Mpox എംപോക്സ്; മുന്നറിയിപ്പുമായി യുഎഇയിലെ ആരോഗ്യ വിദഗ്ധർ

Mpox അബുദാബി: എംപോക്‌സിനെതിരെ ജാഗ്രതാ നിർദ്ദേശവുമായി യുഎഇയിലെ ആരോഗ്യ വിദഗ്ധർ. എംപോക്‌സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കി. ഇത്തരം കേസുകൾ കൂടിവരുന്ന പശ്ചാത്തലത്തിലാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നത്. രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവർക്കും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടവർക്കും രോഗബാധ പകരാം. യാത്രയിലും ഒത്തുചേരലിലും മതിയായ ആരോഗ്യസുരക്ഷാ മുൻകരുതൽ സ്വീകരിക്കുന്നത് രോഗവ്യാപനം തടയാൻ സഹായിക്കുമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.

രോഗബാധിതരുമായി അടുത്ത് ഇടപഴകിയവർ 21 ദിവസം വീടുകളിൽ ക്വാറന്റീനിൽ കഴിയണമെന്ന് ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി. രോഗബാധിതർ സുഖപ്പെടുംവരെ ആശുപത്രിയിലാക്കും. രോഗബാധിതരുമായോ വന്യമൃഗങ്ങളുമായോ അടുത്ത് ഇടപഴകുന്നതിലൂടെ പകരുന്ന വൈറസാണ് എംപോക്‌സ്. സ്രവങ്ങൾ, ശ്വസന കണികകൾ, വൈറസ് ബാധിച്ച വസ്തുക്കൾ എന്നിവയിലൂടെയും പകരാം. രോഗം ബാധിച്ചയാൾ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ പുറത്തെത്തുന്ന ശ്വസന കണികകളിലൂടെയും പകരും. സംശയാസ്പദമായ കേസുകൾ സർക്കാർ ആശുപത്രികളിലെ ഐസലേഷൻ വിഭാഗത്തിൽ പ്രവേശിപ്പിക്കും. സ്വകാര്യ ആശുപത്രിയിൽ എത്തുന്ന രോഗികളുടെ വിവരങ്ങൾ സർക്കാരിനെ അറിയിക്കുകയും സർക്കാർ ഐസലേഷനിലേക്കു മാറ്റുകയും വേണം.

അബുദാബി എമിറേറ്റിൽ അൽറഹ്ബ ഹോസ്പിറ്റൽ, അൽഐൻ ഹോസ്പിറ്റൽ, ലിവ ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ഐസലേഷൻ സെന്ററിലേക്കാണ് രോഗികളെ മാറ്റുക. ശരീരത്തിൽ കുമിളകൾ പ്രത്യക്ഷപ്പെടുന്നതു മുതൽ അവ ഉണങ്ങി പുതിയ തൊലി വരുന്നതു വരെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരാനിടയുണ്ട്.

പനി, ശരീരവേദന, വിറയൽ, കഠിനമായ തലവേദന, ക്ഷീണം, ചർമത്തിൽ കുമിള പോലെ പൊങ്ങുക എന്നിവയാണ് എംപോക്‌സിന്റെ ലക്ഷണങ്ങൾ. 3 ദിവസത്തെ പനിക്കുശേഷം ശരീരത്തിൽ ഉണ്ടാകുന്ന തടിപ്പുകളിൽ ദ്രാവകം നിറഞ്ഞ് കുമിളകളായി പൊന്തി പൊട്ടുകയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കുകയും ചെയ്യും. സാധാരണ 2 മുതൽ 4 ആഴ്ചകൾകൊണ്ട് രോഗം ഭേദമാകും.

യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ ഇതാ

Iran- US Conflict ഇറാനെതിരെയുള്ള സൈനിക നീക്കം; യുഎസിന് കർശന നിർദേശവുമായി ഗൾഫ് രാജ്യങ്ങൾ

Iran- US Conflict ദുബായ്: ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളിൽ യുഎസിന് കർശന നിർദ്ദേശവുമായി ഗൾഫ് രാജ്യങ്ങൾ. ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾക്കായി രാജ്യത്തിന്റെ വ്യോമപാതയോ ഭൂപ്രദേശമോ സമുദ്രാതിത്തിയോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് യുഎഇ വിദേശകാര്യമന്ത്രാലയം അറിയിച്ചു. മേഖലയിൽ സമാധാനം നിലനിർത്തുന്നതിനും സംഘർഷം ഒഴിവാക്കുന്നതിനുമാണ് യുഎഇ വ്യക്തമാക്കി.

സൗദി അറേബ്യ, ഖത്തർ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളും നേരത്തെ സമാന നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. ഈ രാജ്യങ്ങളിലുള്ള അമേരിക്കൻ സൈനിക താവളങ്ങൾ ഇറാനെതിരെ ഉപയോഗിക്കരുതെന്ന് യുഎസിനെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളെത്തുടർന്ന് യുഎസിന്റെ നേതൃത്വത്തിൽ സൈനിക നീക്കം ഉണ്ടാകാനിടയുള്ള സാഹചര്യത്തിലാണ് ജിസിസി രാജ്യങ്ങൾ നിലപാട് വ്യക്തമാക്കിയത്.

VPN UAE യുഎഇയിൽ വിപിഎൻ നിരോധിച്ചിട്ടുണ്ടോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

VPN UAE ദുബായ്: യുഎഇയിൽ വിപിഎൻ നിരോധിച്ചിട്ടുണ്ടോ, ഇത് ഉപയോഗിക്കാമോ എന്നെല്ലാമുള്ള സംശയം നമ്മളിൽ പലർക്കുമുണ്ട്. യുഎഇയുടെ ടെലി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് വിപിഎൻ ഉപയോഗിക്കുന്നതിന് വിലക്കില്ല. എന്നാൽ, 2021 ലെ യുഎഇ നിയമം 34 അനുസരിച്ച് നിയമവിരുദ്ധമായ കാര്യങ്ങൾക്ക് വിപിഎൻ ഉപയോഗിക്കുന്നത് ഗുരുതരമായ കുറ്റമാണ്. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് വിപിഎൻ ഉപയോഗിച്ചാൽ കർശന ശിക്ഷ ലഭിക്കും. 5,00,000 ദിർഹം മുതൽ 20 ലക്ഷം ദിർഹം വരെ പിഴയും തടവും ലഭിക്കാനുന്ന ശിക്ഷയാണ് ഇത്.

ദുരുപയോഗം ചെയ്യാനുളള സാധ്യതകൾ മുൻനിർത്തിയാണ് യുഎഇ ഉൾപ്പടെയുളള ഗൾഫ് രാജ്യങ്ങൾ വിപിഎൻ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുളളത്. യുഎഇയുടെ ടെലി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് വിപിഎൻ ഉപയോഗിക്കുന്നതിന് വിലക്കില്ല. കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ആഭ്യന്തര കാര്യങ്ങൾക്കായി വിപിഎൻ ഉപയോഗിക്കാം.

ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയുടെ മാർഗ നിർദ്ദേശങ്ങൾക്ക് അനുസൃതമായി വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്കിന്റെ ഉപയോഗം നിയമവിരുദ്ധമായി കണക്കാക്കില്ല. യുഎഇയിൽ കമ്പനികളും സ്ഥാപനങ്ങളും ബാങ്കുകളും ആഭ്യന്തര ആവശ്യങ്ങൾക്കായി വിപിഎൻ ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ നിയമവിരുദ്ധമായ മാർഗങ്ങൾക്കും കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനും വിപിഎൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് യുഎഇയിൽ ഗുരുതര കുറ്റമാണ്. കുറ്റകൃത്യം ചെയ്യുന്നതിനോ, കുറ്റകൃത്യം കണ്ടെത്തുന്നത് തടയുന്നതിനായി മൂന്നാം കക്ഷിയുടെ വിലാസം ഉപയോഗിക്കുകയോ, നിരോധിത ഉളളടക്കങ്ങൾ ലഭിക്കുന്നതിനായോ വിപിഎൻ ഉപയോഗിക്കരുത്.

സൗജന്യമായി ഓഡിയോ വീഡിയോ കോളുകൾ ചെയ്യുന്നതിനായും വോയ്സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ കോളുകൾക്കായും വിപിഎൻ ഉപയോഗിക്കാം. എന്നാൽ ടിഡിആർഎ നിരോധിത ആപ്, വെബ്‌സൈറ്റുകൾ, ഗെയിമുകൾ തുടങ്ങിയവ വിപിഎൻ സഹായത്തോടെ ഉപയോഗിക്കരുത്. സൈബർ തട്ടിപ്പ് നടത്തുന്നതും നിയമലംഘനത്തിന്റെ പരിധിയിൽ വരും.

Lost Ring Found പാർക്കിംഗ് ഏരിയയിൽ വെച്ച് നഷ്ടപ്പെട്ടു; വിദേശി വനിതയുടെ വിലയേറിയ മോതിരം കണ്ടെത്തി തിരികെ നൽകി ദുബായ് പോലീസ്

Lost Ring Found ദുബായ്: വിദേശ വനിതയുടെ കയ്യിൽ നിന്നും നഷ്ടപ്പെട്ട വിലയേറിയ മോതിരം കണ്ടെത്തി തിരികെ നൽകി ദുബായ് പോലീസ്. ജുമൈറ ലേക്‌സ് ടവേഴ്സിലെ (ജെഎൽടി) പാർക്കിംഗ് ഏരിയയിൽ അബദ്ധത്തിൽ നഷ്ടപ്പെട്ട റഷ്യൻ പൗരയുടെ വിലയേറിയ മോതിരമാണ് പോലീസ് കണ്ടെത്തി തിരികെ ഏൽപ്പിച്ചത്. ദുബായ് പോലീസിന്റെ വേഗത്തിലുള്ള ഇടപെടലിനും പ്രൊഫഷണലിസത്തിനും ഇവർ നന്ദി അറിയിച്ചു. രാത്രി വൈകിയ വേളയിലും പോലീസ് കാണിച്ച കരുതലും പ്രതിബദ്ധതയും തന്നെ ഏറെ ആകർഷിച്ചുവെന്ന് ഇവർ പറയുന്നു.

2016 മുതൽ യുഎഇയിൽ താമസിക്കുന്ന അക്‌സിനിയ സെയ്‌ത്സേവയാണ് ദുബായ് പോലീസിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. 2025 ഏപ്രിലിലാണ് സംഭവം നടന്നത്. ജെഎൽടിയിലെ ഒരു ക്ലസ്റ്റർ പാർക്കിംഗ് ഏരിയയിൽ വാഹനം പാർക്ക് ചെയ്തിരിക്കുമ്പോഴാണ് സംഭവം നടന്നത്. കാറിൽ ഇരുന്നപ്പോൾ താൻ മോതിരം കയ്യിൽ നിന്നും ഊരിമാറ്റി മടിയിൽ വെച്ചു. എന്നാൽ വാഹനത്തിൽ നിന്നും ഇറങ്ങിയപ്പോൾ മോതിരം തന്റെ മടിയിൽ നിന്നും ഊർന്ന് നിലത്തേക്ക് വീണു. ധൃതിയിൽ താൻ മോതിരം താഴെപ്പോയത് ശ്രദ്ധിച്ചില്ല. ബ്യൂട്ടി സൂലൂണിൽ പോയി ഏകദേശം രണ്ടര മണിക്കൂറുകൾക്ക് ശേഷം തിരിച്ചെത്തിയപ്പോഴാണ് മോതിരത്തിന്റെ കാര്യം താൻ ഓർമ്മിച്ചത്. പാർക്കിംഗ് ഏരിയയിൽ പോയി നോക്കിയെങ്കിലും മോതിരങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല. പാർക്കിംഗ് അരിയയിലെ സിസിടി ദൃശ്യങ്ങൾ നോക്കിയപ്പോൾ അതേ സ്ഥലത്ത് മറ്റൊരു വാഹനം പാർക്ക് ചെയ്തിരുന്നതായും ഒരാൾ നിലത്തുണ്ടായിരുന്ന മോതിരങ്ങൾ എടുത്ത് പോക്കറ്റിൽ വെയ്ക്കുന്നതായും കണ്ടു. തുടർന്ന് താൻ പോലീസിൽ വിവരം അറിയിച്ചു. ബർഷ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ ഉടൻ തന്നെ സംഭവസ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും വാഹനം തിരിച്ചറിയുകയും ചെയ്തു. പിന്നീട് പോലീസ് ഈ വാഹന ഉടമയെ ബന്ധപ്പെട്ട് വിവരങ്ങൾ ധരിപ്പിക്കുകയും മോതിരം തിരികെ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് പോലീസ് മോതിരം സുരക്ഷിതമായി തനിക്ക് തിരികെ നൽകിയെന്നും യുവതി വ്യക്തമാക്കുന്നു.

Aptamil Infant Formula ബാക്ടീരിയ മലിനീകരണ ആശങ്ക; കുട്ടികൾക്കായുള്ള ആപ്റ്റാമിൽ പാൽപ്പൊടി ഉത്പന്നങ്ങൾ വിപണിയിൽ നിന്നും പിൻവലിച്ച് ഒമാനും യുഎഇയും

Aptamil Infant Formula ദുബായ്: കുട്ടികൾക്കായുള്ള ആപ്റ്റാമിൽ പാൽപ്പൊടി വിപണിയിൽ നിന്നും തിരിച്ചെടുത്ത് ഒമാനും യുഎഇയും. ബാക്ടീരിയ മലിനീകരണ ആശങ്ക നിലനിൽക്കുന്നതിനാൽ കുട്ടികൾക്കുള്ള ആപ്റ്റാമിൽ പാൽപ്പൊടി യുഎഇയിലുടനീളമുള്ള പ്രധാന റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളിൽ നിന്നും തിരിച്ചെടുക്കുന്നതായി യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയവും എമിറേറ്റസ് ഡ്രഗ് അതോറിറ്റിയും വ്യക്തമാക്കി.

ന്യൂട്രിഷ മിഡിൽ ഈസ്റ്റ് നിർമ്മിച്ച ആപ്റ്റാമിൽ അഡ്വാൻസ് 1 പിഒഎഫിന്റെ ഒരു ബാച്ച് ആണ് തിരിച്ചെടുത്തത്. ജനനം മുതൽ ആറു മാസം വരെയുള്ള കുട്ടികൾക്കാണ് ഇത് നൽകുന്നത്. സംശയാസ്പദമായ ബാച്ചിന്റെ കാലാവധി 2026 നവംബർ 8 ആണെന്നും മന്ത്രാലയം വിശദമാക്കി.

ഉൽപാദന ഇൻപുട്ടുകളിലൊന്നിൽ ബാസിലസ് സെറിയസ് ബാക്ടീരിയയുടെ അംശം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. ഈ ബാക്ടീരിയ സെറൂലൈഡ് ഉത്പാദിപ്പിക്കാൻ കഴിവുള്ളതിനാൽ, ചില സന്ദർഭങ്ങളിൽ, ഓക്കാനം, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളോടെ ഭക്ഷ്യവിഷബാധ പോലുള്ള ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇത് കാരണമായേക്കാം. യുഎഇയിലെ ന്യൂട്രിഷ്യ മിഡിൽ ഈസ്റ്റുമായി ഏകോപിപ്പിച്ച്, വിതരണക്കാരുടെ വെയർഹൗസുകളിൽ ലഭ്യമായ എല്ലാ പ്രസക്തമായ ബാച്ചുകളും നിർത്തിവച്ചിട്ടുണ്ട്. അതേസമയം, വിപണികളിൽ നിന്ന് ശേഷിക്കുന്ന അളവ് പിൻവലിക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടരുന്നു. രാജ്യത്തെ എല്ലാ ഔട്ട്ലെറ്റുകളിൽ നിന്നും ആരോഗ്യ സൗകര്യങ്ങളിൽ നിന്നും ഉൽപ്പന്നത്തിന്റെ ബാധിച്ച ബാച്ച് പിൻവലിക്കാൻ എമിറേറ്റ്‌സ് ഡ്രഗ് അതോറിറ്റി ഒരു മുൻകരുതൽ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.

യുഎഇയിലെ ഈ ഉൽപ്പന്നം വാങ്ങിയ എല്ലാ ഉപഭോക്താക്കളും പാക്കേജിന്റെ അടിയിൽ സൂചിപ്പിച്ചിരിക്കുന്ന കാലഹരണ തീയതി പരിശോധിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. 2026 നവംബർ 8 ലെ കാലഹരണ തീയതിയുമായി ഇത് പൊരുത്തപ്പെടുന്നുണ്ടെങ്കിൽ, ഉൽപ്പന്നം ഉപയോഗിക്കരുതെന്നും സുരക്ഷിതമായി നശിപ്പിക്കണമെന്നും നിർദ്ദേശിക്കുന്നു.

Heater തണുപ്പകറ്റാൻ ട്രക്കിനകത്ത് ഹീറ്ററിട്ട് കിടന്നുറങ്ങി; യുഎഇയിൽ പ്രവാസി മലയാളി യുവാവ് ശ്വാസംമുട്ടി മരിച്ചു

Heater ഫുജൈറ: യുഎഇയിൽ തണുപ്പകറ്റാൻ ട്രക്കിനകത്ത് ഹീറ്ററിട്ട് കിടന്നുറങ്ങിയ പ്രവാസി യുവാവ് ശ്വാസംമുട്ടി മരിച്ചു. ഫുജൈറ മസാഫിയിലാണ് സംഭവം. വടകര വള്ളിക്കാട് സ്വദേശി അൻസാറാണ് മരിച്ചത്. 28 വയസ്സായിരുന്നു. ഹെവി ട്രക്കിനകത്ത് തണുപ്പകറ്റാൻ ഹീറ്ററിട്ട് കിടന്നുറങ്ങിയതായിരുന്നു അൻസർ. വെള്ളിയാഴ്ച രാവിലെയാണ് ഇദ്ദേഹത്തിന്റെ മൃതദേഹം ജോലി ചെയ്യുന്ന ട്രക്കിനകത്ത് കണ്ടെത്തിയത്.

തണുപ്പകറ്റാൻ പ്രവർത്തിപ്പിച്ച ഹീറ്ററിൽ നിന്ന് പുകശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഫുജൈറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മസാഫി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

Gold Street ഗോൾഡ് സ്ട്രീറ്റ്; ലോകത്തിലെ ആദ്യത്തെ സ്വർണ്ണത്തെരുവ് ദുബായിൽ ഒരുങ്ങുന്നു

Gold Street ദുബായ്: ലോകത്തിലെ ആദ്യത്തെ സ്വർണ്ണത്തെരുവ് ദുബായിൽ ഒരുങ്ങുന്നു. ദുബായ് ഗോൾഡ് ഡിസ്ട്രിക്റ്റിലാണ് ഗോൾഡ് സ്ട്രീറ്റ് ഒരുങ്ങുന്നത്. എമിറേറ്റിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്നതാണ് പുതിയ പദ്ധതി. അതേസമയം, സ്വർണ്ണ തെരുവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഇത്ര ദുബായ് എമിറേറ്റിന്റെ ഗോൾഡ് ഡിസ്ട്രിക്റ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത ചടങ്ങിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. സ്വർണ്ണ വിപണിയിലെ ലോകത്തിലെ രണ്ടാമത്തെ വലിയ കേന്ദ്രമാണ് യുഎഇ. കഴിഞ്ഞ വർഷങ്ങളിൽ ശതകോടി ഡോളറിന്റെ സ്വർണ്ണമാണ് രാജ്യം കയറ്റുമതി ചെയ്തത്. ഇന്ത്യ, യുകെ, സ്വിറ്റ്‌സർലാൻഡ്, ഹോങ്കോംഗ്, തുർക്കി തുടങ്ങിയ പ്രമുഖ രാജ്യങ്ങൾ ദുബായിലെ പ്രധാന വ്യാപാര പങ്കാളികളാണ്.

ദുബായിലെ ഈ പ്രദേശം അറിയപ്പെടുന്നത് സ്വർണ്ണാഭരണ പ്രേമികളുടെ പുതിയ ഭവനം എന്നാണ്. സ്വർണ്ണവും ആഭരണങ്ങളും എല്ലാം ഇനി ഒരേ ലക്ഷ്യസ്ഥാനത്തിന് കീഴിലാകും. ചില്ലറ വ്യാപാരവും മൊത്ത വ്യാപാരവും ഒരുപോലെ ഇവിടെ സജീവമാകും. ആയിരത്തിലധികം പ്രമുഖ ചില്ലറ വ്യാപാരികൾ ഈ ഡിസ്ട്രിക്റ്റിൽ ഭാഗമായിട്ടുണ്ട്. പെർഫ്യൂം, സ്വർണ്ണം, തുടങ്ങിയ ഉത്പ്പന്നങ്ങളും ഇവിടെ ലഭ്യമാകും.

Weather Change യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥാ മാറ്റം; താപനില ഉയരുമെന്ന് പ്രവചനം

Weather Change അബുദാബി: യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥാ മാറ്റത്തിന് സാധ്യത. യുഎഇയിൽ താപനില ഉയരുമെന്നാണ് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി വ്യക്തമാക്കുന്നത്. ഈ ആഴ്ച്ചയുടെ മധ്യത്തോടെ താപനില അൽപം ഉയരുമെന്നും പിന്നീട് വാരാന്ത്യത്തോടെ താപനിലയിൽ വീണ്ടും കുറവുണ്ടാകുമെന്നും എൻസിഎം അറിയിച്ചു. വടക്കുപടിഞ്ഞാറ് നിന്ന് കടന്നുപോകുന്ന ഒരു ന്യൂനമർദ്ദ താഴ്ചയുടെ വികാസമാണ് ഇതിന് കാരണമെന്ന് എൻസിഎം വ്യക്തമാക്കി.

ഇന്ന് രാത്രി മുതൽ ബുധനാഴ്ച രാവിലെ വരെ തീരദേശ-ഉൾനാടൻ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് പടിഞ്ഞാറൻ മേഖലകളിൽ അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കും. ഇത് കനത്ത മൂടൽമഞ്ഞിന് കാരണമായേക്കാം. വ്യാഴാഴ്ച രാത്രിയോടെ വടക്കൻ മേഖലകളിൽ ആകാശം മേഘാവൃതമാകാനും നേരിയ മഴയ്ക്കും സാധ്യതയുണ്ട്. വെള്ളിയാഴ്ചയോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.

വ്യാഴാഴ്ച രാത്രി മുതൽ അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. വെള്ളിയാഴ്ചയോടെ ഒമാൻ കടലിലും തിരമാലകൾ ശക്തമായേക്കാം. മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.

Property Buyers യുഎഇയിൽ പ്രോപ്പർട്ടികൾ വാങ്ങുന്നവർ കൂടുതലായും തെരഞ്ഞെടുക്കുന്നത് ഈ എമിറേറ്റോ? കാരണം അറിയാം…

Property Buyers ഷാർജ: യുഎഇയിൽ പ്രോപ്പർട്ടികൾ വാങ്ങുന്നവർ കൂടുതലായും തെരഞ്ഞെടുക്കുന്നത് ഏത് എമിറേറ്റാണെന്ന് നിങ്ങൾക്കറിയാമോ. ഷാർജ എന്നാണ് ഇതിനുത്തരം. കൂടുതൽ ജിസിസി പൗരന്മാർ അവരുടെ രണ്ടാമത്തെ വീടുകളായി ഷാർജയിൽ പ്രോപ്പർട്ടികൾ വാങ്ങുന്നുവെന്നാണ് വ്യവസായ എക്‌സിക്യൂട്ടീവുകൾ വ്യക്തമാക്കുന്നത്. ഷാർജയിലെ റിയൽ എസ്റ്റേറ്റ് വിപണി മറ്റ് എമിറേറ്റുകളെ അപേക്ഷിച്ച് സ്ഥിരതയുള്ള മൂലധന വളർച്ച വാഗ്ദാനം ചെയ്യുന്നതിനാലാണ് കൂടുതൽ പേരും ഷാർജയിൽ പ്രോപ്പർട്ടികൾ വാങ്ങുന്നത്. ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്‌ട്രേഷൻ വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളും ഇതാണ് പ്രതിഫലിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ജിസിസി പൗരന്മാർ ഷാർജയിൽ 2,055 പ്രോപ്പർട്ടികളിലായി 3.4 ബില്യൺ ദിർഹം നിക്ഷേപിച്ചു.

ഷാർജയെ തങ്ങളുടെ രണ്ടാമത്തെ വീടായി കാണാൻ തുടങ്ങിയിരിക്കുന്ന വിനോദസഞ്ചാരികളുടെയും ജിസിസി പൗരന്മാരുടെയും ഒഴുക്ക് വർദ്ധിച്ചുവരികയാണെന്ന് ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്‌ട്രേഷൻ വകുപ്പിലെ പഠന-ഗവേഷണ ബ്യൂറോ മേധാവി ലാമിയ അൽ ജുവൈദ് പറഞ്ഞു. ജിസിസിയിലുടനീളം ഷാർജ ധാരാളം നിക്ഷേപകരെ ആകർഷിക്കുന്നുണ്ടെന്ന് ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ചീഫ് റിയൽ എസ്റ്റേറ്റ് ഓഫീസർ യൂസിഫ് അഹമ്മദ് അൽ മുതവയും സ്ഥിരീകരിച്ചു. റിയൽ എസ്റ്റേറ്റ് വിപണിയുടെ സ്ഥിരതയ്ക്കും അടിസ്ഥാന സൗകര്യ തുടർച്ചയ്ക്കും ഷാർജ സർക്കാർ പ്രാധാന്യം നൽകുന്നുവെന്ന് ആലെഫ് ഗ്രൂപ്പിലെ മാർക്കറ്റിംഗ് സ്ട്രാറ്റജി ആൻഡ് ബ്രാൻഡിംഗ് സീനിയർ വൈസ് പ്രസിഡന്റ് നൊറീൻ നസ്രല്ല വ്യക്തമാക്കി.

ഷാർജ ഒരു കുടുംബ കേന്ദ്രീകൃത എമിറേറ്റാണെന്നും അതിനാൽ, അവരുടെ വാങ്ങുന്നവരിൽ ഭൂരിഭാഗവും നിക്ഷേപകരല്ല, മറിച്ച് അന്തിമ ഉപയോക്താക്കളാണെന്നും അൽ തുരിയ ഗ്രൂപ്പിന്റെ വൈസ് ചെയർമാൻ റെയ്മണ്ട് ഖൗസാമി പറഞ്ഞു.

Rupee Exchange Value നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികൾക്ക് സന്തോഷവാർത്ത; രൂപയുടെ മൂല്യത്തിൽ ഇടിവ്

Rupee Exchange Value ദുബായ്: ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നു. ചൊവ്വാഴ്ച യുഎസ് ഡോളറിനെതിരെ 91.82 എന്ന നിലയിലാണ് (യുഎഇ ദിർഹത്തിനെതിരെ 25.01907) ഇന്ത്യൻ രൂപ വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞയാഴ്ച രൂപയുടെ മൂല്യം 1.18 ശതമാനം ഇടിഞ്ഞ് ഒരു ഡോളറിന് 92.00 എന്ന നിരക്കിലെത്തിയിരുന്നു.

ജനുവരി മാസത്തിൽ മാത്രം ഏകദേശം 4 ബില്യൺ ഡോളറിന്റെ വിദേശ നിക്ഷേപമാണ് ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് പിൻവലിക്കപ്പെട്ടത്. വിദേശ നിക്ഷേപകർ ഓഹരികൾ വിറ്റഴിച്ച് ഡോളർ വാങ്ങുന്നത് രൂപയുടെ മൂല്യത്തെ സാരമായി ബാധിക്കുന്നുണ്ട്. രൂപയുടെ മൂല്യം ഇനിയും കുറയുമെന്ന് പ്രതീക്ഷിച്ച് ഇറക്കുമതിക്കാരും നിക്ഷേപകരും വൻതോതിൽ ഡോളർ വാങ്ങി കൂട്ടുന്നത് തിരിച്ചടി സൃഷ്ടിക്കുന്നുണ്ട്. ആഗോള സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ പോലും ഈ ആഭ്യന്തര ആവശ്യം രൂപയെ സമ്മർദ്ദത്തിലാക്കുന്നു. രൂപയുടെ മൂല്യം കുത്തനെ ഇടിയാതിരിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വിപണിയിൽ ഇടപെട്ട് ഡോളർ വിറ്റഴിക്കുന്നുണ്ട്. എന്നാൽ ഇത് മൂല്യമിടിവിന്റെ വേഗത കുറയ്ക്കാൻ മാത്രമാണ് സഹായിക്കുന്നത്. തകർച്ച പൂർണ്ണമായും തടയാൻ സാധിക്കുന്നില്ല.

Fuel Price UAE ഫെബ്രുവരി മാസം യുഎഇയിൽ ഇന്ധനവില ഉയരുമോ?

Fuel Price UAE ദുബായ്: യുഎഇയിൽ 2026 ഫെബ്രുവരി മാസത്തിൽ പെട്രോൾ വില ഉയർന്നേക്കാം. ജനുവരിയിൽ ആഗോള എണ്ണവിലയിലുണ്ടായ വർധനവിനെ തുടർന്നാണ് യുഎഇയിൽ എണ്ണ വില ഉയരാനുള്ള സാധ്യതയുള്ളത്. ഇറാൻ, വെനിസ്വേല എന്നിവിടങ്ങളിൽ നിന്നുള്ള വിതരണ തടസ്സ ഭീതിയും ഭൂരാഷ്ട്രീയ സംഘർഷങ്ങളും കാരണം ബ്രെന്റ് ഓയിലിന്റെ ശരാശരി ക്ലോസിംഗ് വില ഈ മാസം ബാരലിന് 63.47 ഡോളറായിരുന്നു. 2025 ഡിസംബറിൽ ഇത് 61.51 ഡോളറായിരുന്നു. ഈ മാസത്തെ ആദ്യ മൂന്ന് ആഴ്ചകളിൽ ബ്രെന്റ് വില ബാരലിന് 66.52 ഡോളറിൽ ഏറ്റവും ഉയർന്ന നിലയിലെത്തി.

ചൊവ്വാഴ്ച രാവിലെ ബ്രെന്റും ഡബ്ല്യുടിഐയും യഥാക്രമം 65.5 ഡോളറും 60.6 ഡോളറും എന്ന നിലയിൽ സ്ഥിരത കൈവരിച്ചു. ജനുവരി മാസത്തിൽ യുഎഇയിൽ, സൂപ്പർ 98, സ്പെഷ്യൽ 95, ഇ-പ്ലസ് എന്നീ മൂന്ന് പെട്രോൾ വേരിയന്റുകളുടെ വില യഥാക്രമം ലിറ്ററിന് 2.53 ദിർഹം, 2.42 ദിർഹം, 2.34 ദിർഹം എന്നിങ്ങനെയായിരുന്നു. യുഎഇയിൽ വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്നത് പെട്രോളിനും ഡീസലിനും കൂടുതൽ ആവശ്യകത വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. യുഎഇയിലെ ഏറ്റവും വലിയ ഇന്ധന റീട്ടെയിലറായ അഡ്നോക് ഡിസ്ട്രിബ്യൂഷന്റെ കണക്കനുസരിച്ച്, 2026 ജനുവരി-സെപ്റ്റംബർ കാലയളവിൽ 85 പുതിയ സർവീസ് സ്റ്റേഷനുകൾ കൂടി ചേർത്തതോടെ, ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒമ്പത് മാസത്തെ ഇന്ധന അളവ് കൈവരിച്ചു.

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ, വെനിസ്വേല പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള എണ്ണലഭ്യതയെക്കുറിച്ചുള്ള അനിശ്ചിതത്വം, ആഗോള എണ്ണ ഉൽപ്പാദനത്തിലെ താൽക്കാലിക പ്രശ്‌നങ്ങൾ എന്നിവയാണ ഇപ്പോഴത്തെ എണ്ണ വില വർധനവിന് പ്രധാന കാരണം. ഇറാനിൽ അമേരിക്കയുടെ ശ്രദ്ധ പുതുക്കിയതോടെ ഊർജ്ജ വിപണികൾ ക്രൂഡ് ഓയിലിന്റെ വില വീണ്ടും ഉയർത്തിയതായി സെഞ്ച്വറി ഫിനാൻഷ്യലിന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസർ വിജയ് വലേച്ച വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group