Expat Malayali Drowns To Death കാസര്‍കോട്: സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്നലെ (മെയ് 30) മരണം അഞ്ചായി. കാസർകോട് ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു. പട്ള ബൂഡ് എന്ന സ്ഥലത്താണ് ഒഴുക്കില്‍പ്പെട്ടത്. പാലക്കുന്ന് കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഫാല്‍ക്കണ്‍ ടെക്‌സ്‌റ്റൈല്‍സ് ഉടമ കരിപ്പൊടിയിലെ ഫാല്‍ക്കണ്‍ അസീസിന്‍റെയും അസ്മയുടെയും മകന്‍ സാദിഖ് (39) ആണ് മരിച്ചത്. ബന്ധുവിനൊപ്പം നടന്നുപോകുമ്പോള്‍ കാല് തെന്നി തോട്ടിൽ വീഴുകയായിരുന്നു. ദുബായിൽ നിന്ന് ഒരുമാസം മുന്‍പാണ് സാദിഖ് അവധിക്ക് നാട്ടിലെത്തിയത്. ഭാര്യ: ഫര്‍സാന. മക്കള്‍: ഫാദില്‍ സൈന്‍, സിയ ഫാത്തിമ, ആമിന. സഹോദരങ്ങള്‍: സമീര്‍, ഷംസുദ്ദീന്‍, സവാദ്, സബാന എന്നിവരാണ്. വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി പുല്ലുവിള സ്വദേശികളായ തഥയൂസ്, സ്റ്റെല്ലസ് എന്നിവര്‍ മരിച്ചു. എറണാകുളം തിരുമാറാടിയിൽ മരം വീണ് 85 കാരിയായ തൊഴിലുറപ്പ് തൊഴിലാളിയും മുനമ്പത്ത് ഇഷ്ടിക തലയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതിയും മരിച്ചു. ചെറായിയിൽ ശക്തമായ മഴയിലും കാറ്റിലും വഞ്ചി മറിഞ്ഞ് യുവാവിനെയും മലപ്പുറം കാളികാവിൽ ഒഴുക്കിൽപ്പെട്ട് ഒരാളെയും കാണാതായി. മരം വീണ് ഇന്നലെ നിരവധി വീടുകൾ തകർന്നു. വൈദ്യുതി പലയിടങ്ങളിലും ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. റെയിൽവേ ട്രാക്കുകളിൽ മരം വീണതിനെ തുടർന്ന് പല ട്രെയിനുകളും ഇപ്പോഴും വൈകിയോടുകയാണ്.
Home
kerala
Expat Malayali Drowns To Death: വിദേശത്തുനിന്ന് നാട്ടിലെത്തിയത് ഒരുമാസം മുന്‍പ്, ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു