
UAE Dirham ദുബായ്: പ്രവാസികൾക്ക് ഇത് നേട്ടത്തിന്റെ കാലം. യുഎഇ ദിർഹത്തിന്റെ വിനിമയ മൂല്യം റെക്കോർഡിലെത്തി. ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതോടെയാണ് ദിർഹത്തിന്റെ മൂല്യം ഉയർന്നത്. ഒരു യുഎഇ ദിർഹത്തിന് 24.95 രൂപ എന്ന നിരക്കിലേക്ക് എത്തിയതോടെ നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എക്‌സ്‌ചേഞ്ചുകൾ ദിർഹത്തിന് 24.89 രൂപ വരെ നൽകുന്നുണ്ട്. അതായത് വെറും 40.2 ദിർഹം നൽകിയാൽ നാട്ടിൽ ആയിരം രൂപ ലഭിക്കും.
ദിർഹത്തിന്റെ വിനിമയ മൂല്യം ഉയരുന്നത് ഗൾഫിൽ ജീവിതച്ചെലവ് കൂടി നിൽക്കുന്ന സാധാരണക്കാരായ പ്രവാസികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഈ മാസം 28-ന് നടക്കാനിരിക്കുന്ന യുഎസ് ഫെഡ് മീറ്റിംഗോടെ രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. വരും ദിവസങ്ങളിൽ ശമ്പളം ലഭിക്കുന്നതോടെ പ്രവാസികൾ കൂടുതൽ പണം നാട്ടിലേക്ക് അയക്കും. അതേസമയം, നാട്ടിലെ ബാങ്ക് വായ്പകൾ ഒന്നിച്ച് അടച്ചുതീർക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വിനിമയ നിരക്ക് വലിയ ലാഭമുണ്ടാക്കും. എന്നാൽ നേട്ടം കൊയ്യാൻ വേണ്ടി ഗൾഫിലെ ക്രെഡിറ്റ് കാർഡുകളിൽ നിന്നോ ബാങ്കുകളിൽ നിന്നോ വായ്പയെടുത്ത് നാട്ടിലേക്ക് പണമയക്കുന്നത് വിപരീതഫലം ചെയ്യുമെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
Air India നഷ്ടം 15,000 കോടി രൂപയ്ക്ക് മുകളിലായേക്കും; ഈ സാമ്പത്തിക വർഷത്തിൽ എയർഇന്ത്യയ്ക്ക് വെല്ലുവിളിയായത് ഇക്കാര്യങ്ങൾ….
Air India ഈ സാമ്പത്തികവർഷം എയർഇന്ത്യ എക്സ്പ്രസ് പ്രതീക്ഷിക്കുന്ന നഷ്ടം 15,000 കോടി രൂപയ്ക്ക് മുകളിലാണെന്ന് റിപ്പോർട്ട്. ഈ സാമ്പത്തികവർഷം പ്രവർത്തനലാഭത്തിലേക്ക് എത്തുമെന്നായിരുന്നു കമ്പനിയുടെ പ്രതീക്ഷ. എന്നാൽ, ചില അപ്രതീക്ഷിത സംഭവങ്ങൾ ഇന്ത്യൻ വ്യോമയാന മേഖലയെയും എയർഇന്ത്യയെയും പിടിച്ചുകുലുക്കിയത് എല്ലാ പ്രതീക്ഷകളെയും തകിടംമറിക്കുകയായിരുന്നു. അഹമ്മദാബാദ് വിമാന ദുരന്തവും ഇന്ത്യ-പാക് യുദ്ധത്തെത്തുടർന്ന് വ്യോമപാത അടച്ചതുമാണ്എയർ ഇന്ത്യയ്ക്ക് വെല്ലുവിളിയായത്. ഇത് എയർഇന്ത്യ സർവ്വീസുകളെ സാരമായി ബാധിച്ചു.
ടാറ്റ ഗ്രൂപ്പും സിംഗപ്പൂർ എയർലൈൻസും ചേർന്ന് എയർഇന്ത്യയെ ഏറ്റെടുത്ത ശേഷമുള്ള ഏറ്റവും വലിയ നഷ്ടകണക്കാകും ഇത്തവണത്തേതെന്നാണ് വിലയിരുത്തപ്പെടുന്നത്. സംഘർഷത്തെതുടർന്ന് പാക്കിസ്ഥാൻ വ്യോമപാത അടച്ചത് ഇന്ത്യൻ വിമാനങ്ങളുടെ യാത്രദൂരം വർധിപ്പിച്ചു. യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള യാത്രസമയം വർധിച്ചത് ചെലവ് കുത്തനെ കൂടുന്നതിന് ഇടയാക്കി. ഇതും ചെലവ് പ്രതീക്ഷകൾക്കപ്പുറം വർധിക്കാൻ കാരണമായി. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ മൂന്നാംവർഷത്തിൽ മാത്രമേ കമ്പനി ലാഭത്തിലെത്തുകയുള്ളുവെന്നാണ് മാനേജ്മെന്റിന്റെ കണക്കുകൂട്ടൽ. ഇതുസംബന്ധിച്ച് മാനേജ്മെന്റ് സമർപ്പിച്ച അഞ്ചു വർഷ പ്ലാൻ ഡയറക്ടർ ബോർഡ് മടക്കി. കൂടുതൽ വേഗത്തിൽ ലാഭത്തിലെത്താനുള്ള പദ്ധതികൾ ആവിഷ്‌കരിക്കാൻ മാനേജ്മെന്റിന് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ മൂന്നുവർഷം കൊണ്ട് എയർ ഇന്ത്യ നേരിടേണ്ടി വന്ന നഷ്ടം 32,210 കോടി രൂപയാണ്. നഷ്ടം കുമിഞ്ഞു കൂടുന്നത് ടാറ്റ ഗ്രൂപ്പിനെ മാത്രമല്ല പങ്കാളികളായ സിംഗപ്പൂർ എയർലൈൻസിനെയും ബാധിക്കുന്നുണ്ട്. സംയുക്ത സംരംഭത്തിൽ 25.1 ശതമാനം ഓഹരി പങ്കാളിത്തം സിംഗപ്പൂർ എയർലൈൻസിനുണ്ട്.
മൂന്നാംപാദത്തിൽ ഇൻഡിഗോയ്ക്കും വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഡിസംബർ 31ന് അവസാനിച്ച പാദത്തിൽ ലാഭം ഇടിഞ്ഞത് 77.6 ശതമാനമാണ്. മുൻവർഷം സമാനപാദത്തിൽ 2,448.8 കോടി രൂപയായിരുന്നു ലാഭം. ഇത് 549.8 കോടി രൂപയായി താഴ്ന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
Remote Work ഈ വിഭാഗത്തിലുള്ള ആളുകൾക്ക് യുഎഇയിൽ വർക്ക് ഫ്രം ഹോം; സാധ്യതകൾ പരിഗണിക്കുന്നു
Remote Work ദുബായ്: രാജ്യത്തുടനീളമുള്ള ജോലിക്കാരായ അമ്മമാർക്ക് വിദൂര ജോലി ക്രമീകരണങ്ങൾക്ക് മുൻഗണന നൽകേണ്ട സമൂലമായ മാറ്റങ്ങൾ പരിഗണിക്കാൻ യുഎഇ. ജനുവരി 21 ബുധനാഴ്ച നടന്ന ഒരു സെഷനിൽ, ഫെഡറൽ നാഷണൽ കൗൺസിൽ (എഫ്എൻസി) അംഗങ്ങളാണ് ഈ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചത്. അമ്മമാർക്കും മറ്റ് മുൻഗണനാ ഗ്രൂപ്പുകൾക്കും റിമോട്ട് വർക്കിംഗ് നടപ്പിലാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു .
പരിചരണ ഉത്തരവാദിത്തങ്ങൾ കൂടുതലുള്ള ഗ്രൂപ്പുകൾക്ക് വിദൂര ജോലി ക്രമീകരണങ്ങൾ ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലാണ് ശുപാർശകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 10 വയസ്സിന് താഴെയുള്ള കുട്ടികളുടെ അമ്മമാർ, പ്രായമായ മാതാപിതാക്കളെ പരിചരിക്കുന്നവർ, ഭിന്നശേഷിക്കാരായ വ്യക്തികൾ, പ്രത്യേക മാനുഷിക കേസുകൾ എന്നിവർക്ക് റിമോട്ട് വർക്കിംഗ് നൽകുന്നത് പരിഗണിക്കണമെന്നാണ് ശുപാർശ. ഈ നിർദ്ദേശങ്ങൾ പൊതുമേഖലാ ജീവനക്കാർക്കോ, സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കോ, അതോ രണ്ടിനും ബാധകമാണോയെന്ന് എഫ്എൻസി വ്യക്തമാക്കിയിട്ടില്ല.
കുടുംബ സംരക്ഷണം, സാമൂഹിക സ്ഥിരത, തൊഴിൽ-ജീവിത സന്തുലിതാവസ്ഥ എന്നിവയെക്കുറിച്ചുള്ള വിശാലമായ ചർച്ചകളുടെ ഭാഗമായാണ് ഈ നിർദ്ദേശം ഉന്നയിച്ചത്. കൗൺസിലിന്റെ രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കറും സാമൂഹികകാര്യങ്ങൾ, തൊഴിൽ, ജനസംഖ്യ, മാനവ വിഭവശേഷി എന്നിവ സംബന്ധിച്ച കമ്മിറ്റിയുടെ ചെയർപേഴ്സണുമായ മറിയം മജിദ് ബിൻ താനിയ ഈ നിർദ്ദേശം മുന്നോട്ടുവച്ചു, ഒരു കുട്ടിയുടെ ആദ്യ വർഷങ്ങളിൽ അമ്മയുടെ സാന്നിധ്യത്തിന്റെ പ്രാധാന്യം ഇവർ ഉയർത്തിക്കാട്ടി. എഫ്എൻസിയുടെ അഭിപ്രായത്തിൽ, ദേശീയ വികസനത്തിനുള്ള അവരുടെ സംഭാവന കുറയ്ക്കാതെ, കുടുംബ ജീവിതവുമായി പ്രൊഫഷണൽ ഉത്തരവാദിത്തങ്ങൾ സന്തുലിതമാക്കാൻ സ്ത്രീകളെ സഹായിക്കുന്നതിൽ വിദൂര ജോലി നിർണായക പങ്ക് വഹിക്കുന്നു.
അതേസമയം, സർക്കാർ മേഖലയിലെ പ്രസവാവധി പൂർണ്ണ ശമ്പളത്തോടെ കുറഞ്ഞത് 98 ദിവസമായി നീട്ടാനും എഫ്എൻസി ശുപാർശ ചെയ്തു.
Lowest Temperature യുഎഇയിൽ തണുപ്പേറുന്നു; ഈ ശൈത്യകാലത്ത് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ഈ പ്രദേശത്ത്….
Lowest Temperature ദുബായ്: യുഎഇയിൽ തണുപ്പേറുന്നു. ഈ ശൈത്യകാലത്ത് യുഎഇയിൽ ഏറ്റവും കുറഞ്ഞ താപനില റാസൽ ഖൈമയിലെ ജബൽ ജൈസിലാണ് രേഖപ്പെടുത്തിയത്. ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് കുറഞ്ഞ താപനിലയാണ് ഇന്ന് രാവിലെ 5.45ന് പ്രദേശത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. 0.2°C ആണ് ഇവിടെ രേഖപ്പെടുത്തിയ താപനിലയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
ജനുവരി രണ്ടാം പകുതിയിൽ രാജ്യത്ത് തണുപ്പ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ഇന്ന് രാവിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയ മറ്റ് നാലു പ്രദേശങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
മെബ്രിഹ് മൗണ്ടൈൻ- 3.1
ജബൽ റഹ്ബ-3.2
റക്ന-4
ഹഫീദ് പർവ്വതം-6.7
Iran and US വാക്‌പോരും വെല്ലുവിളിയുമായി ഇറാനും യുഎസും; അമേരിക്കൻ യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലേക്ക്….
Iran and US ടെഹ്‌റാൻ: പരസ്പരമുള്ള വാക്‌പോര് തുടർന്ന് ഇറാനും യുഎസും. ജൂണിൽ അമേരിക്ക ആക്രമിച്ചപ്പോൾ ഇറാൻ നിയന്ത്രണം പാലിച്ചുവെന്നും എന്നാൽ ഇനിയൊരാക്രമണമുണ്ടായാൽ മുഴുവൻ കരുത്തുമെടുത്ത് തിരിച്ചടിക്കാൻ തങ്ങളുടെ സൈന്യം മടിക്കില്ലെന്നുമാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി വ്യക്തമാക്കുന്നത്. ഇറാനിലെ പ്രക്ഷോഭം 72 മണിക്കൂർ മാത്രമാണു നീണ്ടതെന്നും സായുധ കലാപകാരികളാണ് പിന്നീടു രാജ്യമെങ്ങും പ്രശ്‌നമുണ്ടാക്കിയതെന്നും യുഎസ് ദിനപത്രമായ വോൾ സ്ട്രീറ്റ് ജേണലിൽ എഴുതിയ ലേഖനത്തിൽ അറഗ്ചി ആരോപിക്കുന്നു. സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്തതിന്റെ പേരിൽ, ലോക സാമ്പത്തിക ഫോറത്തിലേക്ക് ഇറാനുള്ള ക്ഷണം റദ്ദാക്കിയിരുന്നു.
ഇറാനെതിരെ ഭീഷണിയുമായി ഡോണാൾഡ് ട്രംപും രംഗത്തെത്തിയിട്ടുണ്ട്. തന്നെ വധിച്ചാൽ ഇറാനെ അമേരിക്ക ഭൂമുഖത്തുനിന്നു തുടച്ചുനീക്കുമെന്നും അതിനുള്ള ഉത്തരവുകൾ താൻ നൽകിയിട്ടുണ്ടെന്നും ഡോണാൾഡ് ട്രംപ് വ്യക്തമാക്കി. ഇതിനിടെ,ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ ലക്ഷ്യമിട്ടാൽ പൂർണയുദ്ധമായിരിക്കും ഫലമെന്നു കഴിഞ്ഞദിവസം ഇറാൻ മുന്നറിയിപ്പു നൽകിയിരുന്നു. ഖമനയിക്കെതിരെ ഓങ്ങുന്ന കൈ വെട്ടുമെന്നും അവരുടെ ലോകം ചുട്ടുചാമ്പലാക്കുമെന്നുമായിരുന്നു ഇറാൻ സായുധസേനയുടെ വക്താവ് നടത്തിയ പ്രതികരണം.
ഇതിനിടെ പസിഫിക് സമുദ്രമേഖലയിലുള്ള അമേരിക്കൻ യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലേക്ക് നീങ്ങിത്തുടങ്ങി. സൗത്ത് ചൈന കടലിലായിരുന്ന പോർവിമാന വാഹിനി യുഎസ്എസ് ഏബ്രഹാം ലിങ്കണും അകമ്പടിയായി 3 യുദ്ധക്കപ്പലുകളുമാണ് പശ്ചിമേഷ്യയിലേക്കു നീങ്ങുന്നത്.
Financial Difficulties ശിക്ഷാ കാലാവധി പൂർത്തിയാക്കിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ജയിലിൽ; പ്രവാസികൾക്ക് തുണയായത് ഈ പദ്ധതി….
Financial Difficulties അബുദാബി: ശിക്ഷാ കാലാവധി പൂർത്തിയാക്കിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പുറത്തിറങ്ങാൻ കഴിയാതെ ജയിലിൽ കഴിഞ്ഞിരുന്നവർക്ക് സഹായകമായി യുഎഇയിൽ ഖലീഫ ഫൗണ്ടേഷനും പ്യുവർ ഗോൾഡ് ഗ്രൂപ്പും സംയുക്തമായി നടപ്പിലാക്കിയ കാരുണ്യ പദ്ധതി. കഴിഞ്ഞ വർഷം നടപ്പിലാക്കിയ പദ്ധതി വഴി 2,821 തടവുകാരെ ജയിൽ മോചിതരാക്കി. ശിക്ഷാ കാലാവധി പൂർത്തിയാക്കിയിട്ടും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പുറത്തിറങ്ങാനോ സ്വന്തം നാട്ടിലേക്കു മടങ്ങാനോ കഴിയാത്തവർക്കാണ് പദ്ധതി സഹായകമായത്.
പ്യുവർ ഗോൾഡ് ഗ്രൂപ്പ് സൗജന്യമായി വിമാന ടിക്കറ്റുകൾ നൽകിയതിനാൽ ഇതിൽ 1,983 വിദേശികൾക്കു ജന്മനാട്ടിലേക്കു മടങ്ങാനും കഴിഞ്ഞു. തടവുകാർക്കു പുതിയ ജീവിതം തുടങ്ങാനും കുടുംബങ്ങളുമായി ഒന്നിക്കാനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. അതേസമയം, യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചു പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇതര എമിറേറ്റ് ഭരണാധികാരികളും ചേർന്ന് വിവിധ ജയിലുകളിൽ കഴിയുന്ന 6500ലേറെ തടവുകാർക്കു മാപ്പു നൽകി വിട്ടയച്ചിരുന്നു.
Smoking പുകവലി കുറച്ചാലും അപകടസാധ്യതകൾ നിലനിൽക്കും; മുന്നറിയിപ്പുമായി യുഎഇയിലെ ഡോക്ടർമാർ
Smoking ദുബായ്: പുകവലിക്കുന്നവർക്ക് മുന്നറിയിപ്പുമായി യുഎഇയിലെ ഡോക്ടർമാർ. പുകവലി കുറച്ചാലും അപകട സാധ്യത നിലനിൽക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. പുകവലി ഉപേക്ഷിക്കാനുള്ള ഉദ്ദേശ്യത്തോടെ പുകവലിക്കാർ അത് കുറയ്ക്കുന്നത് പലപ്പോഴും കാണാറുണ്ട്. ‘സിഗരറ്റ് ഉപയോഗം കുറയ്ക്കുന്നതിന് ചിലർ ബദലുകളിലേക്ക് നീങ്ങുന്നു. എന്നാൽ നിക്കോട്ടിൻ എക്‌സ്‌പോഷറും ആരോഗ്യ അപകടങ്ങളും ഇപ്പോഴും തുടരുന്നുണ്ടെന്ന് ബർ ദുബായിലെ ആസ്റ്റർ ക്ലിനിക്കിലെ പൾമണോളജി സ്‌പെഷ്യലിസ്റ്റായ ഡോ. റൈസ ഹമീദ് പറഞ്ഞു,
പുകവലി കുറയ്ക്കുന്നത് സുരക്ഷിതമാണെന്ന് പല പുകവലിക്കാരും വിശ്വസിക്കുന്നുണ്ട്. എന്നാൽ, ഒരു ദിവസം കുറച്ച് സിഗരറ്റ് വലിക്കുന്നത് പോലും ഹൃദയ, ശ്വാസകോശ രോഗങ്ങൾക്ക് ഉയർന്ന അപകടസാധ്യത നൽകുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടി.
അബുദാബിയിലെ ബുർജീൽ ആശുപത്രിയിലെ ഫാമിലി മെഡിസിൻ സ്‌പെഷ്യലിസ്റ്റും വകുപ്പ് മേധാവിയുമായ ഡോ. മർവ മുഹമ്മദിന്റെ വാക്കുകൾ കേൾക്കാം. ‘പല രോഗികളും സിഗരറ്റ് ഉപേക്ഷിക്കുന്നതിനെക്കുറിച്ചോ പുകവലി കുറയ്ക്കുന്നതിനെക്കുറിച്ചോ സംസാരിച്ചിട്ടുണ്ട്. അവർ തങ്ങളോട് പറയും, ‘ഡോക്ടർ, താൻ മുമ്പത്തെപ്പോലെ പുകവലിക്കാറില്ലെന്ന്. എന്നിരുന്നാലും, ഇടയ്ക്കിടെ പുകവലിക്കുന്നത് ഇപ്പോഴും ഹൃദയത്തെയും ശ്വാസകോശത്തെയും ബാധിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി. പുകവലി കുറവായതിനാൽ ശരീരം പുനഃസ്ഥാപിക്കപ്പെടുന്നില്ല. യഥാർത്ഥ ആരോഗ്യ പുരോഗതി പുകവലി പൂർണ്ണമായും നിർത്തുമ്പോഴാണ് വരുന്നതെന്നും ഇവർ അറിയിച്ചു.
Taxi Accident ബ്രേക്കിന് പകരം ആക്‌സിലേറ്റർ ചവിട്ടി; യുഎഇയിൽ ടാക്‌സി റെസ്റ്റോറന്റിലേക്ക് ഇടിച്ചു കയറി
Taxi Accident ഷാർജ: യുഎഇയിൽ ടാക്‌സി റസ്റ്റോറന്റിലേക്ക് ഇടിച്ചു കയറി അപകടം. ഷാർജയിലാണ് സംഭവം. ജനുവരി 20 ചൊവ്വാഴ്ചയാണ് അപകടം ഉണ്ടായത്. ഷാർജ എമിറേറ്റിലെ അൽ നബ്ബ പ്രദേശത്തുള്ള പാക്കിസ്ഥാൻ റസ്റ്റോറന്റ് ആയ ബുന്ദൂ ഖാൻ റസ്റ്റോറന്റിന്റെ ഗ്ലാസ് വാതിലുകളിൽ ഒന്നിലേക്കാണ് ടാക്‌സി ഇടിച്ചു കയറിയത്. ടാക്‌സി ഡ്രൈവർ ബ്രേക്കിന് പകരം ആക്‌സിലേറ്റർ അമർത്തിയതിനെ തുടർന്നാണ് അപകടം ഉണ്ടായത്.
അപകടത്തിൽ റസ്റ്റോറന്റിന്റെ ഗ്ലാസ് വാതിൽ തകരുകയും കാറിന്റെ മുൻവശത്ത് സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. രാത്രി 8:30 ഓടെ റസ്റ്റോറന്റിൽ ആളുകൾ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ എയർബാഗുകൾ വെളിയിലേക്ക് വന്നതിനാൽ ഡ്രൈവർ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു.
റസ്റ്റോറന്റിന്റെ വാതിലിനടുത്ത് ആരും തന്നെ ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ വലിയ അപകടമാണ് ഒഴിവായത്. റസ്റ്റോറന്റിൽ ഉണ്ടായിരുന്ന ആർക്കും തന്നെ പരിക്കേറ്റിട്ടില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Bike Accident ദുബായിൽ ബൈക്ക് അപകടം; ഹോസ്പിറ്റൽ ബില്ല് 400,000 ദിർഹം, ഇന്ത്യൻ പ്രവാസി പ്രതിസന്ധിയിൽ
Bike Accident ദുബായ്: ദുബായിൽ ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ പ്രവാസിയുടെ ആശുപത്രി ബില്ല് 400,000 ദിർഹം. ഇന്ത്യക്കാരനായ അവിനാഷ് സെക്വീരയാണ് ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ളത്. ദുബായ് സിലിക്കൺ ഒയാസിസിന് സമീപം ഇ311 റോഡിലുണ്ടായ അപകടത്തിലാണ് 36 കാരനായ അവിനാശിന് പരിക്കേറ്റത്. ചികിത്സാ ചെലവ് കണ്ടെത്താൻ കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് അവിനാശിപ്പോൾ. ജനുവരി 18 ഞായറാഴ്ച്ചയാണ് അവിനാശിന് അപകടം സംഭവിച്ചത്. ആശുപത്രി ബില്ലായ 400,000 ദിർഹം എങ്ങനെ അടയ്ക്കുമെന്ന ആശങ്കയിലാണ് അവിനാശ്.
സുഹൃത്തുക്കൾക്കൊപ്പം ഹത്തയിലേക്ക് ബൈക്ക് റൈഡിന് പോയതായിരുന്നു അവിനാഷ്. സ്വന്തം ബൈക്ക് വർക്ക് ഷോപ്പിൽ കൊടുത്തിരുന്നതിനാൽ സുഹൃത്തിന്റെ ബൈക്ക് വാങ്ങിയായിരുന്നു ഇദ്ദേഹത്തിന്റെ യാത്ര. തിരികെ വരുന്ന വഴി ലിവാന് സമീപമുള്ള വളവിൽ വെച്ച് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. 50 കിലോമീറ്ററിൽ താഴെയായിരുന്നു വേഗതയെങ്കിലും ബൈക്കിന്റെ ഭാരം കാരണം നിയന്ത്രിക്കാനായില്ലെന്നും കാലിലേക്ക് ബൈക്ക് മറിഞ്ഞു വീഴുകയായിരുന്നുവെന്നും അവിനാഷ് പറയുന്നു. അപകടത്തിൽ അവിനാശിന്റെ രണ്ടു കാലുകൾക്കും ഇടുപ്പിനും ഗുരുതരമായ ഒടിവുകൾ സംഭവിച്ചിട്ടുണ്ട്.
രണ്ട് പ്രധാന ശസ്ത്രക്രിയകൾ ഇതിനോടകം പൂർത്തിയായി. അഞ്ച് മണിക്കൂർ നീണ്ട ശസ്ത്രക്രിയകളായിരുന്നു ഇത്. വലതുകാലിലും ഇടുപ്പിലും സ്റ്റീൽ റോഡുകൾ നിക്ഷേപിച്ചിട്ടുണ്ട്. ഇനിയും രണ്ട് ശസ്ത്രക്രിയകൾ കൂടി വേണമെന്ന് ഡോക്ടർമാർ അറിയിച്ചു. മാസങ്ങളോളം നീളുന്ന ഫിസിയോതെറാപ്പിക്ക് ശേഷമേ അവിനാശിന് നടക്കാൻ കഴിയൂ. ഫ്രീലാൻസ് ഇവന്റ് മാനേജ്മെന്റ് പ്രൊഫഷണലായി ജോലി ചെയ്യുകയായിരുന്നു അവിനാശ്. മെഡിക്കൽ ഇൻഷുറൻസ് ഇല്ലാത്തതാണ് കുടുംബത്തെ തളർത്തുന്നത്. അവിനാശിന്റെ ഐഫോണിൽ നിന്നുള്ള ഓട്ടോമാറ്റിക് എസ്.ഒ.എസ് അലേർട്ട് വഴിയാണ് അപകടവിവരം കുടുംബം അറിഞ്ഞത്. മകന്റെ ചികിത്സാ ചിലവ് കണ്ടെത്താൻ മറ്റ് വഴികളൊന്നുമില്ലെന്ന് പിതാവ് സുനിൽ സെക്വീര പറഞ്ഞു. ദുബായിലെ ഫഖീഹ് യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് അവിനാശ് ചികിത്സയിലുള്ളത്.