളുടെ കാര്യക്ഷമതയും വേഗതയും പരിശോധിക്കാനും ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ സുരക്ഷാ സേനയെ സജ്ജമാക്കാനും ഈ പരിശീലനം സഹായിച്ചതായി അധികൃതർ വിലയിരുത്തി.

ബുർജ് ഖലീഫയിലെ വെടിക്കെട്ട് കാണുന്നുണ്ടോ? ഏതൊക്കെ റോഡുകള്‍ അടയ്ക്കും? വിശദ വിവരങ്ങള്‍

NYE 2026 Dubai road closures 2026-നെ വരവേൽക്കാൻ ദുബായ് ഒരുങ്ങുമ്പോൾ, ബുർജ് ഖലീഫ ഉൾപ്പെടെയുള്ള ഇടങ്ങളിൽ എത്തുന്ന ദശലക്ഷക്കണക്കിന് ആളുകൾക്കായി വിപുലമായ യാത്രാ സൗകര്യങ്ങളും ഗതാഗത നിയന്ത്രണങ്ങളും റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പ്രഖ്യാപിച്ചു. ഏകദേശം 27 ലക്ഷം ആളുകൾ നഗരത്തിലൂടെ സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗതാഗത നിയന്ത്രണങ്ങൾ (ഡിസംബർ 31 മുതൽ) തിരക്ക് നിയന്ത്രിക്കുന്നതിനായി ഡൗൺടൗൺ ദുബായിൽ ഘട്ടം ഘട്ടമായി റോഡുകൾ അടയ്ക്കും. വൈകുന്നേരം 4 മണി മുതൽ അൽ അസായേൽ സ്ട്രീറ്റ്, അൽ മുസ്തഖ്ബൽ സ്ട്രീറ്റ്, ലോവർ ഫിനാൻഷ്യൽ സെന്റർ റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ്, ബുർജ് ഖലീഫ സ്ട്രീറ്റ് എന്നീ റോഡുകള്‍ അടയ്ക്കും. രാത്രി 8 മണി മുതൽ: അൽ മുൽതഖ സ്ട്രീറ്റ്, രാത്രി 9 മണി മുതൽ: അപ്പർ ഫിനാൻഷ്യൽ സെന്റർ റോഡ്, രാത്രി 11 മണി മുതൽ: ഷെയ്ഖ് സായിദ് റോഡിന്റെ ഒരു ഭാഗം അടയ്ക്കും. പുതുവർഷത്തോടനുബന്ധിച്ച് മെട്രോ ട്രെയിനുകൾ 43 മണിക്കൂർ തുടർച്ചയായി സർവീസ് നടത്തും. തിരക്ക് വർദ്ധിച്ചാൽ ബുർജ് ഖലീഫ/ദുബായ് മാൾ മെട്രോ സ്റ്റേഷൻ വൈകുന്നേരം 5 മണിക്ക് അടച്ചേക്കാം. പകരം ഫിനാൻഷ്യൽ സെന്റർ അല്ലെങ്കിൽ ബിസിനസ് ബേ സ്റ്റേഷനുകൾ ഉപയോഗിക്കാൻ യാത്രക്കാർ ശ്രദ്ധിക്കണം. ജനുവരി 1-ന് നഗരത്തിലുടനീളം പൊതു പാർക്കിംഗ് സൗജന്യമായിരിക്കും (മൾട്ടി-സ്റ്റോറി പാർക്കിംഗുകളും അൽ ഖൈൽ ഗേറ്റും ഒഴികെ). ജനുവരി 2 മുതൽ ഫീസ് പുനരാരംഭിക്കും. ആഘോഷങ്ങൾക്ക് ശേഷം യാത്രക്കാരെ മെട്രോ സ്റ്റേഷനുകളിലും പാർക്കിംഗ് ഏരിയകളിലും എത്തിക്കാൻ സൗജന്യ ബസുകൾ ഉണ്ടാകും. സ്വിസ് ഹോട്ടൽ അൽ മുറൂജിൽ നിന്ന് അൽ വസൽ ക്ലബ്, അൽ കിഫാഫ് എന്നിവിടങ്ങളിലേക്ക് സൗജന്യ ബസ് സർവീസ് ലഭ്യമാണ്. ഡിസംബർ 31 ഉച്ചയ്ക്ക് ശേഷം സർവീസ് നിർത്തിവെക്കും. ജനുവരി 4-ന് മാത്രമേ ഇത് പുനരാരംഭിക്കൂ. ഈ കാലയളവിൽ അബുദാബിയിലേക്ക് പോകാൻ E101 ബസ് ഉപയോഗിക്കുക. E102 ബസ് ഡിസംബർ 31 ഉച്ചയ്ക്ക് 2 മണി മുതൽ ലഭ്യമായിരിക്കും. ബുർജ് ഖലീഫ, പാം ജുമൈറ, ദുബായ് ഫെസ്റ്റിവൽ സിറ്റി, എക്‌സ്‌പോ സിറ്റി ഉൾപ്പെടെയുള്ള 40 പ്രധാന സ്ഥലങ്ങളിൽ 48 പടക്ക പ്രകടനങ്ങൾ നടക്കും. തിരക്ക് കുറയ്ക്കുന്നതിനായാണ് ഇത്രയധികം സ്ഥലങ്ങളിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യാനും പൊതുഗതാഗത സംവിധാനങ്ങൾ പരമാവധി ഉപയോഗപ്പെടുത്താനും അധികൃതർ നിർദ്ദേശിക്കുന്നു.

യാത്രക്കാരന്‍റെ മര്‍ദനത്തില്‍ മൂക്ക് ഇടിച്ചു പഞ്ചറാക്കി; പൈലറ്റ് അറസ്റ്റില്‍

air india express pilot arrested ഡൽഹി വിമാനത്താവളത്തിൽ വെച്ച് യാത്രക്കാരനെ ആക്രമിച്ച സംഭവത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് വീരേന്ദർ സെജ്‌വാളിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട്, ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. ഡിസംബർ 19-ന് ഡൽഹി ഐജിഐ വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലായിരുന്നു സംഭവം. അങ്കിത് ദേവൻ എന്ന യാത്രക്കാരൻ ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം സുരക്ഷാ പരിശോധനയ്ക്കായി എത്തിയപ്പോഴാണ് തർക്കം തുടങ്ങിയത്. സ്റ്റാഫ് ലെയ്‌നിലൂടെ ജീവനക്കാർ ക്യൂ തെറ്റിക്കാൻ ശ്രമിച്ചത് അങ്കിത് ചോദ്യം ചെയ്തതാണ് പൈലറ്റിനെ പ്രകോപിപ്പിച്ചത്. പൈലറ്റ് തന്നെ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തതായി അങ്കിത് പരാതിപ്പെട്ടു. മർദനത്തിൽ അങ്കിതിന്റെ മൂക്കിന് പരിക്കേറ്റിരുന്നു. എന്നാൽ, യാത്രക്കാരൻ തനിക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്നാണ് പൈലറ്റിന്റെ ആരോപണം. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെ സസ്പെൻഡ് ചെയ്യുകയും ആഭ്യന്തര അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഡിസംബർ 22-ന് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ വ്യോമയാന മന്ത്രാലയം ഔദ്യോഗിക അന്വേഷണത്തിന് ഉത്തരവിടുകയും ബിസിഎഎസ് (BCAS), സിഐഎസ്എഫ് (CISF) എന്നിവരോട് റിപ്പോർട്ട് തേടുകയും ചെയ്തിട്ടുണ്ട്. 

മുന്നറിയിപ്പ്; യുഎഇയില്‍ താപനില കുറയുന്നതോടെ ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യത

UAE Wind അബുദാബി: യുഎഇയില്‍ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിനും ഒമാൻ കടലിൽ പ്രക്ഷുബ്ധമായ സാഹചര്യങ്ങൾക്കും സാധ്യതയുള്ളതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) പുതിയ കാലാവസ്ഥാ മുന്നറിയിപ്പ് നൽകി. ബുധനാഴ്ച വരെ ഈ സാഹചര്യം തുടരുമെന്നാണ് റിപ്പോർട്ട്. ഒമാൻ കടലിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. തിരമാലകൾ ആറടി വരെ ഉയർന്നേക്കാം. അതിനാൽ ഡിസംബർ 31 ബുധനാഴ്ച പുലർച്ചെ 12:45 വരെ കടലിൽ കുളിക്കാനോ ഡൈവിംഗിനോ മറ്റ് വിനോദങ്ങൾക്കോ പോകരുതെന്ന് അധികൃതർ നിർദേശിച്ചു. ദുബായിലും അബുദാബിയിലും താപനിലയിൽ നേരിയ കുറവുണ്ടാകും. പരമാവധി താപനില 24°C-ഉം കുറഞ്ഞ താപനില 19°C മുതൽ 20°C വരെയും ആയിരിക്കും. അബുദാബിയിലും ദുബായിലും ആകാശം മേഘാവൃതമായിരിക്കാനും പൊടി നിറഞ്ഞ കാലാവസ്ഥ അനുഭവപ്പെടാനും സാധ്യതയുണ്ട്. പകൽ സമയങ്ങളിൽ ചിതറിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് എൻ.സി.എം അറിയിച്ചു. ശക്തമായ കാറ്റ് മൂലം തുറസ്സായ സ്ഥലങ്ങളിൽ മണ്ണും പൊടിയും ഉയരാൻ സാധ്യതയുള്ളതിനാൽ കാഴ്ചപരിധി കുറഞ്ഞേക്കാം. വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. ഔദ്യോഗിക കാലാവസ്ഥാ റിപ്പോർട്ടുകളെ മാത്രം ആശ്രയിക്കണമെന്നും കാലാവസ്ഥയെക്കുറിച്ച് തെറ്റായ വിവരങ്ങളോ കിംവദന്തികളോ പ്രചരിപ്പിക്കരുതെന്നും എൻ.സി.എം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

യുഎഇ ഗതാഗത അപ്‌ഡേറ്റ്: ഈ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്

UAE Heavy traffic അബുദാബി: ചൊവ്വാഴ്ച രാവിലെ ദുബായിലെ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളും പ്രധാന റോഡുകളിലെ കടുത്ത ഗതാഗതക്കുരുക്കും കാരണം യുഎഇയിലുടനീളമുള്ള വാഹനയാത്രക്കാർ വലിയ ബുദ്ധിമുട്ട് നേരിട്ടു. ഗൂഗിൾ മാപ്‌സിൽ നിന്നുള്ള തത്സമയ വിവരങ്ങൾ പ്രകാരം ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഉൾപ്പെടെയുള്ള പ്രധാന പാതകളിൽ നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജബൽ അലി ഇൻഡസ്ട്രിയൽ സെക്കൻഡ്, ദുബായ് സൗത്ത് എന്നിവിടങ്ങളിലാണ് പ്രധാനമായും അപകടങ്ങൾ നടന്നത്. ഇതിനുപുറമെ, അൽ ബർഷ സൗത്തിലെ അൽ ഖൈൽ റോഡിലുണ്ടായ മറ്റൊരു അപകടം നഗരത്തിലെ ബിസിനസ് മേഖലകളിലേക്കുള്ള ഗതാഗതത്തെയും ബാധിച്ചു. ഷാർജയെയും ദുബായിയെയും ബന്ധിപ്പിക്കുന്ന റോഡുകളിൽ രാവിലെ മുതൽ തന്നെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. അൽ ഇത്തിഹാദ് റോഡിലും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിന്റെ ഷാർജ ഭാഗത്തും കിലോമീറ്ററുകളോളം നീളുന്ന വാഹനനിര ദൃശ്യമായിരുന്നു. ദുബായ് നഗരത്തിനുള്ളിലെ ദമാസ്കസ് സ്ട്രീറ്റ്, ബെയ്‌റൂട്ട് സ്ട്രീറ്റ് എന്നിവിടങ്ങളിലും ഗതാഗതം വളരെ സാവധാനത്തിലാണ് നീങ്ങിയത്. യാത്രക്കാർ ക്ഷമ പാലിക്കണമെന്നും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നാവിഗേഷൻ ആപ്പുകൾ ഉപയോഗിക്കണമെന്നും ദുബായ് പോലീസ് എക്സിലൂടെ (ട്വിറ്റർ) നിർദ്ദേശിച്ചു. “ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാനും യാത്ര സുഗമമാക്കാനും നാവിഗേഷൻ ആപ്പുകൾ ഉപയോഗിച്ച് നിങ്ങളുടെ യാത്രയും റൂട്ടും മുൻകൂട്ടി പ്ലാൻ ചെയ്യുക,” ദുബായ് പോലീസ് ഉപദേശിച്ചു. അതേസമയം, കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) ഡ്രൈവർമാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ തുറസ്സായ സ്ഥലങ്ങളിൽ പൊടിപടലങ്ങൾ ഉയരാനും ഇത് കാഴ്ചപരിധി കുറയ്ക്കാനും ഇടയാക്കുമെന്ന് മുന്നറിയിപ്പുണ്ട്. വൈകുന്നേരത്തെ യാത്രകളിൽ ഇത് അപകടസാധ്യത വർദ്ധിപ്പിക്കും. കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കണമെന്ന് എൻസിഎം നിർദ്ദേശിച്ചു. അപകടസ്ഥലങ്ങളിൽ നിന്ന് വാഹനങ്ങൾ പൂർണ്ണമായി നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Group