കുവൈത്ത് സിറ്റി: ശമ്പളം ഉയർത്തി കാണിച്ച് കുടുംബവിസയില്‍ കുവൈത്തില്‍ എത്തിയ പ്രവാസികളോട് രാജ്യം വിടാന്‍ നിര്‍ദേശം. ഒരു മാസത്തിനകം രാജ്യം വിടുകയോ അല്ലെങ്കിൽ ശമ്പള നിബന്ധന പാലിച്ചു കൊണ്ട് പദവി ശരിയാക്കുകയോ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഉയര്‍ന്ന ശമ്പളം കാണിച്ച് കുടുംബവിസ നേടിയതിന് പിന്നാലെ ഇവര്‍ ചെറിയ ശമ്പളത്തിലേക്ക് ജോലി മാറുകയും ചെയ്തു. പ്രവാസികളുടെ ഭാര്യ, മക്കൾ എന്നീ ബന്ധുക്കളെ കുടുബവിസയിൽ കൊണ്ടുവരുന്നതിനു 800 ദിനാർ കുറഞ്ഞ ശമ്പളപരിധി നിശ്ചയിച്ചുകൊണ്ട് കഴിഞ്ഞ വർഷമാണ് പുതിയ നിയമം പ്രാബല്യത്തിൽ വന്നത്. ഇതേതുടർന്ന്, 800 ദിനാർ ശമ്പളമില്ലാത്ത പലരും വർക്ക് പെർമിറ്റിൽ ശമ്പളം ഉയർത്തി കാണിച്ചുകൊണ്ട് വിസ നേടുകയും പിന്നീട് കുടുംബം കുവൈത്തിൽ എത്തിയശേഷം കുറഞ്ഞ ശമ്പളത്തിലേക്ക് ജോലി മാറുകയും ചെയ്തിരുന്നു. ഇത്തരത്തിൽ വിസ നേടിയ നിരവധി പേരെ ആഭ്യന്തരമന്ത്രാലയം നേരിട്ട് വിളിപ്പിച്ചിരുന്നു. കുടുംബത്തെ തിരിച്ചയക്കുന്നതിന് ഒരു മാസത്തെ സമയപരിധി അനുവദിക്കുകയും ചെയ്തു. കൂടാതെ, കുറഞ്ഞ ശമ്പള പരിധി പ്രകാരം, പദവി ശരിയാക്കുന്നതിനു ഒരു മാസത്തെ സമയപരിധിയും ഇവർക്ക് അനുവദിച്ചിട്ടുണ്ട്. കുടുംബ വിസ പുനരാരംഭിച്ച കഴിഞ്ഞ വർഷം മുതൽ കുടുംബത്തെ കൊണ്ടുവന്നവർക്കാണ് ഇത് ബാധകം.