Social Media കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയാ പരസ്യ താരങ്ങൾക്ക് കൂച്ചുവിലക്കുമായി കുവൈത്ത്. സോഷ്യൽ മീഡിയ താരങ്ങളുടെ വാണിജ്യ പരസ്യങ്ങൾ നിയന്ത്രിക്കുവാൻ പുതിയ മാധ്യമ നിയമവുമായി രംഗത്തെത്തിയിരിക്കുകയാണ് കുവൈത്ത് വിവര മന്ത്രാലയം. സെലിബ്രിറ്റികൾ, സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർമാർ മുതലായവരുടെ അക്കൗണ്ടുകൾ വഴി നടത്തുന്ന തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഇത്തരത്തിൽ പരസ്യം ചെയ്യുന്നതിന് ഇനി മുതൽ വാണിജ്യ, വ്യവസായ, വിവര മന്ത്രാലയങ്ങളിൽ നിന്ന് പ്രത്യേക ലൈസൻസ് നിർബന്ധമാക്കും. പരസ്യത്തിന്റെ രീതി, സെലിബ്രിറ്റികൾക്കും ഇൻഫ്‌ലുവൻസർമാർക്കും ലൈസൻസ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ എന്നിവ സംബന്ധിച്ച് രണ്ട് അധ്യായങ്ങളാണ് പുതിയ മാധ്യമ നിയമത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. പരസ്യങ്ങൾ നൽകുന്ന ഇൻഫ്‌ലുവൻസർമാർ, സെലിബ്രിറ്റികൾ, കമ്പനികൾ എന്നിവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വിവര മന്ത്രാലയം പരിശോധിക്കണമെന്നതാണ് കരട് നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശങ്ങളിലൊന്ന്. പുതിയ മാധ്യമ നിയമത്തിന്റെ കരട് അന്തിമ ഘട്ടത്തിലാണ്. ഇത് ഉടൻ തന്നെ മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിക്കും. പുതിയ നിയമം വഴി ലക്ഷ്യമിടുന്നത് ഉപഭോക്തൃ അവകാശങ്ങൾക്ക് ഭംഗം വരുത്താതെ നിയമപരവും വാണിജ്യപരവുമായ വ്യവസ്ഥകൾക്ക് എല്ലാവരെയും വിധേയരാക്കുക എന്നതാണ്.
Home
KUWAIT
Social Media സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേസിന് മൂക്കു കയർ ഇട്ട് കുവൈത്ത്; പ്രത്യേക ലൈസൻസ് ഏർപ്പെടുത്തും