
വിമാനത്തില്‍ ഭീഷണി സന്ദേശം, ബ്ലാക്ക് ടീ ഷര്‍ട്ട് ധരിച്ച പയ്യനാണെന്ന് സംശയം, പൊല്ലാപ്പിലായി ഇന്ത്യന്‍ കുടുംബം
Bomb Threat Flight Emergency Landing റിയാദ്: വിമാനത്തില്‍ ഭീഷണി സന്ദേശം കണ്ടെത്തിയ സംഭവത്തില്‍ പൊല്ലാപ്പിലായി ഇന്ത്യന്‍ കുടുംബം. ജൂണ്‍ 21ന് ബോംബ് ഭീഷണിയെ തുടർന്ന് റിയാദിൽ എമർജൻസി ലാൻഡിങ് നടത്തിയ ബർമിങ്ഹാം-ന്യൂഡൽഹി എയർ ഇന്ത്യ വിമാനത്തിലെ യാത്രികരായ നാലംഗ കുടുംബമാണ് ഊരാക്കുടുക്കിലായത്. ലണ്ടനിൽ ശാസ്ത്രജ്ഞനായ ബെംഗളൂരു സ്വദേശിയും ബഹുരാഷ്ട്ര കമ്പനി ഉദ്യോഗസ്ഥയും യു പി സ്വദേശിയുമായ ഭാര്യയും എയ്റോനോട്ടിക്കൽ എൻജിനീയറായ മൂത്ത മകനും ലണ്ടനിലെ സ്കൂളിൽ 10-ാം ക്ലാസ് വിദ്യാർഥിയായ ഇളയമകനുമടങ്ങുന്ന കുടുംബമാണ് അജ്ഞാതന്‍ ചെയ്തുവെച്ച വികൃതിയില്‍ കുടുങ്ങിയത്. ടിഷ്യൂ പേപ്പറിൽ പേനകൊണ്ട് എഴുതി ടോയ്‍ലറ്റിലെ കണ്ണാടിയിൽ ഒട്ടിച്ച നിലയിലായിരുന്നു ഭീഷണി സന്ദേശം. ഇതെഴുതിയത് ഈ 15 കാരനായിരിക്കാമെന്ന കാബിൻ ക്രൂവിലെ ഒരാൾക്കുണ്ടായ സംശയമാണ് കുടുംബത്തെ കുടുക്കിയത്. ഭീഷണി സന്ദേശം കണ്ടയുടനെ ജീവനക്കാരന്‍ പൈലറ്റിനെ അറിയിക്കുകയും റിയാദില്‍ ഇറക്കുകയും ചെയ്തു. നിമിഷവേഗത്തിൽ സ്പെഷൽ ടാസ്ക് ഫോഴ്സ്, ബോംബ് സ്ക്വാഡ്, എയർപ്പോർട്ട് പൊലീസ്, മറ്റ് സുരക്ഷാവിഭാഗങ്ങൾ എല്ലാം വിമാനത്തെ വളഞ്ഞു. മുഴുവൻ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. വിമാനം അരിച്ചുപെറുക്കി പരിശോധിച്ചെങ്കിലും അസാധാരണമായി ഒന്നും കണ്ടില്ല. ബോംബ് ഭീഷണി വ്യാജമാണെന്ന് മനസിലായി. യാത്രക്കാരെ ട്രൻസിസ്റ്റ് വിസയിൽ പുറത്തെത്തിച്ച് ഹോട്ടലിലേക്ക് മാറ്റാൻ എയർ ഇന്ത്യ നടപടി സ്വീകരിച്ചു. ജീവനക്കാരിലൊരാൾ ഉയർത്തിയ സംശയമാണ് പയ്യനെ കുടുക്കിയത്. ബ്ലാക്ക് ടീഷർട്ട് ധരിച്ച ഒരാൾ ടോയിലറ്റിൽ നിന്ന് ഇറങ്ങിവരുന്നത് കണ്ടതായി ഓർമയുണ്ടെന്നും അത് ഈ പയ്യാനായിരിക്കുമോ എന്ന് സംശയമുണ്ടെന്നും അയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT നേവി ബ്ലൂ ടീഷർട്ടാണ് അവൻ ധരിച്ചിരുന്നത്. മാതാപിതാക്കളോടും ജ്യേഷ്ഠനുമൊപ്പം ഇമിഗ്രേഷൻ ക്യൂവിൽ നിൽക്കുകയായിരുന്ന അവനെ പോലീസ് മാറ്റിനിർത്തി ചോദ്യം ചെയ്യുകയും പ്രായപൂർത്തിയാവാത്തതിനാൽ ജുവനൈൽ ഹോമിലേക്ക് മാറ്റുകയുമായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ അച്ഛനും അമ്മയും ജ്യേഷ്ഠനും നിസഹായരായി. ബാക്കി യാത്രക്കാരെ അടുത്ത ദിവസത്തെ വിമാനത്തിൽ നാട്ടിലേക്ക് അയച്ചു. കുടുംബവും സംശയമുന്നയിച്ച ജീവനക്കാരനും മാത്രം ഹോട്ടലിൽ ബാക്കിയായി. 24ാം തീയതി എയർ ഇന്ത്യ എയർപ്പോർട്ട് ഡ്യൂട്ടി മാനേജർ നൗഷാദ് വിവരമറിയിച്ചതിനെ തുടർന്ന് സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഹോട്ടലിലെത്തുന്നതുവരെ ഇക്കാര്യങ്ങളൊന്നും റിയാദിലെ ഇന്ത്യൻ എംബസിയെ പോലും അറിയിച്ചിരുന്നില്ല. കുടുംബത്തെ കണ്ട ശിഹാബ് അപ്പോൾ തന്നെ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാനെ വിവരം അറിയിച്ചു. അദ്ദേഹം ഉടൻ തന്നെ വിഷയത്തിലിടപെടുകയും അന്ന് വൈകിട്ട് കോൺസുലർ കൗൺസിലർ വൈ. സാബിറും ജയിൽ ഡിവിഷൻ അറ്റാഷെ രാജീവ് സിക്രിയും ശിഹാബും ജുവനൈൽ ഹോമിലും മറ്റ് ഓഫീസുകളിലും പോയി പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇതിനിടയിൽ ആകെ പരുങ്ങലിലായ വിമാന ജോലിക്കാരൻ ഒരു കറുത്ത ടീഷർട്ടുകാരൻ പോകുന്നത് കണ്ട ഓർമയിൽ സംശയം പറഞ്ഞതാണെന്നും ബ്ലൂ ടീഷർട്ടിട്ട 15 കാരനാണ് അതെന്ന് ഉറപ്പില്ലെന്നും മൊഴിനൽകി. 27ാം തീയതി ഒരു സൗദി പൗരെൻറ ജാമ്യത്തിൽ അവനെ ജൂവനൈൽ ഹോമിൽനിന്ന് പുറത്തിറക്കി മാതാപിതാക്കളുടെ അടുക്കലെത്തിച്ചു. 29ാം തീയതി 15കാരന്‍റെ പാസ്പോർട്ടും ബാഗും മറ്റും സുരക്ഷാ ഉദ്യോഗസ്ഥർ തിരികെ നൽകി. എല്ലാ പ്രശ്നവും പരിഹരിച്ചെന്ന് കരുതി അന്ന് വൈകീട്ട് ന്യൂ ഡെൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ പോകാൻ എയർപ്പോർട്ടിലെത്തി. എന്നാൽ, പാസ്പോർട്ടിൽ യാത്രാവിലക്ക് കണ്ടു. ബോർഡിങ് പാസ് ഇഷ്യൂ ചെയ്യാനാവുന്നില്ല. യാത്ര മുടങ്ങി, കുടുംബം ഹോട്ടലിൽ തിരിച്ചെത്തി. ഇതുവരെ 12 ദിവസമായി. ട്രാൻസിസ്റ്റ് വിസക്ക് നാല് ദിവസം മാത്രമാണ് കാലാവധി. വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞവർക്കുള്ള ഇളവ് അനുകൂലമാവും എന്നാണ് കരുതുന്നത്. അധികൃതരെല്ലാം പ്രശ്നപരിഹാരത്തിനായി ശ്രമിക്കുകയാണ്.
Comments (0)