UAE New Authority പുതിയൊരു സര്‍ക്കാര്‍ സ്ഥാപനത്തിന് രൂപം നല്‍കി യുഎഇ പ്രസിഡന്‍റ്; ചുമതലകള്‍ ഇവയാണ്…

UAE New Authority അബുദാബി: യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഞായറാഴ്ച (ഒക്ടോബർ 12) പുതിയൊരു സർക്കാർ സ്ഥാപനത്തിന് രൂപം നൽകി. ഫെഡറൽ അതോറിറ്റി ഫോർ ആംബുലൻസ് ആൻഡ് സിവിൽ ഡിഫൻസ് (Federal Authority for Ambulance and Civil Defence) എന്ന പേരിലാണ് ഈ അതോറിറ്റി അറിയപ്പെടുക. പുതിയ സ്ഥാപനത്തിന്റെ ചെയർമാനായി ആരോഗ്യ-പ്രതിരോധ മന്ത്രി അഹമ്മദ് അലി അൽ സയേഗിനെ നിയമിച്ചു. ഈ അതോറിറ്റി നാഷണൽ ഗാർഡ് കമാൻഡ് ആൻഡ് സിവിൽ ഡിഫൻസ് അതോറിറ്റിക്ക് പകരമായി നാഷണൽ ആംബുലൻസ് കമ്പനിയുമായി ബന്ധപ്പെട്ട ചുമതലകൾ നിർവഹിക്കും. ഇത് കാബിനറ്റിന് നേരിട്ട് റിപ്പോർട്ട് ചെയ്യും. സ്ഥാപനത്തിന് നിയമപരവും സാമ്പത്തികപരവും ഭരണപരവുമായ സ്വാതന്ത്ര്യവും പ്രവർത്തിക്കാനുള്ള നിയമപരമായ അധികാരവും ഉണ്ടായിരിക്കും. ആംബുലൻസ്, സിവിൽ ഡിഫൻസ് ചുമതലകളുമായി ബന്ധപ്പെട്ട് അതോറിറ്റി പ്രധാനമായും താഴെ പറയുന്ന കാര്യങ്ങളുടെ മേൽനോട്ടം വഹിക്കും: 1. നയരൂപീകരണവും ആസൂത്രണവും- ആംബുലൻസ്, സിവിൽ ഡിഫൻസ് എന്നിവയുമായി ബന്ധപ്പെട്ട നയങ്ങളും തന്ത്രങ്ങളും നിയമനിർമ്മാണങ്ങളും പ്രാദേശിക അധികാരികളുമായും മറ്റ് സ്ഥാപനങ്ങളുമായും ഏകോപിപ്പിച്ച് തയ്യാറാക്കുകയും നിർദ്ദേശിക്കുകയും ചെയ്യും. ദേശീയ അടിയന്തര, പ്രതിസന്ധി, ദുരന്ത നിവാരണ അതോറിറ്റിയുമായി സഹകരിച്ച് ദുരന്തങ്ങളെയും അപകടസാധ്യതകളെയും കുറിച്ച് പഠിക്കുകയും അവ തടയാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യും. 2. അഗ്നിശമന സുരക്ഷാ സംവിധാനം- കെട്ടിടങ്ങൾക്കും സൗകര്യങ്ങൾക്കും തീപിടിത്തത്തിൽ നിന്ന് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിയന്ത്രണങ്ങളും ആവശ്യകതകളും അതോറിറ്റി സ്ഥാപിക്കും. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ, ആവശ്യകതകൾ, വ്യാപ്തി എന്നിവ ഉൾപ്പെടുത്തി പുതിയ പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിച്ച് കാബിനറ്റിൻ്റെ അംഗീകാരത്തിനായി സമർപ്പിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy 3. വേഗത്തിലുള്ള പ്രതികരണം- അടിയന്തര സാഹചര്യങ്ങളിൽ പരിക്കേറ്റവരെ എത്തിക്കുന്നതിനായി ആംബുലൻസ് സേവനങ്ങൾ ഉറപ്പാക്കുകയും വേഗത്തിലുള്ള പ്രതികരണം നൽകുകയും ചെയ്യും. 4. പൊതു മുന്നറിയിപ്പ് സംവിധാനം- ദേശീയ അടിയന്തര അതോറിറ്റിയുമായി ഏകോപിപ്പിച്ച്, സാധ്യമായ അപകടങ്ങളെക്കുറിച്ച് താമസക്കാർക്ക് മുന്നറിയിപ്പ് നൽകുന്നതിനുള്ള ദേശീയ പൊതു മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുന്നതിൻ്റെ ചുമതല അതോറിറ്റിക്കായിരിക്കും. ഇതിൻ്റെ ഭാഗമായി ഒഴിപ്പിക്കൽ പദ്ധതികൾ വികസിപ്പിക്കുക, നടപ്പാക്കൽ മേൽനോട്ടം വഹിക്കുക, ഷെൽട്ടറുകളുടെ (അഭയകേന്ദ്രങ്ങൾ) സ്ഥാനങ്ങൾ തിരിച്ചറിഞ്ഞ് അവ സജ്ജമാക്കുക, സുരക്ഷാ സംവിധാനങ്ങളുള്ള എണ്ണക്കമ്പനികൾ, വിമാനത്താവളങ്ങൾ തുടങ്ങിയ സുപ്രധാന സ്ഥാപനങ്ങളുമായി സഹകരിച്ച് സംയുക്ത പദ്ധതികൾ ആസൂത്രണം ചെയ്യുക എന്നിവയും നടത്തും.5. കൺസൾട്ടൻസി സേവനങ്ങൾ- ആംബുലൻസ്, സിവിൽ ഡിഫൻസ് മേഖലകളിൽ കൺസൾട്ടൻസി സേവനങ്ങൾ നൽകുകയും, അതോറിറ്റിയുടെ എല്ലാ വിവരങ്ങളും ഉൾപ്പെടുത്തി ഒരു സമഗ്രമായ ഡാറ്റാബേസ് സ്ഥാപിക്കുകയും ചെയ്യും. 6. പരിശീലനവും അവബോധവും- യോഗ്യതയുള്ള ഉദ്യോഗസ്ഥർക്കും സന്നദ്ധപ്രവർത്തകർക്കും വേണ്ടി പരിശീലന, ബോധവൽക്കരണ പരിപാടികളും, മോക്ക് ഡ്രില്ലുകളും സംയുക്ത അഭ്യാസങ്ങളും തയ്യാറാക്കി നടപ്പാക്കും.

യുഎഇയിലെ പുതിയ ജോലി ഒഴിവുകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Gold Prices in Dubai യുഎഇയിൽ സ്വർണവില ഉയർന്നു: 14 കാരറ്റ് ആഭരണങ്ങൾ യുഎഇയിലേക്ക് എത്തുന്നുണ്ടോ?

Gold Prices in Dubai ദുബായ്: 22, 21, 18 കാരറ്റ് സ്വർണാഭരണങ്ങൾക്ക് വഴിമാറിക്കൊണ്ട്, ഇന്ത്യയിൽ തരംഗം സൃഷ്ടിച്ച 14 കാരറ്റ് സ്വർണം യുഎഇ വിപണിയിലേക്ക് വരാനൊരുങ്ങുന്നു. നിലവിൽ യുഎഇയിൽ 14 കാരറ്റ് ആഭരണങ്ങൾ ലഭ്യമല്ലെങ്കിലും, സ്വർണവില റെക്കോർഡ് നിലയിൽ എത്തിയതോടെ കുറഞ്ഞ വിലയിലുള്ള ആഭരണങ്ങൾ വാങ്ങാൻ ആളുകൾ നിർബന്ധിതരാവുകയാണ്. ഈ സാഹചര്യത്തിൽ, 14 കാരറ്റ് ആഭരണങ്ങൾ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ദുബായിലെ ചില ജ്വല്ലറികൾ ആലോചിക്കുന്നുണ്ട്. നിലവിൽ 18 കാരറ്റാണ് യുഎഇയിൽ ലഭ്യമായ ഏറ്റവും കുറഞ്ഞ പരിശുദ്ധിയുള്ള സ്വർണം, ഇതിന് ശനിയാഴ്ച വൈകുന്നേരം ഗ്രാമിന് 368.5 ദിർഹമായിരുന്നു വില. “ഞങ്ങളുടെ പ്രാഥമിക ശ്രദ്ധ എപ്പോഴും 22 കാരറ്റ്, 18 കാരറ്റ് ആഭരണങ്ങളിലായിരുന്നു. ഇവ പരിശുദ്ധിയുടെയും കരകൗശലത്തിൻ്റെയും മൂല്യത്തെയാണ് സൂചിപ്പിക്കുന്നത്. എന്നിരുന്നാലും, ഉപഭോക്താക്കളുടെ മാറുന്ന വാങ്ങൽ രീതികളും മുൻഗണനകളും ഞങ്ങൾ മനസിലാക്കുന്നതായി” മീന ജ്വല്ലേഴ്‌സ് പങ്കാളി വിനയ് ജെത്വാനി പറഞ്ഞു.  “വിശാലമായ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി, ഡിസൈനിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ച ചെയ്യാതെ, പ്രത്യേകിച്ചും ലഘുവായതും ദിവസേന ഉപയോഗിക്കുന്നതുമായ ഡിസൈനുകളിൽ, തെരഞ്ഞെടുത്ത 14 കാരറ്റ് ശേഖരം അവതരിപ്പിക്കുന്നതിൻ്റെ സാധ്യതകൾ ഞങ്ങൾ വിലയിരുത്തുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ആഴ്ച സ്പോട്ട് ഗോൾഡ് 4,000 ഡോളർ/ഔൺസ് എന്ന നാഴികക്കല്ല് പിന്നിട്ടതോടെ സ്വർണവില റെക്കോർഡ് ഉയരത്തിലെത്തി. യുഎഇയിൽ 24 കാരറ്റിന് 486.25 ദിർഹവും 22 കാരറ്റിന് 450.5 ദിർഹവുമാണ് (ഗ്രാമിന്) ഈ ആഴ്ചത്തെ ഏറ്റവും ഉയർന്ന വില.

school bus rule abu dhabi യുഎഇയില്‍ ‘ഈ യാത്ര’ വിദ്യാര്‍ഥികള്‍ക്ക് മാത്രം; രക്ഷിതാക്കള്‍ക്കും സന്ദര്‍ശകര്‍ക്കും വിലക്ക്

school bus rule abu dhabi അബുദാബി: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായി, സ്‌കൂൾ ബസുകളിൽ രക്ഷിതാക്കൾക്കും സന്ദർശകർക്കും പ്രവേശനം നിരോധിച്ച് വിദ്യാഭ്യാസ മന്ത്രാലയം കർശന നിർദേശം നൽകി. സ്‌കൂൾ ബസുകൾ വിദ്യാർഥികൾക്ക് മാത്രമായി പരിമിതപ്പെടുത്തണം. ഒരു കാരണവശാലും രക്ഷിതാക്കളെയോ അധ്യാപകരെയോ ബസിൽ പ്രവേശിപ്പിക്കാൻ പാടില്ല. സ്‌കൂളിലും ബസിലും വിദ്യാർഥികളുടെ സുരക്ഷയ്ക്കായി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ബസ് റൂട്ട്, ഗതാഗതം, വിദ്യാർഥികളുടെ സുരക്ഷ തുടങ്ങിയവയെക്കുറിച്ചുള്ള സംശയങ്ങളും ആശയവിനിമയങ്ങളും സ്‌കൂൾ അഡ്മിനിസ്‌ട്രേഷൻ മുഖേന മാത്രമായിരിക്കണം നടത്തേണ്ടത്. ഇത്തരം കാര്യങ്ങൾക്കായി രക്ഷിതാക്കൾ ബസ് ഡ്രൈവർമാരെയോ സൂപ്പർവൈസർമാരെയോ നേരിട്ട് ബന്ധപ്പെടരുതെന്നും മന്ത്രാലയം അഭ്യർഥിച്ചു. ഈ ചട്ടങ്ങളുടെ ഏതെങ്കിലും ലംഘനം ശിശു സംരക്ഷണ നിയമങ്ങളുടെ ലംഘനമായി കണക്കാക്കും. സ്കൂൾ ഗതാഗത സംവിധാനത്തിൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

air india express എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ അനാസ്ഥ, പ്രവാസി മലയാളിയുടെ മൃതദേഹം വിമാനത്താവളത്തിൽ നിന്ന് വിട്ടുനൽകാൻ വൈകിയത് അഞ്ചര മണിക്കൂർ

air india express അറാർ/ബെംഗളൂരു: സൗദി അറേബ്യയിലെ അറാർ പ്രിൻസ് അബ്ദുൾ അസീസ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തിരുന്ന തമിഴ്‌നാട് വെല്ലൂർ സ്വദേശിനി എയ്ഞ്ചലിൻ്റെ (26) മൃതദേഹം നാട്ടിലെത്തിയിട്ടും ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് ബന്ധുക്കൾക്ക് വിട്ടുനൽകാൻ അഞ്ചര മണിക്കൂർ വൈകിയതായി പരാതി. എയർ ഇന്ത്യ എക്‌സ്‌പ്രസിൻ്റെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് കുടുംബം ആരോപിച്ചു. പനിയും ഛർദ്ദിയും മൂലം ജോലി ചെയ്തിരുന്ന ആശുപത്രിയിൽ ചികിത്സയിലായിരുന്ന എയ്ഞ്ചൽ, കഴിഞ്ഞ സെപ്തംബർ 26ന് നില വഷളായി ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. നാട്ടിലെത്തി 10 മാസം പിന്നിടുമ്പോഴാണ് ഈ അപ്രതീക്ഷിത മരണം. വരുന്ന ഡിസംബറിൽ അവധിയെടുത്ത് നാട്ടിലെത്തി വിവാഹം നടത്താനുള്ള ഒരുക്കങ്ങളിലായിരുന്നു എയ്ഞ്ചൽ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ അറാർ പ്രവാസി സംഘത്തിൻ്റെ നേതൃത്വത്തിൽ പൂർത്തിയാക്കി. ലോക കേരള സഭാംഗവും അറാർ പ്രവാസി സംഘം കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റുമായ സക്കീർ താമരത്തിൻ്റെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ രേഖകളും അനുമതികളും മൂന്ന് ദിവസം കൊണ്ട് തയ്യാറാക്കിയെങ്കിലും, സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ ജീവനക്കാരി എന്ന നിലയിലുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പത്ത് ദിവസത്തോളം വൈകി. അധികൃതർ അനുവദിച്ച വിമാന ടിക്കറ്റ് അപര്യാപ്തമായതിനെ തുടർന്ന്, മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് ആവശ്യമായ തുക ആശുപത്രിയിലെ സഹപ്രവർത്തകർ സമാഹരിച്ചാണ് വിമാന ടിക്കറ്റ് എടുത്തതെന്ന് സക്കീർ താമരത്ത് പറഞ്ഞു. ഈ വിഷയം എല്ലാവർക്കും മാനസിക പ്രയാസമുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൃതദേഹം എയർപോർട്ടിൽ നിന്ന് വിട്ടുനൽകാൻ വൈകിയതിനെതിരെ കുടുംബം ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. കഴിഞ്ഞ ദിവസം അറാർ എയർപോർട്ടിൽ നിന്ന് സൗദി എയർലൈൻസ് വിമാനത്തിൽ റിയാദിൽ എത്തിച്ച മൃതദേഹം റിയാദിൽ നിന്നുമുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ മുംബൈയിലും അവിടെ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ബെംഗളൂരു വിമാനത്താവളത്തിലും എത്തിച്ചു. എങ്കിലും സൗദിയിൽ നിന്ന് മൃതദേഹത്തോടൊപ്പം കൊടുത്തയച്ച രേഖകൾ മുംബൈ വിമാനത്താവളത്തിൽ നിന്ന് ബെംഗളൂരുവിൽ അയക്കാതിരുന്നതിനാൽ എയർഇന്ത്യയുടെ അനാസ്ഥ ഒന്നുകൊണ്ടു മാത്രം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കാതിരിക്കുകയും ചെയ്തു. അടുത്ത വിമാനത്തിൽ രേഖകൾ എത്തിയതിന് ശേഷം മാത്രമെ മൃതദേഹം വിട്ടു നൽകാനാവൂ എന്ന് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ നിർബന്ധം പിടിക്കുകയും ചെയ്തതായി മൃതദേഹം ഏറ്റുവാങ്ങാനെത്തിയ ബന്ധുവായ സതീഷ് പരാതി ഉന്നയിച്ചു. തുടർന്ന്, കാർഗോ ഏജൻസികളുമായി പലതവണയായി നടത്തിയ ചർച്ചകൾക്കൊടുവിൽ അഞ്ചര മണിക്കൂർ കഴിഞ്ഞാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്.

ഏഴ് ദിവസമായി ഉറക്കമില്ല, യുഎഇ പ്രവാസിയ്ക്ക് കടുത്ത വിഷാദം, ഡ്രൈവിങ്ങിനിടെ നിശ്ചലനായി

Dubai Expat Depression 2024 ആദ്യത്തിൽ ദുബായിലെ തിരക്കേറിയ റോഡിലൂടെ വാഹനമോടിക്കുന്നതിനിടെ, 32 കാരനായ പ്രാൺ (അഭ്യർഥന മാനിച്ച് പേര് മാറ്റി) ഒരു നിമിഷം നിശ്ചലനായി. തിരിക്കാനോ ലെയിൻ മാ‍റ്റാനോ കഴിയാതെ വന്ന ആ നിമിഷം, അത് തൻ്റെ അവസാന ദിവസമായിരിക്കുമെന്ന് അദ്ദേഹം ഭയന്നു. ഒക്ടോബർ 10ന് ആചരിച്ച ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ‘ഗൾഫ് ന്യൂസിന്’ നൽകിയ അഭിമുഖത്തിലാണ് ഈ ഇന്ത്യൻ പ്രവാസി തൻ്റെ അനുഭവം പങ്കുവെച്ചത്. “ഡ്രൈവ് ചെയ്യുന്നതിനിടെ പൂർണ്ണമായും മരവിച്ചുപോയിരുന്നു. ആ നിമിഷങ്ങൾക്കുള്ളിൽ ഒന്നുകിൽ ഇന്ന് എൻ്റെ അവസാന ദിവസമാണ്, അല്ലെങ്കിൽ ഞാൻ ഡ്രൈവിങ് തുടരണം. എന്തായാലും ഞാൻ ഡ്രൈവിങ് തുടർന്നു.” ഡിപ്രഷൻ തൻ്റെ ശരീരത്തിൽ ആദ്യമായി ശാരീരികമായി പ്രകടമായത് അപ്പോഴാണ്. എന്തോ ഗുരുതരമായ പ്രശ്നമുണ്ട് എന്ന് തിരിച്ചറിഞ്ഞ ആ നിമിഷം ഭീകരമായിരുന്നു. എന്നാൽ, ഇതിലും മോശമായ അവസ്ഥ അദ്ദേഹം വർഷങ്ങൾക്ക് മുൻപ് അനുഭവിച്ചിട്ടുണ്ട്. 2020ൽ, തുടർച്ചയായ ഏഴ് ദിവസമാണ് അദ്ദേഹത്തിന് ഉറങ്ങാൻ കഴിയാതിരുന്നത്. തൻ്റെ ഉറക്കമില്ലാത്ത ആ ദുരിതകാലം ഓർത്തെടുത്ത് പ്രാൺ ഇങ്ങനെ പറഞ്ഞു. “ഞാൻ തുടർച്ചയായി ഏഴ് ദിവസം ഉറങ്ങിയില്ല. ചില ദിവസങ്ങളിൽ ഉച്ചയ്ക്ക് അരമണിക്കൂർ നേരത്തേക്കോ മറ്റോ ഒന്ന് മയങ്ങാൻ മാത്രമാണ് കഴിഞ്ഞത്.” ഉറക്കമില്ലായ്മ (Insomnia) വളരെ തീവ്രമായതിനാൽ അദ്ദേഹം ക്രമേണ ഉറക്കഗുളികകളെ ആശ്രയിച്ചു ജീവിക്കാൻ തുടങ്ങി. ചിലപ്പോൾ ഏതാനും മണിക്കൂർ ഉറക്കം ലഭിക്കാൻ വേണ്ടി മാത്രം രണ്ടോ മൂന്നോ ഡോസ് ഗുളികകൾ വരെ കഴിക്കേണ്ട അവസ്ഥയിലെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാണിൻ്റെ (Pran) മാനസികാരോഗ്യ പ്രതിസന്ധിക്ക് മരുന്നുകൾക്കൊപ്പം പ്രധാനപ്പെട്ട ചില ജീവിതശൈല മാറ്റങ്ങളും ഡോക്ടർ ഷാഫി നിർദ്ദേശിച്ചു. വൈകാരിക അവബോധത്തിലും പ്രായോഗികമായ പ്രതിരോധ തന്ത്രങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള മാറ്റങ്ങളായിരുന്നു ഇവ. പരിശോധനകളിൽ വിറ്റാമിൻ്റെയും ധാതുക്കളുടെയും കുറവ് കാരണം ശരീരത്തിന് പ്രതിരോധശേഷി കുറവാണെന്ന് കണ്ടെത്തി. ഇതിനെ തുടർന്ന് പ്രാണിന് ട്രേസ് മിനറലുകൾ, ബി കോംപ്ലക്‌സ്, ബി12, വിറ്റാമിൻ ഡി എന്നിവയുൾപ്പെടെയുള്ള സപ്ലിമെൻ്റുകൾ നിർദേശിച്ചു. കൂടാതെ, ഓളിഗോസ്കാൻ പരിശോധനയുടെ സഹായത്തോടെയാണ് അദ്ദേഹത്തിൻ്റെ പോഷകാഹാര പിന്തുണ (nutritional support) ക്രമീകരിച്ചത്. ഇത് ശരീരത്തിലെ സന്തുലിതാവസ്ഥ വീണ്ടെടുക്കാനും വിഷാംശം കുറയ്ക്കാനും സഹായിച്ചു. മരുന്നുകൾക്കപ്പുറം സമഗ്രമായ ഈ സമീപനം പ്രാണിൻ്റെ രോഗമുക്തിക്ക് നിർണായകമായി.

Schengen border entry UAE പാസ്‌പോർട്ട് സ്റ്റാമ്പുകൾ ഇനി ഉണ്ടാകില്ല: യുഎഇ നിവാസികൾക്ക് ഷെങ്കൻ നടപടിക്രമങ്ങള്‍ സുഗമമാകും

Schengen border entry UAE യൂറോപ്യൻ യൂണിയനിലെ വിമാനത്താവളങ്ങളിൽ അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ ബയോമെട്രിക് തിരിച്ചറിയൽ സംവിധാനം നടപ്പിലാക്കുന്നതോടെ ഷെങ്കൻ രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇനി മുതൽ ചെറിയ ക്യൂവും വേഗത്തിലുള്ള പ്രവേശനവും പുറത്തുകടക്കലും പ്രതീക്ഷിക്കാം. ഒക്ടോബർ 12 മുതൽ നിലവിൽ വരുന്ന ഈ പുതിയ സംവിധാനം, കൈകൊണ്ട് പാസ്‌പോർട്ടിൽ മുദ്ര പതിക്കുന്ന പഴയ രീതിക്ക് പകരമാകും. ഈ പഴയ രീതി സമയമെടുക്കുന്നതും അസൗകര്യപ്രദവുമായിരുന്നെന്ന് കണ്ടെത്തിയ യാത്രക്കാർ ഈ മാറ്റത്തെ സ്വാഗതം ചെയ്യുന്നു. എങ്കിലും, തങ്ങളുടെ യാത്രകളുടെ ഓർമ്മപ്പെടുത്തലായി നിലനിന്നിരുന്ന പരമ്പരാഗത പാസ്‌പോർട്ട് സ്റ്റാമ്പുകൾ നഷ്ടപ്പെടുന്നതിൽ ചില യാത്രക്കാർക്ക് വിഷമമുണ്ട്. പുതിയ ബയോമെട്രിക് സംവിധാനം യാത്ര കൂടുതൽ കാര്യക്ഷമമാക്കുമെന്നാണ് അധികൃതർ കരുതുന്നത്. ഷെങ്കൻ ഏരിയ സന്ദർശിക്കുന്ന യൂറോപ്യൻ ഇതര യാത്രക്കാർക്കാണ് പുതിയ ഡിജിറ്റൽ എൻട്രി-എക്സിറ്റ് സിസ്റ്റം (EES) ബാധകമാകുന്നത്. 180 ദിവസ കാലയളവിൽ പരമാവധി 90 ദിവസം വരെ ഹ്രസ്വകാല താമസത്തിനായി വരുന്നവർക്കാണ് ഈ നിയമം ബാധകം. ഷെങ്കൻ അതിർത്തി പോയിൻ്റുകളിലെല്ലാം ഈ സംവിധാനം ഘട്ടം ഘട്ടമായി നടപ്പിലാക്കും. 2026 ഏപ്രിൽ മാസത്തോടെയാണ് പൂർണ്ണമായ നടപ്പാക്കൽ ലക്ഷ്യമിടുന്നത്. ഒക്ടോബർ 12ന് ശേഷം ഷെങ്കൻ മേഖലയിലേക്ക് ആദ്യമായി യാത്ര ചെയ്യുന്ന യൂറോപ്യൻ ഇതര രാജ്യങ്ങളിലെ പൗരന്മാർ പുതിയ എൻട്രി/എക്സിറ്റ് സിസ്റ്റത്തിൽ (EES) തങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ രേഖപ്പെടുത്തേണ്ടി വരും. ഇതോടെ, വിമാനത്താവളങ്ങളിൽ കാലതാമസം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പുതിയ സംവിധാനത്തിൻ്റെ ഭാഗമായി അതിർത്തി ഉദ്യോഗസ്ഥർ യാത്രക്കാരുടെ മുഹമ്മീഖങ്ങൾ, വിരലടയാളം, പാസ്‌പോർട്ട് വിവരങ്ങൾ എന്നിവ ശേഖരിക്കും. ഈ നടപടികൾ കാരണം ഒക്ടോബർ 12-ന് ശേഷം ആദ്യമായി യൂറോപ്പിലേക്ക് വരുന്ന യാത്രക്കാർക്ക് വിമാനത്താവളത്തിൽ കാലതാമസം നേരിടേണ്ടി വരുമെന്ന് സ്മാർട്ട് ട്രാവൽ ഗ്രൂപ്പ് ജനറൽ മാനേജർ സഫീർ മഹ്മൂദ് പറഞ്ഞു. പാരിസിലെ ചാൾസ് ഡി ഗല്ലെ എയർപോർട്ട്, ഫ്രാങ്ക്ഫർട്ട് ഇൻ്റർനാഷണൽ എയർപോർട്ട്, ആംസ്റ്റർഡാം ഷിഫോൾ എയർപോർട്ട് തുടങ്ങിയ തിരക്കേറിയ വിമാനത്താവളങ്ങളിൽ ഈ കാലതാമസം കൂടുതലായി അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുകൊണ്ട്, യാത്രക്കാർ വിമാനത്താവളത്തിൽ നേരത്തെ എത്താൻ ശ്രദ്ധിക്കണം.

UAE Job Fraud യുഎഇയിലെ ഓയില്‍ കമ്പനിയിൽ ജോലി വാഗ്ദാനം; യുവാക്കളില്‍ നിന്ന് തട്ടിയത് ലക്ഷങ്ങൾ; പ്രതി പിടിയില്‍

UAE Job Fraud തൃശൂർ: അബുദാബിയിലെ ഓയിൽ കമ്പനിയിൽ ജോലി നൽകാമെന്ന് പറഞ്ഞ് വ്യാജ വിസ നൽകി രണ്ട് യുവാക്കളിൽ നിന്ന് അഞ്ചര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം ചങ്ങവിള ദേശം സ്വദേശിയായ വിൻസ് (39) ആണ് ചേർപ്പ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. പാലക്കലിൽ ചിപ്‌സ് ബിസിനസ് നടത്തുന്ന ഗിരീഷ്, ഇദ്ദേഹത്തിൻ്റെ പരിചയക്കാരനായ പ്രിൻസ് എന്നിവരെ വിശ്വസിപ്പിച്ചാണ് വിൻസ് തട്ടിപ്പ് നടത്തിയത്. അബുദാബിയിലേക്കുള്ള വിമാന ടിക്കറ്റ് ലഭിക്കാതായതിനെ തുടർന്ന് ഇരുവരും നടത്തിയ അന്വേഷണത്തിലാണ് ലഭിച്ച വിസ വ്യാജമാണെന്ന് മനസിലായത്.  ഇതോടെ, ഇരുവരും ചേർപ്പ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ശാസ്ത്രീയമായ അന്വേഷണത്തിലൂടെ ഒളിവിൽ പോയിരുന്ന വിൻസിനെ അന്വേഷണ സംഘം തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിൽ എടുത്ത പോലീസ് കേസിൽ തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.

UAE Weather യുഎഇയില്‍ ചിലയിടങ്ങളില്‍ കനത്ത മഴ, പ്രകൃതി സ്നേഹികള്‍ക്ക് വിരുന്നായി മിനി വെള്ളച്ചാട്ടങ്ങള്‍; വീഡിയോ കാണാം

UAE Weather ഫുജൈറ: രാജ്യത്ത് കാലാവസ്ഥാ മുന്നറിയിപ്പുകൾ നിലനിൽക്കെ ഫുജൈറയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടങ്ങി. മലയിടുക്കുകളിൽ നിന്ന് താഴേക്ക് വെള്ളം കുത്തിയൊലിച്ചതിനെ തുടർന്ന് മനോഹരമായ മിനി വെള്ളച്ചാട്ടങ്ങൾ രൂപപ്പെട്ടത് പ്രകൃതി സ്നേഹികൾക്ക് കണ്ണിന് കുളിര്‍മയേകി. മഴയുടെ ഈ മനോഹര കാഴ്ചകൾ കാണാൻ ഒട്ടേറെ പേരാണ് റോഡരികിൽ വാഹനം നിർത്തി തടിച്ചുകൂടിയത്. ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) നൽകിയ മുന്നറിയിപ്പുകളെ തുടർന്ന്, യുഎഇയിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മുന്നറിയിപ്പുകൾ വൈകുന്നേരം 10 മണി വരെ തുടരും. തെക്കുനിന്നുള്ള ഉപരിതല ന്യൂനമർദ്ദത്തിൻ്റെ വ്യാപനവും തണുപ്പും ഈർപ്പവുമുള്ള വായുവിൻ്റെ സാന്നിധ്യവുമാണ് യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥയ്ക്ക് കാരണമാകുന്നത്. ഫുജൈറയുടെ ചില ഭാഗങ്ങളിൽ മഴയോടൊപ്പം ശക്തമായ കാറ്റ് വീശിയതിനെത്തുടർന്ന് പൊടിപടലങ്ങൾ ഉയർന്നുപൊങ്ങുകയും കാഴ്ചാപരിധി കുറയുകയും ചെയ്തു. രാജ്യത്ത് ചൊവ്വാഴ്ച വരെ നേരിയതോ മിതമായതോ ആയ മഴ തുടരാനും ചിലയിടങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് NCM അറിയിച്ചു. മഴ പ്രധാനമായും രാജ്യത്തിൻ്റെ വടക്കൻ, കിഴക്കൻ മേഖലകളെയാണ് ബാധിക്കുക. എന്നാൽ, പടിഞ്ഞാറൻ ഉൾപ്രദേശങ്ങളിലേക്കും മഴ വ്യാപിക്കാൻ സാധ്യതയുണ്ട്. യുഎഇയുടെ ചില ഭാഗങ്ങളിൽ ഈ സമയത്ത് ആലിപ്പഴ വർഷത്തിനും താപനില കുറയാനും സാധ്യതയുണ്ട്. ശക്തമായ കാറ്റ് പൊടിശല്യത്തിനും മണൽക്കാറ്റിനും കാരണമാകും. കൂടാതെ, അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും നേരിയതോ മിതമായതോ ആയ തിരമാലകൾ ശക്തമാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

യുഎഇയിൽ ഭക്ഷ്യവിഷബാധ; ബേക്കറി അടച്ചുപൂട്ടി

UAE Bakery shut down അബുദാബി: ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് അബുദാബിയിൽ ഒരു ബേക്കറി അടച്ചുപൂട്ടാൻ അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) ഉത്തരവിട്ടു. അൽ ഐനിലെ അൽ മുതരീദ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അൽ സ്വൈദ മോഡേൺ ബേക്കറീസ് (ലൈസൻസ് നമ്പർ: CN-1102470) ആണ് അടച്ചുപൂട്ടിയത്. ഭക്ഷണം കൈകാര്യം ചെയ്യുന്നതിലും തയ്യാറാക്കുന്നതിലും സംഭരിക്കുന്നതിലുമുണ്ടായ സുരക്ഷിതമല്ലാത്ത നടപടികൾ കാരണം ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതോടെയാണ് സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു.  അബുദാബി എമിറേറ്റിലെ ഭക്ഷണം സംബന്ധിച്ചുള്ള നിയമം നമ്പർ (2) ഓഫ് 2008-ൻ്റെയും അതിൻ്റെ ചട്ടങ്ങളുടെയും ലംഘനവും പൊതുജനാരോഗ്യത്തിന് ഭീഷണിയുയർത്തിയതിനാലുമാണ് ഈ തീരുമാനം. എല്ലാ നിയമലംഘനങ്ങളും പൂർണമായി പരിഹരിക്കുന്നതുവരെ സ്ഥാപനത്തിൻ്റെ അടച്ചുപൂട്ടൽ തുടരും. അംഗീകൃത ഭക്ഷ്യസുരക്ഷാ ആവശ്യകതകളുമായി പൂർണ്ണമായി പൊരുത്തപ്പെടുകയും നിലവിലെ അവസ്ഥകൾ പൂർണമായി തിരുത്തുകയും ചെയ്ത ശേഷം മാത്രമേ ബേക്കറിക്ക് പ്രവർത്തനം പുനഃരാരംഭിക്കാൻ അനുമതി നൽകൂവെന്നും അധികൃതർ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy