Job Fraud Alert വിദേശരാജ്യങ്ങളിൽ മികച്ച ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവ പ്രവാസി മലയാളികൾക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങൾ, ജാഗ്രത

Job Fraud Alert ദുബായ്: വിദേശരാജ്യങ്ങളിൽ മികച്ച ജോലി വാഗ്ദാനം ചെയ്ത് മലയാളികൾ ഉൾപ്പെടെയുള്ളവരെ ലക്ഷ്യമിട്ട് നടക്കുന്ന തട്ടിപ്പുകൾ വർധിക്കുന്നു. ആയിരക്കണക്കിന് പേരാണ് ഇത്തരം തട്ടിപ്പുകളിൽപ്പെട്ട് വഴിയാധാരമായത്. വീടും പറമ്പും സ്വർണവും പണയപ്പെടുത്തിയും വിറ്റും ഉള്ള സമ്പാദ്യമെല്ലാം നഷ്ടപ്പെടുത്തിയാണ് പലരും ദുബായിലും കേരളത്തിലുമായി പ്രവർത്തിക്കുന്ന ഈ തട്ടിപ്പു സ്ഥാപനങ്ങൾക്ക് പണം നൽകുന്നത്. വിദേശത്തേക്ക് ചെറുകിട ജോലികൾക്ക് വിസയും വർക് പെർമിറ്റും നൽകാമെന്ന പേരിൽ നടക്കുന്ന വൻകിട തട്ടിപ്പുകളാണ് ഇപ്പോൾ അരങ്ങേറുന്നത്. ഇത്തരത്തിൽ പണം നഷ്ടപ്പെട്ടവർക്ക് അത് തിരിച്ചുകിട്ടുമോ, എങ്കിൽ അതിനെന്താണ് നിയമ വഴി, കുറ്റക്കാരെ ഏത് ശിക്ഷയാണ് കാത്തിരിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ വിശദീകരിക്കുകയാണ് യുഎഇയിലെ സാമൂഹിക ആക്ടിവിസ്റ്റും പ്രമുഖ അഭിഭാഷകയുമായ പ്രീതാ ശ്രീറാം മാധവ്.

യുഎഇ നിയമപ്രകാരം പണം നഷ്ടപ്പെട്ടത് ബാങ്ക് ട്രാൻസ്ഫർ വഴിയോ ചെക്ക് വഴിയോ ആണെങ്കിൽ കമ്പനിക്കെതിരെ സിവിൽ കേസ് ഫയൽ ചെയ്യാം. എന്നാൽ, ഇന്ത്യയിലുള്ള ഒരാൾക്ക് യുഎഇയിൽ വന്ന് നിയമപോരാട്ടം നടത്തുക എന്നത് പ്രായോഗികമല്ല. ഇതാണ് തട്ടിപ്പുകൾ തുടരാൻ തട്ടിപ്പുകാരെ പ്രേരിപ്പിക്കുന്നത്. ചെറിയ തുകകൾ ഒരുപാട് ആളുകളിൽ നിന്ന് വാങ്ങുക എന്നതാണ് തട്ടിപ്പുകാരുടെ പ്രധാന തന്ത്രം. ഒന്നര ലക്ഷം, രണ്ടു ലക്ഷം എന്നിങ്ങനെ താരതമ്യേന ചെറിയ തുകകൾ ആയതുകൊണ്ട് തന്നെ നിയമപോരാട്ടം നടത്തി ഇനിയും പണം കളയാൻ മിക്കവരും തയ്യാറാകില്ല. ഇതാണ് തട്ടിപ്പുകാരുടെ വിജയത്തിന് പിന്നിലെ പ്രധാന കാരണം. സർക്കാർ നടപടികളുടെ അഭാവമാണ് തട്ടിപ്പുകൾ വർദ്ധിക്കുന്നതിനുള്ള മറ്റൊരു ഘടകം. പോളണ്ട് വീസ തട്ടിപ്പ് കേസിൽ 200-ൽ പരം ആളുകൾ പൊലീസ് സ്റ്റേഷനിൽ ക്രിമിനൽ കേസ് ഫയൽ ചെയ്യുകയും മുഖ്യമന്ത്രിക്ക്, യുഎഇയിലെ ഇന്ത്യൻ എംബസിക്ക് എന്നിവർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. എന്നിട്ടും കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. തട്ടിപ്പിന് പിന്നിൽ മലയാളികളാണെന്ന് വ്യക്തമായിട്ടും ഇന്ത്യൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് ശക്തമായ ഇടപെടലുകൾ ഉണ്ടാകാത്തതാണ് ഈ തട്ടിപ്പുകൾ തുടരാൻ കാരണം.

കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

പണം ബാങ്ക് വഴിയോ ചെക്ക് വഴിയോ കൈമാറിയവർക്ക് കമ്പനിക്കെതിരെ യുഎഇയിൽ സിവിൽ കേസ് ഫയൽ ചെയ്യാം. യുഎഇയിലെ ഇന്ത്യൻ അധികൃതരുടെ സഹായം തേടുകയും ചെയ്യാം. യുഎഇയിലെ ഇന്ത്യൻ എംബസിയിലോ കോൺസുലേറ്റിലോ പരാതി നൽകുക. ഇന്ത്യൻ പൗരന്മാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ അധികൃതർക്ക് കഴിയും. ഇന്ത്യൻ സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെടുക: ഇത്തരം തട്ടിപ്പുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഇന്ത്യൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് ശക്തമായ ഇടപെടലുകൾ ആവശ്യമാണ്.

യുഎഇയിൽ കുളിരണിയും; താപനില താഴോട്ട്, അറിയിപ്പ്

യുഎഇ നിവാസികൾക്ക് വരും ആഴ്ചകളിൽ കൂടുതൽ സുഖകരമായ കാലാവസ്ഥ പ്രതീക്ഷിക്കാം. മേഖലയിലുടനീളം താപനില ക്രമേണ കുറയുകയാണ്. സൗമ്യവും സുഖകരവുമായ അവസ്ഥകളിലേക്കുള്ള സ്ഥിരമായ മാറ്റം ഔട്ട്‌ഡോർ പ്രവർത്തനങ്ങൾക്കും സീസണൽ ദിനചര്യകൾക്കും അനുയോജ്യമാണ്. സെപ്റ്റംബർ 20 മുതൽ രാത്രികാല താപനില 25 ഡിഗ്രി സെൽഷ്യസിൽ താഴെയാകുമെന്ന് പ്രതീക്ഷിക്കുന്നു. സെപ്റ്റംബർ 23 ന് ശരത്കാലം ആരംഭിക്കുന്നത് വരെ പകൽ സമയത്ത് ചൂട് തുടരും. ഹ്യുമിഡിറ്റി ഉയരാനും അതിരാവിലെ മൂടൽമഞ്ഞും മഞ്ഞുവീഴ്ച്ചയും ഉണ്ടാകാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു.

ഒക്ടോബർ 10 ഓടെ പരമാവധി പകൽ താപനില 35ºC-ൽ താഴെയാകും. ഒക്ടോബർ 20 ഓടെ രാത്രിയിലെ ഏറ്റവും താഴ്ന്ന താപനില 20ºC-ൽ താഴെയാകും. നവംബറിൽ പരമാവധി താപനില 30ºC-ൽ താഴെയായിരിക്കും. ഡിസംബറോടെ, രാത്രികാല താപനില 15ºC ആയി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ശൈത്യകാലത്തിന്റെ തുടക്കമായി കണക്കാക്കുന്നു.

പഴയസ്വർണം നിക്ഷേപിച്ചാൽ അതേ തൂക്കത്തിൽ പുതിയ സ്വർണം നൽകുമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്: മുഖ്യപ്രതികൾ ഗൾഫിലുള്ളതായി വിവരം

Gold Fraud Case മട്ടന്നൂർ: കോടികളുടെ സ്വർണനിക്ഷേപം സ്വീകരിച്ച്, ജ്വല്ലറിപൂട്ടി മുങ്ങിയ സംഭവത്തിൽ പ്രധാന പ്രതികൾ ഗൾഫിലുള്ളതായി വിവരം. മൈ ഗോൾഡ് ജ്വല്ലറിയിൽ കോടികളുടെ നിക്ഷേപം സ്വീകരിച്ച ശേഷം ജ്വല്ലറി പൂട്ടി മുങ്ങിയ സംഭവത്തിലാണ് പ്രതികൾ ഗൾഫിലുള്ളതായി വിവരം ലഭിച്ചത്. ജ്വല്ലറി നടത്തിപ്പുകാരൻ മുഴക്കുന്നിലെ തഫ്‌സീർ ഗൾഫിലേക്കു കടന്നതായുള്ള വിവരമാണ് ലഭിച്ചിരിക്കുന്നത്. കേസിലെ പ്രതികളായ മറ്റു രണ്ടു പാർട്‌നർമാർ നേരത്തേതന്നെ ഗൾഫിലാണുള്ളത്.

പഴയ സ്വർണം നൽകിയവരും ജ്വല്ലറികളിൽ സ്വർണം വിതരണം ചെയ്യുന്ന ഏജന്റുമാരും സ്വർണാഭരണങ്ങൾ ഉണ്ടാക്കിനൽകുന്ന പണിക്കാരും ഉൾപ്പെടെയുള്ളവരാണ് തട്ടിപ്പിനിരയായത്. തഫ്‌സീറിനെ കൂടാതെ മുഴക്കുന്ന് സ്വദേശികളായ ഫാസില, ഹാജറ, ഹംസ, ഫഹദ്, ഷമീർ തുടങ്ങിയവരാണ് പ്രതികൾ. 56 പരാതികളാണ് ഇവർക്കെതിരെ ലഭിച്ചിരിക്കുന്നത്. ആകെ രജിസ്റ്റർ ചെയ്തിരിക്കുന്നത് 6 കേസുകളാണ്. പഴയസ്വർണം നിക്ഷേപിച്ചാൽ പണം ഈടാക്കാതെ അതേ തൂക്കം പുതിയ സ്വർണം നൽകുമെന്നും ആഴ്ച, മാസത്തവണകളായി പണം നിക്ഷേപിച്ചാൽ ആവശ്യമുള്ളപ്പോൾ സ്വർണാഭരണങ്ങൾ നൽകുമെന്നും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്. 20 കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണ് കണക്കാക്കപ്പെടുന്നത്.

സ്റ്റോക്കില്ലെന്നു പറഞ്ഞ് സമീപത്തെ ജ്വല്ലറികളിൽ നിന്നു വാങ്ങിയ ആഭരണങ്ങളുടെ പണം നൽകിയില്ലെന്ന പരാതിയും പ്രതികൾക്കെതിരെയുണ്ട്. സ്വർണപ്പണിക്കാരനായ തൃശൂർ ഒല്ലൂർ സ്വദേശി എ.ജെ.മെജോയിൽ നിന്ന് 232 ഗ്രാം സ്വർണം വാങ്ങിയിരുന്നു. 23.45 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. തില്ലങ്കേരി സ്വദേശിയുടെ 98 ലക്ഷം രൂപയോളം നഷ്ടപ്പെട്ടു. ഉളിയിൽ സ്വദേശി പി.വി.സൂരജിന് 21.87 ലക്ഷം രൂപയുടെ സ്വർണമാണ് നഷ്ടമായതെന്നും പരാതിയിലുണ്ട്.

തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകിയത് സെപ്തംബർ ആറിനാണ്. പരാതി നൽകിയിട്ടും പ്രതി വിദേശത്തേക്ക് കടന്നുകളയുന്നത് തടയാൻ പോലീസിന് കഴിഞ്ഞില്ലെന്ന തരത്തിൽ വിമർശനം ഉയരുന്നുണ്ട്.

വാഹനം നിർത്തി റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ചു; പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം

Road Accident കണ്ണൂർ: വാഹനം നിർത്തി റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ചു പരിക്കേറ്റ പ്രവാസി മലയാളി മരിച്ചു. കൂത്തുപറമ്പ് പെരിങ്ങത്തൂർ പുല്ലൂക്കര സ്വദേശിയും കെഎംസിസി നേതാവുമായ ചന്ദനപ്പുറത്ത് സലീം ആണ് മരിച്ചത്. 52 വയസായിരുന്നു. പിലാത്തറ – പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിൽ അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം നടന്നത്.

കുടുംബസമേതം കുമ്പളയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ഭക്ഷണം കഴിക്കാനായി വാഹനം നിർത്തി റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടം ഉണ്ടായത്. നിർത്താതെ പോയ ബൈക്ക് പിന്നീട് പൊലീസ് പിടികൂടി. ഭാര്യ ജസീല. മക്കൾ: ജസീർ, ജഫ്ന, സന ഫാത്തിമ. സഹോദരങ്ങൾ: നിസാർ, ജാഫർ, മൈമൂന.

യുഎഇയിൽ ജോലി ചെയ്യുന്ന വീട്ടുജോലിക്കാരിയും കാമുകനും കൂടി പണവും ആഭരണങ്ങളും മോഷ്ടിച്ചു

അബുദാബി: തൊഴിലുടമയുടെ വില്ലയിൽ നിന്നും പണവും ആഭരണങ്ങളും മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരിയ്ക്കും കാമുകനും ശിക്ഷ വിധിച്ച് യുഎഇ കോടതി. എത്യോപ്യൻ സ്വദേശിയായ വീട്ടുജോലിക്കാരിയ്ക്കും കാമുകനും മൂന്ന് മാസത്തെ തടവ് ശിക്ഷയാണ് ലഭിച്ചത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ രാജ്യത്ത് നിന്നും നാടുകടത്തുകയും ചെയ്യും. അൽഐൻ ക്രിമിനൽ കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്.

തന്റെ കാമുകനുമായി ചേർന്ന് വീട്ടു ജോലിക്കാരി തൊഴിലുടമയുടെ വില്ലയിൽ നിന്നും 5000 ദിർഹവും ആഭരണങ്ങളും ഉൾപ്പെടെ മോഷ്ടിച്ചുവെന്നാണ് ഇവർക്കെതിരെയുള്ള കേസ്. 2025 മെയ് 25 നാണ് തൊഴിലുടമ ഇവർക്കെതിരെ ഫലജ് ഹസ്ത പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്, വില്ലയ്ക്കുള്ളിൽ ചില സംശയാസ്പദമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ഒരു പാർട്ട് ടൈം വീട്ടുജോലിക്കാരിയാണ് തൊഴിലുടമയെ അറിയിച്ചത്. തുടർന്നാണ് മോഷണ വിവരം പുറത്തു വന്നത്. വീട്ടിനുള്ളിലെ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ എത്യോപ്യൻ പുരുഷൻ പലതവണ വീട്ടിൽ കയറാൻ ശ്രമിച്ചതായി കണ്ടെത്തി. പിന്നീട് അന്വേഷണ ഉദ്യോഗസ്ഥർ പുറത്തെ തെരുവിൽ നിന്നുള്ള സുരക്ഷാ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ തെളിവുകൾ ശേഖരിച്ചു. പിന്നീട് അന്വേഷണ സംഘം വീട്ടുജോലിക്കാരിയെ അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തതോടെ ഇവർ പോലീസിനോട് കുറ്റസമ്മതം നടത്തി. പണം നേടാനും എത്യോപ്യയിലേക്ക് തിരിച്ചു പോകാനും വേഗം വിവാഹം കഴിക്കാനും വേണ്ടി കാമുകൻ തന്നെ മോഷണം നടത്താൻ നിർബന്ധിച്ചതായി വീട്ടുജോലിക്കാരി പോലീസിനോട് സമ്മതിച്ചു.

പിന്നീട് പോലീസ് വീട്ടുജോലിക്കാരിയുടെ കാമുകനെ അറസ്റ്റ് ചെയ്തു. ആദ്യം ഇയാൾ കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് കുറ്റസമ്മതം നടത്തി.

മദീനയിലെ പ്രവാചക പള്ളിയ്ക്ക് സമീപം വലിയ സ്‌ഫോടന ശബ്ദം

റിയാദ്: മദീനയിലെ പ്രവാചക പള്ളിയ്ക്ക് സമീപം വലിയ സ്‌ഫോടന ശബ്ദം. വ്യാഴാഴ്ച്ച പുലർച്ചെയാണ് പുണ്യനഗരമായ മദീനയിലെ പ്രവാചക പള്ളിയ്ക്ക് സമീപത്തായി വിശ്വാസികൾ വലിയ സ്‌ഫോടന ശബ്ദം കേട്ടത്. ശബ്ദം കേട്ടതോടെ വിശ്വസികൾ പലരും ഞെട്ടിപ്പോയെന്നാണ് റിപ്പോർട്ടുകൾ.

മസ്ജിദ് അൽ നബവിയ്ക്ക് സമീപം ആകാശത്ത് തിരിച്ചറിയാത്ത ചില വസ്തുക്കൾ കണ്ടതായുള്ള ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പ്രാദേശിക സമയം പുലർച്ചെ 5.43 ഓടെയായിരുന്നു സംഭവം. ഈ ദൃശ്യങ്ങൾ പൊതുജനങ്ങൾക്കിടയിൽ പല ഊഹാപോഹങ്ങളും പ്രചരിക്കാൻ കാരണമായി. എന്നാൽ, സ്ഥിരീകരിക്കാത്ത വിവരങ്ങളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.

സ്ഥിരീകരിച്ച വിവരങ്ങൾ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നും ലഭിക്കുന്നത് വരെ കാത്തിരിക്കണമെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ജനങ്ങളോട് അഭ്യർത്ഥിക്കുന്നതായി അധികൃതർ കൂട്ടിച്ചേർത്തു.

അബുദാബിയില്‍ ട്രാഫിക് പിഴകള്‍ക്ക് കിഴിവുകള്‍ നേടാന്‍ അവസരം; ചെയ്യേണ്ടത് ഇങ്ങനെ !

Abu Dhabi traffic discounts അബുദാബി: അബുദാബിയിലെ വാഹന ഉടമകൾക്ക് എമിറേറ്റിന്റെ ഔദ്യോഗിക സർക്കാർ സേവന പ്ലാറ്റ്‌ഫോമായ TAMM വഴി പണമടയ്ക്കുമ്പോൾ ട്രാഫിക് പിഴകളിൽ പ്രത്യേക കിഴിവുകൾ ലഭിക്കും. അബുദാബി പോലീസുമായി സഹകരിച്ച് അബുദാബി ഗവൺമെന്റ് സർവീസസ് പ്ലാറ്റ്‌ഫോം, TAMM മൊബൈൽ ആപ്പ് വഴി പിഴകൾ അടയ്ക്കുന്ന താമസക്കാർക്ക് 35 ശതമാനം വരെ ഇളവുകൾ ലഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഗുരുതരമായ കുറ്റകൃത്യങ്ങൾ ഒഴികെ, നിയമലംഘനം നടന്ന് 60 ദിവസത്തിനുള്ളിൽ പണം അടയ്ക്കുന്ന ഡ്രൈവർമാർക്ക് 35 ശതമാനം കിഴിവ് ലഭിക്കും. ഇഷ്യൂ ചെയ്ത തീയതി മുതൽ 60 ദിവസം മുതൽ ഒരു വർഷം വരെ നടത്തുന്ന പേയ്‌മെന്റുകൾക്ക് 25 ശതമാനം കിഴിവ് ബാധകമാകും. TAMM ആപ്പിൽ മാത്രമേ കിഴിവുകൾ ദൃശ്യമാകൂവെന്നും ബാങ്കിങ് ആപ്പുകൾ, അൽ അൻസാരി എക്‌സ്‌ചേഞ്ച്, ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്പ് തുടങ്ങിയ മറ്റ് ചാനലുകൾ വഴി ലഭ്യമാകില്ലെന്നും അബുദാബി പോലീസ് പ്രസ്താവനയിൽ വ്യക്തമാക്കി.

സംസ്ഥാനത്ത് ഈ വിമാനത്താവളത്തില്‍ അദാനി ഗ്രൂപ്പിന്‍റെ വമ്പന്‍ ‘ഫൈവ് സ്റ്റാര്‍ ഹോട്ടല്‍’; ചെലവ് ₹136 കോടി, വിശദാംശങ്ങള്‍

five star hotel thiruvananthapuram airport തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മിക്കാന്‍ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ് ലിമിറ്റഡ്. 136.31 കോടി രൂപയാണ് ചെലവ്. ചാക്കയിലെ അന്താരാഷ്ട്ര ടെര്‍മിനലിന് മുന്‍വശത്ത് നിര്‍മിക്കുന്ന ഹോട്ടലിന് അനുമതി നല്‍കാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ശുപാര്‍ശ നല്‍കി. അന്താരാഷ്ട്ര ടെര്‍മിനലില്‍ നിന്ന് 150 മീറ്റര്‍ അകലെയാണ് നിര്‍മാണം. സംസ്ഥാന സര്‍ക്കാരിന്റെ പരിസ്ഥിതി ആഘാത അനുമതി കൂടി ലഭിച്ചാല്‍ നിര്‍മാണം ആരംഭിക്കാനാകും. തിരുവനന്തപുരം വിമാനത്താവളത്തില്‍ നടപ്പിലാക്കുന്ന 1,300 കോടി രൂപയുടെ സിറ്റി സൈഡ് ഡവലപ്‌മെന്റിന്റെ ഭാഗമാണ് പഞ്ചനക്ഷത്ര ഹോട്ടല്‍. വിമാനത്താവളത്തിന്റെ പരിസരമായതിനാല്‍ ഉയരമുള്ള കെട്ടിടങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. 23 മീറ്റര്‍ ഉയരത്തില്‍ 33,092 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ഹോട്ടല്‍ നിര്‍മിക്കുന്നത്. 240 മുറികളുള്ള ഹോട്ടലുകള്‍ക്ക് പുറമെ 660 സീറ്റുകളുള്ള കണ്‍വെന്‍ഷന്‍ സെന്ററും റസ്റ്റോറന്റ് അടക്കമുള്ള സംവിധാനങ്ങളുമുണ്ടാകും. യാത്രക്കാര്‍ക്ക് മികച്ച ഷോപ്പിങ് അവസരം ഒരുക്കുന്ന കൊമേഷ്യല്‍ കോംപ്ലക്‌സും ഇവിടെയുണ്ടാകും. ഒരു വര്‍ഷത്തിനുള്ളില്‍ ഹോട്ടലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. ലോകത്തിലെ എല്ലാ പ്രമുഖ വിമാനത്താവളങ്ങള്‍ക്കും സമീപത്തായി പഞ്ചനക്ഷത്ര ഹോട്ടലുകളുണ്ട്. യാത്രക്കാര്‍ക്കും വിമാനക്കമ്പനികളിലെ ജീവനക്കാര്‍ക്കും ഏറെ ഉപകാരപ്രദമായ സൗകര്യമാണിത്. എന്നാല്‍, തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇത്തരം സൗകര്യങ്ങളുടെ അഭാവം മനസിലാക്കിയാണ് അദാനി ഗ്രൂപ്പ് ഹോട്ടല്‍ നിര്‍മിക്കാന്‍ രംഗത്തിറങ്ങിയത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy