കുവൈത്തിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് ഈ മാസം തുടക്കം മുതലാണ് എക്സിറ് പെർമിറ്റ് നിര്ബന്ധമാക്കിയിട്ടുള്ളത് . നിലവിൽ ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പുമായി വന്നിരിക്കുകയാണ് അധികൃതർ ഇതുപ്രകാരം യാത്രാ പദ്ധതികളിൽ കൂടുതൽ ജാഗ്രത ആവശ്യമാണെന്നാണ് അറിയിപ്പ് . യാത്രക്ക് ആവശ്യമായ അനുമതികൾ നേരത്തെ തന്നെ നേടണമെന്നും പ്രത്യേകം പറയുന്നുണ്ട് .നിരവധി യാത്രക്കാർ പ്രതിസന്ധി നേരിട്ടതിനെ തുടർന്നാണ് വിശദീകരണവുമായി മന്ത്രാലയം രംഗത്ത് വന്നത്. ആർട്ടിക്കിൾ 18 വിസയിലുള്ള പ്രവാസികൾക്ക് സഹ്ൽ ആപ്പ് വഴിയാണ് എക്‌സിറ്റ് പെർമിറ്റിന് അപേക്ഷിക്കേണ്ടത്. യാത്രയ്ക്ക് ഏഴ് ദിവസം മുതൽ 24 മണിക്കൂർ മുമ്പ് വരെയാണ് അപേക്ഷ സ്വീകരിക്കപ്പെടുന്നത്.
കൂടാതെ ഔദ്യോഗിക അവധി ഞായറാഴ്ച ആരംഭിക്കുകയും യാത്ര വ്യാഴാഴ്ച രാത്രിയിലേക്ക് ആസൂത്രണം ചെയ്യുകയും ചെയ്യുന്നവർ, അതിനനുസരിച്ച് പെർമിറ്റ് അപേക്ഷ സമർപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു. പെർമിറ്റിലെ പുറപ്പെടൽ തീയതി അവധിയുമായി ഒത്തുപോകേണ്ടതാണ്. അത് പൊരുത്തപ്പെടാത്ത പക്ഷം വിമാനത്താവളത്തിൽ പെർമിറ്റ് നിരസിക്കപ്പെടാൻ സാധ്യത ഏറെയാണ്.പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ മാർഗനിർദേശങ്ങൾ തൊഴിലുടമകളും സ്ഥാപനങ്ങളും നിർബന്ധമായി പാലിക്കണമെന്നും വെള്ളിയാഴ്ച വാർഷിക അവധിയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നും മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട് യാത്ര ആസൂത്രണം ചെയ്യുന്നവർ ഇത്തരം വിവരങ്ങൾ മുൻകൂട്ടി പരിശോധിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പിൽ ഓർമിപ്പിച്ചു.
യാത്രയുടെ ആദ്യ ദിനം വ്യാഴാഴ്ച ആക്കുന്നതിനായി കമ്പനിയിലെ എച്ച്.ആർ വിഭാഗവുമായി നേരിട്ട് ആശയവിനിമയം നടത്താനും അവധി തീയതിയിൽ ആവശ്യമായ തിരുത്തലുകൾ വരുത്താനും അധികൃതർ നിർദേശിച്ചു.