Internet Speed ദുബായ്: തങ്ങളുടെ അടുത്ത തലമുറ മൊബൈൽനെറ്റ്‌വർക്ക് അപ്‌ഗ്രേഡായ 5 ജി പ്ലസ് പുറത്തിറക്കി യുഎഇയിലെ രണ്ടാമത്തെ ടെലികോം ഓപ്പറേറ്റർ ‘ഡു’. നിലവിലുള്ള 5 ജി നെറ്റ്‌വർക്കുകളുടെ ഇരട്ടി വേഗതയാണ് 5 ജി പ്ലസ് വാഗ്ദാനം ചെയ്യുന്നത്. പുതിയ 5G+ നെറ്റ്‌വർക്ക് ഡുവിന്റെ നൂതന 5G ആർക്കിടെക്ചറിൽ നിർമ്മിച്ചതാണെന്നും AI- പവർഡ് ആപ്ലിക്കേഷനുകൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യകതയെ പിന്തുണയ്ക്കുന്നതിനായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും കമ്പനി അറിയിച്ചു. വേഗത മാത്രമല്ല പുതിയ സാധ്യതകൾ കൂടിയാണ് ഉപഭോക്താക്കൾക്കായി മുന്നോട്ടുവെച്ചിരിക്കുന്നതെന്ന് ഡു ചീഫ് ് കൊമേഴ്സ്യൽ ഓഫീസർ കരിം ബെൻകിരാനെ അറിയിച്ചു. അൾട്രാ-എച്ച്ഡി സ്ട്രീമിംഗും ലാഗ്-ഫ്രീ ഗെയിമിംഗും മുതൽ റിയൽ-ടൈം ട്രാൻസ്ലേഷനും ഓഗ്മെന്റഡ് റിയാലിറ്റിയും വരെ ഉപഭോക്താക്കൾക്ക് തടസമില്ലാതെ ആസ്വദിക്കാൻ കഴിയും. മൊബൈൽ ഗെയിമിംഗിനും തത്ക്ഷണ മൂവി ഡൗൺലോഡുകൾ, തടസമില്ലാത്ത സ്ട്രീമിംഗ്, മികച്ച വീഡിയോ കോൾ ക്ലാരിറ്റി തുടങ്ങിയവയും 5 ജി പ്ലസ് വാഗ്ദാനം ചെയ്യുന്നു.
ഡുവിന്റെ 5 ജി പ്ലസ് നെറ്റ്‌വർക്ക് ലഭിക്കാൻ ഉപഭോക്താക്കൾക്ക് 5 ജി പ്ലസ് സ്മാർട്ട് ഫോൺ ഉണ്ടായിരിക്കണം. ഡുവിൽ നിന്നുള്ള eSIM ഉള്ളവർക്ക് 5 ജി പ്ലസ് നെറ്റ്‌വർക്ക് ലഭിക്കും.
കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; യുഎഇയിൽ പ്രവാസി ഡ്രൈവർക്ക് 15,000 ദിർഹം പിഴ, ലൈസൻസ് സസ്‌പെൻഡ് ചെയ്തു
Drunken Drive ദുബായ്: യുഎഇയിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പ്രവാസി ഡ്രൈവർക്ക് 15,000 ദിർഹം പിഴ ചുമത്തി. ബർ ദുബായിലാണ് സംഭവം. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ 42 കാരനായ ഏഷ്യൻ പ്രവാസിയ്ക്കാണ് ദുബായ് കോടതി ശിക്ഷ വിധിച്ചത്. ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.
വാഹനമോടിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമാകുകയും തുടർന്ന് കാർ റോഡിൽ നിന്നും തെന്നിമാറി അഞ്ച് മീറ്റർ പ്രദേശത്ത് കേടുപാടുകൾ വരുത്തിയെന്നാണ് കോടതി രേഖകൾ വ്യക്തമാക്കുന്നത്. സംഭവസ്ഥലത്തെത്തിയ പോലീസിന് ഡ്രൈവർ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് സംശയം തോന്നിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മദ്യത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. മദ്യപിച്ച് വാഹനമോടിക്കുക, മറ്റുള്ളവരുടെ സ്വത്തിന് കേടുപാടുകൾ വരുത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വിചാരണ വേളയിൽ പ്രതി കുറ്റസമ്മതം നടത്തുകയും ചെയ്തു.
യുഎഇയിലെ മരുഭൂമിയിൽ വാഹനം കുടുങ്ങി; രക്ഷകരായി പോലീസ്, നന്ദി അറിയിച്ച് പ്രവാസി ദമ്പതികൾ
Desert Rescue ഷാർജ: യുഎഇയിലെ മരുഭൂമിയിൽ വാഹനം കുടുങ്ങിയപ്പോൾ രക്ഷകരായ ഷാർജ പോലീസിന് നന്ദി അറിയിച്ച് പ്രവാസി ഇന്ത്യൻ ദമ്പതികൾ. ഷാർജ -ദുബായ് അതിർത്തിയ്ക്ക് സമീപം മരുഭൂമിയിൽ വെച്ചാണ് ആഡംബര എസ്യുവി മണലിൽ കുടുങ്ങിയത്. ഹൈദരാബാദ് സ്വദേശിയായ സന്ദീപ് കുച്ചാന, ഭാര്യ ഡോ. ദിവ്യ ദീപിക എന്നിവർക്കാണ് ഷാർജ പോലീസ് രക്ഷകരായത്.
രണ്ടര മണിക്കൂറിലധികം നേരത്തോളമാണ് ഇവരുടെ വാഹനം മണലിൽ കുടുങ്ങി കിടന്നത്. പലതവണ ശ്രമിച്ചെങ്കിലും ഇവർക്ക് വാഹനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. വൈകുന്നേരമായതോടെ ആശങ്ക വർദ്ധിച്ചതിന് പിന്നാലെ സഹായത്തിനായി ഇവർ ഷാർജ പോലീസിനെ ബന്ധപ്പെട്ടു. പോലീസ് ഉടൻ തന്നെ ഇവർക്ക് സഹായ വാഗ്ദാനം നൽകി. തുടർന്ന് പോലീസ് സംഘം ഉടൻ ദമ്പതികളുടെ അടുത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അരമണിക്കൂറോളം നേരമെടുത്താണ് മണലിൽ കുടുങ്ങിയ കാർ പുറത്തെടുത്തത്. തങ്ങളെ സഹായിക്കാനെത്തിയ പോലീസിന് ദമ്പതികൾ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.
ആശ്വാസ വാർത്ത; ഷാർജയിൽ നിന്നും കാണാതായ മലയാളി യുവതിയെ കണ്ടെത്തി
Missing Girl Found ഷാർജ: ഷാർജയിൽ നിന്നും കാണാതായ മലയാളി യുവതിയെ കണ്ടെത്തി. ദുബായിൽ നിന്നാണ് യുവതിയെ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശികളായ ദമ്പതികളുടെ മകൾ റിതിക (പൊന്നു) എന്ന 22 കാരിയെ ആണ് കണ്ടുകിട്ടിയത്. ഷാർജ അബു ഷഗാറയിൽ നിന്ന് ഇന്നലെ രാവിലെയാണ് യുവതിയെ കാണാതായത്. ദുബായ് ഊദ് മേത്തയിൽ നിന്നാമ് യുവതിയെ കണ്ടെത്തിയത്. മാധ്യമങ്ങളിലെ വാർത്ത കണ്ട ഒരാൾ യുവതിയെ കണ്ടപ്പോൾ മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ സ്ഥലത്തെത്തി റിതികയെ കൂട്ടിക്കൊണ്ടുപോയി.
സഹോദരന് രക്തപരിശോധന നടത്താൻ വേണ്ടി അബു ഷഗാറയിലെ സബ അൽ നൂർ ക്ലിനിക്കിലേക്ക് കൂടെ പോയതായിരുന്നു റിതിക. സഹോദരൻ ലാബിലേക്ക് കയറിയ സമയം റിതിക ക്ലിനിക്കിൽ ഇരിക്കുകയായിരുന്നു. എന്നാൽ അഞ്ച് മിനിറ്റിനകം സഹോദരൻ ലാബിൽ നിന്നിറങ്ങി നോക്കിയപ്പോഴേക്കും റിതികയെ കാണാനില്ലായിരുന്നു. ക്ലിനിക്കിന്റെ പിൻവശത്തെ വാതിലിലൂടെ റിതിക പുറത്തിറങ്ങി പോകുന്നതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
മാതാപിതാക്കളും ബന്ധുക്കളും മറ്റും പരിസരങ്ങളിലൊക്കെ റിതികയെ അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകി. അൽ ഗർബ പോലീസ് സ്‌റ്റേഷനിലാണ് ഇവർ പരാതി നൽകിയത്. കഴിഞ്ഞ 27 വർഷമായി റിതികയുടെ കുടുംബം താമസിക്കുന്നത് യുഎഇയിലാണ്. റിതക ജനിച്ചതും വളർന്നതുമെല്ലാം യുഎഇയിൽ തന്നെയാണ്. പത്താം ക്ലാസ് വരെ ഷാർജയിൽ പഠിച്ച ശേഷം പഠനം ഉപേക്ഷിച്ചു. ചിത്രരചനയിലും പെയിന്റിങ്ങിലുമൊക്കെ തത്പരയായതിനാൽ വീട്ടിലേക്ക് അധ്യാപകനെത്തി പഠിപ്പിച്ചുവരികയായിരുന്നു. റിതികയെ കണ്ടെത്താൻ ശ്രമിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായി കുടുംബം വ്യക്തമാക്കി.
വിദേശത്തുനിന്ന് ഈ തുകയില്‍ കൂടുതല്‍ സ്വര്‍ണം വാങ്ങുന്നോ? കിട്ടും എട്ടിന്‍റെ പണി
Expat’s Gold UAE India ദുബായ്: യുഎഇയിൽ നിന്ന് സ്വർണം വാങ്ങി നാട്ടിലേക്ക് കൊണ്ടുപോകുന്നത് പ്രവാസികളുടെ പതിവാണ്. എന്നാൽ, നിലവിൽ സ്വർണവില റെക്കോര്‍ഡ് നിരക്കിലായ സാഹചര്യത്തിൽ, സ്വർണം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ഇന്ത്യയിലെ നിയമങ്ങളിൽ മാറ്റം വരുത്തണമെന്ന് പ്രവാസികൾ ആവശ്യപ്പെടുന്നു. ഇത് സംബന്ധിച്ച് ഇന്ത്യൻ അസോസിയേഷൻ ഓഫ് ഷാർജ (ഐ.എ.എസ്.) കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് നിവേദനം സമർപ്പിച്ചു. ഇന്ത്യയിലേക്ക് വിദേശത്തു നിന്ന് സ്വർണം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ 2016ൽ നിലവിൽ വന്നതാണ്. ഈ നിയമങ്ങൾ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. സ്ത്രീകൾക്ക് 40 ഗ്രാം വരെ സ്വർണം കൊണ്ടുവരാൻ അനുവാദമുണ്ട്. ഇതിന്റെ മൂല്യം ഒരു ലക്ഷം രൂപയായി കണക്കാക്കുന്നു. പുരുഷന്മാർക്ക് 20 ഗ്രാം വരെ സ്വർണ്ണം കൊണ്ടുവരാം. ഇതിന്റെ മൂല്യം 50,000 രൂപയാണ്. ഈ പരിധിക്ക് മുകളിൽ സ്വർണം കൊണ്ടുവരുന്നവർ നികുതി അടയ്ക്കണം. 2016 ൽ ഈ നിയമം വന്നപ്പോൾ 50,000 രൂപയ്ക്ക് 20 ഗ്രാം സ്വർണം ലഭിക്കുമായിരുന്നു. എന്നാൽ, നിലവിലെ സ്വർണവില അനുസരിച്ച് അഞ്ച് ഗ്രാം പോലും ഈ തുകയ്ക്ക് ലഭിക്കില്ല. അതിനാൽ, ഇന്നത്തെ സാഹചര്യങ്ങൾക്കനുസരിച്ച് സ്വർണം കൊണ്ടുവരാനുള്ള പരിധി ഉയർത്തണമെന്നാണ് പ്രവാസികളുടെ പ്രധാന ആവശ്യം. നികുതി അടയ്ക്കാതെ നാട്ടിലേക്ക് കൊണ്ടുവരാൻ കഴിയുന്ന സ്വർണത്തിന്റെ അളവ് വർധിപ്പിക്കുകയാണെങ്കിൽ പ്രവാസികൾക്ക് ഇത് വലിയ ആശ്വാസമാകും.
ദുബായിൽ ജോലി കണ്ടെത്തണോ? ജോബ്‌സീക്കർ വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്ന് നോക്കാം
Dubai Jobseeker Visa ദുബായ്: ജോലി അന്വേഷിക്കുന്നവർക്കായി ദുബായ് പ്രത്യേക വിസിറ്റ് വിസ അവതരിപ്പിച്ചു. ഈ വിസ ഉപയോഗിച്ച് യുഎഇയിൽ സ്പോൺസറില്ലാതെ 60, 90, 120 ദിവസങ്ങൾ വരെ തങ്ങാനും തൊഴിലവസരങ്ങൾ കണ്ടെത്താനും സാധിക്കും. 2022 ഏപ്രിലിൽ യുഎഇ സർക്കാർ നടപ്പാക്കിയ പുതിയ വിസ സംവിധാനത്തിന്റെ ഭാഗമായാണ് തൊഴിലന്വേഷകർക്കുള്ള ഈ വിസ നിലവിൽ വന്നത്. യുവപ്രതിഭകളെയും വിദഗ്ധരായ തൊഴിലാളികളെയും രാജ്യത്തേക്ക് ആകർഷിക്കുകയാണ് ഈ വിസയുടെ ലക്ഷ്യം. ആർക്കൊക്കെ അപേക്ഷിക്കാം? ഈ വിസയ്ക്ക് അപേക്ഷിക്കാൻ താഴെ പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം: വിദഗ്ധ തൊഴിലാളികൾ: ഹ്യൂമൻ റിസോഴ്‌സ് ആന്റ് എമിറേറ്റൈസേഷൻ മന്ത്രാലയം (MOHRE) അംഗീകരിച്ച തൊഴിൽ വർഗീകരണത്തിൽ ഒന്നാമത്തെയോ രണ്ടാമത്തെയോ മൂന്നാമത്തെയോ വിഭാഗത്തിൽ ഉൾപ്പെടുന്ന വിദഗ്ധ തൊഴിലാളികൾക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസം: കുറഞ്ഞത് ഒരു ബാച്ചിലേഴ്സ് ഡിഗ്രിയോ അതിന് തുല്യമായ യോഗ്യതയോ ഉണ്ടായിരിക്കണം. യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച ലോകത്തിലെ മികച്ച 500 സർവ്വകലാശാലകളിൽ നിന്ന് ബിരുദം നേടിയവർക്കും യോഗ്യതയുണ്ട്. അപേക്ഷിക്കേണ്ട രീതി: ജിഡിആർഎഫ്.എ-ദുബായ് വെബ്സൈറ്റ് (gdrfad.gov.ae/en) വഴി ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റിലെ ‘Issuing a visit visa to explore job opportunities’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. ‘Access the service’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. പേര്, ഇമെയിൽ, രാജ്യം, ജനനത്തീയതി, പാസ്പോർട്ട് വിവരങ്ങൾ എന്നിവ നൽകി അക്കൗണ്ട് ഉണ്ടാക്കുക, അല്ലെങ്കിൽ യു.എ.ഇ. പാസ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക. ഫീസ് അടയ്ക്കുക. പേയ്‌മെന്റ് പൂർത്തിയാകുമ്പോൾ, നിങ്ങളുടെ അപേക്ഷ ട്രാക്ക് ചെയ്യുന്നതിനുള്ള നമ്പർ ലഭിക്കും. ആവശ്യമായ രേഖകൾ: പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോ, പാസ്‌പോർട്ട് കോപ്പി (കുറഞ്ഞത് 6 മാസം കാലാവധിയുള്ളത്), യൂണിവേഴ്സിറ്റി ബിരുദ സർട്ടിഫിക്കറ്റ്. വിസ ചെലവ്: വിസയുടെ കാലാവധി അനുസരിച്ച് ഫീസിൽ മാറ്റമുണ്ട്: 60 ദിവസത്തെ വിസ: Dh200, 90 ദിവസത്തെ വിസ: Dh300, 120 ദിവസത്തെ വിസ: Dh400, എല്ലാ ഓപ്ഷനുകൾക്കും 5% വാറ്റ് (VAT) ബാധകമാണ്. മറ്റ് ഫീസുകൾ: റീഫണ്ടബിൾ സെക്യൂരിറ്റി ഡെപ്പോസിറ്റ്: Dh1,000, വാറണ്ടി സർവീസ് ഫീസ്: Dh20, ഗ്യാരണ്ടി തിരികെ വാങ്ങുന്നതിനുള്ള ഫീസ്: Dh40. യു.എ.ഇയിൽ നിന്നാണ് അപേക്ഷിക്കുന്നതെങ്കിൽ അധിക ഫീസുകൾ: നോളജ് ദിർഹം: Dh10, ഇന്നൊവേഷൻ ദിർഹം: Dh10, ഇൻ-കൺട്രി ആപ്ലിക്കേഷൻ ഫീസ്: Dh500.
ഇന്ത്യയില്‍ ഇതാദ്യം; പ്രവാസി മലയാളികൾക്ക് ഇനി ഇൻഷുറൻസ് പരിരക്ഷ
Expats Insurance ഇന്ത്യയിലാദ്യമായി പ്രവാസി മലയാളികള്‍ക്ക് സമഗ്രമായ ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പരിരക്ഷ. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന കേരളത്തിൽ നിന്നുള്ള പ്രവാസി സമൂഹത്തിന് ഉടൻ തന്നെ ഇന്‍ഷുറന്‍സ് ലഭിക്കും. പ്രവാസി മലയാളികൾക്കായി നോർക്ക റൂട്ട്സ് ‘നോർക്ക കെയർ’ എന്ന പേരിൽ സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നു. സെപ്തംബർ 22ന് മുഖ്യമന്ത്രി പിണറായി വിജയൻ ഈ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം പ്രവാസി മലയാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ക്യാഷ്‌ലെസ് ചികിത്സ ഉറപ്പാക്കുക എന്നതാണ്. കേരളത്തിലെ 500-ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 16,000ഓളം ആശുപത്രികളിൽ ഈ സൗകര്യം ലഭ്യമാകും. ഭാവിയിൽ ജിസിസി രാജ്യങ്ങളിലെ ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ ഉദേശിക്കുന്നതായി ശ്രീരാമകൃഷ്ണൻ പറഞ്ഞു. നോർക്ക ഐഡി കാർഡ് ഉള്ളവർക്ക് ഈ പദ്ധതിയിൽ അംഗമാകാം. ‘നോർക്ക കെയർ’ വഴി പ്രവാസികൾക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. പ്രായപരിധി നിയന്ത്രണങ്ങളോ വൈദ്യപരിശോധനകളോ ഇല്ലാതെ പദ്ധതിയിൽ ചേരാം, പദ്ധതിയുടെ മൊബൈൽ ആപ്ലിക്കേഷൻ ഉദ്ഘാടന ചടങ്ങിൽ പുറത്തിറക്കും, ആഗോള രജിസ്ട്രേഷൻ ഡ്രൈവ് സെപ്തംബർ 22 മുതൽ ഒക്ടോബർ 22 വരെ നടക്കും. കേരളപ്പിറവി ദിനമായ നവംബർ ഒന്ന് മുതൽ രജിസ്റ്റർ ചെയ്ത പ്രവാസികൾക്ക് ‘നോർക്ക കെയർ’ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാകും.
‘കോൾ ലഭിച്ചപ്പോൾ ഞെട്ടിപ്പോയി, തികച്ചും മറക്കാനാകാത്ത നിമിഷം’; ബിഗ് ടിക്കറ്റ് വീക്കിലി ഡ്രോയിൽ 50,000 ദിർഹം നേടി മൂന്ന് ഇന്ത്യൻ പ്രവാസികൾ
abu dhabi big ticket അബുദാബി: ഈ മാസം നടന്ന രണ്ടാമത്തെ ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിൽ ഫിലിപ്പീൻസ്, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള നാല് ഭാഗ്യശാലികൾക്ക് 50,000 ദിർഹം വീതം സമ്മാനം ലഭിച്ചു. ഫിലിപ്പീൻസ് സ്വദേശിയായ റയാൻ റയാന്‍ മെൻഡോനസ്, ദുബായിൽ സ്ട്രക്ച്ചറൽ ഇൻസ്‌പെക്ടറായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ രണ്ട് മാസമായി സുഹൃത്തുക്കൾക്കൊപ്പം ബിഗ് ടിക്കറ്റ് എടുക്കുന്ന അദ്ദേഹം, അബുദാബി എയർപോർട്ട് സ്റ്റോറിൽ നിന്ന് വാങ്ങിയ ടിക്കറ്റിലൂടെയാണ് സമ്മാനം നേടിയത്. സുഹൃത്തുക്കൾക്കൊപ്പം സമ്മാനത്തുക പങ്കിടുമെന്ന് റയാൻ അറിയിച്ചു. യു.എ.ഇയിൽ ജനിച്ചു വളർന്ന 34-കാരനായ എഡ്വിൻ ഒരു മലയാളിയാണ്. ഷാർജയിൽ ഭാര്യയോടൊപ്പം താമസിക്കുന്ന ഇദ്ദേഹം, ആറ് സഹപ്രവർത്തകർക്കൊപ്പമാണ് ടിക്കറ്റ് എടുക്കാറുള്ളത്. സമ്മാനം ലഭിച്ചപ്പോൾ തികച്ചും അവിശ്വസനീയമായ അനുഭവമായിരുന്നെന്ന് എഡ്വിൻ പറഞ്ഞു. തുക സുഹൃത്തുക്കളുമായി പങ്കുവെക്കുമെന്നും അതിൽ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യക്കാരനായ അലിമോൻ ചെറുവര, 279-055105 എന്ന ടിക്കറ്റ് നമ്പറിലൂടെയാണ് വിജയിയായത്. ഇന്ത്യക്കാരിയായ ജ്യോതി ജോണിന് 279-153438 എന്ന ടിക്കറ്റ് നമ്പറാണ് സമ്മാനം നേടിക്കൊടുത്തത്. ഈ മാസം ഇനിയും രണ്ട് പ്രതിവാര നറുക്കെടുപ്പുകൾ കൂടിയുണ്ട്.
റെക്കോര്‍ഡ് നിരക്കില്‍ സ്വർണവില, അണുവിട മാറ്റമില്ലാതെ സ്വർണ നികുതി നിയമം; പ്രവാസികള്‍ ആശങ്കയില്‍
Gold tax ദുബായ്: റെക്കോർഡുകള്‍ ഭേദിച്ച് സ്വർണവില ഉയരുന്ന ഇക്കാലത്ത് വിദേശത്തുനിന്ന് സ്വർണാഭരണങ്ങളുമായെത്തുന്ന സാധാരണ പ്രവാസികള്‍ക്ക് നേരിടേണ്ടിവരുന്നത് വന്‍ നികുതിഭാരം. അനുഭവിക്കുന്ന മാനസിക സംഘർഷത്തിന് ഒരു കുറവുമില്ല. സ്വര്‍ണവില കുറവായിരുന്ന 2016 ല്‍ വന്ന നികുതി നിയമത്തില്‍ ഒരു അണുവിട പോലും മാറ്റമില്ലാതെ ഇപ്പോഴും നിലനില്‍ക്കുന്നു. അതുകൊണ്ടുതന്നെ നിയമത്തില്‍ അടിയന്തര പരിഷ്കരണം വേണമെന്നാണ് പ്രവാസികള്‍ ആവശ്യപ്പെടുന്നത്. 30 ഗ്രാം സ്വർണത്തിന് ഒരു ലക്ഷത്തിലധികം രൂപ നികുതിയാണ് ഈടാക്കുന്നത്. നിലവിലെ കസ്റ്റംസ് നിയമപ്രകാരം, വിദേശത്ത് ആറുമാസത്തിലധികം താമസിച്ച പുരുഷന്‍മാർക്ക് 20 ഗ്രാം സ്വർണാഭരണം നികുതി അടയ്ക്കാതെ കൊണ്ടുവരാം. എന്നാല്‍, ഈ സ്വർണത്തിന്റെ മൂല്യം 50,000 രൂപയില്‍ അധികമാകരുത്. അതേസമയം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും 40 ഗ്രാം സ്വർണാഭരണം നികുതി അടയ്ക്കാതെ കൊണ്ടുവരാന്‍ സാധിക്കും. അപ്പോഴും മൂല്യം ഒരുലക്ഷം ഇന്ത്യന്‍ രൂപയില്‍ അധികമാകാന്‍ പാടില്ല. ഈ വിജ്ഞാപനം പുറത്തിറങ്ങിയ 2016ല്‍ 22 കാരറ്റ് സ്വർണം ഗ്രാമിന് 2500 രൂപയായിരുന്നു വില. എന്നാല്‍, ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് വില 10,000 രൂപയ്ക്ക് മുകളിലാണ്. അതുകൊണ്ടുതന്നെ 20 ഗ്രാം സ്വർണം അനുവദനീയമാണെങ്കില്‍ പോലും മൂല്യം കണക്കാക്കുമ്പോള്‍ യാത്രക്കാരന്‍ നികുതി അടയ്ക്കേണ്ടിവരുന്നു. ആറുമാസത്തിലധികം വിദേശത്ത് നിന്നവർക്ക് നികുതി അടയ്ക്കാതെ കൊണ്ടുവരാന്‍ കഴിയുന്ന സ്വർണത്തേക്കാള്‍ എത്ര അധികമുണ്ടോ അതിന്റെ 10 ശതമാനം നികുതി അടയ്ക്കണമെന്നാണ് നിയമം പറയുന്നത്. കൂടാതെ, നിയമങ്ങളിലെ അജ്ഞതയും അവ്യക്തതയും യാത്രാക്കാരെ വലയ്ക്കുന്നുണ്ട്.
പോലീസ് വേഷത്തില്‍ വീഡിയോകോളിലെത്തും, തട്ടിപ്പുകാര്‍ക്കെതിരെ മുന്നറിയിപ്പുമായി ദുബായ് പോലീസ്
video call scam ദുബായ്: ദുബായ് പോലീസിന്‍റെ പേരിൽ തട്ടിപ്പ് സംഘങ്ങൾ പുതിയ തന്ത്രങ്ങളുമായി രംഗത്ത്. ഗൂഗിൾ മീറ്റ് പോലുള്ള വീഡിയോ കോൾ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് പോലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് ബാങ്കിങ് വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. തട്ടിപ്പിനിരയായ നിരവധി ആളുകൾ ഇതുസംബന്ധിച്ച് ദുബായ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സൈബർ കുറ്റവാളികൾ ഗൂഗിൾ മീറ്റ് പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ വീഡിയോ കോൾ ചെയ്യുന്നു. കോൾ അറ്റൻഡ് ചെയ്യുമ്പോൾ, പോലീസ് യൂണിഫോമിലുള്ള ഒരാളെയാണ് സ്ക്രീനിൽ കാണാൻ കഴിയുക. ഇയാൾ അതോറിറ്റേറ്റീവ് ആയ ടോണിൽ സംസാരിച്ച്, ബാങ്കിങ് വിവരങ്ങൾ നൽകാൻ ആവശ്യപ്പെടുന്നു. പലപ്പോഴും തട്ടിപ്പുകാർ, ഇരകൾക്ക് നേരത്തെ ലഭിച്ച ഒരു ടെക്സ്റ്റ് മെസേജ് ഉപയോഗിച്ച് വിശ്വാസം നേടാൻ ശ്രമിക്കുന്നു. ചിലർ തങ്ങൾക്ക് നേരിട്ട ദുരനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഒരു യുവതിക്ക് ഒരു പഠന വിഷയവുമായി ബന്ധപ്പെട്ട കോളാണെന്ന് കരുതിയാണ് അവർ ഗൂഗിൾ മീറ്റ് കോൾ അറ്റൻഡ് ചെയ്തത്. എന്നാൽ, പട്ടാളവേഷത്തിലുള്ള ഒരാൾ ക്യാമറ ഓൺ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസാരിക്കുന്നത് കേട്ട് അവർ ഞെട്ടി. അതുപോലെ, ഒമർ മുഹമ്മദ് എന്നയാൾക്ക് ലഭിച്ച കോളിൽ, സംസാരിച്ച വ്യക്തിക്ക് സാധാരണയിൽ കവിഞ്ഞ ഉച്ചാരണരീതി ഉണ്ടായിരുന്നത് കാരണം സംശയം തോന്നി. മറ്റൊരു വിദ്യാർത്ഥിയായ സമീറ അബ്ദുൽ ഫത്താഹിന് പിഴ അടയ്ക്കാനുണ്ടെന്ന് പറഞ്ഞ് തട്ടിപ്പുകാർ ബന്ധപ്പെട്ടു. പക്ഷേ, ഇവർക്ക് പെട്ടെന്ന് തന്നെ കബളിപ്പിക്കപ്പെടുകയാണെന്ന് മനസിലായി. ഇത്തരം ശ്രമങ്ങളെക്കുറിച്ച് തങ്ങൾക്ക് നിരവധി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്ന് ദുബായ് പോലീസ് സ്ഥിരീകരിച്ചു. ബാങ്കിങ് വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് പോലീസ് ഉദ്യോഗസ്ഥരെന്നോ സർക്കാർ ഉദ്യോഗസ്ഥരെന്നോ പറഞ്ഞ് ആരെങ്കിലും വിളിക്കുകയോ ടെക്സ്റ്റ് ചെയ്യുകയോ ഇമെയിൽ അയയ്ക്കുകയോ ചെയ്താൽ പ്രതികരിക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകി. സംശയാസ്പദമായ ഏത് കോൺടാക്‌റ്റും ഉടൻ തന്നെ eCrime പ്ലാറ്റ്‌ഫോം വഴിയോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ റിപ്പോർട്ട് ചെയ്യണമെന്ന് പോലീസ് നിര്‍ദേശിച്ചു. സമാനമായ തട്ടിപ്പുകൾ നടത്തിയ മൂന്ന് സംഘങ്ങളിലെ 13 പേരെ അടുത്തിടെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ഇവർ പോലീസ് ഉദ്യോഗസ്ഥരായും ബാങ്ക് ജീവനക്കാരായും ആൾമാറാട്ടം നടത്തി വ്യക്തിഗത വിവരങ്ങൾ, കാർഡ് സുരക്ഷാ കോഡുകൾ, വൺ ടൈം പാസ്‌വേഡുകൾ എന്നിവ മോഷ്ടിക്കാൻ ശ്രമിച്ചിരുന്നു. സ്ഥാപനങ്ങളിലുള്ള പൊതുജനങ്ങളുടെ വിശ്വാസം മുതലെടുക്കുന്ന ഇത്തരം തട്ടിപ്പുകൾ വർദ്ധിച്ചു വരുന്നതായി ആന്റി-ഫ്രോഡ് ഡിപ്പാർട്ട്‌മെന്റ് ചൂണ്ടിക്കാട്ടി. ഒരു ബാങ്കോ സർക്കാർ സ്ഥാപനമോ ഒരിക്കലും ഫോണിലൂടെയോ ഇമെയിലിലൂടെയോ സെൻസിറ്റീവായ വിവരങ്ങൾ ആവശ്യപ്പെടില്ലെന്ന് ഉദ്യോഗസ്ഥർ ഊന്നിപ്പറഞ്ഞു. ഫെഡറൽ ഡിക്രി-ലോ നമ്പർ 34 ഓഫ് 2021 അനുസരിച്ച്, ഇത്തരം കുറ്റകൃത്യങ്ങൾക്ക് 100,000 മുതൽ 300,000 ദിർഹം വരെ പിഴ ചുമത്തും. സിസ്റ്റങ്ങൾക്ക് കേടുപാടുകൾ വരുത്തിയാൽ പിഴ 500,000 ദിർഹം വരെ വർദ്ധിക്കുകയും ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കുകയും ചെയ്യാം.